Sunday, September 13, 2015

അയ്യപ്പ രഹസ്യം

അയ്യപ്പ രഹസ്യം :

മനുഷ്യന്റെ പരിമിതമായ ബോധമണ്ഡലം പരിശീലനത്തിലൂടെ ആറുതലങ്ങള്‍ കടന്നാണ് പൂര്‍ണ്ണവികാസത്തിന്റെ പരമസ്വാതന്ത്ര്യം നേടുന്നത്. ഈ ആറു ഘട്ടങ്ങളെയും അവ ഓരോന്നിന്റെയും ഉപവിഭാഗങ്ങളെയും സൂചിപ്പിക്കുകയാണ് ഈ പതിനെട്ടു പടികള്‍.
ആദ്യത്തെ അഞ്ചുപടികള്‍ ഗന്ധം, രൂചി, കാഴ്ച, സ്പര്‍ശം, ശബ്ദം എന്നീ ഇന്ദ്രിയാനുഭവങ്ങളെയും, ആറുമുതല്‍ പതിമൂന്നുവരെയുള്ള പടികള്‍ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നീ വൈകാരികഭാവങ്ങളെയും പതിനാലു മുതല്‍ പതിനാറുവരെയുള്ളവ സത്വം, രജസ്സ്, തമസ്സ് എന്നീ പ്രപഞ്ചാവിഷ്‌കാരപരമായ ഊര്‍ജ്ജതാളങ്ങളെയും പ്രതിനിധാനം ചെയ്യുന്നതായി പരിഗണിക്കപ്പെടുന്നു. ഈ ഘടകങ്ങളെല്ലാം കൂടിചേര്‍ന്നു പരിമിതമാക്കിയിട്ടുള്ള ഒരു അവസ്ഥയിലാണു സാധാരണ ഗതിയില്‍ മനുഷ്യബോധമണ്ഡലം. അജ്ഞാനത്തിന്റെ ഈ അവസ്ഥയായ അവിദ്യയെയാണു പതിനേഴാമത്തെ പടി സൂചിപ്പിക്കുന്നത്. ബോധമണ്ഡലത്തിന്റെ ഈ പരിമിതാവസ്ഥയെ വിദ്യകൊണ്ടുമാത്രമേ അതിലംഘിക്കുവാന്‍ കഴിയുകയുള്ളൂ. പതിനെട്ടാംപടി വിദ്യയെ പ്രതിനിധാനം ചെയ്യുന്നു.
വിദ്യയാല്‍ അവിദ്യ അതിലംഘിക്കപ്പെടുന്നു. വിദ്യയെന്ന പടിയും കടക്കുമ്പോള്‍, ജീവാത്മാവ് എല്ലാ പരിമിതികളില്‍നിന്നും വിമുക്തമായി പരമാത്മാവിന്റെ പൂര്‍ണ്ണപ്രജ്ഞയെന്ന സ്വാതന്ത്ര്യം കൈവരിക്കുന്നു. വിദ്യവരെ ദൈ്വതാവസ്ഥ നിലനില്‍ക്കുന്നു. ജ്ഞാനം ആര്‍ജ്ജിച്ച് ആ പടിയും കടക്കുമ്പോള്‍ ദൈതം അദൈ്വതബോധത്തിനുവഴിമാറിക്കൊടുക്കുന്നു.
ഐതിഹ്യങ്ങളെന്തുമാകട്ടെ, ബുദ്ധിജീവികള്‍ നടത്തുന്ന വാദകോലാഹലങ്ങളെന്തുമാകട്ടെ, ഈ ആദ്ധ്യാത്മിക സ്വാതന്ത്ര്യമാണ് ശ്രീ ശബരീശ തത്ത്വം.
ജ്ഞാനമാകുന്ന പടിയും കടക്കുന്നതോടെ ശബരീശന്റെ ചിന്മുദ്ര സൂചിപ്പിക്കുന്നതുപോലെ പരിമേയമായ ജീവാത്മാവ് തന്റെ അപരിമേയമായ ഉണ്മയുമായി താദാത്മ്യം പ്രാപിച്ച ആനന്ദത്തില്‍ നിത്യമാകുന്ന – ഭയരഹിതനും സ്വതന്ത്രനുമായിരിക്കുന്നു.

1 comment:

  1. മഹത്തരമായ അറിവുകൾ, തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കണം ഇത്, പ്രതേകിച്ചു ഹിന്ദു സഹോദരങ്ങൾ
    ,

    ReplyDelete