സ്വരയോഗ.
മനുഷ്യൻ ഓരോ നാലു സെക്കൻഡിൽ ഒരു തവണ വീതം ഒരു മിനുട്ടിൽ 15തവണയും ഒരു ദിവസം 21600 തവണ വീതവും ശ്വാസോശ്വാസം ചെയ്യുന്നു. ഒരു സാധാരണ മനുഷ്യന് മൂന്ന് മിനുട്ടോളം ശ്വസിക്കാൻ പറ്റിയില്ലെങ്കിൽ മരണപ്പെട്ടു പോവുകയും ചെയ്യുന്നു. എന്നാലും ഇത്രയും പ്രധാനപ്പെട്ട ശ്വാസോശ്വാസത്തെ നമ്മളാരും ശ്രദ്ധിക്കാറില്ല. നമ്മൾ ഓരോരുത്തരും ശ്വസനപ്രക്രിയക്ക് ആവശ്യമായ പ്രാണശക്തിയോടെയാണ് ജനിക്കുന്നത്. നമ്മളുടെ എല്ലാകാര്യങ്ങൾക്കും ശ്വാസോശ്വാസം ആവശ്യമാണ് താനും. ഉള്ളിലേക്കെടുക്കുന്ന പ്രാണനേക്കാൾ നാലംഗുലം പ്രാണൻ നാം പുറത്തേക്ക് വിടുന്നുണ്ട്. ഇങ്ങനെ സംഭവിക്കുന്ന പ്രാണനഷ്ടം കാരണമാണ് ഓരോ ആളും അവനവന്റെ ആയുസ്സെത്തി മരിക്കുന്നത്. ഓരോ വ്യക്തിയുടെയും ശ്വാസോശ്വാസത്തിൽ ആ വ്യക്തിയുടെ ജീവന്റെയും പ്രപഞ്ചത്തിന്റെയും രഹസ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിനെ പറ്റിയുള്ള ശാസ്ത്രമാണ് സ്വരയോഗ, ശരനൂൽ ശാസ്ത്രം എന്നീ പേരുകളിൽ അറിയപ്പെടുന്നത്. ഇതും പ്രാണായാമവും ഒന്നല്ല. ഈ ശാസ്ത്രവും ശിവഭഗവാനാണ് ലോകത്തിന് ഉപദേശിച്ചു കൊടുത്തത്. സിദ്ധന്മാരും സന്യസിവര്യന്മാരും ഈ ശാസ്ത്രത്തെ പഠിച്ചു പ്രപഞ്ചരഹസ്യങ്ങളെയും ത്രികാലത്തെയും അറിഞ്ഞു ആയത് പലകാര്യങ്ങൾ നേടാനും, തങ്ങളുടെ സാധനകൾക്കും ലോകത്തെ ഉപേദശിക്കാനും ഉപയോഗിച്ചിരുന്നു. വളരെ ബൃഹത്തായ ഒരു ശാസ്ത്രമാണ് സ്വരയോഗ.
നമ്മളുടെ ശ്വാസോശ്വാസത്തെ ശ്രദ്ധിച്ചാൽ നാം രണ്ടുമൂക്കിലൂടെയും ഒന്നിച്ചു മിക്കപ്പോഴും ശ്വസിക്കാറില്ലെന്ന് മനസ്സിലാകും. നാം ചിലപ്പോൾ വലത് മൂക്കിലൂടെയും ചിലപ്പോൾ ഇടത് മൂക്കിലൂടെയുമാണ് ശ്വാസോശ്വാസം ചെയ്യുന്നതെന്ന് ശ്രദ്ധിച്ചാൽ അറിയാം. ഇത് സാധാരണ ശരാശരി ഓരോ മണിക്കൂറിൽ മാറിക്കൊണ്ടേയിരിക്കും. നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട നാഡികളാണ് ഇഡ, പിംഗള, സുഷുമ്ന എന്നിവ. ഇതിൽ ഇഡ നാഡി അല്ലെങ്കിൽ ചന്ദ്രനാഡി പ്രവർത്തിക്കുമ്പോൾ ശ്വാസം ഇടതുമൂക്കിലൂടെയും പിംഗള നാഡി അല്ലെങ്കിൽ സൂര്യനാഡി പ്രവർത്തിക്കുമ്പോൾ ശ്വാസം വലത് മൂക്കിലൂടെയും സഞ്ചരിക്കും. കുറഞ്ഞ സമയങ്ങളിൽ മദ്ധ്യത്തിലുള്ള സുഷുമ്ന നാഡി പ്രവർത്തിക്കുമ്പോൾ ശ്വാസം രണ്ടു മൂക്കിലൂടെയും സഞ്ചരിക്കും. ഇത് ഇഡയിൽ നിന്ന് പിംഗളയിലേക്കും പിംഗളയിൽനിന്ന് ഇഡയിലേക്കും സഞ്ചരിക്കുമ്പോഴാണ് സംഭവിക്കുന്നത്.
ഇങ്ങനെ ശ്വസിക്കുമ്പോൾ നാം നാസിക നിറഞ്ഞല്ല ശ്വസിക്കുന്നത്. ശ്വാസോശ്വാസം നടക്കുന്നത് നാസികയിൽ മുകളിലൂടെയോ താഴത്തൂടെയോ വശങ്ങളിലൂടെയോ മദ്ധ്യത്തിലൂടെയോ ആയിരിക്കും. ഇതേപോലെ ശ്വാസോശ്വാസത്തിന്റെ അളവ് ഇതെല്ലാം വ്യത്യസ്തമായിരിക്കും. ഒരു വ്യക്തിയുടെ ഈ കാര്യങ്ങളെല്ലാം സ്വരയോഗ ശാസ്ത്രത്തിൽ നിരീക്ഷിക്കപ്പെടുന്നു.
ഈ കാണപ്പെടുന്ന പ്രപഞ്ചം മുഴുവൻ നിർമ്മിക്കപ്പെട്ടിരിക്കുന്നത് പഞ്ചഭൂതങ്ങളാലാണ്. ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇവയാണ് പഞ്ചഭൂതങ്ങൾ. നാമും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഇവയാൽ തന്നെ. ഓരോ മനുഷ്യരിലും ഉള്ള പഞ്ചഭൂതങ്ങളുടെ അനുപാതം വ്യത്യസ്തമായിരിക്കും. അത് ഓരോ ആളുടെ ഡിഎൻഎ പോലെ വ്യക്തി അധിഷ്ഠിതമാണെന്ന് പറയാം. വ്യക്തികളിലുള്ള പഞ്ചഭൂതങ്ങളുടെ ഈ വ്യത്യാസങ്ങൾ സ്വരയോഗയിലും പഞ്ചപക്ഷി ശാസ്ത്രത്തിലും ആധാരമാകുന്നുണ്ട്.
തന്ത്രശാസ്ത്രങ്ങളിലും സ്വരയോഗയിലും മഹാപഞ്ചഭൂത തത്വങ്ങളിൽ അധിഷ്ഠിതമായി പഞ്ചഭൂതങ്ങൾക്ക് പഞ്ചീകരണം സംഭവിച്ചു പ്രപഞ്ചസൃഷ്‌ടി നടന്നതിനെ വിശദീകരിക്കുന്നുണ്ട്. മഹാപഞ്ചഭൂതങ്ങൾ സ്ഥൂലമല്ല സൂക്ഷ്മങ്ങളാണ്. "നമശിവയ" എന്ന ശിവപഞ്ചാക്ഷരി മന്ത്രത്തിന്റെ പ്രാധാന്യം ഇത്തരുണത്തിൽ നാം മനസ്സിലാക്കേണ്ടതാണ്. സിദ്ധർകൾ എന്തുകൊണ്ടാണ് അതിനെ പ്രാധാന്യം കൊടുത്ത് മുറുകെ പിടിക്കുന്നതെന്നും നാം അറിയണം. ന ഭൂമിയായും, മ ജലമായും, ശി അഗ്നിയായും, വ വായുവായും, യ ആകാശമായും പഞ്ചാക്ഷരിയും പഞ്ചഭൂതങ്ങളുമായി സാധാരണ രീതിയിലുള്ള ബന്ധം നമുക്കേവർക്കും അറിയാം. എന്നാൽ അതിനപ്പുറം പഞ്ചഭൂതങ്ങൾക്കും പഞ്ചാക്ഷരിക്കും നാം അറിയാത്ത പല അർത്ഥങ്ങളും രഹസ്യങ്ങളും ഉണ്ട്. അതറിഞ്ഞവരാണ് സിദ്ധർകൾ. അതറിയാതെ ആരും സിദ്ധതലത്തിൽ എത്തുകയുമില്ല. പ്രപഞ്ച രഹസ്യത്തെ അറിയുകയുമില്ല.
ശ്വാസോശ്വാസ പ്രക്രിയയിൽ പ്രാണനോടൊപ്പം സൂക്ഷ്മമായി പഞ്ചഭൂതതത്വങ്ങളും സഞ്ചരിക്കുന്നു. പ്രാണന്റെ സഞ്ചാരത്തെ അറിയുന്നതിലും കഠിനമാണ് പഞ്ചഭൂതങ്ങളുടെ സൂക്ഷ്മപ്രയാണത്തെ അറിയുക എന്നത്. അതിനെ മനസ്സിലാക്കിയാൽ പ്രപഞ്ചത്തിന്റെ ഭൂതം, ഭാവി, വർത്തമാനം എന്ന ത്രികാല ജ്ഞാനവും നമുക്ക് കരഗതമാകുന്നു. അതിനാൽ ശരനൂൽ ശാസ്ത്രത്തെ അല്ലെങ്കിൽ സ്വരയോഗയെ പറ്റി കൂടുതൽ അറിയാൻ നാമെല്ലാവരും ശ്രമിക്കുക. എന്ത് അറിയാനും മഹാഗുരു അനുഗ്രഹിച്ചാലേ സാധിക്കുകയുള്ളു.
"ഓം മഹാഗുരു അഗസ്തേശ്വര മഹാമുനി പ്രഭുവേ നമോ നമഃ"
No comments:
Post a Comment