Friday, August 7, 2015

ജപയോഗം

ജപയോഗം

“ മനനാത് ത്രായതേ ഇതി മന്ത്ര:”
മനനം അഥവാ ചിന്തനം കൊണ്ട് സാധകനെ 
ജനനമരണപ്രവാഹസ്വരൂപമായ സംസാരത്തിൽനിന്നും രക്ഷിക്കുന്നുവെന്നാണു മന്ത്രജപത്തിന്റെ അർഥം. മാനസികം, ഉപാംശു, വൈകരി എന്നിങ്ങനെ മൂന്നുതരത്തിലുണ്ടെങ്കിലും മാനസ്സികജപവും അതുതന്നെ ശ്വാസനിശ്വാസങ്ങളിലുള്ള ജപവുമാണു ഏറ്റവും ശക്തിയേറിയതും ശ്രേഷ്ടവും.
ഈശ്വരനും നമ്മളും തമ്മിലുള്ള അകലം ഒരിയ്ക്കൽ സ്മരിച്ചതിനുശേഷം രണ്ടാമതു സ്മരിക്കുന്നതുവരെയുള്ള സമയ ദൈർഘ്യമാണു. അതുകൊണ്ടു കഴിയുന്നത്രതവണ ധാരമുറിയാതെ ജപിയ്ക്കേണ്ടതാണു. മന്ത്രം മോക്ഷകവാടത്തിന്റെ താക്കോൽ ( പാസ്സ് വേർഡ്) ആണെന്നുപറയാം. അതുകൊണ്ട് ഒന്നിലധികം മന്ത്രങ്ങൾ ഒരേസമയം ജപിയ്ക്കുന്നത് ഉത്തമമല്ല. അതുപോലെ മന്ത്രാക്ഷരങ്ങൾ എത്രയ്ക്ക് കുറഞ്ഞിരിക്കുന്നുവോ അത്രയും നന്നായിരിക്കും. ഒരു ഇഷ്ടമൂർത്തിയെ സ്വീകരിച്ച് അതിനനുയോജിച്ച ബീജമന്ത്രം സദാജപിയ്ക്കുകയാണുവേണ്ടതു. 
മന്ത്രസിദ്ധി വന്നതിനുശേഷം മറ്റുമന്ത്രങ്ങൾഉപയോഗിക്കുന്നതുകൊണ്ട് വിരോധമില്ല. ഏതൊരു ദേവതാ നാമത്തോടും പ്രണവം പൂർവ്വകമായും നമ: അന്ത്യത്തിലും ചേർത്തു ജപിയ്ക്കാവുന്നതാണു. നമുക്ക് ഒരേസമയം നൂറ്റിയിരുപത് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ കഴിയുമത്രെ. ഈ അധികചിന്തകളാണു നമുക്ക് അസ്വസ്ഥ്തകൾ ഉണ്ടാക്കുന്നതു. എന്നാൽ തുടർച്ചയായ മന്ത്രജപത്താൽ സാധകന്റെ മനസ്സിൽസദാസമയവും ഈശ്വരചിന്ത മാത്രമായിത്തീരുന്നു. ഊണിലും, ഉറക്കത്തിലും സ്വപ്നാവസ്ഥയിൽപ്പോലും ജപം തുടർന്നുകൊണ്ടിരിക്കുകയും അത് ധാരമുറിയാത്തതുമായിത്തീരുകയും ചെയ്യും. ഇഷ്ടദൈവത്തെ മനസ്സിൽ ധ്യാനിച്ച് സകലതും ഭഗവാനിൽ അർപ്പിച്ചു ജപിക്കുമ്പോൾ സദാസമയവും എന്തെന്നില്ലാത്ത ഒരു സൌഖ്യവും സുരക്ഷിതബോധവും അനുഭവപ്പെടാൻ തുടങ്ങും. ഓം, ഓം നമ:ശിവായ, ഓം നമോ നാരായണായ, എന്നിങ്ങനെ നമ്മുടെ വിശ്വാസത്തിനും, സങ്കല്പ്പത്തിനും അനുസരിച്ചു ജപിക്കാവുന്നതാണു. യോഗനാഡികളെ ശക്തമാക്കുന്നതിനും ആത്മീയപുരോഗതിക്കുംവേണ്ടി പ്രാണയാമങ്ങൾ, ധ്യാനം എന്നിവകൂടി പരിശീലിക്കുന്നതു വളരെ നല്ലതാണു. നിരന്തരജപത്താൽ ചിത്തമാലിന്യങ്ങളടങ്ങി, ഭക്തിയും സ്നേഹവും വർദ്ധിച്ചുവരുന്നതിനും, സാധകനുള്ളിലെ ദൈവീകഭാവം ഉണർന്നുവരാനും തുടങ്ങും. ശരീരത്തിനു ചുറ്റുമുള്ള പ്രകാശവലയം അഥവാ ഓറയുടെ വ്യാപ്തിയും, അധാരചക്രകളുടെ സ്പന്ദനവും വർദ്ധിച്ചുവരും . അനാഹത ചക്രയുടെ നിറം നല്ല പച്ചനിറത്തിലേയ്ക്കു വരികയും ഈ ചക്ര കൂടുതൽ വികസിതമാകുകയും ചെയ്യും. മണിപ്പൂരചക്രയുടെ വലിപ്പം കുറഞ്ഞുവരാൻ തുടങ്ങും. സഹസ്രാരചക്രയുടെ വലിപ്പം ക്രമേണ വർദ്ധിയ്ക്കാനും അതിനുമുകളിലെ പ്രകാശസ്തൂപത്തിൽ ആത്മീയ ചക്രകൾ രൂപം കൊള്ളാനും തുടങ്ങും. മനസ്സിന്റെ ഏകാഗ്രത വർദ്ധിക്കുന്നതിനനുസരിച്ച് ഷഡാധാരചക്രകളിൽ ഇഷ്ടദൈവത്തിന്റെരൂപം ക്രമേണരൂപംകൊള്ളുന്നതിനും അതിനു ജീവനുള്ളതുപോലെ ചലനശേഷി കൈവരാനും തുടങ്ങും. എന്നാൽ നമ്മളിൽ ഞാനെന്നഭാവം നിലനില്ക്കുന്നിടത്തോളം മണിപ്പൂര ചക്രയിലെ ഇഷ്ട മൂർത്തിയുടെ ഭാവത്തിനു രൌദ്രഭാവമായിരിയ്ക്കും. പരിപൂർണ സമർപ്പണം സാദ്ധ്യമായാൽ, ഞാനെന്നഭാവം നിശേഷം വെടിഞ്ഞാൽ ഷട്ചക്രകളിലെ സകല മൂർത്തീഭാവങ്ങൾക്കും സൌമ്യഭാവം കൈവരും. ഈ അവസ്ഥ സാധകന്റെ ശുദ്ധീകരണത്തെയാണു സൂചിപ്പിക്കുന്നതു. നാദത്തിൽനിന്നാണു സ്ര്യഷ്ടിയുണ്ടായതെന്നും, പ്രപഞ്ചം അതിന്റെ മൂലരൂപത്തിൽ ചൈതന്യം മാത്രമാണെന്നും,ഏതൊരുവസ്തുവിനേയും വിഘടിച്ചാൽ സ്പന്ദനരൂപത്തിലുള്ള ചൈതന്യത്തിലേയ്ക്കു എത്തിച്ചേരുമെന്നും, മനസ്സ് ഈ ചൈതന്യത്തിന്റെ ഗുണമാണെന്നും പറയുന്നു.അതുകൊണ്ട് നാദമുണ്ടാകുമ്പോൾ തരങ്കമുണ്ടകുമെന്നും, തരങ്കമുണ്ടാക്കാൻ കഴിഞ്ഞാൽ വസ്തുവുമുണ്ടാക്കാൻ കഴിയുന്നതാണെന്നും പറയുന്നു. നിരന്തരമായജപത്താൽ സാധകനു പ്രപഞ്ചത്തിന്റെ മൂലരൂപമായ ചൈതന്യത്തിൽ സ്വാധീനം ചെലുത്താൻ കഴിയും. ഈ വിശ്വ പ്രപഞ്ചത്തിനു ഒരു കേന്ദ്രമില്ല എന്നുമാത്രമല്ല, ഓരോ അണുവിലും പരമാത്മഭാവം പൂർണ്ണമായി പ്രതിഫലിച്ചു നില്ക്കുകയും ചെയ്യുന്നു. . അതുകൊണ്ട് നിരന്തരജപത്താൽ ഒരു സാധകനു സ്വയം ശുദ്ധീകരണത്തിലൂടേയും, സ്വയം ശാക്തീകരണത്തിലൂടേയും ക്രമേണ ഈ വിശ്വപ്രപഞ്ചത്തിലെ ഒരുശക്തികേന്ദ്രമാകാൻ കഴിയും.
ഒരുകാര്യത്തെക്കുറിച്ചുതന്നെ നിരന്തരമായി ചിന്തിയ്ക്കുമ്പോൾ അതിന്റെ ചിത്രം മനസ്സിൽ രൂപപ്പെടും അങ്ങിനെ തന്റെ വർദ്ധിച്ച ഇച്ചാശക്തിയാൽ സാധകനു സ്വന്തം ആരോഗ്യവും, സന്തോഷവും,സ്വാതന്ത്ര്യബോധവും വർദ്ധിപ്പിയ്ക്കുന്നതിനും സദാസമയവും ഒരു സൌഖ്യാവസ്ഥ കൈവരിയ്ക്കുന്നതിനും കഴിയും.
മന്ത്രസാധനയിൽ മന്ത്രവും മൂർത്തിയും രണ്ടല്ലയെന്നും ഒന്നുതന്നെയാണെന്നുമുള്ള ബോദ്ധ്യത്തിൽ എത്തിച്ചേരണം. തുടർന്നു സമ്പൂർണ്ണ സമർപ്പണത്തിൽ സാധകനും മൂർത്തിയും തമ്മിലുള്ള ദൂരത്തെ പടിപടിയായി കുറച്ചുകൊണ്ടുവന്നു രണ്ടും ഒന്നായിത്തീരണം. അവസാനമായി സ്വയം നിത്യമായ ആത്മാവാണെന്നറിഞ്ഞ് താനും മൂർത്തിയുമെല്ലാം പരബ്രഹ്മ്മഭാവമാണെന്നബോധത്തിലേയ്ക്ക് എത്തിചേർന്ന് സർവ്വചരാചരങ്ങളേയും,സകല അണ്ഡകടാഹങ്ങളേയും, സ്ഥൂല, സൂക്ഷ്മലോകങ്ങളേയും താൻ ഉൾക്കൊള്ളുന്നുവെന്നും, തന്നിൽനിന്ന് അന്യമായിയാതൊന്നുമില്ലെന്നും, താൻ സ്വയം പരബ്രഹ്മഭാവ മാണെന്നുമുള്ളബോധത്തിൽ സ്ഥലകാലമമയബോധമില്ലാതെ ധ്യാനിയ്ക്കണം.
അങ്ങിനെ ദ്വൈതത്തിലൂടെ അദ്വൈതത്തിലേയ്ക്ക് എത്തിച്ചേരാൻ കഴിയും ഈ വിശ്വപ്രപഞ്ചത്തിൽ താൻ ഒറ്റപ്പെട്ടവനാണെന്നധാരണയാണു രോഗഭയം, മരണഭയം തുടങ്ങിയ സകലവിധഭയപ്പാടുകൾക്കും കാരണം. നിരന്തരമായജപത്താൽ താൻ ഒറ്റപ്പെട്ടവനല്ലെന്നും ഈ വിശ്വപ്രപഞ്ചത്തിന്റെ ശക്ത്മായ ഒരവിഭാജ്യഘടകമാണെന്നും,സുരക്ഷിതനാണെന്നുമുള്ളബോധം നമ്മിൽ അറിയാതെ ആവിർഭവിക്കുകയുംഇത് ജീവിതപ്രതിസന്ധികളെ സമചിത്തതയോടെ അഭിമുഖീകരിക്കുന്നതിനു സഹായിക്കുകയും ചെയ്യും. പ്രാരാപ്തങ്ങളിലും ജീവിതപ്രതിസന്ധികളിലും,രോഗഭയങ്ങളാലും ഉഴലുന്ന ആധൂനികമനുഷ്യനെ ആരോഗ്യത്തിലേയ്ക്കും, ആത്മീയതയിലേയ്ക്കും, മോക്ഷത്തിലേയ്ക്കുംവരെ എത്തിച്ചേരാൻ സഹായിക്കുന്ന ഒരു മാർഗ്ഗമാണു ജപയോഗം.

അഹം ബ്രഹ്മാസ്മി ധ്യാനം

അഹം ബ്രഹ്മാസ്മി ധ്യാനം

    ബ്ര്യഹദാരണ്യകോപനിഷത്തിലുള്ളതാണു “അഹം ബ്രഹ്മാസ്മി“ ( ഞാൻ ബ്രഹ്മമാണു) എന്ന മന്ത്രം. ഹിന്ദുക്കളിൽ നല്ലൊരു ശതമാനം വിശ്വാസികളും,ഇതര മതസ്ഥരും സ്വയം ഈശ്വരഭാവമാണെന്ന ചിന്തയെ അഹങ്കാരമായും, ദൈവനിഷേധമായും കണക്കാക്കുന്നതായി കാണുന്നു. സർവ്വവും സർവ്വേശ്വരനാണെന്നും, ഓരോ അണുവിലും തുല്യ അളവിൽ സർവ്വേശ്വരഭാവം പ്രതിഫലിച്ചു നില്ക്കുന്നുവെന്ന സത്യദർശനത്തിൽ അധിഷ്ഠിതമാണീ ഉപനിഷത്ത് ചിന്ത. സർവ്വവും സർവ്വേശ്വരനാണു, ഞാനും പൂർണമായും ഈശ്വരഭാവം തന്നെയാണു, ഈ കാണുന്നതെല്ലാം എന്റെതന്നെ ഭാവങ്ങളാണു എന്ന സത്യചിന്തയിൽ ഒന്നും തന്നിൽനിന്നും അന്യമല്ലയെന്ന അറിവിൽ, ഭയഭാവങ്ങൾ അകന്നു ഭക്തിയും, നിസ്സീമമായ സ്നേഹവുമാണു ഉടലെടുക്കുക. എലാം ഞാൻ തന്നെയാകുമ്പോൾ, ആരെ ഭയക്കാനാണു, ആരോട് അഹംകരിയ്ക്കാനാണു.
ജ്ഞാന, യോഗ മാർഗ്ഗത്തോടുകൂടിയ ഭക്തിയാണു ഏറ്റവും ശക്തമായത്. കഴിയുന്നതും ഒരു മൂർത്തിയെ മാത്രം ഇഷ്ടദേവതയായി തിരഞ്ഞെടുക്കുക. നാം വിശ്വസിയ്ക്കുന്ന, ശ്രീപരമേശ്വരൻ, ശ്രീരാമൻ, ശ്രീക്ര്യഷ്ണൻ, മുതലായ ദേവന്മാരൊക്കെ നമ്മെ സംബന്ധിച്ചിടത്തോളം ഇശ്വരന്മാരാണെങ്കിലും അവരും രൂപഭാവമില്ലാത്ത സർവേശ്വരനെ പ്രാർത്ഥിച്ചിരുന്നുവെന്ന സത്യം ജ്ഞാനമായതുകൊണ്ട് അത് ഉൾക്കൊള്ളാൻ ശ്രമിയ്ക്കുക. ഓം നമശിവായയെന്നാൽ ശിവനിലൂടെ ഓംങ്കാരത്തിലേയ്ക്ക് എന്നും, ഓം നമോ നാരായണായ: എന്നാൽ നാരായണനിലൂടെ ഓംങ്കാരത്തിലേയ്ക്ക് എന്നും മനസ്സിലാക്കുക. മേല്പ്പറഞ്ഞ രണ്ടുകാര്യവും നമ്മുടെ സംശയഭാവങ്ങൾ കുറ്യ്ക്കുന്നതിനും സ്ഥിരവിശ്വാസംനേടുന്നതിനും സഹായകമാകും. 
ആത്മാവിന്റെ ഗുണമായ മനസ്സിന്റെ ബഹിർപ്രകടനരൂപമായ ശ്വാസത്തിൽ നമ്മുടെ ഇഷ്ടദൈവത്തിന്റെ നാമം നിരന്തരം മനനനം ചെയ്ത് യോഗമാക്കി മാറ്റണം. അഥായത് ശ്വാസനിശ്വാസങ്ങളിൽ ഇഷ്ടദൈവത്തിന്റെ നാമം ജപിയ്ക്കണം. ഓം നമ:ശിവായ, ഓം നമോ നാരായണായ, എന്നിങ്ങനെ ജപിയ്ക്കാവുന്നതാണു.( ശ്വാസം ഉള്ളിലേയ്ക്കെടുക്കുമ്പോൾ ഓം എന്നും നിശ്വസിയ്ക്കുമ്പോൽ നമ:ശിവായ എന്നും ജപിയ്ക്കാവുന്നതാണു). ഈശ്വരനും നമ്മളും തമ്മിലുള്ള അകലം ഒരിയ്ക്കൽ സ്മരിച്ചതിനുശേഷം രണ്ടാമതു സ്മരിക്കുന്നതുവരെയുള്ള സമയ ദൈർഘ്യമാണു. അതുകൊണ്ടു കഴിയുന്നത്രതവണ ധാരമുറിയാതെ ജപിയ്ക്കേണ്ടതാണു. ഇഷ്ടദൈവത്തിന്റെചിത്രത്തിൽ നോക്കിക്കൊണ്ട് ജപിയ്ക്കുന്നത് മൂർത്തീരൂപം മനസ്സിൽ സ്ഥിരപ്രതിഷ്ഠനേടുന്നതിനു സഹായകരമാകുന്നതാണു.
ആദ്യമായി അബ്ഡോമിനൽ ബ്രീത്തിങ്ങ്, അനുലോമവിലോമപ്രാണയാമം, സോഹം പ്രാണയാമം എന്നിവചെയ്യുന്നത് വളരെ നല്ലതാണു.
അതിനുശേഷം കട്ടിലിലോ, പായ വിരിച്ചു തറയിലോ കൈകൾ ശരീരത്തിനു ഇരുവശവും വച്ച് കണ്ണുകളടച്ചു മലർന്നു കിടക്കുക. (കിടന്നുകൊണ്ടല്ലാതെ, ഇരുന്നുകൊണ്ടും, യാത്രചെയ്യുമ്പോഴും ധ്യാനം പരിശീലിയ്ക്കാവുന്നതാണു)
ശരീരമാകെ അയച്ചുതളർത്തിയിടുക. ശരീരത്തിലേയ്ക്കു ശ്രദ്ധകൊണ്ടുവരികയും കാൽ വിരൽത്തുമ്പുമുതൽ നിറുകവരെ പടിപടിയായി ശരീരത്തെ മനസ്സുകൊണ്ടു അയച്ചുതളർത്തിയിടുകയും ചെയ്യുക. .. അതിനുശേഷം ശരീരത്തെ വീണ്ടൂം മുഴുവനായി . ഭാവനചെയ്ത് ഇശ്വരനെ സ്മരിച്ച് , അപാരമായ ദൈവാനുഗ്രഹം നിറുകയിലൂടെ , മസ്തിഷ്ക്കത്തിലൂടെ , നാഡിഞ്ഞരമ്പുകളിലൂടെ, ഷട്ചക്രകളിലൂടെ,ഗ്രന്ഥികളിലൂടെ ഒഴുകിയിറങ്ങുന്നതായി സങ്കല്പ്പിക്കുക. അസ്ഥികളിലൂടെ, മജ്ജയിലൂടെ ,. സകല , ആന്തരീകാവയവങ്ങളിടേയും ദൈവാനുഗ്രഹവും സുഖകരമായ സൌഖ്യവും പടരുന്നതായി സങ്കല്പ്പിയ്ക്കുക
ഈ വിശ്വപ്രപഞ്ചത്തിനു ഒരുകേന്ദ്രം ഇല്ലെന്നും ഏതൊരു സ്ഥാനവും അതിന്റെ കേന്ദ്രമാക്കാവുന്നതാണെന്നും പറയുന്നൂ. അതുകൊണ്ട്
താൻ ഈ വിശ്വപ്രപഞ്ചത്തിന്റെ മദ്ധ്യത്തിൽ തന്റെ മൂർത്തിയുമായി ചേർന്നു സ്ഥിതിചെയ്യുന്നുവെന്നു സങ്കല്പ്പിയ്ക്കുക.

താനും , മൂർത്തിയും രണ്ടല്ലയെന്നും ഒന്നുതന്നെയാണെന്നുമുള്ള ബോദ്ധ്യത്തിൽ എത്തിച്ചേരണം. തുടർന്നു സമ്പൂർണ്ണ സമർപ്പണത്തിൽ താനും മൂർത്തിയുമെല്ലാം പരബ്രഹ്മ്മഭാവമാണെന്നബോധത്തിലേയ്ക്ക് എത്തിചേർന്ന് ധ്യാനിയ്ക്കണം. 
സർവ്വ സ്ഥൂല സൂക്ഷ്മലോകങ്ങളേയും അവയിലേയ്ക്കെത്താനുള്ള വാതായനങ്ങളായ ചക്രകളേയും സ്വന്തം ഓറയിൽ സങ്കല്പ്പിയ്ക്കുക.
അതിനുശേഷം ശ്വാസനിശ്വാസങ്ങളിൽ ഭക്തിപൂർവ്വം ഈശ്വരനാമം നിരന്തരമായി ജപിയ്ക്കുക.
ഓം എന്നു ഭക്തിപൂർവ്വം മനസ്സിൽ ജപിച്ചു സർവ്വ സ്ഥൂലസൂക്ഷലോകങ്ങളും തന്നിലേയ്ക്ക് ആവാഹിയ്ക്കുന്നതായി സങ്കല്പ്പിച്ചുകൊണ്ട് ശ്വാസം ഉള്ളിലേയ്ക്കെടുക്കുക. അതിനുശേഷം മൂർത്തിയുടെ നാമം ( ഉദാഹരണമായി - നമ:. ശിവായ) എന്നു ജപിച്ചു സർവ്വ സ്ഥൂല, സൂക്ഷ്മലോകങ്ങളും തന്നിൽനിന്നും ബഹിർഗമിയ്ക്കുന്നതായി സങ്കല്പ്പിച്ചുകൊണ്ട് ശ്വാസം പുറത്തുവിടുക.. ഓറയും, ചക്രകളും അനന്തതയിലേയ്ക്ക് വ്യാപിയ്ക്കുന്നതായി സങ്കല്പ്പിച്ച് സർവ്വ ചരാചരങ്ങളും തന്നിൽ തന്നെ ഉൾക്കൊ ള്ളുന്നതായും, അവ നിരന്തരം തന്നിൽ അലിഞ്ഞുചേരുന്നതായും വീണ്ടും തന്നിൽനിന്നുതന്നെ സ്ര്യഷ്ഠിയ്ക്കപ്പെടുന്നതായും ഭാവന ചെയ്യുക. ശ്വസിയ്ക്കുമ്പ്പോൾ നമ്മൾ നിർഗുണബ്രഹ്മാവസ്ഥയിലേയ്ക്കും, നിശ്വസിയ്ക്കുമ്പോൾ, സഗുണ ബ്രഹ്മാവസ്ഥയിലേയ്ക്കും, സ്ര്യഷ്ഠിയിലേയ്ക്കും വരികയാണു ചെയ്യുന്നതെന്നുബോധ്യത്തോടെ ധ്യാനം തുടരുക.
സർവ്വവും ഈശ്വരഭാവമാണെന്നും, ഒന്നും ഒന്നിൽ നിന്നും വേറിട്ടുനില്ക്കുന്നില്ലെന്നും,തന്നിൽനിന്നും അന്യമായി യാതൊന്നും അവശേഷിയ്ക്കുന്നില്ലെന്നും താനും മൂർത്തിയുമെല്ലാം പരബ്രഹ്മ്മഭാവമാണെ ന്നുള്ള ജ്ഞാനത്തോടുകൂടിയ ഭക്തിയിൽ നിസ്സീമമായ സ്നേഹഭാവത്തിൽ ഈശ്വരനെ സ്മരിച്ചു ജപിച്ചു സുഖകരമായ ആ അനുഭൂതിയിൽ ആഴ്ന്നാഴ്ന്നുപോകുക. മതിയായ സമയം ധ്യാനിയ്ക്കുക. മനസ്സിൽ ഒന്നുമുതൽ അഞ്ചുവരെ എണ്ണിക്കഴിയുമ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ, ആരോഗ്യത്തോടെ, തനിയ്ക്കു ഉണർന്നുവരാൻ കഴിയുമെന്നു മനസ്സിൽ പറയുക. ഉണർന്നുവന്നുകഴിഞ്ഞാലും ധ്യാനാവസ്ഥയിൽ ലഭിച്ച സൌഖ്യവും, സുരക്ഷിതബോധവും എപ്പോഴും നിലനില്ക്കുമെന്നും, മനനം ചെയ്യുക. എന്നിട്ട് മനസ്സിൽ ഒന്നു മുതൽ അഞ്ചുവരെ എണ്ണി ധ്യാനാവസ്ഥയിൽ നിന്നും ഉണർവ്വിലേയ്ക്ക് വരിക. . 
ഇങ്ങനെ ധ്യാനം മുന്നോട്ടുപോകുമ്പോൾ സ്വയമുണ്ടാകുന്ന ശുദ്ധീകരണത്തിലൂടേയും ശാക്തീകരണത്തിലൂടേയും ക്രമേണ നമ്മുടെ സ്ഥാനം ഈ വിശ്വപ്രപഞ്ചത്തിന്റെ ഒരു ശക്തികേന്ദ്രമാകുന്നതിനും നമ്മുടെ ഇഷ്ട്ട ദേവന്റെ രൂപങ്ങൾ സ്വന്തം ആധാരചക്രകളിൽ പ്രത്യക്ഷീഭവിയ്ക്കുന്നതിനും ഈ വിശ്വപ്രപഞ്ചം മുഴുവൻ ഓറയിൽ പ്രതിഫലിയ്ക്കുന്നതിനും തുടങ്ങും.

ചന്ദന കുറി

ചന്ദനം

 വൈഷ്ണവമായതിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന തിലകം ആണ് ചന്ദനം. വിദ്യയുടെ സ്ഥാനം കൂടിയായ നെറ്റിത്തടത്തില്‍ ലംബമായാണ് ചന്ദനം തൊടുന്നത്. സുഷ്മനാ നാഡിയുടെ പ്രതീകമായാണ് ചന്ദനകുറി മുകളിലേക്കണിയുന്നത്. മോതിര വിരല്‍ ചന്ദനം തൊടുവാന്‍ ഉപയോഗിക്കുന്നു.ശരീരത്തിലെ ആജ്ഞാചക്രത്തിന്ഉണര്‍വേകാനും രക്തത്തിനേയും മനസ്സിനെയും ശുദ്ധീകരിക്കുവാനും ചന്ദനലേപനത്തിലൂടെ സാധിക്കുന്നു. ഔഷധശക്തിയുള്ള ചന്ദനത്തിന്ടെ അംശം നെറ്റിതടത്തില്‍ നിന്നും ഊര്‍ന്നിറങ്ങി മുഖമാകെ വ്യാപിക്കുകയും മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്നതുകൊണ്ട് എപ്പോഴും പ്രസന്നവദന്നായിരിക്കുവാന്‍ സാധിക്കും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ പെട്ടന്ന് കൊപിഷ്ഠരാകുന്നതിനാല്‍ ഭ്രുമദ്ധ്യം പെട്ടെന്ന് ചൂടുപിടിക്കുന്നു. ചന്ദനം തണുത്തതായതിനാല്‍ ശരീരത്തിന്ടെ താപനിലയെ ചന്ദനധാരണത്തോടെസ്ഥിരമായി നിറുത്തുവാന്‍ സാധിക്കും. തിലകധാരണം കൂടാതെ ചെയ്യപ്പെടുന്ന ഏതുകര്‍മ്മവും നിഷ്ഫലമാണെന്ന് പുരാണങ്ങള്‍ പറയുന്നു.

ഋഷി പഞ്ചമി

ഋഷി പഞ്ചമി 
ആത്യന്തിക സത്യത്തിന്റെ സ്വരൂപമായിട്ടാണ്‌ വിശ്വകര്‍മാവിനെ ഋഗ്വേദം കണക്കാക്കുന്നത്‌. പിന്നീട്‌ ബ്രഹ്മാവായി രൂപപ്പെട്ടതായും, ബ്രഹ്മാവിന്റെ നാഭിയില്‍നിന്ന്‌ ഹിരണ്യഗര്‍ഭനുണ്ടായതായും പറയപ്പെടുന്നു. യജുര്‍വേദ പുരുഷസൂക്തത്തിലും ഇതേ കാഴ്ചപ്പാടാണുള്ളത്‌. വേദങ്ങൾ പഠിച്ചവർ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും എല്ലാറ്റിന്റെയും അധിപതിയായ ഈശ്വരനും വിശ്വകര്‍മാവാണെന്ന്‌ വിശ്വസിക്കുന്നു. വിശ്വകര്‍മാവ്‌ സ്വയംഭൂവും മരണമില്ലാത്തവനുമായിട്ടാണ്‌ വൈദികർ കരുതുന്നത്‌.
ഈ വിശ്വവും ദേവന്മാരെയും സൃഷ്‌ടിച്ച വിശ്വകർമാവ് .. മഹാമേരു പർവതത്തിൽ കോടി സൂര്യ പ്രഭയോടെ വസിക്കുന്നു ..ദേവകളെയും ഋഷീ മാരെയും സൃഷ്ടിച്ച വിശ്വ ബ്രഹ്മ ഭഗവാൻ ദേവന്മാർക്കും ഋഷീശ്വരന്മാർക്കും ദർശനം നൽകാതെ മറഞ്ഞിരുന്നു ദേവന്മാരും . ... ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുകയും ഭഗവാൻ അവര്ക്ക് മുന്നിൽ വിരാട് ഭാവത്തിൽ പ്രത്യക്ഷമാവുകയും ചെയ്ത ദിവസം ആണ് ദിവസമാണ് ഋഷിപഞ്ചമി. ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷി പഞ്ചമി എന്നറിയപ്പെടുന്നത്. അതായത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വരുന്ന ഭാദ്രപാദ മാസത്തിലെ നാലാം ദിവസം. കർമ്മങ്ങളിലൂടെ വന്നുപോയ പാപങ്ങൾക്ക് പ്രായശ്ഛിത്തം അനുഷ്ഠിക്കുന്ന ദിവസമാണ് .ബഹ്മഋഷികളായ സപ് തര്‍ഷികളേയും, പഞ്ച ഋഷികളേയും പൂജിക്കുന്നു ഋഷി പഞ്ചമി ദിവസം (.കശ്യപന്, അത്രി, ഭരദ്വാജന്, വിശ്വാമിത്രന്, ഗൗതമന്, ജമദഗ്നി, വസിഷ്ഠന് എന്നിവരാണു സപ് തര്‍ഷികള്.മനു, മയൻ, ത്വഷ്ടാവ്, ശില്പി, വിശ്വജ്നൻ എന്നിവരാണു പഞ്ച ഋഷികള്. )

Thursday, August 6, 2015

നമസ്തേ , വന്ദനം

കൈകള്‍ രണ്ടും കൂപ്പി താമരമൊട്ടുപോലെയായി ഹൃദയത്തില്‍ ചേര്‍ത്താണ് തൊഴേണ്ടത്. രണ്ടുകൈകളും കൂപ്പി തലയ്ക്ക് മീതെ പന്ത്രണ്ടംഗുലം ഉയരത്തില്‍ പിടിച്ചും ദൈവത്തെ വന്ദിക്കാം. രണ്ടു കൈയും കൂപ്പി നെറ്റിക്ക് നേരെ ഗുരുവിനെയും, രണ്ടുകൈയും കൂപ്പി ഉദരത്തിനു നേരെ മാതാവിനെയും വന്ദിക്കുന്നു. കൈകള്‍ കൂപ്പുന്ന സമയത്ത് കൈകളുടെ അടിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാന്‍ പാടില്ല. പെരുവിരലിന്റെ അടിഭാഗം ശുക്രമണ്ഡലവും, പെരുവിരലിന്റെ അടിയില്‍ ഹൃദയരേഖ കഴിഞ്ഞുള്ള ഭാഗം ചന്ദ്ര മണ്ഡലവുമാണ്. ചന്ദ്രശുക്രമണ്ഡലങ്ങള്‍ നിഷേധ ചൈതന്യം പുറപ്പെടുവിക്കുന്നു.ആദ്ധ്യാത്മിക കാര്യങ്ങളില്‍ നിഷേധ ചൈതന്യം സ്വീകാര്യമല്ലാത്തതുകൊണ്ടാണ് കൈയ്യിന്റെ അടിഭാഗങ്ങള്‍ യോജിച്ചിരിക്കരുത് എന്നുപറയുന്നത്. തൊഴുന്ന സമയത്ത് സര്‍പ്പാകൃതിയില്‍ വിഗ്രഹത്തില്‍ നിന്നും വരുന്ന കാന്തശക്തി വിരലുകളിലൂടെ പ്രവഹിച്ച് തലച്ചോറിലെത്തുന്നു. അവിടെ നിന്ന് ശരീരമാസകലം ആപ്ലാവനം ചെയ്യുന്നു. പഞ്ചഭൂത ശക്തികളില്‍ ഭൂമിശക്തി ചെരുവിരലിലൂടെയും ജലശക്തി മോതിര വിരലിലൂടെയും അഗ്നിശക്തി നടുവിരളിലൂടെയും, വായുശക്തി ചൂണ്ടുവിരലിലൂടെയും, ആകാശ ശക്തി പെരുവിരലിലൂടെയും ശരീരത്തില്‍ പ്രവേശിക്കുന്നു.

നമസ്തേ ഏന്നാൽ എന്ത്

നമസ്തേ എന്നാല്‍ എന്ത് ?

തന്നേക്കാള്‍ ഉയര്‍ന്ന എന്തിനേയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈകൂപ്പുന്നത്. കൈപ്പത്തികള്‍ ഒപ്പം ചേര്‍ത്തുപിടിച്ച് 'നമസ്തേ' എന്ന് അഭിവാദ്ധ്യം ചെയ്യുന്നു. നമസ്തേ എന്ന പദത്തില്‍ 'തേ' എന്നാല്‍ താങ്കളെയെന്നും, 'മ' എന്നാല്‍ മമ അഥവാ എന്‍റെയെന്നും, 'ന' എന്നാല്‍ ഒന്നുമല്ലാത്തത് എന്നും അര്‍ത്ഥമാകുന്നു. അപ്പോള്‍ 'നമസ്തെ' എന്നാല്‍ "എന്‍റേതല്ല, സര്‍വ്വതും ഈശ്വരസമമായ അങ്ങയുടേത്‌" എന്നാണ്. ഇവിടെ 'ഞാന്‍', 'എന്‍റേത്' എന്നുള്ള അഹങ്കാരം ഇല്ലാതാകുന്നു എന്ന് വ്യക്തം.

ഇനി നമസ്തേ എന്ന പദത്തിന് സ്ഥാന-വ്യക്തി ഭേദമുണ്ട്. ഇതിനെ മൂന്നായിട്ട് തരം തിരിക്കാം. ഒന്ന് ഊര്‍ദ്ധ്വം, രണ്ടു മദ്ധ്യം, മൂന്ന് ബാഹ്യം. കൈപ്പത്തികളും അഞ്ചുവിരലുകളും ഒന്നിച്ച് ചേര്‍ത്ത് ശിരസ്സിനു മുകളിള്‍ പിടിക്കുന്നതാണ്ഊര്‍ദ്ധ്വനമസ്തേ. ഇത് സാധാരണ ഗുരു സന്ദര്‍ശനത്തില്‍, ശ്രാദ്ധത്തില്‍,ബലികര്‍മ്മങ്ങളില്‍, യോഗാസനത്തില്‍ ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരണാഗതിയും പൂര്‍ണ്ണവിധേയ ഭാവവും ആണ്. ഇതോടൊപ്പം 'നമോ നമ:' ശബ്ദമാണ് ഉപയോഗിക്കേണ്ടത്.

മദ്ധ്യനമസ്തേയെന്നാല്‍ കൈപ്പത്തികളും വിരലുകളും ചേര്‍ത്തു നെഞ്ചോട്‌ തൊട്ടുവെയ്ക്കണം. ഇത് ഈശ്വരദര്‍ശനം, ക്ഷേത്ര ദര്‍ശനം, തീര്‍ത്ഥയാത്ര, യോഗിദര്‍ശനം എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം ഈശ്വരനെ ദാസ്യബുദ്ധിയോടെ വീക്ഷിക്കുക എന്നതാണ്. 'നമാമി' ശബ്ദമാണ് ഇവിടെ ഉപയോഗിക്കേണ്ടത്.

ബാഹ്യനമസ്തേയെന്നാല്‍ കൈപ്പത്തിയും അഞ്ചുവിരലുകളും ഒരു താമരമൊട്ടുപോലെ ആക്രുതിവരുത്തി നെഞ്ചോടു ചേര്‍ത്തുവെയ്ക്കണം. (ചെറുവിരല്‍ ഭൂമിയും, മോതിരവിരല്‍ ജലവും, നടുവിരല്‍ അഗ്നിയും, ചൂണ്ടുവിരല്‍ വായുവും, പെരുവിരല്‍ ആകാശവും ആയിട്ടാണ് സങ്കല്‍പ്പിച്ചിട്ടുള്ളത്. അതായത്, പഞ്ചഭൂതങ്ങള്‍ പ്രപഞ്ചത്തില്‍ ഒരുമിച്ചുചേര്‍ന്നുള്ള അവസ്ഥയെയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.) ഇത് ദേവപൂജ, സ്വയംപൂജ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

ഇതിന്‍റെ ശാസ്ത്രീയത ഇപ്രകാരമാണ്. വലതുകൈയ്യിന്‍റെ നിയന്ത്രണം പിംഗള നാഡിക്കും, ഇടതുകൈയ്യിന്‍റെ നിയന്ത്രണം ഇഡാ നാഡിക്കും ഉണ്ട്. പിംഗളനാഡി രജോഗുണത്തിന്‍റെയും, ഇഡാനാഡി തമോഗുണത്തിന്‍റെയും പ്രതീകമാണ്. കൈകള്‍ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും തങ്ങളുടെ പ്രവൃത്തികള്‍ ആരംഭിക്കുകയും, നട്ടെല്ലിലെ സുഷുമ്നാനാഡി ഉണര്‍ന്നു പ്രവൃത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ജ്ഞാനലബ്ധി ഉണ്ടാകുകയും അതിലൂടെ ഞാനെന്ന ഭാവം മാറി എല്ലാം സര്‍വ്വമയമായ ഈശ്വരന്‍ എന്ന ബോധം അനുഭവപ്പെടുകയും ചെയ്യും.

Tuesday, August 4, 2015

ഉത്തിഷ്ഠ ഭാരതം

ഉത്തിഷ്ഠ ഭാരത

ഭാരതം 

ഇന്ത്യക്കാര്‍ ആവുന്നതിനു മുന്പ് നാം ഭാരതീയര്‍ ആയിരുന്നു... അറിയണ്ടേ ഭാരതം എന്നാല്‍ എന്താണെന്ന്... ഏതൊരാളും അറിഞ്ഞിരിക്ക്യെണ്ടതല്ലേ അത്? 

ഭാ ഭാതി സര്‍വഷു ശാസ്ത്രെഷു 
രാ രതി സര്‍വേഷു ജന്തുഷു 
ത താരണം സര്‍വേഷു ലോകേഷു 
തേന ഭാരതമുച്ച്യതെ

ഭാ --- ഭാതി ---- പ്രകാശം 
ര--- രതി--- അറിഞ്ഞു, അതില്‍ ജീവിക്കുക..
ത --- തരണം ചെയ്യുക..

ഭാ എന്നാല്‍ പ്രകാശം സൂര്യദേവന് ഭാസ്കരന്‍ , ഭാനു എന്നെല്ലാം പേര് വരാന്‍ കാരണം ഇതാണ്..
ഭ എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ ചുണ്ടുകളില്‍ ഒരു ശക്തിയും പ്രകാശവും വികാസവും ഉണ്ടാകുന്നുണ്ട്... പറഞ്ഞു നോക്കൂ... ഭഗവാനെ സര്‍വ്വ ശക്തിമാന്‍, സര്‍വ വ്യാപി, സര്‍വ ജ്ഞ്യാനി എന്നൊക്കെ വിളിക്കുന്നതിനു കാരണവും ഇതു തന്നെ... ഭാ ഭാതി സര്‍വഷു ശാസ്ത്രെഷു എന്നാല്‍ സര്‍വ ശാസ്ത്രങ്ങളിലും ഏതു സത്യത്തെ ആണോ പറയുന്നത് ആ സത്യത്തെ (പ്രകാശത്തെ) കണ്ടെത്തിയ നാടാണ് ഭാരതം..

ര എന്നാല്‍ രതി .... രതി എന്നാല്‍ അറിഞ്ഞു അതില്‍ ജീവിക്കുക രതി സര്‍വേഷു ജന്തുഷു .... സര്‍വ ജന്തുക്കലോടും രതി വരാന്‍ ഏതോരറിവാണോ നമ്മെ സഹായിക്കുന്നത് ആ അറിവ് ആത്മീയം ആണ്...ആ രതി , അതെങ്ങനെ വരും? എന്നിലും നിങ്ങളിലും ഉള്ളത് ഒരേ ഭഗവാനെന്നു ബോദ്ധ്യമാവുമ്പോള്‍ പരസ്പരം ബഹുമാനിക്കുന്നുസ്നേഹിക്കുന്നു..അത് ബോധ്യപ്പെട്ടു ആ പ്രകാശത്തില്‍ ജീവിച്ചിരുന്നവര്‍ ആണ് ഭാരതീയര്‍

ത എന്നാല്‍ താരണം അതായത് തരണം ചെയ്യുക എന്ത് തരണം ചെയ്യുക? ദുഖങ്ങളുടെ ലോകങ്ങളെ തരണം ചെയ്യ്യാന്‍ എതോരരിവാണോ നമ്മെ സഹായിക്കുന്നത് അപ്രകാരം ഉള്ള അറിവില്‍ രതിച്ചു കൊണ്ട് , ദുഃഖ സാഗരം തരണം ചെയ്യ്ത് പ്രകാശത്തിലേക്ക് , ആ ചൈതന്യത്തിലേക്ക്‌ നീങ്ങുന്ന നാടാണ് ഭാരതം... അവരായിരുന്നു ഭാരതീയര്‍..

( ഭരത ചക്രവര്‍ത്തി ഭരിച്ചത് എന്നര്‍ത്ഥത്തിലും ഭാരതം എന്ന് പുരാണങ്ങളില്‍... )

ഈ മഹത്തായ ഭാരതം എന്ന പേരിനെ ആണ് ഇപ്പൊ എല്ലാരും കൂടി പിടിച്ച് ഇന്ത്യ എന്നാക്കിയിരിക്കുന്നത്... ഈ പേര് എങ്ങിനെ വന്നു എന്ന് ചിന്തിച്ചു നോക്കൂ... അറിയുമോ ?? ആ പേരിന്റെ അര്‍ഥം എന്താണ്? ആര്‍ക്കെങ്കിലും അറിയുമോ? എന്തായാലും അവിടെ തുടങ്ങുന്നു ഭാരതത്തിന്റെ അധപതനം..