ക്ഷേത്ര ദര്‍ശനം
ഗര്‍ഭഗൃഹത്തില്‍ തളംകെട്ടിനില്‍ക്കുന്ന ഈശ്വര ചൈതന്യം നമ്മളിലേക്ക് പ്രവഹിക്കുന്നതിന് നടയ്ക്ക് നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് ഏതാണ്ട് 30ഡിഗ്രി ചരിഞ്ഞ് നിന്നു വേണം തൊഴേണ്ടത്. കൈകാലുകള്‍ ചേര്‍ത്ത് കൈപ്പത്തികള്‍ താമരമൊട്ടുപോലെ പിടിച്ചു ധ്യാനശ്ലോകമോ മൂലമന്ത്രമോ ജപിച്ചുകൊണ്ട് നില്‍ക്കണം.
കുളിച്ച് ശുദ്ധമായ വസ്ത്രം ധരിച്ച് ദര്‍ശനം ചെയ്യുക.
ചെരുപ്പ്,തൊപ്പി,തലപ്പാവ്,ഷര്‍ട്ട്,കൈലി,പാന്റ്സ്, ഇവ ധരിച്ചുകൊണ്ടും
കുട പിടിച്ചുകൊണ്ടും എണ്ണ,തൈലം ഇവ ശിരസ്സില്‍ തേച്ചുകൊണ്ടും ദര്‍ശനം
പാടില്ല.
നഖം,മുടി,രക്തം,തുപ്പല്‍ ഇവ ഷേത്രത്തില്‍ വീഴുവാന്‍ ഇടയാവരുത്.
സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി 7 ദിവസത്തിനു ശേഷമേ ദര്‍ശനം നടത്താവു. ശിവ
ഷേത്രത്തില്‍ 10 ദിവസം കഴിയണം.
മരിച്ച പുലയില്‍ 16 ദിവസവും ജനിച്ച പുലയില്‍ 11 ദിവസവും കഴിഞ്ഞേ ദര്‍ശനം പാടുള്ളൂ.
പ്രസവാനന്തരം കുഞ്ഞിന്റെ ചോറൂണിനോ അതിനു ശേഷമൊ മാത്രമേ അമ്മയും കുഞ്ഞും ദര്‍ശനം നടത്തവൂ.
വിഷയാസക്തി,അസൂയ,പരദ്രോഹചിന്ത തുടങ്ങിയവ ഒഴിവാക്കി ദര്‍ശനം നടത്തുക.
ഉറങ്ങുക,ചിരിക്കുക,കരയുക,നാട്ടുവര്‍ത്തമാനം പറയുക, വിളക്കിലൊഴിച്ച എണ്ണയുടെ ശേഷം ശിരസ്സിലൊ ദേഹത്തൊ തുടക്കുക ഇവ അരുത്. അനാവശ്യസ്ഥലങ്ങളില്‍ കര്‍പ്പൂരം കത്തിക്കുക,പ്രസാദം അണിഞ്ഞശേഷം ബാക്കി ഷേത്രത്തില്‍ ഉപേക്ഷിക്കുക,ദേവനും ദേവവാഹനത്തിനും ഇടയിലൂടെ നടക്കുക, വിഗ്രഹങ്ങളില്‍ തൊട്ടു നമസ്കരിക്കുക തുടങ്ങിയവയും അരുതാത്തതാണു.
തലേദിവസം ധരിച്ച വസ്ത്രം ധരിച്ചുകൊണ്ടു ദര്‍ശനം പാടില്ല.
പുരുഷന്മാര്‍ മാറു മറക്കാതെയും ,സ്ത്രീകള്‍ മുഖവും ശിരസ്സും മറക്കാതെയും
ദര്‍ശനം നടത്തണം.
പുകവലി,ചൂതുകളി ഇവ ദേവസന്നിധിയില്‍ അരുത്.
സ്ത്രീകള്‍ മുടിയഴിച്ചിട്ട് ഷേത്രദര്‍ശനം നടത്തുവാന്‍ പാടില്ല.
വെറും കൈയോടെ ക്ഷേത്രദര്‍ശനം നടത്തരുത്.
ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന എണ്ണ, നെയ്യ്, പൂക്കള്‍ തുടങ്ങിയ
ദ്രവ്യങ്ങള്‍ ശുദ്ധമായിരിക്കണം.
പ്രസാദം
അഞ്ചുതരത്തിലുള്ള പ്രസാദമാണ് നമുക്ക് ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്നത്. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നവയാണിത്. ഭൂമിയുടെ പ്രതീകമാണ് ചന്ദനം, നൈവേദ്യം ജലത്തിന്ടെ പ്രതീകമാണ്. ദീപം അഗ്നിയുടെയും ധൂപം വായുവിന്ടെയും പുഷ്പം ആകാശത്തിന്ടെയും പ്രതീകങ്ങളാണ്. ഇവ അഞ്ചും ഭക്തിപൂര്‍വ്വം സ്വീകരിക്കണം. മുഖ്യമായി അഞ്ചു സ്ഥാനങ്ങളിലാണ് പ്രസാദമണിയുക. നെറ്റി, കഴുത്ത്, ഇരുകൈകളുടെയും മേല്‍ത്തണ്ട, മാറ്, ഇവയാണ് സ്ഥാനങ്ങള്‍.
പുണ്യാഹം
വൈദികമന്ത്രങ്ങളോടുകൂടി അശുദ്ധി മാറാൻവേണ്ടി ചെയ്യുന്ന കർമ്മം. ഒരു കിണ്ടിയിൽ വെള്ളമെടുത്ത് അതിൽ തുളസിപ്പൂവ്, അരി, ചന്ദനം, നെല്ല്, ദർഭ എന്നിവയിട്ട് മന്ത്രജപത്തോടുകൂടി ദർഭത്തുമ്പുപയോഗിച്ചു തളിക്കുന്ന ക്രിയ. പുല, വാലായ്മ മുതലായവ മാറുന്നതിനും ക്ഷേത്രവുമായി ബന്ധപ്പെട്ട അശുദ്ധികൾ നീങ്ങുന്നതിനും ഇതുപയോഗിക്കുന്നു.
ശ്രീഭൂതബലി
ക്ഷേത്രത്തില്‍ ദേവതകള്‍ക്കും ഭൂതങ്ങള്‍ക്കുമായി ഭക്തിയോടെ അര്‍പ്പിക്കുന്ന ഭക്ഷ്യനിവേദ്യം
വഴിപാടുകളുടെ പ്രാധാന്യം
സര്‍വ്വൈശ്വര്യത്തിനും അഭിഷ്ടസിദ്ധിക്കും വേണ്ടി ഭഗവാന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാട്. വഴിപാടിന്റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍ വെച്ച് ചെയ്യുന്ന ത്യാഗമാണതെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ വഴിപാട് പൂജയുടെ തന്നെ ഒരു ഭാഗമാണ്. ഭക്തനെ പൂജയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു ഉപാധികൂടിയാണത്. ഭക്തിസാന്ദ്രമായ മനസ്സ് ദേവനില്‍ കേന്ദ്രീകരിച്ചുകൊണ്ടും നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടും നടത്തുന്ന വഴിപാടുകള്‍ക്ക് പൂര്‍ണ്ണഫലം കിട്ടുമെന്നുതന്നെയാണ് ഭക്തജനവിശ്വാസം. വെറുതെ പ്രാര്‍ത്ഥിച്ചുകൊണ്ട് കിട്ടുന്നതിനേക്കാള്‍ നൂറിരട്ടിഫലം വഴിപാട് കഴിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചാല്‍ കിട്ടുമെന്നാണ് ആചാര്യമതം. ക്ഷേത്രങ്ങളില്‍ നടത്തുന്ന വഴിപാടുകളെ ആറുവിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.
അര്‍ച്ചന :- വിധിപ്രകാരമുള്ള മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് ദേവന്, ദേവതയ്ക്ക് പൂജാപുഷപങ്ങളാല്‍ അര്‍ച്ചനയും അഞ്ജലിയും നടത്തുന്ന വഴിപാടാണിത്.
അഭിഷേകം :- ദാരു - കടുശര്‍ക്കര എന്നീ ബിംബങ്ങള്‍ക്കൊഴിച്ച് മറ്റുള്ളവയ്ക്കെല്ലാം അഭിഷേകം പതിവാണ്. ശുദ്ധജലം, പാല്‍, നെയ്യ്, ഇളനീര്‍, എണ്ണ, കളഭം, പഞ്ചാമൃതം, പനിനീര്‍ തുടങ്ങിയവയെല്ലാം അതതു ദേവതകള്‍ക്കായി അഭിഷേകം ചെയ്യപ്പെടുന്നു. കൊടുങ്ങല്ലൂര്‍ മുതലായ ദാരുബിംബങ്ങള്‍ പ്രതിഷ്ടിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ അഭിഷേകത്തിനു പകരം ചാന്താട്ടമാണ് നടത്താറുള്ളത്. തേക്കിന്‍തടി കൊത്തിനുറുക്കി തിളപ്പിച്ച് വാറ്റിയെടുക്കുന്ന ചാറാണ് ചാന്താട്ടത്തിന് ഉപയോഗിക്കുന്നത്. ഔഷധക്കൂട്ടുകള്‍ നിറഞ്ഞ ചാന്ത് ദാരുബിംബത്തെ കേടുകൂടാതെ സംരക്ഷിക്കുന്നതിനുള്ള ഒരു വിധി കൂടിയാണത്.
നിവേദ്യം :- ദേവി ദേവന്മാര്‍ക്കനുസരിച്ച് നിവേദ്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. വെള്ളനിവേദ്യം, പായസനിവേദ്യം, മലര്‍നിവേദ്യം, അപ്പ നിവേദ്യം, ത്രിമധുരം, എന്നിവയൊക്കെ പ്രധാനപ്പെട്ട നിവേദ്യങ്ങളാണ്. പായസം തന്നെ പാല്‍പായസം, നെയ്പായസം, എള്ള്പായസം, കാടു പായസം എന്നിങ്ങനെ പലതരത്തിലുണ്ട്.
ചന്ദനം ചാര്‍ത്തല്‍ :- ശുദ്ധമായ ചന്ദനം കല്ലില്‍ അരച്ച് വിഗ്രഹത്തില്‍ മുഖം മാത്രമായോ, അരകെട്ട് വരെയോ, വിഗ്രഹം പൂര്‍ണ്ണമായോ ചന്ദനം ചാര്‍ത്തണം.
വിളക്ക് :- വിളക്കുകളില്‍ പ്രധാനപ്പെട്ടത് നെയ്യ് വിളക്കാണ്. നെയ്യ് വിളക്ക് തെളിക്കുന്നത് പ്രധാനമായും ശ്രീകോവിലിനകത്താണ്. കൊടുങ്ങല്ലൂര്‍ തുടങ്ങിയ ചില പ്രധാന ക്ഷേത്രങ്ങളില്‍ പുറത്തെ വലിയവിളക്കില്‍ ഭക്തന്മാര്‍ക്ക് എണ്ണയും നെയ്യും ഒഴിക്കാം. ഏറ്റുമാനുരബലത്തിലെ കെടാവിളക്കില്‍ എണ്ണ പകരുന്നത് പ്രധാനപ്പെട്ടൊരു വഴിപാടാണ്. എള്ളെണ്ണയും വെളിച്ചെണ്ണയും പ്രധാനമായും ഉപയോഗിക്കുന്നു.
പുഷ്പാഞ്ജലി
മാനസികവും ശാരീരികവുമായ ശുദ്ധി വരുത്തുന്നതിന് വേണ്ടിയാണ് പുഷ്പം കൊണ്ട് അര്‍ച്ചന നടത്തുന്നത്. ഇതിലൂടെ ദീര്‍ഘായുസ്സും ശത്രുദോഷനിവാരണവും സമ്പല്‍സമൃദ്ധിയുമുണ്ടാകുന്നു. രക്തപുഷ്പാഞ്ജലി ആഗ്രഹസഫലീകരണത്തിനും ശത്രുദോഷത്തിനും വേണ്ടിയും കുങ്കുമാര്‍ച്ചന മംഗല്യസിദ്ധിക്കും വേണ്ടി നടത്തുന്നു. സഹസ്രനാമാര്‍ച്ചന, അഷ്ടോത്തരശതനാമാര്‍ച്ചന മുതലായവ ഐശ്വര്യത്തിനും വേണ്ടിയാണ് നടത്തുന്നത്. ഭാഗ്യസൂക്താര്‍ച്ചന, ശ്രീസൂക്താര്‍ച്ചന തുടങ്ങിയവ ധനം, ഐശ്വര്യവര്‍ദ്ധനവ് എന്നിവയ്ക്കുവേണ്ടി നടത്തുന്നു. ത്രിമധുരം, ജ്ഞാനം വര്‍ദ്ധിക്കുന്നതിനുവേണ്ടി നടത്തുന്ന വഴിപാടാണ്. മനശാന്തിക്കും ആഗ്രഹസഫലീകരണത്തിനും വേണ്ടി നിറമാല ചാര്‍ത്തുന്നു. മനശാന്തിക്കും ഐശ്വര്യത്തിനും വേണ്ടി ചുറ്റുവിളക്ക് നടത്തുന്നു.
അഭിഷേകം
സര്‍വ്വപാപനാശമാണ് അഭിഷേകം കൊണ്ടുദ്ദേശിക്കുന്നത്. അഭിഷേകത്തിനായി പൊതുവേ എട്ടുവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ശുദ്ധജലം, പാല്‍, തൈര്, തേന്‍, നെയ്യ്, കരിമ്പ് നീര്, ഇളനീര്, കളഭം എന്നിവയാണ്. സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ പഞ്ചാമൃത അഭിഷേകം ഏറ്റവും പ്രാധാന്യമുള്ളതാണ്. ശുദ്ധജലം കൊണ്ട് അഭിഷേകം ചെയ്താല്‍ പത്തും പാല്‍ കൊണ്ടാണെങ്കില്‍ നൂറും തൈരുകൊണ്ടാണെങ്കില്‍ ആയിരവും തേന്‍ കൊണ്ടാണെങ്കില്‍ പതിനായിരവും നെയ്യ് കൊണ്ടാണെങ്കില്‍ ലക്ഷവും കരിമ്പ് നീര് കൊണ്ടാണെങ്കില്‍ പത്തുലക്ഷവും ഇളനീര്‍ കൊണ്ടാണെങ്കില്‍ കോടിയും കളഭം കൊണ്ടാണെങ്കില്‍ അനന്തകോടി അപരാധങ്ങളും സര്‍വ്വപാപങ്ങളും നശിക്കുമെന്നും മോക്ഷപദത്തിലെത്തിചേരുമെന്നും വിശ്വസിച്ചുവരുന്നു.
മറ്റുള്ളവ :- മേല്‍പറഞ്ഞവ കൂടാതെ ഇനിയും വഴിപാടുകളുണ്ട്. ദേവീദേവന്മാരുടെ പ്രത്യേകതയനുസരിച്ച് ഓരോ ക്ഷേത്രത്തിലും ചില വഴിപാടുകള്‍ പ്രാധാന്യമേറുന്നു. വെടി വഴിപാട്, മീനൂട്ട്, തുലാഭാരം, നാളികേരമുടയ്ക്കല്‍, ഗണപതിഹോമം, മൃത്യുഞ്ജയഹോമം, കറുകഹോമം, ശത്രുസംഹാരം തുടങ്ങിയ പട്ടിക ഓരോ ക്ഷേത്രത്തിലും നിരവധിയുണ്ട്. ഓരോ വഴിപാടുകള്‍ക്കും ഫലങ്ങളും പ്രത്യേകമുണ്ട്.
നിര്‍മ്മാല്യദര്‍ശനം
തലേ ദിവസം ദേവന് അണിയിച്ച മാലകളും പൂജാപുഷ്പങ്ങളും വിഗ്രഹത്തില്‍ നിന്നും എടുത്തുമാറ്റുന്നതിന് മുന്‍പ് നടത്തുന്ന ദര്‍ശനത്തിനാണ് നിര്‍മ്മാല്യദര്‍ശനം എന്നുപറയുന്നത്. പ്രഭാതത്തിനു മുന്‍പായി തിരുനട തുറക്കുന്ന സമയത്ത് ദര്‍ശനം നടത്തുന്നു. ക്ഷേത്രത്തിലെ ഏറ്റവും ആദ്യത്തെ ദര്‍ശനമാണിത്. തലേനാള്‍ ദേവന് ചാര്‍ത്തിയ സര്‍വ്വാലങ്കാരങ്ങളോടു കൂടിയ ദിവ്യദര്‍ശനം സര്‍വ്വാഭീഷ്ടപ്രദായകമാണ്.
ത്രിമധുരം
ക്ഷേത്രങ്ങളിൽ ദേവന് നിവേദ്യമായി അർപ്പിക്കുന്ന ഒന്നാണ് ത്രിമധുരം. മൂന്ന് മധുര വസ്തുക്കൾ ചേർത്തുണ്ടാക്കുന്ന നൈവേദ്യമാണ് ഈ പേരിൽ അറിയപ്പെടുന്നത്. നെയ്യ്, പഞ്ചസാര, തേൻ എന്നിവ ചേർത്തും പഴം, കല്ക്കണ്ടം, തേൻ എന്നിവ ചേർത്തും ത്രിമധുരം ഉണ്ടാക്കാറുണ്ട്. കദളിപ്പഴമാണ് സാധാരണയായി ഉപയോഗിക്കുന്നത്. കദളിപ്പഴത്തിനു പകരം മറ്റു പഴങ്ങളും ഇന്ന് ഉപയോഗിക്കാറുണ്ട്. ശ്രീകൃഷ്ണക്ഷേത്രങ്ങളിലെ പ്രധാന നിവേദ്യങ്ങളിലൊന്നാണ് ത്രിമധുരം. ദുർഗാപൂജാവേളയിലും ത്രിമധുരം നിവേദിക്കാറുണ്ട്. ത്രിപുരഭൈരവി ഹോമങ്ങളിൽ നേദിക്കന്നതിനുമാണ് ഉപയോഗിക്കുന്നത്. പഞ്ചസാരയ്ക്കു പകരം ശർക്കര ചേർത്തും ത്രിമധുരം തയ്യാറാക്കിവരുന്നു. അർത്ഥശാസ്ത്രം (കൗടില്യൻ), തന്ത്രസമുച്ചയം എന്നിവയിൽ ത്രിമധുരത്തെക്കുറിച്ച് പരാമർശങ്ങളുണ്ട്.
തീർത്ഥജലം
ശുദ്ധമായതും ശുദ്ധീകരിക്കുവാൻ കഴിവുള്ളതുമായ ജലം എന്ന മാനം കല്പിച്ച് പൂജാസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും നൽകാറുള്ള ജലമാണ് തീർത്ഥജലം. ഈശ്വരന്റെ സൃഷ്ടിയുടെ ഏറ്റവും അടുത്ത് ബന്ധപ്പെട്ടുനിൽക്കുന്നതാണ് ജലം. ദിവ്യമായ തീർത്ഥജലം തളിക്കൽ ശിരസ്സും ദേഹവും ഏറ്റുവാങ്ങുകയും കയ്യിൽ ആദരവോടെ സ്വീകരിച്ച് കുടിക്കുകയും ചെയ്യുന്നത് പുണ്യകർമ്മമായി ക്ഷേത്ര വിശ്വാസികൾ കരുതുന്നു. തീർത്ഥജലം കുടിക്കുമ്പോൾ അവനവനിലെ പരമാത്മ ചൈതന്യം ഉണരുമ്പോൾ ഉണ്ടാകുന്ന അനുഭൂദി ഭക്തന് അനുഭവപ്പെടുമെന്നാണ് ക്ഷേത്രസങ്കൽപ്പം. തീർത്ഥജലത്തിന് ഋഷിമാർ പറയുന്ന പേര് ആപസ്തത്വം എന്നാണ്. അഗ്നിഹോത്രം നിത്യം നടത്തുന്ന-ധ്യാനവും മനനവും നിദിധ്യാസനവും പരിശീലിക്കുന്ന ബ്രാഹ്മണന് മാത്രമേ ആപസ്തത്വം സൃഷ്ടിക്കാൻ അർഹതയുള്ളു എന്ന് യജുർവേദം പറയുന്നു.’ആപോഹിഷ്ടാദി’ എന്ന ഋക് ഉപദേശരൂപത്തിൽ സ്വീകരിച്ച ബ്രാഹ്മണൻ ജലത്തെ അനുഷ്ടാനപൂർവ്വം ജപിച്ച് തീർത്ഥമാക്കിയതിനു ശേഷം ഭക്തന് നൽകണം.എങ്കിൽ ഭക്തൻ തന്റെ മനോമാലിന്യങ്ങളെ അകറ്റാൻ ശക്തിനേടി ക്രമേണ ബ്രഹ്മജ്ഞാനധികാരിയായി തീരുകയും ചെയ്യുമെന്നാണ് തീർത്ഥജലതത്വം.
കലശം
ക്ഷേത്രത്തിലെ ബിംബത്തിൽ ദേവ/ദേവീസാന്നിധ്യം ഉണ്ടാക്കുന്നതിനും, ക്ഷേത്രത്തിനും ബിംബത്തിനും വന്നുചേരാവുന്ന അശുദ്ധികൾ ഇല്ലായ്മ ചെയ്തു ചൈതന്യം വർധിപ്പിക്കുന്നതിനും വേണ്ടി നടത്തുന്ന കർമം. കുടങ്ങളിൽ സംഭരിച്ച ജലത്തെ മന്ത്രപൂർവകമായ കർമങ്ങളോടെ ബിംബത്തിൽ അഭിഷേകം ചെയ്യുന്നു. ഇതിനെയാണ് കലശം എന്ന് പറയുന്നത്.
അഷ്ടബന്ധം
ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം. വളരെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. അഷ്ടബന്ധം നിർമിക്കുവാൻ പ്രത്യേക വൈധക്ത്യം നേടിയവരാണ് നേതൃത്വം നൽകി വരുന്നത് . ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് . അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാകുന്നു. അഷ്ടം എന്ന വാക്കിന്റെ അർത്ഥം എട്ട് എന്നും , ബന്ധം എന്ന വാക്കിന് ബന്ധിപ്പിക്കുക അർത്ഥവും ചേരുമ്പോൾ അഷ്ടബന്ധം എന്നാൽ എട്ടു വസ്തുകൾ ചേർത്ത് ബന്ധിപ്പിക്കുന്നത് എന്ന അർഥം വരുന്നു. വ്രതാനുഷ്ഠാനങ്ങളോടെ നിലവിളക്കിനു മുന്നിൽ വച്ചാണ് കൂട്ടുതയ്യാറാക്കുന്നത്. അഷ്ടബന്ധം നിർമിക്കുവാൻ നാല്പത്തൊന്നു ദിവസത്തെ നിർമാണ പ്രവർത്തന രീതിയാണ് ഉള്ളത്. ഏഴു അസംസ്കൃത വസ്തുക്കളായ ശംഖ്, ചെഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിയ്ക്ക, മണൽ(ഭാരത പുഴയിൽ നിന്നും ശേഖരിച്ചത് ), കോഴിപ്പരൽ തുടങ്ങിയവ ചേർത്ത് മിശ്രിതം നിർമിക്കുന്നു. മിശ്രിതം നിർമിക്കുവാൻ നാലോ അഞ്ചോ പേരുടെ മനുഷ്യപ്രയത്നം ആവശ്യമായി വരുന്നു. മരം കൊണ്ട് നിർമിച്ച ചുറ്റിക കൊണ്ട് നന്നായി ഇടിച്ചു പൌഡർ രീതിയിലുള്ള ഒരു മിശ്രിതം ലഭിക്കുന്നു. ചുറ്റികക്ക് ഏകദേശം 8 -10 കിലോഗ്രാം ഭാരം ഉണ്ടാകും . ഇങ്ങനെ ലഭിച്ച പൌഡർ രീതിയിലുള്ള മിശ്രിതത്തിൽ അല്പം ഓയിൽ ചേർക്കുമ്പോൾ കുഴമ്പ് രൂപത്തിലുള്ള ഒരു മിശ്രിതം ലഭിക്കുകയും അതിൽ 41മത്തെ ദിവസം പഞ്ഞി കൂടി ചേരുമ്പോൾ അഷ്ടബന്ധം തയ്യാറാകുന്നു.
വഴിപാടു ഗുണങ്ങള്‍
1. വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
ദുഃഖനിവാരണം
2. പിന്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മംഗല്ല്യ സിദ്ധി, ദാബത്യ ഐക്യം.
3. കെടാവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മഹാവ്യാധിയില്‍ നിന്ന് മോചനം.
4. നെയ്യ് വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
നേത്രരോഗ ശമനം
5. ചുറ്റുവിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
മനശാന്തി, പാപമോചനം, യശസ്സ്
6. നാരങ്ങാ വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
രാഹുദോഷ നിവാരണം, വിവാഹതടസ്സം നീങ്ങല്‍.
7. ആല്‍വിളക്ക് വഴിപാട് കഴിച്ചാലുള്ള ഗുണം ?
ഉദ്ദിഷ്ടകാര്യസിദ്ധി.
8. മാല വഴിപാട് കഴിച്ചാലുള്ള ഫലം ?
മാനസിക സുഖം
9. കൂവളമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
മൂന്ന്‍ ജന്മങ്ങളിലെ പാപങ്ങള്‍ നശിക്കുന്നു, ഉറച്ച മനസ്സിന്, ശിവസായൂജ്യം.
10. നിറമാല വഴിപാട് കഴിച്ചാലുള്ള ഫലം ?
അഭീഷ്ടസിദ്ധി
11. ഗണപതിഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
വിഘ്നങ്ങള്‍ മാറി ലക്‌ഷ്യം കൈവരിക്കല്‍.
12. കറുക ഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
ബാലാരിഷ്ടമുക്തി, രോഗശമനം.
13. മൃത്യുഞ്ജയഹോമം വഴിപാട് കഴിച്ചാലുള്ള ഫലം ?
കഠിനരോഗ നിവാരണം, സകലവിധ പാപമോചനം.
14. തിലഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
പ്രേതോപദ്രവങ്ങളില്‍ നിന്ന് ശാന്തി.
15. കാളികാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ശത്രുദോഷ ശമനം.
16. ലക്ഷ്മിഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ധനാഭിവൃദ്ധി
17. ചയോദ്രുമാഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി
18. ഐകമത്യഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
കുടുംബഭദ്രത, മത്സരം ഒഴിവാക്കല്‍
19. സുദര്‍ശനഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
രോഗശാന്തി
20. അഘോരഹോമം വഴിപാട് നടത്തിയാലുള്ള ഫലം ?
ആഭിചാരബാധ, ശത്രുദോഷം, എന്നിവയുടെ നിവാരണം.
21. ആയില്ല്യ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ത്വക്ക് രോഗശമനം, സര്‍പ്പപ്രീതി, സര്‍പ്പദോഷം നീങ്ങല്‍.
22. ഉമാമഹേശ്വര പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
മംഗല്ല്യ തടസ്സ നിവാരണം.
23. ലക്ഷ്മീ നാരായണ പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ദുരിതനിവാരണം, ശത്രുനിവാരണം
24. നൂറും പാലും വഴിപാട് നടത്തിയാലുള്ള ഫലം ?
സന്താനലാഭം, രോഗശാന്തി, ദീര്‍ഘായുസ്സ് .
25. ഭഗവതിസേവ വഴിപാട് നടത്തിയാലുള്ള ഫലം ?
ദുരിതനിവാരണം, ആപത്തുകളില്‍ നിന്നും മോചനം.
26. ബ്രഹ്മരക്ഷസ്സ് പൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
സ്ഥല ദോഷത്തിനും, നാല്‍ക്കാലികളുടെ രക്ഷക്കും.
27. നിത്യപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
സര്‍വ്വവിധ ഐശ്വര്യം.
28. ഉദയാസ്തമനപൂജ വഴിപാട് നടത്തിയാലുള്ള ഫലം ?
ദീര്‍ഘായുസ്സ്, ശത്രുദോഷനിവാരണം, സര്‍വ്വൈശ്വര്യം.
29. ഉഷപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
വിദ്യാലാഭം, സന്താനലബ്ധി
30. ഉച്ചപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
രോഗശാന്തി, ഗ്രിഹ - ദ്രവ്യ ലാഭം, മനസമാധാനം
31. ആത്താഴപൂജ വഴിപാട് നടത്തിയാലുള്ള ഗുണം ?
ആയൂരാരോഗ്യ സൌഖ്യം
32. ഒറ്റപ്പം വഴിപാട് നടത്തിയാലുള്ള ഗുണം ?
നല്ല ആരോഗ്യം
33. കദളിപ്പഴം നിവേദ്യം നടത്തിയാലുള്ള ഫലം ?
ജ്ഞാനലബ്ധി
34. വെണ്ണ നിവേദ്യം നടത്തിയാലുള്ള ഫലം ?
ബുദ്ധിക്കും, വിദ്യക്കും.
35. വെള്ള നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദാരിദ്ര്യം നീങ്ങും
36. അവില്‍ നിവേദ്യം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം
37. ത്രിമധുരം വഴിപാട് നടത്തിയാലുള്ള ഗുണം ?
താപത്രയങ്ങളില്‍നിന്നു മുക്തി.
38. പഞ്ചാമൃതം വഴിപാട് നടത്തിയാലുള്ള ഗുണം ?
ദേവാനുഗ്രഹം
39. ചന്ദനം ചാര്‍ത്ത് വഴിപാട് നടത്തിയാലുള്ള ഗുണം ?
ഉഷ്ണരോഗശമനം, ചര്‍മ്മ രോഗശാന്തി.
40. ദേവിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
പ്രശസ്തി, ദീര്‍ഘായുസ്സ്
41. ഗണപതിക്ക് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
കാര്യതടസ്സം മാറികിട്ടും
42. ശിവന് മുഴുക്കാപ്പ് ചാര്‍ത്തിയാല്‍ ലഭിക്കുന്ന ഗുണം ?
രോഗശാന്തി, ദീര്‍ഘായുസ്സ്
43. കാവടിയാട്ടം വഴിപാട് നടത്തിയാലുള്ള ഗുണം ?
ഐശ്വര്യലബ്ധി
44. മുട്ടരുക്കല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
തടസ്സങ്ങള്‍ നീങ്ങുന്നു.
45. താലിചാര്‍ത്തല്‍ വഴിപാട് നടത്തിയാലുള്ള ഗുണം ?
മംഗല്ല്യഭാഗ്യത്തിനു
46. നീരാജനം വഴിപാട് നടത്തിയാലുള്ള ഗുണം ?
മനസ്വസ്ഥത, ശനിദോഷ നിവാരണം, രോഗവിമുക്തി.
47. വെടിവഴിപാട് നടത്തിയാലുള്ള ഗുണം ?
നഷ്ടപ്പെട്ട ദ്രവ്യം കണ്ടെത്തുന്നതിനും, കാര്യസാധ്യത്തിനും
48. പായസം വഴിപാട് നടത്തിയാലുള്ള ഗുണം ?
ധനധാന്യ വര്‍ദ്ധന
49. തന്നീരാമ്രിതം വഴിപാട് നടത്തിയാലുള്ള ഗുണം ?
രോഗശാന്തി, അഭീഷ്ടശാന്തി.
അര്‍ച്ചനയും ഫലസിദ്ധിയും
കുമാരസൂക്ത അര്‍ച്ചന :- സുബ്രഹ്മണ്യ പ്രീതി
സാരസ്വതാര്‍ച്ചന :- വിദ്യാഭിവൃദ്ധി
സ്വസ്തി അര്‍ച്ചന :- യാത്രകളില്‍ കാര്യസിദ്ധി
ഭാഗ്യ അര്‍ച്ചന :- കാര്യസാധ്യം, ധനസമ്പാദനം
ആയുര്‍ അര്‍ച്ചന :- രോഗശമനം, ദീര്‍ഘായുസ്
സംവാദ അര്‍ച്ചന :- ഐക്യമത്യം, സൗഹാര്‍ദ്ദം
ദേവി അര്‍ച്ചന :- ദേവി പ്രീതി
ത്രിഷ്ടുപ്പ് മന്ത്രാര്‍ച്ചന :- ആപല്‍നിവൃത്തി, അഭിഷ്ടസിദ്ധി
ശ്രീവിദ്യാമന്ത്രാര്‍ച്ചന :- വിദ്യയില്‍ ഉന്നതി
സ്വയംവര മന്ത്രാര്‍ച്ചന :- വിവാഹതടസ്സം നീങ്ങാന്‍
സര്‍വ്വരോഗശാന്തി മന്ത്രാര്‍ച്ചന :- രോഗശാന്തി
ശത്രുസംഹാര മന്ത്രാര്‍ച്ചന :- ശത്രുസംഹാരത്തിന്
ഗുരുതി പുഷ്പാഞ്ചലി :- ആഭിചാരദോഷം നീങ്ങികിട്ടാന്‍
ഗ്രഹപൂജകള്‍ :- ഗ്രഹപിഴ ദോഷശാന്തിക്ക്
രാഹുപൂജ :- സര്‍പ്പദോഷശമനം
നാവുകൊണ്ട് ഉറക്കെ ഭഗവനാമം ഉച്ചരിക്കുമ്പോള്‍ നമ്മുടെ എല്ലാ ശരീര അംഗങ്ങളും പുഷ്ടിയുള്ളതായിത്തീരും. നാമജപവും ഭജനയും വീടുവീടാന്തരം ഉണ്ടെങ്കില്‍ അമംഗളമായവ ദൂരെ മാറിപോവുകതന്നെ ചെയ്യും. നിരന്തര അധ്വാനം ശരീരത്തിനു പുഷ്ടിനല്കുന്നതുപോലെ കഠിനപരീക്ഷണങ്ങള്‍ മനസ്സിനുബലം നല്‍കും. നീചവും അധമവുമായ ചിന്തകളും പ്രവൃത്തികളും മനസ്സില്‍നിന്ന് നീക്കം ചെയ്യണം. അതിനു കരളുരുകി പ്രാര്‍ത്ഥിക്കുക തന്നെ വേണം.
No comments:
Post a Comment