Sunday, September 13, 2015

എന്താണ് നെയ്യഭിഷേകം

എന്താണ് നെയ്യഭിഷേകം??

അയ്യപ്പനു ഏറ്റവും പ്രിയങ്കരമായ വഴിപാടാണു നെയ്യഭിഷേകം. ഭക്തരുടെ സകലദുരിത ശാന്തിക്കായി നടത്തപ്പെടുന്ന മുഖ്യവഴിപാടും ഇതുതന്നെ.
കായികവും വാചികവും മാനസികവുമായ സമസ്ത പാപങ്ങളേയും അകറ്റുന്നതിനാണു നെയ്യഭിഷേകം. ശബരിമലയിലേക്കുവരുന്ന ഭക്തന്‍ നെയ്യഭിഷേകം നടത്തിയേ മടങ്ങാവൂ എന്നാണു ആചാരം.ഇരുമുടിയില്‍ നെയ്‌ത്തേങ്ങകളുമായി പതിനെട്ടാം പടികയറി അയ്യപ്പനെ ദര്‍ശിച്ചശേഷം തേങ്ങയ്ക്കുള്ളിലെ നെയ്യ് ഭഗവാനെ അഭിഷേകം ചെയ്യാനായി നല്‍കുന്നു. അഭിഷേകശേഷം ആ നെയ്യ് സ്വീകരിക്കുകയും തേങ്ങാമുറികള്‍ ആഴിയില്‍കത്തിച്ചു ചാമ്പലാക്കുകയുംചെയ്യുന്നു.
ശബരിമലയാത്ര ആരംഭിക്കുന്നത്‌കെട്ടുനിറയ്ക്കല്‍ ചടങ്ങോടുകൂടിയാണ്. ഇരുമുടിക്കെട്ടില്‍ കരുതേണ്ട ഏറ്റവും പ്രധാനവസ്തു നെയ്‌ത്തേങ്ങകളാണ്. ഉത്തമമായ നാളികേരം വൃത്തിയാക്കി ഉള്ളിലെ വെള്ളം കളഞ്ഞു ഉണക്കിയാണു നെയ്‌ത്തേങ്ങ തയ്യാറാക്കുന്നത്. തേങ്ങയില്‍ നെയ് നിറയ്ക്കുമ്പോള്‍ ജപിക്കേണ്ട മന്ത്രം ഇതാണ്.
കേരമൂലേസ്ഥിതോ ബ്രഹ്മാഃ കേരമദ്ധ്യേതു മാധവഃ കേരകണ്‍ഠേസ്ഥിതഃശംഭുകേരാഗ്രേ സര്‍വ്വദേവതാഃ കേരമൂലേസ്ഥിതാവാണീ കേരമദ്ധ്യേ രമാ സ്ഥിതാ കേരകണ്‍ഠേസ്ഥിതാഗൗരീകേരാഗ്രേ സര്‍വ്വദേവതാഃ 
കര്‍മ്മണാ മനസാ വാചാ ശുദ്ധ്യാ ഭക്ത്യാജഗദ്ഗുരോ ഗുപ്തസ്യദേവകാര്യാര്‍ത്ഥം പൂരയന്‍ കപിലാഘൃതം 
ഗന്ധപുഷ്പാക്ഷതൈര്‍ ഭക്ത്യാകുശാഗ്രേപൂജിതൈരപി 
ഘൃതം പൂരയതാം ശുദ്ധം കേരേകേരേയഥാവിധി
മന്ത്രത്തിന്റെ അര്‍ത്ഥം ഇപ്രകാരമാണ്. ‘തേങ്ങയുടെ കീഴ്ഭാഗത്തു ബ്രഹ്മാവും സരസ്വതിയും, മദ്ധ്യത്തില്‍ വിഷ്ണുവും ലക്ഷ്മിയും കണ്‍ഠത്തില്‍ ശിവനും പാര്‍വ്വതിയും മുകളില്‍ സര്‍വ്വദേവീദേവകളും കുടിയിരിക്കുന്നു. മനസാവാചാകര്‍മ്മണാ ചെയ്ത സര്‍വകര്‍മ്മങ്ങളേയും ശുദ്ധീകരിച്ചവനായി ഭക്തിയോടെ ജഗദ്ഗുരുവും ഗുപ്തനുമായ (രഹസ്യാത്മകനായ)ദേവനു വേണ്ടി ഞാന്‍ നെയ്യ് ഈ തേങ്ങയില്‍ നിറയ്ക്കുന്നു.
ഗന്ധപുഷ്പാക്ഷതങ്ങളാല്‍കുശാഗ്രം(ദര്‍ഭ)കൊണ്ട് പൂജിക്കപ്പെട്ട നെയ്യ് നാളികേരങ്ങളില്‍ യഥാവിധി നിറയ്ക്കുന്നു’. ശരണംവിളിയോടെയുംനെയ്‌ത്തേങ്ങ നിറയ്ക്കാം.
ദുഷ്ചിന്തകളും ആഗ്രഹങ്ങളും മൂലം കാഠിന്യമേറിയ ശരീരത്തെ (സ്ഥൂലശരീരത്തെ) സൂചിപ്പിക്കുന്നതാണു തേങ്ങയുടെ പുറന്തോട്. കാഠിന്യമേറിയ ശരീരത്തിനുള്ളിലെ ഉള്‍ക്കാമ്പില്‍(മനസ്സിനുള്ളില്‍) നിറഞ്ഞിരിക്കുന്ന വിഷയാസക്തികളെ ഒഴുക്കിക്കളഞ്ഞ്ഭക്തിയാകുന്ന നെയ്യ് നിറച്ച് ആ നെയ്യാല്‍ ഭഗവാനെ അഭിഷേകംചെയ്യുന്നു എന്ന സങ്കല്‍പ്പവും നെയ്യഭിഷേകത്തിനു പിന്നിലുണ്ട്.
അഭിഷേകത്തിനുള്ള നെയ്യ് പരിശുദ്ധമായിരിക്കണം എന്നതിനര്‍ത്ഥം നമ്മുടെ ഭക്തിയും പരിശുദ്ധമായിരിക്കണം (നിഷ്‌ക്കാമഭക്തിയായിരിക്കണം) എന്നാണ്.
നെയ്‌ത്തേങ്ങയിലെ നെയ്യ് ജീവാത്മാവിനെ സൂചിപ്പിക്കുന്നു. ജീവാത്മാവിനെ പരമാത്മാവായ അയ്യപ്പനില്‍ സംഗമിപ്പിക്കുന്നതാണു നെയ്യഭിഷേകം. അഭിഷേകത്തിനു നെയ്യ് എടുത്തശേഷമുള്ള തേങ്ങാമുറികള്‍ ജീവാത്മാവ്‌ വേറിട്ട ശരീരം എന്നുകരുതുന്നതിനാല്‍ ആഴിയിലെ അഗ്നിയില്‍ സമര്‍പ്പിച്ച് ഭസ്മീകരിക്കുന്നു.
ബ്രഹ്മരന്ധ്രത്തില്‍ നിന്നും അമൃതധാര പൊഴിക്കുന്ന മഹായോഗിയെ പ്രതീകവല്‍ക്കരിക്കുകയാണു ഘൃതാഭിഷിക്തനായ ശാസ്താവിലൂടെ. ദേവാദികള്‍ പാലാഴികടഞ്ഞപ്പോള്‍ ഉണ്ടായത് അമൃതാണ്.
ആ അമൃതിന്റെ സംരക്ഷകനാണു ശാസ്താവ് (അമൃതധാരിയായ ശാസ്താസങ്കല്‍പ്പം മുന്‍ ദിവസങ്ങളില്‍ വ്യക്തമാകിയിട്ടുണ്ട്). മനുഷ്യരായ നമ്മള്‍ രൂപമാറ്റം സംഭവിച്ച പാലിനെ കടഞ്ഞ് നെയ്യെടുക്കുന്നു. അതിനാല്‍ ഭക്തര്‍ ഭഗവാനു നെയ്യ് സമര്‍പ്പിക്കുന്നു.
അയ്യപ്പവിഗ്രഹത്തില്‍ ആടിയ നെയ്യ് അമൃതസമമായി കൈക്കൊള്ളുകയുംചെയ്യുന്നു. നിവേദ്യാദികള്‍ സമര്‍പ്പിക്കുമ്പോള്‍ അതിന്റെ രസം ഭഗവാന്‍ സ്വീകരിക്കുകയും നിവേദ്യം ഭക്തര്‍ക്ക് പ്രസാദമായി ലഭിക്കുകയുംചെയ്യുന്നതുപോലെ അഭിഷേകം ചെയ്യുമ്പോള്‍ നെയ്യിലെ ഭക്തിരസം ഭഗവാന്‍ സ്വീകരിക്കുകയും തന്റെ ചൈതന്യം നെയ്യിലേക്കു പകരുകയും ചെയ്യുന്നു. പ്രസാദമായി നെയ്യ് സേവിക്കുന്ന ഭക്തര്‍ അയ്യപ്പചൈതന്യം നിറയുന്നവരാവുകയും സംസാരജീവിതത്തെ കൂടുതല്‍ കരുത്തോടെ നേരിടാന്‍ കര്‍മ്മോത്‌സുകരാവുകയും ചെയ്യുന്നു.
അഭിഷേകത്തിനു കൊണ്ടുപോകുന്ന നെയ്യിന്റെ വിശുദ്ധി അയ്യപ്പന്മാര്‍ ഉറപ്പുവരുത്തണം. അതേപോലെ അഭിഷേകം കഴിഞ്ഞുകിട്ടുന്ന നെയ്യും പരമപവിത്രമായിവേണം കൈകാര്യം ചെയ്യുവാന്‍. ദിവ്യൗഷധസേവപോലെകരുതി നെയ്യ് സേവിക്കുക. പാചകത്തിനോ വിളക്കുകത്തിക്കുന്നതിനോ ഉപയോഗിക്കാതിരിക്കുക.

No comments:

Post a Comment