Sunday, September 13, 2015

മുത്തപ്പ മാഹാത്മ്യം

മുത്തപ്പ മാഹാത്മ്യം

     എരുവേശ്ശിയില് അയ്യങ്കര മന വാഴുന്നവര്ക്കും അന്തര്ജനം പാര്വ്വതിക്കുട്ടിയമ്മയ്ക്കും സന്താനഭാഗ്യമില്ലാത്തതിന്റെമനക്ലേശം വളരെയേറെയായിരുന്നു. അങ്ങനെയിരിക്കുമ്പോള് ഒരു ദിവസം പതിവുപോലെ തോഴിമാരോടൊപ്പം പുഴയില് കുളിക്കാന് പോയ പാടിക്കുറ്റിയമ്മ എന്ന പാര്വ്വതിക്കുട്ടിയമ്മ ഒന്ന് മുങ്ങി നിവര്ന്നതും ആ കാഴ്ച്ച കണ്ടു. കൈകാലിട്ടടിച്ച് കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു ആണ്കുഞ്ഞതാ പുഴ...യോരത്ത്. അവര് ആ അനാഥശിശുവിനെ സ്വന്തം മകനെയെന്നപോലെ അയ്യങ്കര മനയില് വളര്ത്തി. പക്ഷെ മാതാപിതാക്കള് ബ്രാഹ്മണരാണെന്നും വളരുന്നത് ഒരു മനയിലാണെന്നുമുള്ള ചിന്തയൊന്നും അശേഷം പോലും ഉണ്ണിക്കുണ്ടായിരുന്നില്ല. അവന് കാടായ കാടൊക്കെ അലഞ്ഞുനടന്നു. കണ്മുന്നില് വന്നുപെട്ട മൃഗങ്ങളെയൊക്കെ വേട്ടയായി. വേട്ടമൃഗങ്ങളുടെ തോലെടുത്ത് വസ്ത്രമായി ധരിച്ചു. പുഴക്കരയില് മത്സ്യം പിടിക്കുകയും വേട്ട മാസവും മത്സ്യവുമൊക്കെ യഥേഷ്ടം ഭക്ഷിക്കുന്നതിനൊപ്പം തരപ്പെടുന്നിടത്തുനിന്നൊക്കെ മദ്യസേവയും നടത്തിപ്പോന്നു.
അയ്യങ്കര വാഴുന്നവര്ക്ക് ഇതൊക്കെ താങ്ങാവുന്നതിലധികമായിരുന്നു. മനസ്സ് നൊന്ത അദ്ദേഹം ജീവത്യാഗം ചെയ്യാന് വരെ മുതിരുന്നു. ഇതറിഞ്ഞ ഉണ്ണി മന വിട്ടിറങ്ങുകയും അതിന് മുന്നേ ജ്വലിക്കുന്ന കണ്ണുകളും അമ്പും വില്ലുമൊക്കെയായി തന്റെ ദേവാംശം മാതാപിതാക്കള്ക്ക് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. മനവിട്ടിറങ്ങിയ കഥാനായകന് നിറയെ ചെത്തുപനകളുള്ള കുന്നത്തൂര്പാടിയാണ് വിഹാരകേന്ദ്രമായി തിരഞ്ഞെടുത്തത്.അടിയാനായ മുത്തോരാന് ചന്തനും അനുജനും അവിടത്തെ ചെത്തുകാരാണ്. സ്ഥിരമായി പനയില് നിന്ന് കള്ള് മോഷണം പോകുന്നതായി അവര്ക്ക് സംശയമുണ്ട്. ഒരിക്കല് പനയില് കയറി മാട്ടുപാനിയില്നിന്നും കള്ള് യഥേഷ്ടം കുടിക്കുന്ന ഒരു വയസ്സനെ ചന്തന് ചീത്തവിളിക്കുകയും അമ്പൊരെണ്ണം തൊടുക്കുകയും ചെയ്തു. അത്ഭുതമെന്നേ പറയേണ്ടൂ ചന്തന് ഒരു കല്പ്രതിമയായി മാറി. ഭര്ത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ ചന്തന്റെ ഭാര്യ പനയില് ഇരുന്ന് കള്ളുകുടിക്കുന്ന മുത്തപ്പനേയും താഴെ കല്പ്രതിമയായി നില്ക്കുന്ന ചന്തനേയും കണ്ടു. അവര് ഉടനെ മുത്തപ്പാ (മുത്തച്ഛാ) എന്ന് വിളിച്ച് കരയാന് തുടങ്ങി. മുത്തപ്പന് കനിഞ്ഞു. കല്പ്രതിമ ചന്തനായി മാറി. കുന്നത്തൂര് പാടിയില് നിന്ന് മുത്തപ്പന് പിന്നീട് പുരളി മല വഴി പലനാടുകള് താണ്ടി പറശ്ശിനിക്കടവിലേക്ക് എത്തുകയായിരുന്നു. അതിനെപ്പറ്റി മറ്റൊരു ഐതിഹ്യമാണ് നിലവിലുള്ളത്.

തളിയില് പെരുവണ്ണാനാണ് കരക്കാട്ടിടത്തില് സാമന്തന്മാരുടെ പരദേവതയുടെ കോലം കെട്ടിവന്നിരുന്നത്. പെരുവണ്ണാന് കള്ള് സേവ സമയത്ത് മീന് ഇല്ലാതെ പറ്റില്ല. ഇപ്പോള് മുത്തപ്പന് മടപ്പുര നിലനില്ക്കുന്ന പുഴയരുകിലായി അയാള് ചൂണ്ടയിട്ട് വലിയൊരു മീനിനെ പിടിച്ചു. പക്ഷെ പച്ചമീന് തിന്നാനൊക്കില്ലല്ലോ. അതിനെന്ത് വേണമെന്ന് ആലോചിച്ച് നില്ക്കേ പെട്ടെന്നതാ പുഴക്കരയില് ചുള്ളിക്കമ്പുകള് കത്തുന്നു. പെരുവണ്ണാന് മീന് ആ തീയില് പൊള്ളിച്ചെടുത്ത് സേവിക്കുകയും ചുള്ളിക്കമ്പുകള് തീവയ്ക്കാതെ കത്തിയതിന് പിന്നില് മുത്തപ്പന്റെ കൃപാകടാക്ഷമാണെന്ന വിശ്വാസത്തില് അവിടെ ആദ്യം തന്നെ ചുട്ടമീനും കള്ളും നിവേദിച്ചു. പയംകുറ്റിവെയ്ക്കല് (പൈംകുറ്റി) എന്ന ആ ചടങ്ങ് പിന്നീടങ്ങോട്ട് പതിവാകുകയും ആ ചടങ്ങില് ഒരു തിയ്യ കുടുംബം പെരുവണ്ണാനോടൊപ്പം കൂടുകയും ചെയ്തു. ഒടുവില് അവിടെ മുത്തപ്പന് മടപ്പുര ഉയരുകയും ചെയ്തു.

ഈ ഐതിഹ്യത്തിന് മറ്റൊരു മറ്റൊരു വകഭേദവും ലഭ്യമാണ്. പറശ്ശിനിപ്പുഴയോരത്ത് കാഞ്ഞിരമരത്തില് തറച്ച ഒരു അസ്ത്രമാണ് മുത്തപ്പന്റെ വരവറിയിച്ചതെന്ന് മറ്റൊരു ഭാഷ്യമുണ്ട്. വണ്ണാന് സമുദായത്തിലെ അന്നത്തെ കാരണവര് പറശ്ശിനിപ്പുഴയില് ചൂണ്ടയിട്ട് നില്ക്കുന്ന സമയത്ത് പെട്ടെന്ന് ഒരു അസാധാരണ ശബ്ദം കേള്ക്കുന്നു. ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോള് അവിടെയുള്ള ഒരു കാഞ്ഞിരമരത്തില്ഒരു ശരം തറച്ച് നില്ക്കുന്നു. വണ്ണാന് ചുറ്റും കണ്ണോടിക്കുകയും ഒച്ചവെച്ച് നോക്കുകയും ചെയ്തെങ്കിലും അമ്പയച്ച ആളെ കാണാഞ്ഞ് പരിഭ്രാന്തനായി തൊട്ടടുത്തുള്ള തിയ്യത്തറവാട്ടിലെ കാരണവരുടെ അടുത്തേക്ക് ഓടി. കാരണവര് പുഴക്കരയില് വന്ന് കാഞ്ഞിരമരത്തിലെ അസ്ത്രം കണ്ട ഉടനെ അത് മുത്തപ്പന്റെ സാന്നിദ്ധ്യമാണെന്ന് മനസ്സിലാക്കി വീട്ടില്പ്പോയി നിറപറയും നിലവിളക്കും എടുത്തുകൊണ്ടുവന്നുവെച്ച് പൂജ തുടങ്ങി. കള്ളും മീനും നിവേദിക്കുകയും ചെയ്തു. പിന്നീട് ശരം പിഴുതെടുത്തുകൊണ്ടുപോയി വീട്ടില് കൊണ്ടുപോയി പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.മുള്ളുള്ള ഒരുതരം ചെടിയാണ് പറച്ചിങ്ങ. ഈ ഭാഗത്തൊക്കെ പറച്ചിങ്ങക്കാടായിരുന്നെന്നും അതാണ് പിന്നീട് പറുഷ്നിക്കടവും പറശ്ശിനിക്കടവുമൊക്കെയായി മാറിയതെന്ന് പറയപ്പെടുന്നു.എല്ലാ ദിവസവും തെയ്യം വഴിപാടായി നടന്നുപോകുന്ന കേരളത്തിലെ ഏക അമ്പലമാണ് പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രം. താന് വേട്ടയാടിക്കൊന്ന മൃഗങ്ങളുടെ തോലുലിഞ്ഞ് വസ്ത്രമാക്കുകയും മീന് ചുട്ട് തിന്ന് കള്ളുകുടിച്ച് നടക്കുകയുമൊക്കെ ചെയ്യുന്നതിലൂടെമറ്റുള്ളിടത്ത് ആചരിച്ചുവരുന്ന ക്ഷേത്രനിയമങ്ങള് ഇവിടെ ലംഘിക്കപ്പെടുകയും മാറ്റിയെഴുതപ്പടുകയും ചെയ്തിരിക്കുകയാണ്. മുത്തപ്പന് വേട്ടയ്ക്കിറങ്ങുമ്പോള് കൂട്ട് പോകുന്ന മൃഗമെന്ന നിലയ്ക്കാണ് നായ മുത്തപ്പന്റെ സന്തത സഹചാരി ആകുന്നത്. നായയില്ലെങ്കില് മുത്തപ്പനില്ല. മുത്തപ്പനില്ലെങ്കില് നായയുമില്ലെന്ന്പറയപ്പെടുന്നു. ക്ഷേത്രത്തില് തയ്യാറാക്കുന്ന പ്രസാദം എപ്പോഴും ആദ്യം നല്കുക ക്ഷേത്രത്തിനുള്ളിലെ ഒരു നായയ്ക്കാണ്. ക്ഷേത്രത്തിലെ നായകളുടെ പ്രാധാന്യവുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളുമുണ്ട്.

കുറേ വര്ഷങ്ങള്ക്കു മുന്പ് ക്ഷേത്രാധികാരികള് ക്ഷേത്രത്തിനുള്ളിലെ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാന് നിശ്ചയിച്ചതിന്റെ ഭാഗമായി അവിടെ കറങ്ങി നടക്കുന്ന കുറച്ച് നായ്ക്കളെയും നായ്ക്കുഞ്ഞുങ്ങളെയും ക്ഷേത്രത്തില് നിന്നും ദൂരെക്കൊണ്ടുപോയി കളഞ്ഞു. പക്ഷേ അന്നത്തെ ദിവസം മുതല് മുത്തപ്പന് തെയ്യം കെട്ടുന്ന വ്യക്തിക്ക് തെയ്യം ആടുവാന് കഴിഞ്ഞില്ല. നായ്ക്കളെ ക്ഷേത്രത്തില് നിന്നു പുറത്താക്കിയതുകൊണ്ടാണ് മുത്തപ്പന് തെയ്യം കെട്ടുന്ന ആള്ക്ക് ഇങ്ങനെ സംഭവിച്ചതെന്ന് മനസ്സിലാക്കിയ ക്ഷേത്ര ഭാരവാഹികള് നായ്ക്കളെ ക്ഷേത്രത്തില് തിരിച്ചുകൊണ്ടുവന്നു. അന്നുമുതല് തെയ്യം പൂര്വ്വസ്ഥിതിയിലാവുകയും ചെയ്തു എന്നാണ് വിശ്വാസം.

പൈംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ് മുത്തപ്പന്റെ പ്രധാന വഴിപാടുകള് . തെയ്യത്തിന്റെ ബാല്യരൂപമാണ് വെള്ളാട്ടം. തിരുമുടി ഇല്ല എന്നുള്ളതാണ് വെള്ളാട്ടത്തിന്റെ പ്രത്യേകത. ചെറിയ മുടി ഉണ്ടായിരിക്കും.വെള്ളാട്ടം തെയ്യരൂപമായി വരുന്നതോടെ തിരുമുടി അണിയുകയും അതോടൊപ്പം ഉറഞ്ഞാടലും ഉരിയാടലുമൊക്കെ ഉണ്ടാകുകയും ചെയ്യുന്നു. വഴിപാടുകള് വളരെ ജനകീയമാണ് പറശ്ശിനിക്കടവില് . എതൊരു നിര്ദ്ധനന്റേയും മടിശ്ശീലയ്ക്ക് ഇണങ്ങുന്ന വിധം 25 പൈസയ്ക്ക് വരെ നടത്താവുന്ന വഴിപാടുകള് ഉണ്ടിവിടെ

No comments:

Post a Comment