Saturday, October 29, 2016

ചരിത്രത്തെ വളച്ചൊടിക്കുന്ന ക്രിസ്ത്യൻ സഭകളും അതിനു ചൂട്ട് പിടിക്കുന്ന രാഹുൽ ഈശ്വറും!

ചരിത്രത്തെ വളച്ചൊടിക്കുന്ന ക്രിസ്ത്യൻ സഭകളും അതിനു ചൂട്ട് പിടിക്കുന്ന രാഹുൽ ഈശ്വറും!

ക്രിസ്ത്യന്‍ സഭകള്‍ ഭാരതത്തില്‍ മതപരിവര്‍ത്തനം ഒഴികെ ചെയ്തതൊക്കെ നല്ല കാര്യങ്ങളായിരുന്നുവെന്നും ശബരിമല അയ്യപ്പന്റെ ഉറ്റസുഹൃത്തും വഴികാട്ടിയുമായിരുന്നു വെളുത്തച്ചന്‍ എന്നും രാഹുല്‍ ഈശ്വരന്‍ ഒരു വാദമുന്നയിക്കുകയുണ്ടായി.

സഭയുടെ ക്രൂരതകളെ വെള്ളപൂശാന്‍ രാഹുല്‍ ശ്രമിക്കുന്നതിന്റെ പിറകിലെ ചേതോവികാരത്തെക്കുറിച്ച് അന്വേഷിക്കാതെ, ക്രിസ്തീയ സഭകളുടെ ക്രൂരതകള്‍, ചരിത്രത്തെ വളച്ചൊടിക്കല്‍, തദ്ദേശീയ മതങ്ങളെ ലോകത്തിനു മുമ്പില്‍ വികൃതരൂപങ്ങളായി ചിത്രീകരിച്ചത് എന്നിവ തുറന്ന് കാണിക്കുന്നതാവും ഉചിതമെന്ന് തോന്നുന്നു.

ഹിന്ദുജനവിഭാഗത്തിന്റെ നട്ടെല്ലായിരുന്ന ക്ഷേത്രങ്ങളെ നശിപ്പിച്ചതാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ ഹിന്ദുജനവിഭാഗത്തോടു ചെയ്ത ഏറ്റവും വലിയ ക്രൂരത. ക്ഷേത്ര ദേവതയില്‍ എല്ലാം അര്‍പ്പിച്ചു ജീവിച്ചിരുന്ന ജനവിഭാഗത്തിന്റെ സ്വത്തുക്കള്‍ മുഴുവനും കയ്യടക്കുകയും ഹിന്ദുവിഭാഗം അനാഥരായി മാറുകയും ചെയ്തു.

മണ്‍റോ സായിപ്പ് നടത്തിയ അതിക്രമങ്ങളും ക്ഷേത്ര ധ്വംസനങ്ങളും ഒന്നും രാഹുല്‍ അറിയാതെ പോയത് നിര്‍ഭാഗ്യകരമാണ്. ഏകദേശം അരനൂറ്റാണ്ടോളം ഹിന്ദുക്കളിലെ താണജാതിക്കാരെ ദേവസ്വം അധികാരികളായി ഒരു സ്ഥലത്തുപോലും നിയമിക്കാതെ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ മണ്‍റോ ആവിഷ്‌കരിച്ച ഗൂഢ അജണ്ടകളെയും ക്ഷേത്രസ്വത്തുക്കള്‍ പള്ളികള്‍ പണിയാനും പള്ളിക്കൂടം പണിയാനും വകമാറ്റിയതും രാഹുല്‍ അറിഞ്ഞില്ലെന്ന് പറയുന്നതു നിരാശാജനകമാണ്.
ക്രിസ്തീയ മിഷനറിമാര്‍ ഭാരത ജനതയോട് നടത്തിയ ക്രൂരത മാപിനി ഇല്ലാത്തതാണ്. മാക്‌സ് മുള്ളര്‍ ഭാരതീയ ഗ്രന്ഥങ്ങളെ വളച്ചൊടിച്ച് അക്ഷന്തവ്യമായ ക്രൂരത കാണിച്ചു. ഒന്നാം സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്തിയത് മുതല്‍ ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ വരെ എല്ലാ ലോര്‍ഡുമാരും വൈസ്രോയിമാരും മിഷണറിമാരും ഭാരതജനതയെ അടിച്ചമര്‍ത്തുകയാണ് ചെയ്തത്. ഈ വൈസ്രോയിമാരും ലോര്‍ഡുമാരും സിംഹഭാഗവും ക്രിസ്തുമത പുരോഹിതന്മാരായിരുന്നു എന്നു രാഹുല്‍ ഈശ്വര്‍ അറിയേണ്ടതുണ്ട്.

ഔറംഗസേബിന്റെ ക്രൂരത മുഹമ്മദന്മാരുടെ ക്രൂരതയുടെ ഉദാഹരണമാണെങ്കില്‍ ജാലിയന്‍ വാലാബാഗും, ബംഗാള്‍ വിഭജനവും, ബംഗാള്‍ ക്ഷാമവും, ഭാരതത്തിലൂടനീളമുണ്ടായ വരള്‍ച്ചകളും, നെയ്ത്തുകാരുടെ കൈകള്‍ വെട്ടിക്കളഞ്ഞതും, നെയ്ത്തുകാരെ കൂട്ടത്തോടെ അടിമകളായി അന്യരാജ്യങ്ങളില്‍ കൊണ്ടുപോയതും, താണജാതിക്കാരായ ഹിന്ദുക്കളെ അടിമകളായി തങ്ങളുടെ തേയില തോട്ടം മേഖലകളില്‍ അടിമവേല ചെയ്യിപ്പിച്ചതും അവരുടെ സംസ്‌കാരങ്ങള്‍ പാടെ നശിപ്പിച്ചതും ക്രിസ്ത്യന്‍ സഭകളുടെ ക്രൂരതയുടെ ജീവിക്കുന്ന തെളിവുകളാണ്.

തങ്ങളുടെ വിദ്യാലയങ്ങളില്‍ ഹിന്ദുമതത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് നിശ്ചയിക്കുന്നവരില്‍ എന്തുനന്മയാണ് രാഹുല്‍ ഈശ്വര്‍ കാണുന്നത്? വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തോക്കിന്‍മുനയില്‍ സംസ്ഥാനങ്ങള്‍ മുഴുവനും മതപരിവര്‍ത്തനം ചെയ്യുന്ന സഭയില്‍ എന്തുനന്മയാണ് രാഹുല്‍ കാണുന്നത്? ശബരിമല കത്തിച്ചവരില്‍ എന്തുനന്മയാണ് കാണുന്നത്? മതപരിവര്‍ത്തനമെന്നത് വെറുതെ തള്ളിക്കളയാവുന്ന കാര്യമാണോ? നാഗാലാന്റിലെ അവസാനത്തെ ക്ഷേത്രവും ക്രിസ്ത്യന്‍ സഭ തകര്‍ത്തതും അവിടെനിന്നും തദ്ദേശീയ മതങ്ങളെ ഉന്മൂലനം ചെയ്തതും രാഹുലിന്റെ കണ്ണില്‍ സഭ ചെയ്ത നല്ല കാര്യങ്ങളാണോ? എന്താണ് അരുണാചല്‍ പ്രദേശിലും മിസോറാമിന്റെ ഭൂരിപക്ഷ ഭാഗത്തും മണിപ്പൂരിലെ പര്‍വ്വത പ്രദേശങ്ങളിലും സഭ ചെയ്യുന്നത്? അവിടെയുള്ള തദ്ദേശീയ മതങ്ങള്‍ എവിടെ? അതിന്റെ അടയാളങ്ങളെവിടെ? മിസോറാമില്‍ ഗവണ്‍മെന്റ് കാര്യങ്ങള്‍ നടക്കാനും നടത്താനും സഭയുടെ അനുമതി വേണമെന്നിരിക്കെ രാഹുല്‍ എന്തു നന്മയാണ് ഈ വിഭജന ശക്തികളില്‍ കാണുന്നത്? വിഗ്രഹങ്ങളെ തകര്‍ക്കാന്‍ പ്രത്യേക ദിവസം ആഘോഷത്തിന്റെ രൂപത്തില്‍ നടത്തുന്ന മിസോറാമിലെ സഭകളെ രാഹുല്‍ ഈശ്വര്‍ അറിഞ്ഞില്ലെ?

ശക്തിപ്രാപിക്കുവോളം പ്രീണനവും ശക്തി പ്രാപിച്ചു കഴിഞ്ഞാല്‍ സര്‍വ സംഹാരവുമാണ് സഭ സീകരിച്ചു പോരുന്ന നയം എന്ന് രാഹുല്‍ മറക്കരുത്. ഭാരതത്തില്‍ ഇതിനു തെളിവുകള്‍ ധാരാളം ഉള്ളപ്പോള്‍ പുറത്തേക്ക് പോകേണ്ട കാര്യമില്ല. എങ്കിലും സഭകളുടെ സമീപന രീതിയുടെ ഏകതാന സ്വഭാവം വെളിവാക്കുന്നതിനായി റുവാണ്ടയിലേക്ക് ഒന്ന് നോക്കാം. റുവാണ്ടയില്‍ സഭ ചെയ്തു കൂട്ടിയ ക്രൂരകൃത്യങ്ങളെക്കുറിച്ച് രാഹുല്‍ ബോധവാന്‍ അല്ലെന്നുണ്ടോ? ലോകത്തെങ്ങും ഇവര്‍ക്ക് ഒരേ മുഖമാണ്. ആദ്യം പ്രീണനം പിന്നീട് ഉന്മൂലനം. അതിനാല്‍ വിശാല മനസ്‌കതയുടെ പേരില്‍ മുതലെടുപ്പ് നടത്താന്‍ സഭയെ അനുവദിക്കേണ്ടതില്ല.

എന്തിനാണ് രാഹുല്‍ എല്ലാ വേദികളിലും വെളുത്തച്ചന്‍ എന്ന ക്രിസ്ത്യന്‍ പാതിരിയുടെ കാര്യം ശബരിമലയുമായി ചേര്‍ത്ത് നിര്‍ത്തുന്നത്? എന്താണ് ഇതിന് പിറകിലെ ചേതോവികാരം? എന്തിന് ഈ വിഷയത്തില്‍ രാഹുല്‍ അസ്പഷ്ടമായ ഉത്തരങ്ങള്‍ നല്‍കുകയും അതേസമയം വെളുത്തച്ചനെ ശബരിമലയുമായി ചേര്‍ത്ത് വെക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു?
വെളുത്തച്ചന്‍, ആരാണീ വ്യക്തി? വെളുത്തച്ചന്‍ എന്ന വ്യക്തിയും ശബരിമല അയ്യപ്പനുമായുള്ള ബന്ധത്തിന്റെ കഥകള്‍ക്ക് ഒരു പതിറ്റാണ്ടിലേറെ പഴക്കമില്ല. ഇത് തികച്ചും പുതിയ ‘ചരിത്ര’മാണ്.

അര്‍ത്തുങ്കല്‍ പള്ളി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് സെബസ്ത്യാനോസ് എന്ന കത്തോലിക്കാ വിശുദ്ധന്റെ പേരിലാണ്. സി.ഇ. 256ല്‍ ഫ്രാന്‍സില്‍ ആണ് സെബാസ്റ്റിന്‍ എന്ന സെബസ്ത്യാനോസ് ജനിച്ചത് എന്നു പറയപ്പെടുന്നു. ഫ്രാന്‍സില്‍ ജനിച്ച്, ഇറ്റലിയില്‍ മരിച്ച ഇദ്ദേഹം ഒരിക്കല്‍പോലും ശബരിമലയോ, പന്തളമോ, എന്തിന് ഇപ്പറഞ്ഞ അര്‍ത്തുങ്കല്‍പോലുമോ സന്ദര്‍ശിച്ചിട്ടില്ല. അതുകൊണ്ട് ഈ വെളുത്തച്ചന്‍ (സെബസ്ത്യാനോസ്) അല്ല രാഹുല്‍ പ്രോപ്പഗേറ്റ് ചെയ്യുന്ന വെളുത്തച്ചന്‍ എന്നു ഉറപ്പിക്കാം.

അര്‍ത്തുങ്കല്‍ തിരുന്നാളിനോടനുബന്ധിച്ച് 2014 ജനവരിയില്‍ ഇറക്കിയ ‘സ്‌നേഹദൂത്’ എന്ന സപ്ലിമെന്റില്‍ ‘അര്‍ത്തുങ്കല്‍ പള്ളി ഐതിഹ്യം: അര്‍ത്തുങ്കല്‍ വെളുത്തച്ചനും ശബരിമല ശാസ്താവും’ എന്നപേരില്‍ പള്ളി വികാരി ഫാ.സ്റ്റീഫന്‍ പഴമ്പാശ്ശേരില്‍ എഴുതിയ ലേഖനത്തില്‍ 1584ല്‍ പള്ളി വികാരിയായിരുന്ന ഫാ.ജെക്കാമോ ഫെനീഷ്വോ ആണ് അയ്യപ്പന്റെ സുഹൃത്തായ അര്‍ത്തുങ്കല്‍ പള്ളിയിലെ വെളുത്തച്ചന്‍ എന്ന സമാന വാദം രാഹുല്‍ മുന്നോട്ട് വെക്കാനാണ് സാധ്യത.

എന്നാല്‍ പള്ളികളിലുള്ള രൂപങ്ങളിലാകട്ടെ ഭാരതം ഇതുവരെ കണ്ടിട്ട് പോലുമില്ലാത്ത വിശുദ്ധ സെബാസ്ത്യനോസ് ആണ് താനും. ഇതെങ്ങനെ ശരിയാകും? വെളുത്തച്ചന്‍ ആരാണ് എന്നതിന് കൃത്യമായി ഇതുവരെ ഒരു ധാരണയും ഇല്ല എന്നതല്ലേ ശരി? ഒരേസമയം ജെക്കാമോ ഫെനീഷ്യയാണ് വെളുത്തച്ചന്‍ എന്നു പറയുകയും പീഡനങ്ങള്‍ ഏറ്റു മരണപ്പെട്ടു എന്ന് പറയുന്ന സെബാസ്ത്യനോസിന്റെ രൂപം ആരാധിക്കുകയും ചെയ്യുന്നതിലെ ഔചിത്യമെന്താണ്? മാത്രമല്ല തദ്ദേശീയരായ ചില ക്രിസ്ത്യാനികളുടെ ഇടയില്‍ മതം മാറിയതിന്റെ പേരില്‍ വെളുത്തച്ചനെ അയ്യപ്പന്‍ ആക്രമിച്ചു എന്നൊരു ഐതിഹ്യവും നിലനില്‍ക്കുന്നുണ്ട്. സെബസ്ത്യാനോസിന്റെ പീഡിതരൂപമാണ് ഇതിനു തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഭാരതത്തില്‍ ഒരിക്കല്‍ പോലും വരാത്ത സെബാസ്ത്യനോസ് എങ്ങനെയാണ് മതം മാറിയതിന്റെ പേരില്‍ അയ്യപ്പന്റെ ആക്രമണത്തിന് വിധേയമായത്?

വെളുത്തച്ചന്‍ ആരെന്നതില്‍ അവ്യക്തത നില നില്‍ക്കുന്നതിനാലും, ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി സഭ ഒന്നില്‍ കൂടുതല്‍ തവണ അധിനിവേശം നടത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടത് കൊണ്ടും വെളുത്തച്ചന്‍ എന്ന സമീപകാല ചരിത്രനിര്‍മ്മിതിയെ സഭയുടെ കുടിലതന്ത്രങ്ങളില്‍ ഒന്നായി തന്നെ കാണേണ്ടതുണ്ട്. അധിനിവേശത്തിനു തെളിവായി നിലക്കലും സൈന്റ് തോമസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഓര്‍ക്കുക. അന്ന് സഭയുടെ നിലപാടുകളിലെ അക്രമണോത്സുകതയും വിട്ടുവീഴ്ചയില്ലായ്മയും കാര്‍ക്കശ്യവും ഓര്‍ക്കുക. അന്നിടഞ്ഞുനിന്നവര്‍ ഇന്നൊരു വെളുത്തച്ചനെയും പൊക്കിക്കാട്ടി ‘മതേതരത്വം’ കൊണ്ട് വരുന്നെങ്കില്‍ അത് വെറും മതസൗഹാര്‍ദ്ദം മാത്രമായി കാണണം എന്നാണോ രാഹുല്‍ പറഞ്ഞുവരുന്നത്?

അര്‍ത്തുങ്കല്‍ പള്ളിയുടെ ചരിത്രനിര്‍മിതിയുമായി കൂട്ടിക്കെട്ടാതെ ഹിന്ദുവിന് തന്റെ വിശാലത തെളിയിക്കാനാവില്ലെ? സര്‍വ്വധര്‍മ സമഭാവന ഉദ്‌ഘോഷിക്കുന്ന ഹിന്ദുധര്‍മത്തിന് മറ്റുള്ള വിശ്വാസങ്ങള്‍ തെറ്റാണെന്നും ഹിന്ദു ദേവതമാരെ ചെകുത്താന്മാരായും ചിത്രീകരിക്കുന്ന സഭകളില്‍ നിന്നും മഹാമനസ്‌കത പഠിക്കേണ്ടതുണ്ടോ? ഇത്രയും നൂറ്റാണ്ടുകളുടെ പീഢനങ്ങളും അടിച്ചമര്‍ത്തലും അനുഭവിച്ച ഹിന്ദുജനതയ്ക്ക് ഇത്തരം ചരിത്രനിര്‍മിതികളുടെ ആവശ്യമുണ്ടോ തങ്ങളുടെ മനസ്സിന്റെ വിശാലത തെളിയിക്കാന്‍?

ശബരിമലയെ സാംസ്‌കാരികപരമായും കായികമായും ആക്രമിച്ചു നശിപ്പിക്കാന്‍ ശ്രമിച്ച, ശ്രമിക്കുന്ന സഭയെ വെള്ളപൂശാന്‍ തന്ത്രി കുടുംബത്തിലെ വ്യക്തി തന്നെ മുന്നോട്ടുവരുന്നത് എന്തുകൊണ്ട്? ശബരിമല ക്ഷേത്രം പൂര്‍ണമായും അഗ്‌നിക്കിരയാക്കുകയും അയ്യപ്പ വിഗ്രഹം മഴുകൊണ്ടു വെട്ടി തകര്‍ക്കുകയും ചെയ്ത കൂട്ടര്‍ പെട്ടെന്നെങ്ങനെ അയ്യപ്പന്റെ കൂട്ടുകാരായി? ഇന്നും ശബരിമല തകര്‍ത്തവരെയും അവരെ അതിനു പ്രേരിപ്പിച്ചവരെയും നിയമത്തിന് മുന്നിലെത്തിക്കാന്‍ ശ്രമിക്കാത്ത സാംസ്‌കാരിക കേരളത്തിലെ അടിയാളജനതയോട് അതേ ശബരിമല തകര്‍ത്തവരെ വിശുദ്ധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. ശബരിമല ക്ഷേത്രം സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പും പലതവണ ഇവര്‍ നശിപ്പിക്കാന്‍ ശ്രമിച്ചതും അതിനെ ഇപ്പോള്‍ വെള്ളപൂശാന്‍ വേണ്ടി ചില മുതലാളിമാരുടെ പേരില്‍ ചരിത്ര നിര്‍മിതി നടത്തുന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്.

നിലയ്ക്കലില്‍ നടക്കാതെപോയ ചരിത്ര നിര്‍മിതി അര്‍ത്തുങ്കലിലൂടെ നടപ്പാക്കുന്നതിനു ചട്ടുകമാകുന്നുവോ? സെന്റ് തോമസ് പുണ്യാളന്‍ അയ്യപ്പന്റെ പൂങ്കാവനത്തില്‍ കുരിശ് നട്ടതായി ചരിത്ര നിര്‍മിതി നടത്തിയതും അങ്ങനെയുള്ള സെന്റ് തോമസിനെ ധ്യാനത്തില്‍ ഇരിക്കുമ്പോള്‍ ‘പൂണൂല്‍ ധാരികളായ ബ്രാഹ്മണര്‍’ കത്തിക്കിരയാക്കിയെന്ന ചരിത്ര നിര്‍മിതിയും രാഹുലിന് അറിയാവുന്നതല്ലെ? സമാനമായി വെളുത്തച്ഛനെയും അയ്യപ്പന്‍ ഉപദ്രവിച്ചിരുന്നുവെന്നും സഭ പ്രചരിപ്പിക്കുന്നുണ്ട് എന്നുകൂടി രാഹുല്‍ അറിയണം.

1935 മെയ് 11ന് ഹരിജന്‍ എന്ന ഗാന്ധിജിയുടെ പ്രസിദ്ധീകരണത്തില്‍ ഗാന്ധിജിയുമായി മിഷനറി സ്ത്രീ നടത്തിയ അഭിമുഖം ഈ വിധത്തില്‍ വിവരിക്കുന്നു. ‘വരള്‍ച്ച ബാധിച്ച മേഖലയില്‍ ഒരു പാതിരി പോവുകയും അവിടെയുള്ള പട്ടിണി പാവങ്ങള്‍ക്ക് പണം നല്‍കി അവരെ മതപരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്തു. അവിടെ തീര്‍ന്നില്ല, മതം മാറിയവരെക്കൊണ്ട് ഇന്നലെ വരെ അവര്‍ പൂജിച്ചിരുന്ന ദേവത വസിച്ചിരുന്ന ആ ക്ഷേത്രം തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുകയും ആ ഹതഭാഗ്യര്‍ അങ്ങിനെ ചെയ്യുകയും ചെയ്തു. ‘ഇത് തികച്ചും ഹീനമായ പ്രവൃത്തിയാണ്. മതം മാറ്റിയവരുടെയോ മതം മാറ്റപ്പെട്ടവരുടെയോ അല്ല ആ ക്ഷേത്രം, അങ്ങനെ ഉള്ള ക്ഷേത്രത്തെ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത ആ പാതിരി എന്തു തരം മനസ്സിന്റെ ഉടമയാവും?’ ക്രിസ്ത്യന്‍ മിഷനറിമാരെ രാഹുല്‍ ഈശ്വറിനെ പോലുള്ളവര്‍ വെള്ളപൂശുന്നതിന് പിന്നിലെ ലക്ഷ്യമെന്താണ്?

No comments:

Post a Comment