Sunday, September 13, 2015

അയ്യപ്പ രഹസ്യം

അയ്യപ്പ രഹസ്യം :

മനുഷ്യന്റെ പരിമിതമായ ബോധമണ്ഡലം പരിശീലനത്തിലൂടെ ആറുതലങ്ങള്‍ കടന്നാണ് പൂര്‍ണ്ണവികാസത്തിന്റെ പരമസ്വാതന്ത്ര്യം നേടുന്നത്. ഈ ആറു ഘട്ടങ്ങളെയും അവ ഓരോന്നിന്റെയും ഉപവിഭാഗങ്ങളെയും സൂചിപ്പിക്കുകയാണ് ഈ പതിനെട്ടു പടികള്‍.
ആദ്യത്തെ അഞ്ചുപടികള്‍ ഗന്ധം, രൂചി, കാഴ്ച, സ്പര്‍ശം, ശബ്ദം എന്നീ ഇന്ദ്രിയാനുഭവങ്ങളെയും, ആറുമുതല്‍ പതിമൂന്നുവരെയുള്ള പടികള്‍ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നീ വൈകാരികഭാവങ്ങളെയും പതിനാലു മുതല്‍ പതിനാറുവരെയുള്ളവ സത്വം, രജസ്സ്, തമസ്സ് എന്നീ പ്രപഞ്ചാവിഷ്‌കാരപരമായ ഊര്‍ജ്ജതാളങ്ങളെയും പ്രതിനിധാനം ചെയ്യുന്നതായി പരിഗണിക്കപ്പെടുന്നു. ഈ ഘടകങ്ങളെല്ലാം കൂടിചേര്‍ന്നു പരിമിതമാക്കിയിട്ടുള്ള ഒരു അവസ്ഥയിലാണു സാധാരണ ഗതിയില്‍ മനുഷ്യബോധമണ്ഡലം. അജ്ഞാനത്തിന്റെ ഈ അവസ്ഥയായ അവിദ്യയെയാണു പതിനേഴാമത്തെ പടി സൂചിപ്പിക്കുന്നത്. ബോധമണ്ഡലത്തിന്റെ ഈ പരിമിതാവസ്ഥയെ വിദ്യകൊണ്ടുമാത്രമേ അതിലംഘിക്കുവാന്‍ കഴിയുകയുള്ളൂ. പതിനെട്ടാംപടി വിദ്യയെ പ്രതിനിധാനം ചെയ്യുന്നു.
വിദ്യയാല്‍ അവിദ്യ അതിലംഘിക്കപ്പെടുന്നു. വിദ്യയെന്ന പടിയും കടക്കുമ്പോള്‍, ജീവാത്മാവ് എല്ലാ പരിമിതികളില്‍നിന്നും വിമുക്തമായി പരമാത്മാവിന്റെ പൂര്‍ണ്ണപ്രജ്ഞയെന്ന സ്വാതന്ത്ര്യം കൈവരിക്കുന്നു. വിദ്യവരെ ദൈ്വതാവസ്ഥ നിലനില്‍ക്കുന്നു. ജ്ഞാനം ആര്‍ജ്ജിച്ച് ആ പടിയും കടക്കുമ്പോള്‍ ദൈതം അദൈ്വതബോധത്തിനുവഴിമാറിക്കൊടുക്കുന്നു.
ഐതിഹ്യങ്ങളെന്തുമാകട്ടെ, ബുദ്ധിജീവികള്‍ നടത്തുന്ന വാദകോലാഹലങ്ങളെന്തുമാകട്ടെ, ഈ ആദ്ധ്യാത്മിക സ്വാതന്ത്ര്യമാണ് ശ്രീ ശബരീശ തത്ത്വം.
ജ്ഞാനമാകുന്ന പടിയും കടക്കുന്നതോടെ ശബരീശന്റെ ചിന്മുദ്ര സൂചിപ്പിക്കുന്നതുപോലെ പരിമേയമായ ജീവാത്മാവ് തന്റെ അപരിമേയമായ ഉണ്മയുമായി താദാത്മ്യം പ്രാപിച്ച ആനന്ദത്തില്‍ നിത്യമാകുന്ന – ഭയരഹിതനും സ്വതന്ത്രനുമായിരിക്കുന്നു.

സ്വസ്തി

സ്വസ്തി

ഈശ്വരന്റെ ആഗ്രഹവും തന്റെ ആഗ്രഹവും ഒന്നായിരിക്കട്ടെ എന്നതിന്റെ പ്രതീകമായാണ് സ്വസ്തി ഉപയോഗിച്ചുവരുന്നത്. ഇത് നന്മയെയാണ് സൂചിപ്പിക്കുന്നത്. ഒരു അക്ഷത്തില്‍ കറങ്ങികൊണ്ടിരിക്കുന്ന ലോകചക്രമായും ഇതിനെ കരുതിവരുന്നുണ്ട്. സൂര്യന്റെയും വിഷ്ണുവിന്റെയും ചിഹ്നമായും ഉപയോഗിച്ചുവരുന്ന സ്വസ്തി മംഗളകരമായതിനെയും സൂചിപ്പിക്കുന്നുണ്ട്. ഭാരതത്തില്‍ മാത്രമല്ല ചില വൈദേശിക രാഷ്ട്രങ്ങളില്‍പ്പോലും ഇത് പല രൂപത്തിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സ്വസ്തിക ചിഹ്നം വരച്ചുവച്ചാല്‍ ഭയത്തില്‍ നിന്നും ഭൂതപ്രേതാദികളില്‍ നിന്നും രക്ഷ നേടാനാകുമെന്നൊരു വിശ്വാസവും നിലവിലുണ്ട്.

ബലി ഇടുന്നത്

ബലി ഇടുന്നത്

പത്മമിട്ട് പരദേവതകളെ പൂജ ചെയ്യുന്ന അതേ ചടങ്ങുതന്നെയാണ്ബലികര്‍മ്മത്തിന്റെയും. പിതൃക്കളെ ദേവതുല്യമായി സങ്കല്‍പ്പിച്ച് നടത്തുന്ന പൂജയാണിത്. തറ തളിച്ച് മെഴുകി ശുദ്ധിവരുത്തി ദര്‍ഭ നിരത്തി ഗുച്ചം കെട്ടി വിഗ്രഹം സങ്കല്‍പ്പിച്ച് ജലാദിജലാന്തം പൂജചെയ്ത് ആവാഹിച്ച്‌ പിണ്ഡം വച്ച്, എള്ളുതിരുമ്മി, എണ്ണയൊഴിച്ച് ജലം ചേര്‍ത്ത് അഭിഷേകം ചെയ്തിട്ട് വസ്ത്രത്തിന്റെ നൂല്‍ വസ്ത്രമായി സങ്കല്‍പ്പിച്ച് ചാര്‍ത്തി, ചന്ദനം, പൂവ് എന്നിവ ചാര്‍ത്തി വീണ്ടും പൂജകള്‍ ചെയ്ത് പിതൃകളെ ഉദ്വസിച്ചു മാറ്റുന്ന ശരിയായ പൂജയാണ് ബലികര്‍മ്മം. നാരായണ മന്ത്രത്താല്‍ പിതൃക്കളെ വിഷ്ണുലോകത്തിലെത്തിക്കുന്നതാണ്ബലി. ബ്രാഹ്മണരുടെ നിത്യകര്‍മ്മത്തില്‍ പിതൃക്കള്‍ക്ക് തര്‍പ്പണം ചെയ്യുന്ന ചടങ്ങ് ശ്രദ്ധേയമാണ്.

ബ്രാഹ്മണര്‍ ബലികര്‍മ്മങ്ങളില്‍ ദര്‍ഭയാണ് ഉപയോഗിക്കിന്നത് എങ്കില്‍ മറ്റുജാതിക്കാര്‍ കറുകയാണ് ഉപയോഗിക്കുന്നത്. ബലി കര്‍മ്മങ്ങളില്‍ഏറെ പ്രാധാന്യം എള്ളിനും നീരിനുമാണ്. വിഷ്ണുവിന്റെ ദേഹത്തില്‍ നിന്നും ഉത്ഭവിച്ച എള്ളിന് സര്‍വ്വപാപങ്ങളെയും ഇല്ലാതാക്കാന്‍ കഴിയുമെന്നതാണ് വിശ്വാസം. ആചാര്യന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട് സ്വന്തമായി ബലിയിടാം. കറുകകൊണ്ട് പവിത്രംകെട്ടി വലതുകയ്യിലെ അണിവിരലില്‍ ഇടുക. കിണ്ടിയില്‍ ചെറുളയും ചന്ദനവും ചേര്‍ത്തശേഷം പവിത്ര വിരല്‍ കിണ്ടിയില്‍ മുക്കി ഇടതുകരം മീതേ വച്ച് ഗംഗാദേവിയെ മനസ്സില്‍ സ്മരിച്ച് തീര്‍ത്ഥം വിധിപ്രകാരം നിര്‍മ്മിക്കാം.ശുദ്ധമാക്കിയ തറയില്‍ കറുകത്തല തെക്കോട്ട്‌ വച്ച് നിരത്തി അതില്‍ സ്വന്തം വംശത്തിലുള്ള പിതൃക്കളേയും പിതൃപിതാമഹന്മാരെയും ആവാഹിച്ച് പിണ്ഡം വെയ്ക്കുകയും, നീരും എള്ളും, പൂവും ജലാദിജലാന്തം നല്‍കി പിതൃക്കളെ തൃപ്തിപ്പെടുത്തി പരലോകത്തില്‍ അയയ്ക്കുകയും ചെയ്യുന്നു. ഭൂമിയ്ക്ക് മുകളിലുള്ള പിതൃലോകത്ത് ആത്മാവ് ജലത്വമാണ് അതിനാലാണ് പിതൃതര്‍പ്പണം നാം ജലത്തില്‍ നല്‍കുന്നത്.

കണ്ണെഴുത്ത്

കണ്ണെഴുത്ത്

കുട്ടിയെ കണ്ണെഴുതിക്കുന്ന ചടങ്ങ് ചിലരെങ്കിലും കൊണ്ടാടാറുണ്ട്‌. കുട്ടി ജനിച്ച് ഒമ്പതാം ദിവസം രാവിലെ കുളിപ്പിച്ച് കണ്ണെഴുതിക്കാം. ഇതിന് സാധാരണ കണ്‍മഷി ഉപയോഗിക്കാന്‍ പാടുള്ളതല്ല. കണ്ണില്‍ ആദ്യം പുരട്ടേണ്ട കണ്‍മഷി ഉണ്ടാക്കുന്നതിന് ചില പ്രത്യേകതകള്‍ ഉണ്ട്. കയ്യോന്നിനീരും നാരങ്ങനീരും തുല്യമായി ചേര്‍ത്തതില്‍ വെള്ളമുണ്ടിന്റെകഷ്ണം മുക്കി ഉണക്കി അത് പ്ലാവിന്‍ വിറക് കത്തിക്കുന്ന നാളത്തില്‍ കത്തിച്ച് കിട്ടുന്ന കരിയില്‍ നെയ്യ് ചേര്‍ത്ത് കണ്മഷി തയ്യാറാക്കാം. കുഞ്ഞിനെ തെക്കോട്ട്‌ തലവരുന്ന രീതിയില്‍ മടിയില്‍ കിടത്തി കിഴക്ക് ദര്‍ശനമായി തിരിഞ്ഞുനിന്ന് വലതുകൈയ്യിലെ മോതിരവിരല്‍ ആദ്യം ഇടതുകണ്ണിലും പിന്നീട് വലതുകണ്ണിലും മഷിയെഴുതണം.

പുരാണപാരായണം

പുരാണപാരായണം

 പുരാണഗ്രന്ഥങ്ങളൊക്കെ തന്നെ അധ്യാത്മിക ഗ്രന്ഥങ്ങളാണ്. ആത്മാവിനെ അറിയാനും അത്മോദ്ധാരണത്തിനുതകുന്നതുമായ ജ്ഞാനമാര്‍ഗ്ഗങ്ങളുണ്ട്. അത് മനസ്സിലാക്കി അത്മോദ്ധാരണം കൈവരിക്കുന്നതിന് പുരാണപാരായണം തന്നെയാണ് ഉത്തമമായ മാര്‍ഗ്ഗം. പുരാണപാരായണങ്ങളില്‍ കൂടി മാതമേ ഇത്തരം ജ്ഞാനം കൈവരിക്കാന്‍ കഴിയുകയുള്ളൂ. മറ്റൊരു ഗ്രന്ഥത്തില്‍ നിന്നും ഈയൊരു അറിവ് ലഭിക്കില്ല. പുരാണപാരായണം വ്യക്തികള്‍ അനുഷ്ടിക്കേണ്ട പഞ്ചയജ്ഞങ്ങളില്‍ ഒന്നാണ്. പുണ്യസഞ്ചയത്തിലേക്കുള്ള ഒരുത്തമമാര്‍ഗ്ഗം കൂടിയാണ് പുരാണപാരായണം. പുരാണേതിഹാസഗ്രന്ഥങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നതിലൂടെ ആയുരാരോഗ്യം വര്‍ദ്ധിക്കും. പാപം നശിക്കും. ധനധാന്യസമൃദ്ധിയുണ്ടാകും. കുടുംബൈശ്വര്യമുണ്ടാകും. നിത്യപാരായണത്തിലൂടെ ഭഗവത് സാന്നിദ്ധ്യം ലഭിച്ച പുണ്യംകിട്ടും.

ഗോ മാഹാത്മ്യം

ഗോ മാഹാത്മ്യം

ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാനഘടകമാണ് ഗോരക്ഷ. വേദങ്ങളിലും പുരാണങ്ങളിലും ഗോക്കള്‍ക്കുള്ള സ്ഥാനം മഹത്തരമാണെന്ന് പറയുന്നു. ഋഷിമാര്‍ ഗോക്കളെ പരിപാലിച്ച് അവയുടെ പാലില്‍നിന്ന് കിട്ടുന്ന നെയ്യ് എടുത്താണ് ലോകനന്മാക്കായി യജ്ഞകര്‍മ്മങ്ങള്‍ നടത്തിയിരുന്നത്. ഗോവിന്റെ നെറ്റിയില്‍ ശിവനും, കഴുത്തില്‍ പാര്‍വ്വതിയും, കൊമ്പുകളില്‍ ഇന്ദ്രനും വിഷ്ണുവും ചുണ്ടില്‍ വസുക്കളും ദന്തങ്ങളില്‍ മരുത്തുക്കളും നാക്കില്‍ സരസ്വതിയും നിശ്വാസത്തില്‍ നാല് വേദങ്ങളും ആറ് വേദാംഗങ്ങളും വായില്‍ അഗ്നിയും കണ്ണില്‍ സൂര്യചന്ദ്രന്മാരും മദ്ധ്യത്തില്‍ ബ്രഹ്മാവും ചര്‍മ്മത്തില്‍ പ്രജാപതിയും ചെവികളില്‍ ആശ്വനീദേവന്മാരും കക്ഷത്തില്‍ സാധുദേവതകളും മുതുകില്‍ നക്ഷത്രങ്ങളും അപാനത്തില്‍ സര്‍വ്വതീര്‍ത്ഥങ്ങളും മൂത്രത്തില്‍ ഗംഗയും ചാണകത്തില്‍ ലക്ഷ്മിയും വക്ഷസ്സില്‍ സുബ്രഹ്മണ്യനും വാലില്‍ രമയും പാര്‍ശ്വത്തില്‍ വിശ്വദേവന്മാരും കാല്, മുട്ട്, തുട എന്നിവടങ്ങളില്‍ പഞ്ചവായുക്കളും കുളമ്പിന്റെ അംഗത്തില്‍ സര്‍പ്പങ്ങളും മധ്യത്തില്‍ ഗന്ധര്‍വ്വന്മാരും അകിടില്‍ ചതുര്‍സ്സമുദ്രങ്ങളും സ്ഥിതിചെയ്യുന്നു. അങ്ങനെയുള്ള ഗോമാതാവിനെ നിത്യം വണങ്ങുന്നത് അഭീഷ്ടഫലസിദ്ധി പ്രദാനം ചെയ്യും.

പ്രധാന ഹോമങ്ങളും ഫലങ്ങളും

പ്രധാന ഹോമങ്ങളും ഫലങ്ങളും

നിത്യജീവിതത്തില്‍ നമ്മള്‍ ഓരോരുത്തരും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. ഏതൊരു പ്രശ്നങ്ങള്‍ക്കും പരിഹാരമായി ചില വൈദീകകര്‍മ്മങ്ങളും വിധിച്ചിട്ടുണ്ട്. അത്തരം കര്‍മ്മങ്ങളില്‍ പ്രധാനമാണ് ഹോമം. പ്രധാനഹോമങ്ങളുംപുണ്യഫലങ്ങളും.

ഗണപതിഹോമം :- 
പുതിയ വീട് വച്ച് താമസിക്കുക, തൊഴില്‍ സ്ഥാപനം തുടങ്ങുക, പുതിയ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ എല്ലാ മംഗളകര്‍മ്മങ്ങള്‍ക്കും മുന്നോടിയായി ഗണപതിഹവനം നടത്തിയാല്‍ തടസ്സങ്ങള്‍ മാറി എല്ലാം ശുഭമായി പര്യവസാനിക്കും. സര്‍വ്വവിഘ്നങ്ങള്‍ക്കും പരിഹാരം വിഘ്നേശ്വരനെ പ്രീതിപ്പെടുത്തുക തന്നെയാണ്.

ലക്ഷ്മികുബേരഹോമം :-
സമ്പത്തിന്റെ ദേവതയാണ് മഹാലക്ഷ്മി. ലക്ഷ്മികുബേരഹോമം നടത്തിയാല്‍ ഒരു പരിധിവരെ സാമ്പത്തിക അഭിവൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും അനുഭവഫലങ്ങളാകും.

സുദര്‍ശനഹോമം :- 
ഏതൊരു വ്യക്തിക്കും ചില ലക്ഷ്യങ്ങളും ആശങ്കകളുമുണ്ടായിരിക്കും. ആശങ്കളകറ്റി ലക്ഷ്യസ്ഥാനത്തെത്താന്‍ വേണ്ടിയാണ് സുദര്‍ശനഹോമം നടത്തുന്നത്.

മൃത്യുഞ്ജയഹോമം :- 
ശിവനെ പ്രീതിപ്പെടുത്തി മരണഭയത്തില്‍ നിന്ന് മോചനം നേടി സമാധാനത്തോടെയും ദീര്‍ഘായുസ്സോടെയും ജീവിക്കാന്‍ ശിവങ്കല്‍ മൃത്യുഞ്ജയഹോമം നടത്തുന്നു.

നവഗ്രഹഹോമം :- 
രോഗാദി ദുരിതങ്ങളില്‍ നിന്ന് ശാന്തി നേടാനും കാലദോഷപരിഹാരമായി നവഗ്രഹഹോമം നടത്തി നവഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നു. 

ആയുര്‍ഹോമം :- 
ആയുര്‍ഹോമം നടത്തുന്നത് ദീര്‍ഘായുസ്സിനുവേണ്ടിയാണ്.

സ്വയംവരഹോമം :-
വിവാഹതടസ്സങ്ങള്‍ നീങ്ങുവാനും നല്ല ദാമ്പത്യജീവിതം നയിക്കുവാനും വേണ്ടി ശ്രീപാര്‍വ്വതീപരമേശ്വരന്മാരെ പ്രീതിപ്പെടുത്താനായി സ്വയംവരഹോമം നടത്തുന്നു.

ചണ്‍ഡികാഹോമം :-
ജീവിതപാതയിലെ തടസ്സങ്ങളെയും ശത്രുക്കളെയും നീക്കുവാനായി ചണ്‍ഡികാഹോമം നടത്തുന്നു. 

ഐക്യമത്യഹോമം :-
അഭിപ്രായഭിന്നതകളും കുടുംബകലഹങ്ങളും അകറ്റി കുടുംബാംഗങ്ങള്‍ക്ക് ഐക്യവും ശാന്തിയും പുരോഗതിയുമുണ്ടാകാനായി ഐക്യമത്യഹോമം നടത്തുന്നു.

ശനിദോഷത്തിന് ശനീശ്വരപൂജ

ശനിദോഷത്തിന് ശനീശ്വരപൂജ

നൈഷ്ഠിക ബ്രഹ്മചര്യത്തിന്റെ പ്രതീകമാണ് ശ്രീധര്‍മ്മശാസ്താവ്. അയ്യപ്പനും ധര്‍മ്മശാസ്താവും രണ്ടാണ്. മഹാവിഷ്ണുവിന്റെ മോഹിനിരൂപത്തെ കാമിച്ച് മഹേശ്വരനുണ്ടായ പുത്രനാണ് ധര്‍മ്മശാസ്താവ്. ധര്‍മ്മശാസ്താവിന്റെ അംശാവാതാരമാണ് ശ്രീഅയ്യപ്പന്‍.തീരാദുരിതങ്ങള്‍ക്കും ശനിദോഷശമനത്തിനുമായി കലിയുഗവരദനായ അയ്യപ്പനെ ശരണം പ്രാപിക്കാം... ഈ ഭൂമിയില്‍ പിറന്നുവീണ എല്ലാ മനുഷ്യരുടെ ജീവിതത്തിലും ശനിദോഷം കടന്നുവരും. ജനനസമയം അനുസരിച്ച് ശനിദോഷത്തിന്റെ ശക്തി കൂടിയും കുറഞ്ഞുമിരിക്കും. ചിലരുടെ ജീവിതത്തിലെ പ്രധാനസംഭവങ്ങളെല്ലാം നടക്കുന്നത് ഒരു പക്ഷെ ഈ കാലഘട്ടത്തിലായിരിക്കും. യൌവനത്തിലെ ശനിദശയ്ക്കയിരിക്കും കാഠിന്യം. ബാല്യത്തിലും വാര്‍ദ്ധ്യക്യത്തിലും വരുന്ന ശനിദശയ്ക്ക് ശക്തികുറവായിരിക്കും. എന്നാല്‍ ചില വ്യക്തികളെ ഈശ്വരാനുഗ്രഹം കുറവായ സന്ദര്‍ഭങ്ങളില്‍ ശനിദോഷം ശരിക്കും ബാധിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യും. ഒരുവന്റെ പൂര്‍വ്വ ജന്മ പ്രാരാബ്ധങ്ങളെല്ലാം അവനവന്‍ അനുഭവിച്ചു തന്നെ തീര്‍ക്കണം. എന്നിരുന്നാലും നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ശനീശ്വരപൂജ ചെയ്യുന്നതും അയ്യപ്പസ്വാമിക്ക് എള്ള്തിരി കത്തിക്കുന്നതും എള്ള്പായസം കഴിക്കുന്നതും അതിലുപരി അയ്യപ്പസ്വാമിക്ഷേത്രങ്ങളില്‍ ശനിയാഴ്ചകളില്‍ ദര്‍ശനം നടത്തുന്നതും ശനിദോഷശാന്തിക്ക് ഉത്തമമാണ്. ധര്‍മ്മശാസ്താവിന് മുമ്പില്‍ മുട്ടിയുടച്ച നാളികേരം മുറിയില്‍ എണ്ണയൊഴിച്ച് നീരാഞ്ജനം കത്തിക്കുന്നത് അത്യന്തം ശ്രേയസ്കരമാണ്. 

" നീലാഞ്ജന സമാഭാസം - രവിപുത്രം യാമാഗ്രജം ച്ഛായ
മാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചര്യം."

ശനിയാഴ്ച കാക്കയ്ക്ക് പച്ചരിയും എള്ളും കലര്‍ത്തി നനച്ച് കൊടുക്കാം. പാവപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതും കറുപ്പോ നീലയോ വസ്ത്രം ദാനം ചെയ്യുന്നതും നല്ലതാണ്.

വെറ്റില മാഹാത്മ്യം

വെറ്റില മാഹാത്മ്യം

മഹിമയേറിയതും മംഗളകരവുമായ വെറ്റിലയെ സുഭിക്ഷതയുടെ അടയാളമായിട്ടാണ് കണ്ടുവരുന്നത്. ഹൈന്ദവ ആഘോഷങ്ങള്‍, വിവാഹം, കെട്ടുനിറ, പൂജ എന്നിവയില്ലെല്ലാം വെറ്റില പ്രധാന പങ്കുവഹിക്കുന്നു. വാടിയതും കീറിയതുമായ വെറ്റില ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ല. അതുപോലെ വെറ്റിലയും പാക്കും വലതു കൈയിലെ വാങ്ങാവു. ദക്ഷിണസമര്‍പ്പണത്തില്‍ വെറ്റിലയും പഴുക്കടക്കയും നിര്‍ബന്ധമാണ്‌. മറ്റൊരു ഇലയ്ക്കുമില്ലാത്ത അനേകം പ്രത്യേകതകള്‍ വെറ്റിലയ്ക്കുണ്ട്. ദക്ഷിണ കൊടുക്കുമ്പോള്‍ വെറ്റിലയുടെ വാലറ്റം നമ്മുടെ നേര്‍ക്കായിരിക്കണം. എന്നാല്‍ വിവാഹശേഷം കാര്‍മ്മികന് ദക്ഷിണ കൊടുക്കുമ്പോള്‍ മാത്രം വാലറ്റം കൊടുക്കുന്നയാളിന്റെ നേര്‍ക്കായിരിക്കണം. വെറ്റിലയ്ക്ക് അനേകം ഞരമ്പുകളുണ്ട്. അവയെല്ലാം വന്നു സംഗമിക്കുന്നത് വാലറ്റത്താണ്. ഹിന്ദു ആചാരപ്രകാരമുള്ള താംബൂല പ്രശ്നത്തില്‍ വെറ്റിലയാണല്ലോ പ്രധാനി. വെറ്റിലയും അടക്കയും മഹാലക്ഷ്മിയുടെ അംഗങ്ങളായാണ് കണക്കാക്കപ്പെടുന്നത്. വിരുന്നുകളിലും മറ്റ് ശുഭകാര്യങ്ങളിലും വെറ്റിലയും പാക്കും നല്‍കിയാല്‍ കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം.

അന്നദാനം - മഹാദാനം

അന്നദാനം - മഹാദാനം

ദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായത്‌ അന്നദാനമാണ്. മറ്റു ഏതൊരുദാനവും അന്നദാനത്തോളം മാഹാത്മ്യമേറിയതാവില്ല. വിശന്നുവലഞ്ഞു വരുന്ന ഒരാള്‍ക്ക്‌ അന്നം ലഭിക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും അതു കഴിച്ചശേഷമുണ്ടാകുന്ന സംതൃപ്തിയും അന്നദാദാവിന് അനുഗ്രഹമായി പരിണമിക്കുന്നു. മറ്റൊരു ദാനം കൊണ്ട് കിട്ടുന്നയാള്‍ക്ക് തൃപ്തി വരണമെന്നില്ല. ധനം, വസ്ത്രം, സ്വര്‍ണ്ണം, ഭൂമി ഇവയില്‍ ഏതു കൊടുത്താലും വാങ്ങുന്നയാള്‍ക്ക് കുറച്ച് കൂടി കൊടുത്താല്‍ അതും അയാള്‍ വാങ്ങും. എന്നാല്‍ അന്നദാനം ലഭിച്ചാല്‍, വിശപ്പുമാറി കഴിഞ്ഞാല്‍ സംതൃപ്തിയോടെ പുഞ്ചിരിച്ചുകൊണ്ട് പറയും മതിയെന്ന്. അന്നദാനത്തിലൂടെദാനം ഏറ്റുവാങ്ങുന്നയാളിന് പരിപൂര്‍ണ്ണ തൃപ്തിയാണ് ഉണ്ടാകുന്നത്. ഈ ഒരു തൃപ്തി മറ്റൊരു ദാനത്തിലൂടെയും ആര്‍ജ്ജിക്കാന്‍ കഴിയില്ല. അന്നദാനം നടത്തിയാല്‍ ദാരിദ്ര്യവും കടവും മാറുമെന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തില്‍ സമ്പത്ത് സമൃദ്ധിയും ഐശ്വര്യവുമുണ്ടാകും. ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണം അത്യാവശ്യമാണ്. അന്നദാനം നല്‍കുന്നതിലൂടെ ഒരാള്‍ക്ക് ജീവന്‍ നല്‍കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അന്നദാനം മറ്റു ദാനങ്ങളെക്കാള്‍ മഹത്തരമാണ് എന്നു പറയുന്നത്. ശിവപുരാണത്തിലാണ് അന്നദാനത്തെകുറിച്ച് പറഞ്ഞിരിക്കുന്നത്.