Wednesday, September 2, 2015

ഞാന്‍ ഓംകാരമാണ്....

ഞാന്‍ ഓംകാരമാണ്....
--------------ૐ ૐ ૐ -----------------

അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് പിടിച്ചുയര്‍ത്തുന്നതിന്റെ പ്രതീകമായാണ് ഓംകാരത്തെ കരുതി വരുന്നത്. ഹൈന്ദവതത്വങ്ങളുടെ അടിസ്ഥാനമായ ബ്രഹ്മത്തിന്റെ സ്പഷ്ടവും ദര്‍ശനസംബന്ധിയുമായ രൂപമാണ് ഇത്. ഓംകാരം ഉച്ചരിക്കുമ്പോള്‍ തന്നെ ആരുടെ മനസ്സിലും ആ ചിഹ്നം ഓര്‍മ്മ വരും. ഹൈന്ദവ ദര്‍ശനത്തിലെന്നതിലുപരി സിഖ്, ബുദ്ധ, ജൈനമതങ്ങളിലും ഓംകാരത്തെ അതേ അര്‍ത്ഥത്തില്‍ തന്നെ സ്വീകരിച്ചിട്ടുണ്ട്. ഓംകാരത്തിന്റെ അര്‍ത്ഥതലങ്ങളെ പാരാവാരമായി ആചാര്യന്മാര്‍ വിവരിച്ചിട്ടുണ്ടെങ്കിലും കളങ്കമില്ലാത്ത ഈശ്വരഭജനമെന്നാണ് പ്രണവം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. സ്ഥിരമായി ഓംകാരം ജപിക്കുന്നവന്‍ ആരോ അവന്‍ തന്നിലുള്ള മൃഗീയവാസന മാറ്റി ജീവിതവിജയത്തിലെത്തിച്ചേരും. 
അ, ഉ, മ എന്നീ മൂന്നക്ഷരങ്ങളുടെ സങ്കലനമാണ് ഓംകാരമെന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന ഓരോ അക്ഷരത്തിനും അതിന്റെ അര്‍ത്ഥവ്യാപ്തിയുണ്ട്. ' അ ' ആദിമത്വത്തേയും ' ഉ ' ഉത്കര്‍ഷത്തേയും ' മ ' മിതി (പരിധി) യേയും ചൂണ്ടികാണിക്കുന്നു. അതിനാലാണ് ഓംകാരത്തെ സൃഷ്ടിസ്ഥിതിലയങ്ങളുടെ പ്രതിനിധീകരണ ശക്തിയായി വിശേഷിപ്പിക്കുന്നതും. 
പുണ്യപുരാണഗ്രന്ഥങ്ങളും ആചാര്യന്മാരുമൊക്കെ ഓംകാരത്തെ വിവരിച്ചിട്ടുണ്ട്. അവയില്‍ വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ട്. നിത്യമായ ഓംകാരജപം കൊണ്ട് ദേവേന്ദ്രന്‍, അസുരന്മാരുടെ ഹീനശക്തിയെ നേരിട്ട കഥകള്‍ അഥര്‍വ്വവേദത്തില്‍ പറയുന്നുണ്ട്. ബ്രഹ്മത്തെ അറിയാന്‍ ഓം ഉപയോഗിക്കാമെന്ന് യജുര്‍വേദം അനുശാസിക്കുന്നു. ഓംകാരത്തെ പരബ്രഹ്മമായി കഠോപനിഷത്ത് വിവരിക്കുമ്പോള്‍ മുണ്ഡകോപനിഷത്താകട്ടെ ഓംകാരധ്യാനം പരമാത്മാവുമായി ആത്മൈക്യം പ്രാപിക്കാന്‍ സഹായിക്കുമെന്നാണുപദേശിക്കുന്നത്. ഭഗവത് ഗീതയില്‍ സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നത് താന്‍ ശബ്ദങ്ങളില്‍ ഓംകാരമാണെന്നാണ്. യോഗസൂത്രത്തില്‍ പതഞ്ജലി മഹര്‍ഷി ഓംകാരശബ്ദത്തെ വിശേഷിപ്പിക്കുന്നത്, 
ഈശ്വരപ്രതീകത്തെ ഓംകാരമായി അംഗീകരിച്ച് തുടര്‍ച്ചയായ ഓംകാരജപവും ധ്യാനവും കൊണ്ട് ഒരു വ്യക്തിക്ക് സമാധിയടയുവാന്‍ കഴിയുമെന്നാണ്. ആധുനികയുഗത്തില്‍ സ്വാമി വിവേകാനന്ദന്‍, അരവിന്ദ - രമണ മഹര്‍ഷിമാര്‍ തുടങ്ങി അനേകം മഹദ് വ്യക്തിത്വങ്ങള്‍ ഓംകാരധ്വനിയെപ്പറ്റി വിശേഷണങ്ങള്‍ കുറിച്ചിട്ടുണ്ട്. ആദിയും അന്തവുമില്ലാത്തഓംകാരത്തെ പാശ്ചാത്യരും അംഗീകരിക്കാന്‍ തയ്യാറായിക്കഴിഞ്ഞുവെങ്കിലും അറിവില്ലാത്ത നിരവധി ഭാരതീയര്‍ ഇതിനെ ഇപ്പോഴും മതചിഹ്നമായി കരുതുന്നു. എന്നാല്‍, ഈശാധിഷ്ഠിതമായിരിക്കുന്ന ഓംകാരം എല്ലാത്തിന്റെയും അടിസ്ഥാനമാണെന്ന സത്യം അവരറിയാതെ പോയിരിക്കുന്നു.
ഓംകാരജപം കൊണ്ടും ധ്യാനം കൊണ്ടും പടയോട്ടങ്ങള്‍തന്നെ നടത്തി വിജയിച്ചുകൊണ്ടിരിക്കുന്നവരെ സൈബര്‍ യുഗത്തില്‍ നമുക്കിടയില്‍ കാണാവുന്നതാണെന്നതാണ് യാഥാര്‍ത്ഥ്യം. ഈശ്വരനും ഓംകാരവും ഒന്നുതന്നെയെന്നതാണ് ഏറ്റവും വലിയ തിരിച്ചറിവും

No comments:

Post a Comment