Sunday, March 20, 2022

യത്രനാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത !

 പേരെന്തും ആകട്ടെ പൈതൃകം ഹിന്ദുത്വം ആണെന്ന്‌ ഭാരതീയർ തിരിച്ചറിയുന്നു സാഹചര്യം കൊണ്ട് അഹിന്ദു ആയവരും സംസ്കാരം ഹിന്ദുത്വം ആണെന്ന്‌ തിരിച്ചറിയുന്നു...


യത്രനാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത !

എവിടെ സ്ത്രീ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതകൾ രമിക്കുന്നു
ഇതിലും വലിയ സ്ഥാനം സ്ത്രീയ്ക്ക് ഈ ലോകത്തിൽ ഏത് സംസ്കാരം ആണ്‌ നൽകിയിട്ടുള്ളത് ?

സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ ശക്തിസ്വരൂപിണിയായ ഭഗവതിയെ ആരാധിച്ചത്. സ്ത്രീക്ക് മേൽക്കൈ ഉണ്ടായിരുന്ന ഒരു സമൂഹത്തിന്റെ ദേവതാ സങ്കല്പങ്ങൾ ആയും ഇതിനെ കണക്കാക്കുന്നു. ശാക്തേയ വിശ്വാസമനുസരിച്ചു എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നതും എല്ലാ ചരാചരങ്ങളും മോക്ഷം പ്രാപിക്കുന്നതും ആദിപരാശക്തിയെ തന്നെ ആണ്.

ശാക്തേയ സമ്പ്രദായത്തിന്റെ പ്രധാന ഗ്രന്ഥങ്ങൾ ആഗമ നിഗമ ശാസ്ത്രങ്ങളാണ് ശാക്തേയപൂജയിൽ സ്ത്രീക്ക് വളരെ പ്രാധാന്യം നൽകുന്നു. ഇതിൽ സ്ത്രീക്ക് അശുദ്ധി ഇല്ല. ശക്തിപൂജക്ക് വർണ്ണമോ ജാതിയോ ലിംഗഭേദമോ ബാധകമല്ലാത്തതിനാൽ എല്ലാ വിഭാഗങ്ങളുടെയും ആരാധനാപദ്ധതി കൂടിയാണ് ശാക്തേയം. പ്രത്യേകിച്ചും മാതൃദേവതകളെ ആരാധനയിലെ ശാക്തേയം ഇതിന്‌ അഭേദ്യമായ ബന്ധമുണ്ട്.

കാളി എന്നാൽ "കാളുന്നവൾ, കറുത്തവൾ, രാത്രി" എന്നൊക്കെയാണ് അർത്ഥം. അജ്ഞാനത്തിന്റെ അന്ധകാരം ഇല്ലാതാക്കി ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നവൾ എന്ന് താന്ത്രികർ വിശ്വസിക്കുന്നു. കാലത്തിന്റെ (സമയത്തിന്റെ) ഭഗവതിയാണ് കാളി എന്ന് സങ്കൽപ്പിക്കപ്പെടുന്നു. "ഭദ്രമായ കാലത്തെ നല്കുന്നവൾ" എന്നതാണ് ഭദ്രകാളി എന്ന വാക്കിന്റെ അർത്ഥം. ജീവജാലങ്ങളെ പോറ്റി വളർത്തുന്നവളും അവയെ സംഹരിക്കുന്നവളുമായ പ്രകൃതിയാണ് കാളിയെന്ന് ഉപാസകർ കരുതുന്നു.

ദേവീഭാഗവതത്തിൽ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാകാളി. വേദങ്ങളിൽ പഞ്ചഭൂതങ്ങളിൽ പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്. പ്രകൃതിയെ കാളികയായി ഉപാസകർ സങ്കൽപ്പിക്കുന്നു. ദശമഹാവിദ്യകൾ, സപ്‌തമാതാക്കൾ, നവദുർഗ്ഗ എന്നിവരിൽ പ്രധാനിയായി കാളിയെ കണക്കാക്കുന്നു. ദേവീമാഹാത്മ്യത്തിൽ ദുർഗ്ഗയുടെ രൗദ്രഭാവമായി ഭദ്രകാളിയെ ചിത്രീകരിച്ചിരിക്കുന്നു. കാളീ സഹസ്രനാമത്തിൽ ഭഗവതിയെ കാലഭൈരവന്റെ ഭാര്യയായി അവതരിപ്പിച്ചിരിക്കുന്നു. കാളിയുടെ വിവിധ അവതാരങ്ങളിൽ ഐശ്വര്യവും അറിവും നൽകുന്ന രാജസ, സാത്വിക ഭാവങ്ങളിലും ഭദ്രകാളി ആരാധിക്കപ്പെടുന്നു

ശാക്തേയം വീരാരാധന കൂടിയാണ്. ക്ഷത്രിയ സ്വഭാവമുള്ള ഉപാസനാപദ്ധതി കൂടിയാണ്. പഴശ്ശിരാജ യുദ്ധത്തിന് പുറപ്പെടും മുൻപ് മൃദങ്കശൈലേശ്വരി ക്ഷേത്രത്തിൽ ഗുരുതി നടത്തി ദേവിയെ ഉപാസിച്ചിരുന്നതായി ചരിത്രം പറയുന്നു.

കുളാർണ്ണവതന്ത്രം, മഹാനിർവാണ തന്ത്രം തുടങ്ങിയവ പ്രമുഖ താന്ത്രിക ഗ്രന്ഥങ്ങൾ ഇതേപ്പറ്റി വ്യക്തമാക്കുന്നുണ്ട്. ഭക്ഷ്യയോഗ്യമായ കോഴി,മത്സ്യം എന്നിവ കറിയാക്കിയും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള പഞ്ചമകാരപൂജ ശാക്തേയ സമ്പ്രദായത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ്

പണ്ട് കാലത്ത് തറവാടുകളിൽ സ്ഥാപിച്ചിരുന്ന ശക്തിപീഠത്തിലും, മച്ചകത്ത് കുടിയിരുത്തിയ കുലദേവതക്കും വർഷംതോറും ശാക്തേയപൂജ നടത്തിയിരുന്നു. കുടുംബത്തിന്റെ ഐശ്വര്യത്തിനും പ്രതാപം നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ പൂജ ചെയ്തിരുന്നത് എന്നാണ് അവർ വിശ്വസിച്ചിരുന്നത്. ഇത് മിക്കവാറും ആ കുടുംബത്തിലെ അംഗം തന്നെയാവും ചെയ്യുന്നത്. നേപ്പാൾ, കാശ്മീർ, ബംഗാൾ എന്നിവിടങ്ങളിൽ ശാക്തേയ സമ്പ്രദായം വളർച്ച നേടിയിട്ടുണ്ട്.

ആസാമിലെ ഏറ്റവും പ്രധാനപ്പെട്ട താന്ത്രിക ക്ഷേത്രവും ഹൈന്ദവ-ശാക്തേയ തീർഥാടനകേന്ദ്രവുമാണ് കാമാഖ്യദേവി ക്ഷേത്രം. ആസാമിലെ പ്രധാന നഗരമായ ഗുവഹാത്തിയുടെ പടിഞ്ഞാറൻ മേഖലയിൽ നീലാചൽ എന്ന കുന്നിൻ മുകളിലാണ് ഈ ഭഗവതി ക്ഷേത്രമന്ദിരം സ്ഥിതി ചെയ്യുന്നത്. ആസാം ജനതയുടെ രക്ഷാദൈവമായി കാമാഖ്യ ആരാധിക്കപ്പെടുന്നു.

തന്ത്ര ശാസ്‌ത്രം ആചാരങ്ങളെ ഏഴായി തരംതിരിച്ചിരിക്കുന്നു.

1. വേദാചാരം
2. 2. വൈഷ്ണവാചാരം
3. 3. ശൈവാചാരം
4. 4. ദക്ഷിണാചാരം
5. 5. വാമാചാരം
6. 6. സിദ്ധാന്താചാരം
7. 7. കൗളാചാരം
വാമാചാരത്തിൽ ശുദ്ധ-അശുദ്ധ ഭേദങ്ങൾ ഒന്നുമില്ല. അനുഷ്ഠാനങ്ങൾ രാത്രി നിർവഹിക്കുന്നു. സിദ്ധാന്താചാരം ആഘോരികൾ പിന്തുടരുന്നു അവ ശ്മശാനത്തിൽ അർദ്ധ രാത്രിയിൽ ചെയ്യുന്നു. ഇവ രണ്ടും ആചരിക്കുന്നതിന് വീരഭാവം അനിവാര്യം ആയതിനാൽ ഇവ വീരാചാരം എന്ന് അറിയപ്പെടുന്നു.

കൗളാചാരം ഏറ്റവും ഗൂഢമായ ആചാര പദ്ധതിയാണ്. യോഗ്യനായ ശിഷ്യന് ഗുരു ഈ ശ്രേഷ്ഠമായ വിദ്യ പകർന്ന് നൽകുന്നു. കൗളാചാരത്തെ ദിവ്യാചാരം എന്നും പറയുന്നു.

കുലാർണവം ആചാരങ്ങളെ കുറിച്ച് ഇപ്രകാരം പറയുന്നു - " മറ്റെല്ലാറ്റിലും ശ്രേഷ്ഠമാണ് വേദം. വേദങ്ങളെക്കാൾ ശ്രേഷ്ഠമാണ് വൈഷ്ണവം. വൈഷ്ണവത്തെക്കാൾ ശൈവവും ശൈവത്തെക്കാൾ ദക്ഷിണവും ദക്ഷിണത്തേക്കാൾ വാമവും വാമത്തേക്കാൾ സിദ്ധാന്തവും സിദ്ധാന്തത്തേക്കാൾ കൗളവും ശ്രേഷ്ഠമാണ്. കൗളത്തേക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല."

എന്താണ് മഹാസങ്കല്പം

 മഹാസങ്കൽപ്പം


അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ
വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ
കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ
ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ
അസ്മിൻ വർത്തമാനേ വ്യവഹാരികേ
പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ
നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ
ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസര യുക്തായാം നക്ഷത്ര യുക്തായാം....

ഈ സങ്കല്പം ചില പൂജകളുടെ സമയത്തും പിതൃതർപ്പണസമയത്തുമൊക്കെ ഹിന്ദുക്കൾ ഓരോരുത്തരും ചൊല്ലുക അല്ലെങ്കിൽ ചൊല്ലിക്കുക പതിവാണ്. എന്നാൽ ഈ സങ്കല്പത്തിന്റെ അർത്ഥമെന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കിലിതാ....

സങ്കല്പത്തിലെ കാലഗണന

കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവ ചേർന്നുള്ള 43,20,000 വർഷങ്ങൾ ചേർന്നതാണ് ഒരു മഹായുഗം. ഇങ്ങനെയുള്ള 1000 മഹായുഗങ്ങൾ ചേർന്നതാണ് ഒരു കല്പം അല്ലെങ്കിൽ ബ്രഹ്മാവിന്റെ ഒരു പകൽ. ഒരു കല്പത്തിൽ 14 മനുക്കളാണ് അധികാരികളായിട്ടുള്ളത്. ഓരോ മനുവിന്റെയും കാലയളവ് 71.42 മഹായുഗങ്ങൾ ചേർന്ന ഒരു മന്വന്തരമാണ്. ഇത് പോലെ തന്നെ 43,20,000 വർഷങ്ങളുള്ള ബ്രഹ്മാവിന്റെ ഒരു രാത്രിയുമുണ്ട്. അങ്ങനെ 42,20,000 വർഷങ്ങൾ വീതമുള്ള ഒരു രാത്രിയും ഒരു പകലും ചേരുമ്പോൾ ഒരു ബ്രഹ്മദിവസമാകും അതായത് 8.64 ബില്ല്യൻ വർഷങ്ങൾ. ഇത് പോലെയുള്ള 360 ബ്രഹ്മ ദിവസങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മവർഷവും 360 വർഷങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മ ആയുസും പൂർണ്ണമാകുന്നു. അതായത് 360 ബ്രഹ്മ വർഷങ്ങളാണ് (311 ട്രില്ലിയൻ വർഷങ്ങൾ) ഈ പ്രപഞ്ചത്തിന്റെ ഒരായുസ് എന്നർത്ഥം.

എട്ടാമത്തെ മഹായുഗത്തിലെ ശ്വേതവരാഹ കല്പത്തിൽ സ്വയംഭൂവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുകൻ, വൈവസ്വതൻ, സാവർണി, ദക്ഷസാവർണി, ബ്രഹ്മസാവർണി, ധർമ്മസാവർണി, രുദ്രസാവർണി, രൗച്യ-ദൈവസാവർണി, ഇന്ദ്രസാവർണി എന്നിങ്ങനെയുള്ള 14 മനുക്കളിൽ ഏഴാമത്തെ മനുവായ വൈവസ്വതമനുവിന്റെ കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്. (ഇതിൽ ചാക്ഷുക മനുവിന്റെ കാലത്താണ് പ്രഹ്ലാദനും മഹാബലിയും ജീവിച്ചിരുന്നത്)

ഭാരതീയ കാലശാസ്ത്രപ്രകാരം ബ്രഹ്മാവ് ഇത് വരെയായി 50 ബ്രഹ്മവർഷങ്ങൾ പൂർത്തിയാക്കി, 51 ൽ നടക്കുകയാണിപ്പോൾ. അത് കൊണ്ടാണ് ബ്രഹ്മാവിനെ രണ്ട് പരാർദ്ധങ്ങളിൽ ജീവിക്കുന്നത് എന്നർത്ഥത്തിൽ പരാർദ്ധദ്വയജിവിൻ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പരാർദ്ധം എന്ന് പറഞ്ഞാൽ പകുതി. രണ്ട് പകുതികൾ ചേരുമ്പോൾ ഒന്ന് ഉണ്ടാകും. അങ്ങനെ ബ്രഹ്മാവിന്റെ സമ്പൂർണ്ണ കാലഘട്ടത്തിന്റെ ഒരു പകുതി കഴിഞ്ഞിരിക്കുന്നു.

ദേശവർണ്ണന

പൗരാണിക ഭാരതീയ ഹൈന്ദവഭൂമിശാസ്ത്രം ലോകത്തെ ജംബുദ്വീപം (ഏഷ്യ), പ്ലക്ഷദ്വീപം (തെക്കേ അമേരിക്ക), പുഷ്കരദ്വീപം (വടക്കെ അമേരിക്ക), ക്രൌഞ്ചദ്വീപം (ആഫ്രിക്ക), ശാകദ്വീപം (യുറോപ്), ശാല്‍മലദ്വീപം (ആസ്ട്രേലിയ), കുശദ്വീപം (ഓഷ്യാന) എന്നിങ്ങനെ ഏഴു ദ്വീപുകളായി തിരിച്ചിരുന്നു. ജംബുദ്വീപത്തെ (ഏഷ്യയെ) വർഷങ്ങളായും (ഭൂപ്രദേശങ്ങൾ) തിരിച്ചിരുന്നു.

ഭാരതവർഷ
കേതുമൂലവർഷ
ഹരിവർഷ
ഇളാവൃതവർഷ (ആർടിക് റീജിയൻ - നോർത്ത് പോൾ - ഉൾപ്പെടുന്ന ഭാഗം) !!!
കുരു വർഷ,
ഹിരണ്യക വർഷ,
രമ്യകവർഷ,
കിമ്പുരുഷ വർഷ,
ഭദ്രസ്വ വർഷ
ഭാരതവർഷം എന്ന ഭൂപ്രദേശം, ഭാരതം എന്ന ഉപദ്വീപ് (ഭാരതഖണ്ഡം) ഈജിപ്ത്ത്, അഫ്ഘാനിസ്ഥാൻ, ബലൂചിസ്ഥാൻ, ഇറാൻ, സുമേറിയ, കാസ്പിയൻ കടൽ (കാശ്യപസമുദ്രം) എന്നിവ ഉൾപ്പെടുന്നതായിരുന്നു. ഈ
ഭാരതഖണ്ഡത്തെ 55 രാജസ്ഥാനങ്ങളായും തിരിച്ചിരുന്നു.

കാശ്മീർ
നേപ്പാൾ
കോസലം
കംബോജം
പാഞ്ചാലം
സിംഹളം
അംഗം
കലിംഗം
കാമരൂപം
സൗവീരം
കുരു
ഭോജം
വിദേഹം
വാത്മീകം
ഹേഹയം
വംഗം
സൗരാഷ്ട്രം
പുന്നാഗം
ചപർപരം
കുലന്ത
സൗരസേനം
ദൻഗന
മാർത്താ
സൈന്ധവം
പുരുഷാരം
പാന്തരം
സലിവം
കുടക്
നിഷധം
ദുർഗ
മർദ
പൗണ്ഡ്രം
മഗധം
ഛേദി
മഹാരാഷ്ട്രം
ഗുൻഡ്ര
കർണാടകം
ദ്രവിഡം
കുക്കുടം
ലാടം
മാളവം
മാഗരം
ദെശാർണം
ഒഡിയ
ബാക്കു
യവന
ഗുവാനി
കൊങ്കണം
കാശ്യപം
ദുങ്ങുണ
കഛം
ചോള
പാണ്ഡ്യ
ചേര
കേരള

(അതായത് ഈ ഭൂലോകത്തിലെ ഏഴ് ദ്വീപുകളിൽ ഒന്നായ ജംബുദ്വീപം എന്ന ദ്വീപിലുള്ള ഭാരതവർഷം എന്ന ഭൂപ്രദേശത്തിലെ ഭാരതഖണ്ഡം എന്ന ഉപദ്വീപിലെ 55 രാജസ്ഥാനങ്ങളിലൊന്നായ കേരളത്തിലാണ് നാമിപ്പോഴുള്ളത് എന്നർത്ഥം).

ഇനി സങ്കല്പത്തെ പൂർണ്ണമായി മനസിലാക്കാം..

അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ - ബ്രഹ്മാവിന്റെ ആയുസിന്റെ രണ്ടാം പകുതിയിലുള്ള
ശ്വേതവരാഹകല്പേ - ശ്വേതവരാഹകല്പത്തിലുള്ള
വൈവസ്വതമന്വന്തരേ - വൈവസ്വതമനുവിന്റെ ഭരണകാലത്തുള്ള
അഷ്ടാവിംശതി തമേ - ഇപ്പോഴത്തെ മനുവിന്റെ കാലത്തുള്ള ഇരുപത്തെട്ടാമത്തെ മഹായുഗത്തിലുള്ള
കലിയുഗേ - കലിയുഗത്തിലെ
പ്രഥമ പാദേ - പ്രഥമപാദത്തിൽ
ജംബുദ്വീപേ - ജംബുദ്വീപിലുള്ള
ഭാരതവർഷേ - ഭാരതവർഷത്തിലുള്ള
ഭാരതഖണ്ഡേ - ഭാരതഖണ്ഡത്തിലുള്ള
മേരോ ദക്ഷിണേ ദിഖ്ഭാഗേ - മേരുപർവതത്തിന്റെ തെക്ക് ഭാഗത്തുള്ള
അസ്മിൻ വർത്തമാനേ വ്യവഹാരികേ - ഇപ്പോൾ പ്രാബല്യത്തിലിരിക്കുന്ന കാലത്തിൽ
പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ - പ്രഭവ മുതൽ തുടങ്ങുന്ന 60 വർഷത്തെ കാലചക്രത്തിൽ
നമ സംവത്സരേ - (60 വർഷത്തെ ഹിന്ദു കലണ്ടറിലെ ഇപ്പോഴത്തെ വർഷം ആണ് ഇവിടെ പറയേണ്ടത്)
അയനേ ദക്ഷിണായനേ/ഉത്തരായനേ - ഉത്തരായനത്തിൽ അല്ലെങ്കിൽ ദക്ഷിണായനത്തിൽ
ഋതേ - ഋതുവിൽ (6 ഋതുക്കൾ വാസന്ത, ഗ്രീഷ്മം, വർഷ, ശാരദ, ഹേമന്ത, ശിശിര)
മാസേ - മാസത്തിൽ (12 മാസത്തിലെ ഒരു മാസത്തിൽ)
പക്ഷേ - പക്ഷത്തിൽ (ശുക്ല പക്ഷം അല്ലെങ്കിൽ കൃഷ്ണപക്ഷം)
ശുഭതിഥൗ - 15 തിഥികളിൽ ഒരു തിഥിയിൽ (പൗർണമിക്കും അമാവാസിക്കും ഇടയിലുള്ള പതിനഞ്ച് തിഥികളിൽ ഒന്നിൽ - പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, പൗർണമി അല്ലെങ്കിൽ അമാവാസി)
വാസര യുക്തായാം - ആഴ്ചയിലെ ഏഴ് ദിവസത്തിലെ ഒരു ദിവസത്തിൽ (ഭാനു, സോമ, ഭൗമ, സൗമ്യ, ഗുരു, ഭൃഗു, സ്ഥിര)
നക്ഷത്ര യുക്തായാം - ആ ദിവസത്തെ നക്ഷത്രത്തിൽ
ശുഭ നക്ഷത്ര, ശുഭ യോഗ, ശുഭ കരണ, ഏവംഗുണ, വിശേഷണ, വിശിഷ്ഠായാം, ശുഭ തിഥൗ, ശ്രീമാന്, … ഗോത്രഃ, … നാമധേയഃ, … ഗോത്രസ്യ എന്നിങ്ങനെ ഗുണഗണങ്ങളുമായി നീളും സങ്കല്പം.

ഈ ഭൂലോകത്തിന്റെ സ്രഷ്ടാവായ ബ്രഹ്മാവിന്റെ കാലഗണനയിൽ തുടങ്ങി ഭൂഖണ്ഡവും ദേശവും കുലവും ഗോത്രവുമെല്ലാം കടന്ന് ഞാനെന്ന ഒരു നിസാരനിലെത്തി നിൽക്കുന്ന ഈ മഹാസങ്കല്പത്തിൽ മഹത്തായ ഒരു ആശയവും മനശാസ്ത്രവുമുണ്ട് എന്നതാണ് യാഥാർത്ഥ്യം. അതായത് 311 ട്രില്ലിയൻ വർഷങ്ങൾ ആയുസുള്ള അചിന്ത്യവും അപരിമേയവുമായ ഈ പ്രപഞ്ചത്തിലെ ഒരു ചെറു അണു മാത്രമാണ് നാമോരോരുത്തരും എന്നോർമ്മിപ്പിക്കുക കൂടിയാണ് ഈ സങ്കല്പം കൊണ്ട് ചെയ്യുന്നത്. അതിനാൽ ഇനിമുതൽ പൂജകൾക്ക് മുമ്പായി മഹാസങ്കല്പം ചെയ്യുന്ന വേളയിൽ ഈ അർത്ഥവും ഇതിന്റെ പിന്നിലെ മനശാസ്ത്രവും ഓർമ്മയിൽ വച്ച് കൊണ്ട് വേണം പ്രാർത്ഥിക്കുവാൻ.

എല്ലാവർക്കും നന്മവരട്ടെ!

(ഭാരതത്തിന് പകരം അമേരിക്കയാണെങ്കിൽ സങ്കല്പം ഇങ്ങനെ മാറും.. ക്രൗംച ദ്വീപേ, രമണക വര്ഷേ, ഐംദ്രിക ഖംഡേ, പ്രശാന്തസാഗരേ പുഷ്കര ll
സദാശിവസമാരംഭാം
ശങ്കരാചാര്യമധ്യമാം
അസ്ദാചാര്യപര്യന്താം
വന്ദേ ഗുരുപരമ്പരാം

അധ്യാത്മിക ശാസ്ത്രങ്ങൾ മരണത്തിനുശേഷം ആത്മാവിന്റെ ഗതിയെ 8- ആയി തിരിക്കുന്നു

 ജനനം സ്ഥൂല നേത്രങ്ങൾക്ക് അടിമകളായതുകൊണ്ട് സ്ഥൂലതയുടെ പിൻബലത്തിലേ നമുക്കെല്ലാം വിശ്വസിക്കാൻ കഴിയൂ....


സൂക്ഷ്മശരീരവും സൂക്ഷ്മലോകവും നമുക്ക് അംഗീകാര വൈഷ്യമ്യമുള്ളവ തന്നെയാണ്....

ഇത് നമ്മുടെ ബൗദ്ധികമായ ഒരു അപാകത എന്നാശ്വസിക്കുന്നത് ആണ് ഇതിന്റെ ശരി....

അതുകൊണ്ട് വിശേഷിച്ചും മരണം, ആത്മാവ്, പരലോകം, പുനർജന്മവും ഇവ മനസ്സിലാക്കാൻ സൂക്ഷ്മമായ തലത്തിലേക്ക് യുക്തിഗമിക്കണം....

നമ്മുടെ കൂടെയുള്ളവരുടെ വേർപാട് വേദനാജനകമാണ്. വേർപ്പെട്ടവരെ വേർപ്പെട്ടവർക്ക്....

നമ്മൾ കണ്ടിട്ടുള്ളത് ജീവൻ പോയ ജഢത്തിൽ അതായത് സത്ത്പോയതിനെ കെട്ടിപ്പിടിച്ച് "എനിക്കിനി ആരുണ്ട്" എന്ന ആർത്തനാദമേ കേൾക്കാറുള്ളൂ....

എന്നാൽ വേർപെട്ടവർക്കോ....?

ഒരാളും, ഇന്നുവരെ വേർപെട്ടവരെ വേർപെട്ടവർ; ഇന്നുവരെ വേർപെട്ട നിങ്ങൾക്കിനി ആരുണ്ട് എന്ന് വിലപിക്കുന്നത് കേൾക്കാറില്ല..."

പരലോക അന്വേഷണത്തിൽ ആധുനികശാസ്ത്രം നിന്നിടത്തു നിന്ന് പിറകോട്ട് പോവുക അല്ലാതെ ഫലമൊന്നും ഉണ്ടായിട്ടുമില്ല. എന്നാൽ അധ്യാത്മിക ശാസ്ത്രങ്ങൾ മരണത്തിനുശേഷം ആത്മാവിന്റെ ഗതിയെ 8- ആയിരിക്കുന്നു....

തിര്യഗ് ഗതി, മാനുഷഗതി, പിതൃലോകഗതി, നരകലോകഗതി, സ്വർലോകഗതി ഊർദ്ധ്വലോകഗതി, മോക്ഷഗതി, പ്രേതലോകഗതി....

1. തിര്യഗ് ഗതി: നേരെ വിപരീത ദിശയിൽ [മനുഷ്യരിൽ നിന്ന് താഴേക്ക്] മനുഷ്യൻ തൊട്ടുതാഴെയുള്ള 84 ലക്ഷം ഗർഭപാത്രങ്ങളിലേക്കു ഉള്ള മടക്കയാത്രയാണിത്....
മൃതമായാൽ ഉടനെ ആത്മാവിനെ കർമ്മഫലം പൂർത്തിയാവുക ഇല്ല....

ജീവന്റെ ശ്വാസനിർണ്ണയം പൂർത്തിയാവും വരെ അതിന് മറ്റനേകം ഗർഭങ്ങളിൽ വസിക്കേണ്ടതായിട്ടുണ്ട്....

അങ്ങനെ പശു മുതൽ അണുജീവി വരെ 84 ലക്ഷം എന്നാണ് നിർണ്ണയിച്ചിട്ടുള്ളത്...

ഇതിലേതെങ്കിലും ഒന്ന് ഉടനെ ലഭിക്കാം.....

അത് ജീവി മനുഷ്യനായി ജീവിച്ചിരുന്നപ്പോഴുള്ള കർമ്മ, ഭാവങ്ങൾക്ക് അനുസരിച്ചായിരിക്കും....

2. മനുഷ്യ ഗതി: [നേരെ മറ്റൊരു ശരീരത്തിലേക്ക്] മരണമടഞ്ഞാലുഉടൻ ഒരു ശരീരത്തിൽ ആ ജന്മം ഉദ്ദേശിച്ചതിനേക്കാളേറെ കർമ്മവും -ഭോഗവും അനുഭവിച്ചത് കൊണ്ട്....
എന്നാൽ യഥാർത്ഥ കർമ്മ അനുഭവം തീർന്നിട്ടില്ലാത്തതുകൊണ്ടും അടുത്തുതന്നെ മറ്റൊരു മനുഷ്യശരീരം ലഭിക്കാം....

അത് സ്ത്രീയാകാം, പുരുഷനാകാം, നപുംസകമാകാം, ഭാരതീയനാകാം, ആഫ്രിക്കനാകാം, ചീനനാകാം, യൂറോപ്യനാകാം....

3. പിതൃലോകഗതി: [പിതൃലോകമെന്ന മധ്യവർത്തി ലോകത്തിലേക്ക്] ധാർമികനും, ഈശ്വരവിശ്വാസിയും, എന്നാൽ സ്വാർത്ഥതയും കുടുംബബന്ധങ്ങളിൽ ഏറെ കുരുങ്ങിയവനുമായവൻ പുണ്യാംശം അധികമായതുകൊണ്ട് പിതൃലോകം എന്നയിടത്തേക്ക് കുടിയേറുന്നു....
4. നരകലോകഗതി: [പാവം വന്നതിനാൽ ശിക്ഷ കിട്ടുന്ന സ്ഥലം. അവിടേക്ക് തെറ്റിന്റെ ഫലമനുഭവിക്കാൻ] പിതൃലോകം ഇത്തരത്തിലുള്ള അനേകം ആത്മാക്കളുടെ വിഹാരകേന്ദ്രമാണ് ഇതേ ഗതിയിൽ പാപം വർധിച്ചവർ നരകത്തിലേക്കു പോകുന്നു.....
5. സ്വർലോകഗതി: [സ്വർഗ്ഗത്തിലെ സുഖസൗകര്യങ്ങളിലേക്കു പുണ്യഫലമായി] പതൃലോകം ഇത്തരത്തിലുള്ള ആത്മാക്കളുടെയും വിഹാരകേന്ദ്രമാണ്. അവിടെയും ഇതേ ഗതിയിൽ പുണ്യം വളരെ കൂടിയവർ സ്വർഗ്ഗത്തിലേക്കു പോകുന്നു....
6. ഊർദ്ധ്വലോകഗതി:[അതിനു മുകളിൽ ഉള്ള സിദ്ധലോകത്തിലേക്ക് യോഗബലം കൊണ്ട്] ആധ്യാത്മിക യോഗസാധനാനുഭവങ്ങൾ പൂർത്തിയാകാത്തവർ "സിദ്ധലോകം - യോഗിലോകം" എന്നിങ്ങനെയുള്ള ആധ്യാത്മിക ലോകങ്ങളിലേക്ക് യാത്രയാകുന്നു...
അവിടെച്ചെന്ന് സാധനയുടെ പ്രാപ്തി അനുസരിച്ചുള്ള അത്തരം പദവികളിൽ വിരാജിക്കുന്നു. ആത്മീയ സാധനകൾ തുടരുന്നു.....

7. മോക്ഷഗതി: [ജ്ഞാനികൾ മോക്ഷത്തിലേക്ക്] പൂർണ്ണത നേടിയവർക്കു ബ്രഹ്മസായൂജ്യം അഥവാ മുക്തി ലഭിക്കുന്നു. മുക്തിനേടുന്നിടം ഒരു ലോകമല്ലെന്നേയുള്ളൂ...
8. പ്രേതലോകഗതി: [അപമൃതരായവർക്കുള്ളത്] അതൃപ്തിയും അശാന്തിയും, മലിനതയും ബീഭത്സതയും നിറഞ്ഞ ഒന്നായി തന്നെ സകലരുടെയും ഭാവനയിൽ ഈ ലോകമുണ്ട്....
--ഓം ഹ്രീം ലളിതാംബികായൈ നമ:

സ്വരയോഗ

 സ്വരയോഗ.


മനുഷ്യൻ ഓരോ നാലു സെക്കൻഡിൽ ഒരു തവണ വീതം ഒരു മിനുട്ടിൽ 15തവണയും ഒരു ദിവസം 21600 തവണ വീതവും ശ്വാസോശ്വാസം ചെയ്യുന്നു. ഒരു സാധാരണ മനുഷ്യന് മൂന്ന് മിനുട്ടോളം ശ്വസിക്കാൻ പറ്റിയില്ലെങ്കിൽ മരണപ്പെട്ടു പോവുകയും ചെയ്യുന്നു. എന്നാലും ഇത്രയും പ്രധാനപ്പെട്ട ശ്വാസോശ്വാസത്തെ നമ്മളാരും ശ്രദ്ധിക്കാറില്ല. നമ്മൾ ഓരോരുത്തരും ശ്വസനപ്രക്രിയക്ക് ആവശ്യമായ പ്രാണശക്തിയോടെയാണ് ജനിക്കുന്നത്. നമ്മളുടെ എല്ലാകാര്യങ്ങൾക്കും ശ്വാസോശ്വാസം ആവശ്യമാണ് താനും. ഉള്ളിലേക്കെടുക്കുന്ന പ്രാണനേക്കാൾ നാലംഗുലം പ്രാണൻ നാം പുറത്തേക്ക് വിടുന്നുണ്ട്. ഇങ്ങനെ സംഭവിക്കുന്ന പ്രാണനഷ്ടം കാരണമാണ് ഓരോ ആളും അവനവന്റെ ആയുസ്സെത്തി മരിക്കുന്നത്. ഓരോ വ്യക്തിയുടെയും ശ്വാസോശ്വാസത്തിൽ ആ വ്യക്തിയുടെ ജീവന്റെയും പ്രപഞ്ചത്തിന്റെയും രഹസ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിനെ പറ്റിയുള്ള ശാസ്ത്രമാണ് സ്വരയോഗ, ശരനൂൽ ശാസ്ത്രം എന്നീ പേരുകളിൽ അറിയപ്പെടുന്നത്. ഇതും പ്രാണായാമവും ഒന്നല്ല. ഈ ശാസ്ത്രവും ശിവഭഗവാനാണ് ലോകത്തിന് ഉപദേശിച്ചു കൊടുത്തത്. സിദ്ധന്മാരും സന്യസിവര്യന്മാരും ഈ ശാസ്ത്രത്തെ പഠിച്ചു പ്രപഞ്ചരഹസ്യങ്ങളെയും ത്രികാലത്തെയും അറിഞ്ഞു ആയത് പലകാര്യങ്ങൾ നേടാനും, തങ്ങളുടെ സാധനകൾക്കും ലോകത്തെ ഉപേദശിക്കാനും ഉപയോഗിച്ചിരുന്നു. വളരെ ബൃഹത്തായ ഒരു ശാസ്ത്രമാണ് സ്വരയോഗ.

നമ്മളുടെ ശ്വാസോശ്വാസത്തെ ശ്രദ്ധിച്ചാൽ നാം രണ്ടുമൂക്കിലൂടെയും ഒന്നിച്ചു മിക്കപ്പോഴും ശ്വസിക്കാറില്ലെന്ന് മനസ്സിലാകും. നാം ചിലപ്പോൾ വലത് മൂക്കിലൂടെയും ചിലപ്പോൾ ഇടത് മൂക്കിലൂടെയുമാണ് ശ്വാസോശ്വാസം ചെയ്യുന്നതെന്ന് ശ്രദ്ധിച്ചാൽ അറിയാം. ഇത് സാധാരണ ശരാശരി ഓരോ മണിക്കൂറിൽ മാറിക്കൊണ്ടേയിരിക്കും. നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട നാഡികളാണ് ഇഡ, പിംഗള, സുഷുമ്ന എന്നിവ. ഇതിൽ ഇഡ നാഡി അല്ലെങ്കിൽ ചന്ദ്രനാഡി പ്രവർത്തിക്കുമ്പോൾ ശ്വാസം ഇടതുമൂക്കിലൂടെയും പിംഗള നാഡി അല്ലെങ്കിൽ സൂര്യനാഡി പ്രവർത്തിക്കുമ്പോൾ ശ്വാസം വലത് മൂക്കിലൂടെയും സഞ്ചരിക്കും. കുറഞ്ഞ സമയങ്ങളിൽ മദ്ധ്യത്തിലുള്ള സുഷുമ്ന നാഡി പ്രവർത്തിക്കുമ്പോൾ ശ്വാസം രണ്ടു മൂക്കിലൂടെയും സഞ്ചരിക്കും. ഇത് ഇഡയിൽ നിന്ന് പിംഗളയിലേക്കും പിംഗളയിൽനിന്ന് ഇഡയിലേക്കും സഞ്ചരിക്കുമ്പോഴാണ് സംഭവിക്കുന്നത്.

ഇങ്ങനെ ശ്വസിക്കുമ്പോൾ നാം നാസിക നിറഞ്ഞല്ല ശ്വസിക്കുന്നത്. ശ്വാസോശ്വാസം നടക്കുന്നത് നാസികയിൽ മുകളിലൂടെയോ താഴത്തൂടെയോ വശങ്ങളിലൂടെയോ മദ്ധ്യത്തിലൂടെയോ ആയിരിക്കും. ഇതേപോലെ ശ്വാസോശ്വാസത്തിന്റെ അളവ് ഇതെല്ലാം വ്യത്യസ്തമായിരിക്കും. ഒരു വ്യക്തിയുടെ ഈ കാര്യങ്ങളെല്ലാം സ്വരയോഗ ശാസ്ത്രത്തിൽ നിരീക്ഷിക്കപ്പെടുന്നു.
ഈ കാണപ്പെടുന്ന പ്രപഞ്ചം മുഴുവൻ നിർമ്മിക്കപ്പെട്ടിരിക്കുന്നത് പഞ്ചഭൂതങ്ങളാലാണ്. ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇവയാണ് പഞ്ചഭൂതങ്ങൾ. നാമും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഇവയാൽ തന്നെ. ഓരോ മനുഷ്യരിലും ഉള്ള പഞ്ചഭൂതങ്ങളുടെ അനുപാതം വ്യത്യസ്തമായിരിക്കും. അത് ഓരോ ആളുടെ ഡിഎൻഎ പോലെ വ്യക്തി അധിഷ്ഠിതമാണെന്ന് പറയാം. വ്യക്തികളിലുള്ള പഞ്ചഭൂതങ്ങളുടെ ഈ വ്യത്യാസങ്ങൾ സ്വരയോഗയിലും പഞ്ചപക്ഷി ശാസ്ത്രത്തിലും ആധാരമാകുന്നുണ്ട്.

തന്ത്രശാസ്ത്രങ്ങളിലും സ്വരയോഗയിലും മഹാപഞ്ചഭൂത തത്വങ്ങളിൽ അധിഷ്ഠിതമായി പഞ്ചഭൂതങ്ങൾക്ക് പഞ്ചീകരണം സംഭവിച്ചു പ്രപഞ്ചസൃഷ്‌ടി നടന്നതിനെ വിശദീകരിക്കുന്നുണ്ട്. മഹാപഞ്ചഭൂതങ്ങൾ സ്ഥൂലമല്ല സൂക്ഷ്മങ്ങളാണ്. "നമശിവയ" എന്ന ശിവപഞ്ചാക്ഷരി മന്ത്രത്തിന്റെ പ്രാധാന്യം ഇത്തരുണത്തിൽ നാം മനസ്സിലാക്കേണ്ടതാണ്. സിദ്ധർകൾ എന്തുകൊണ്ടാണ് അതിനെ പ്രാധാന്യം കൊടുത്ത് മുറുകെ പിടിക്കുന്നതെന്നും നാം അറിയണം. ന ഭൂമിയായും, മ ജലമായും, ശി അഗ്നിയായും, വ വായുവായും, യ ആകാശമായും പഞ്ചാക്ഷരിയും പഞ്ചഭൂതങ്ങളുമായി സാധാരണ രീതിയിലുള്ള ബന്ധം നമുക്കേവർക്കും അറിയാം. എന്നാൽ അതിനപ്പുറം പഞ്ചഭൂതങ്ങൾക്കും പഞ്ചാക്ഷരിക്കും നാം അറിയാത്ത പല അർത്ഥങ്ങളും രഹസ്യങ്ങളും ഉണ്ട്. അതറിഞ്ഞവരാണ് സിദ്ധർകൾ. അതറിയാതെ ആരും സിദ്ധതലത്തിൽ എത്തുകയുമില്ല. പ്രപഞ്ച രഹസ്യത്തെ അറിയുകയുമില്ല.

ശ്വാസോശ്വാസ പ്രക്രിയയിൽ പ്രാണനോടൊപ്പം സൂക്ഷ്മമായി പഞ്ചഭൂതതത്വങ്ങളും സഞ്ചരിക്കുന്നു. പ്രാണന്റെ സഞ്ചാരത്തെ അറിയുന്നതിലും കഠിനമാണ് പഞ്ചഭൂതങ്ങളുടെ സൂക്ഷ്മപ്രയാണത്തെ അറിയുക എന്നത്. അതിനെ മനസ്സിലാക്കിയാൽ പ്രപഞ്ചത്തിന്റെ ഭൂതം, ഭാവി, വർത്തമാനം എന്ന ത്രികാല ജ്ഞാനവും നമുക്ക് കരഗതമാകുന്നു. അതിനാൽ ശരനൂൽ ശാസ്ത്രത്തെ അല്ലെങ്കിൽ സ്വരയോഗയെ പറ്റി കൂടുതൽ അറിയാൻ നാമെല്ലാവരും ശ്രമിക്കുക. എന്ത് അറിയാനും മഹാഗുരു അനുഗ്രഹിച്ചാലേ സാധിക്കുകയുള്ളു.

"ഓം മഹാഗുരു അഗസ്തേശ്വര മഹാമുനി പ്രഭുവേ നമോ നമഃ"

Tuesday, January 25, 2022

27 നക്ഷത്രങ്ങളുടെ വൃക്ഷങ്ങളെ സൂചിപ്പിക്കുന്ന ഓർത്തിരിക്കാൻ സഹായിക്കുന്ന ഒരു ഭാഷാ ശ്ലോകം

 27 നക്ഷത്രങ്ങളുടെ വൃക്ഷങ്ങളെ സൂചിപ്പിക്കുന്ന ഓർത്തിരിക്കാൻ സഹായിക്കുന്ന ഒരു ഭാഷാ ശ്ലോകം...


"" അശ്വതി കാലത്ത് കാഞ്ഞിരക്കമ്പിനാൽ
നെല്ലിക്ക തല്ലി ഭരണിക്കുളളിൽ
കാർത്തികയാർത്തിയോടത്തി കുലുക്കി
രോഹിണി ഞാവലിൻ കാപെറുക്കി
ദാഹത്തോടോടി മകയിരമെത്തിക്കരിങ്ങാലി വെളളം കുടിച്ചു പിന്നെ
തിരുവാതിരക്കളിയാടുവാനോടി കരിമരച്ചോട്ടിൽ പോയിനിന്നു
മുളയെപ്പുണർന്നതിലേറെച്ചിരിച്ചരയാലിനെ പൂയം തൊഴുതു വന്നു
കയ്യുള്ളൊരായില്യം നാരകം നട്ടൂ
പേരാലിനെക്കണ്ടു മകം തൊഴുതു
പ്ലാശിലെ പൂരം കഴിഞ്ഞത്തിയുത്രത്തിലത്തത്തിനമ്പഴങ്ങ പെറുക്കി
കൂവളത്തിൽ തൊട്ടു ചിത്തിര ചോദിക്കു നീർമരുതെന്നവൾ ചൊല്ലിപ്പോയി
വയ്യങ്കതയ്ക്കു വിശാഖമുണ്ടായെന്നിലഞ്ഞിയനിഴത്തോടോതി വന്നു കേട്ടതു വെട്ടിത്തിരുത്തിയ മൂലമോരേഴെട്ടു വയനിയുണങ്ങി നിന്നു.
വഞ്ചി തുഴഞ്ഞുവരുന്ന പൂരാടത്തിനുത്രാടം പ്ലാവിലത്തൊപ്പി വെച്ചു
തിരുവോണസദ്യയ്ക്കിരിക്കുമിഞ്ചിക്കറി വഹ്നില്ല തിന്നാനവിട്ടത്തിലും
ചതയക്കടമ്പുകടന്നു പൂരുട്ടാതി തേന്മാവിനോടതരുളിയെന്നേ പെട്ടെന്നുത്രട്ടാതി പൊട്ടിക്കരിമ്പന കാതുകൾ തന്റെ കരത്താൽ വേഗം
രേവതിയൊന്നുമറി ഞ്ഞില്ല
പാവമിരിപ്പതൻ മൂട്ടിലിരുന്നു പോയി ""

നക്ഷത്ര വൃക്ഷങ്ങൾ

അശ്വതി - കാഞ്ഞിരം
ഭരണി - നെല്ലി
കാർത്തിക - അത്തി
രോഹിണി - ഞാവൽ
മകയിരം - കരിങ്ങാലി
തിരുവാതിര - കരിമരം
പുണർതം - മുള
പൂയം - അരയാൽ
ആയില്യം - നാകം (നാരകം)
മകം - പേരാൽ
പൂരം പ്ലാശ്
ഉത്രം - ഇത്തി
അത്തം - അമ്പഴം
ചിത്തിര - കൂവളം
ചോതി - നീർമരുത്
വിശാഖം - വയ്യങ്കതവ്
അനിഴം - ഇലഞ്ഞി
തൃക്കേട്ട - വെട്ടി
മൂലം - വയനം
പൂരാടം - വഞ്ഞി
ഉത്രാടം - പ്ലാവ്
തിരുവോണം - എരിക്ക്
അവിട്ടം - വഹ്നി
ചതയം - കടമ്പ്
പൂരുരുട്ടാതി - തേന്മാവ്
ഉത്രട്ടാതി - കരിമ്പന
രേവതി - ഇരിപ്പ