Friday, August 7, 2015

ജപയോഗം

ജപയോഗം

“ മനനാത് ത്രായതേ ഇതി മന്ത്ര:”
മനനം അഥവാ ചിന്തനം കൊണ്ട് സാധകനെ 
ജനനമരണപ്രവാഹസ്വരൂപമായ സംസാരത്തിൽനിന്നും രക്ഷിക്കുന്നുവെന്നാണു മന്ത്രജപത്തിന്റെ അർഥം. മാനസികം, ഉപാംശു, വൈകരി എന്നിങ്ങനെ മൂന്നുതരത്തിലുണ്ടെങ്കിലും മാനസ്സികജപവും അതുതന്നെ ശ്വാസനിശ്വാസങ്ങളിലുള്ള ജപവുമാണു ഏറ്റവും ശക്തിയേറിയതും ശ്രേഷ്ടവും.
ഈശ്വരനും നമ്മളും തമ്മിലുള്ള അകലം ഒരിയ്ക്കൽ സ്മരിച്ചതിനുശേഷം രണ്ടാമതു സ്മരിക്കുന്നതുവരെയുള്ള സമയ ദൈർഘ്യമാണു. അതുകൊണ്ടു കഴിയുന്നത്രതവണ ധാരമുറിയാതെ ജപിയ്ക്കേണ്ടതാണു. മന്ത്രം മോക്ഷകവാടത്തിന്റെ താക്കോൽ ( പാസ്സ് വേർഡ്) ആണെന്നുപറയാം. അതുകൊണ്ട് ഒന്നിലധികം മന്ത്രങ്ങൾ ഒരേസമയം ജപിയ്ക്കുന്നത് ഉത്തമമല്ല. അതുപോലെ മന്ത്രാക്ഷരങ്ങൾ എത്രയ്ക്ക് കുറഞ്ഞിരിക്കുന്നുവോ അത്രയും നന്നായിരിക്കും. ഒരു ഇഷ്ടമൂർത്തിയെ സ്വീകരിച്ച് അതിനനുയോജിച്ച ബീജമന്ത്രം സദാജപിയ്ക്കുകയാണുവേണ്ടതു. 
മന്ത്രസിദ്ധി വന്നതിനുശേഷം മറ്റുമന്ത്രങ്ങൾഉപയോഗിക്കുന്നതുകൊണ്ട് വിരോധമില്ല. ഏതൊരു ദേവതാ നാമത്തോടും പ്രണവം പൂർവ്വകമായും നമ: അന്ത്യത്തിലും ചേർത്തു ജപിയ്ക്കാവുന്നതാണു. നമുക്ക് ഒരേസമയം നൂറ്റിയിരുപത് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ കഴിയുമത്രെ. ഈ അധികചിന്തകളാണു നമുക്ക് അസ്വസ്ഥ്തകൾ ഉണ്ടാക്കുന്നതു. എന്നാൽ തുടർച്ചയായ മന്ത്രജപത്താൽ സാധകന്റെ മനസ്സിൽസദാസമയവും ഈശ്വരചിന്ത മാത്രമായിത്തീരുന്നു. ഊണിലും, ഉറക്കത്തിലും സ്വപ്നാവസ്ഥയിൽപ്പോലും ജപം തുടർന്നുകൊണ്ടിരിക്കുകയും അത് ധാരമുറിയാത്തതുമായിത്തീരുകയും ചെയ്യും. ഇഷ്ടദൈവത്തെ മനസ്സിൽ ധ്യാനിച്ച് സകലതും ഭഗവാനിൽ അർപ്പിച്ചു ജപിക്കുമ്പോൾ സദാസമയവും എന്തെന്നില്ലാത്ത ഒരു സൌഖ്യവും സുരക്ഷിതബോധവും അനുഭവപ്പെടാൻ തുടങ്ങും. ഓം, ഓം നമ:ശിവായ, ഓം നമോ നാരായണായ, എന്നിങ്ങനെ നമ്മുടെ വിശ്വാസത്തിനും, സങ്കല്പ്പത്തിനും അനുസരിച്ചു ജപിക്കാവുന്നതാണു. യോഗനാഡികളെ ശക്തമാക്കുന്നതിനും ആത്മീയപുരോഗതിക്കുംവേണ്ടി പ്രാണയാമങ്ങൾ, ധ്യാനം എന്നിവകൂടി പരിശീലിക്കുന്നതു വളരെ നല്ലതാണു. നിരന്തരജപത്താൽ ചിത്തമാലിന്യങ്ങളടങ്ങി, ഭക്തിയും സ്നേഹവും വർദ്ധിച്ചുവരുന്നതിനും, സാധകനുള്ളിലെ ദൈവീകഭാവം ഉണർന്നുവരാനും തുടങ്ങും. ശരീരത്തിനു ചുറ്റുമുള്ള പ്രകാശവലയം അഥവാ ഓറയുടെ വ്യാപ്തിയും, അധാരചക്രകളുടെ സ്പന്ദനവും വർദ്ധിച്ചുവരും . അനാഹത ചക്രയുടെ നിറം നല്ല പച്ചനിറത്തിലേയ്ക്കു വരികയും ഈ ചക്ര കൂടുതൽ വികസിതമാകുകയും ചെയ്യും. മണിപ്പൂരചക്രയുടെ വലിപ്പം കുറഞ്ഞുവരാൻ തുടങ്ങും. സഹസ്രാരചക്രയുടെ വലിപ്പം ക്രമേണ വർദ്ധിയ്ക്കാനും അതിനുമുകളിലെ പ്രകാശസ്തൂപത്തിൽ ആത്മീയ ചക്രകൾ രൂപം കൊള്ളാനും തുടങ്ങും. മനസ്സിന്റെ ഏകാഗ്രത വർദ്ധിക്കുന്നതിനനുസരിച്ച് ഷഡാധാരചക്രകളിൽ ഇഷ്ടദൈവത്തിന്റെരൂപം ക്രമേണരൂപംകൊള്ളുന്നതിനും അതിനു ജീവനുള്ളതുപോലെ ചലനശേഷി കൈവരാനും തുടങ്ങും. എന്നാൽ നമ്മളിൽ ഞാനെന്നഭാവം നിലനില്ക്കുന്നിടത്തോളം മണിപ്പൂര ചക്രയിലെ ഇഷ്ട മൂർത്തിയുടെ ഭാവത്തിനു രൌദ്രഭാവമായിരിയ്ക്കും. പരിപൂർണ സമർപ്പണം സാദ്ധ്യമായാൽ, ഞാനെന്നഭാവം നിശേഷം വെടിഞ്ഞാൽ ഷട്ചക്രകളിലെ സകല മൂർത്തീഭാവങ്ങൾക്കും സൌമ്യഭാവം കൈവരും. ഈ അവസ്ഥ സാധകന്റെ ശുദ്ധീകരണത്തെയാണു സൂചിപ്പിക്കുന്നതു. നാദത്തിൽനിന്നാണു സ്ര്യഷ്ടിയുണ്ടായതെന്നും, പ്രപഞ്ചം അതിന്റെ മൂലരൂപത്തിൽ ചൈതന്യം മാത്രമാണെന്നും,ഏതൊരുവസ്തുവിനേയും വിഘടിച്ചാൽ സ്പന്ദനരൂപത്തിലുള്ള ചൈതന്യത്തിലേയ്ക്കു എത്തിച്ചേരുമെന്നും, മനസ്സ് ഈ ചൈതന്യത്തിന്റെ ഗുണമാണെന്നും പറയുന്നു.അതുകൊണ്ട് നാദമുണ്ടാകുമ്പോൾ തരങ്കമുണ്ടകുമെന്നും, തരങ്കമുണ്ടാക്കാൻ കഴിഞ്ഞാൽ വസ്തുവുമുണ്ടാക്കാൻ കഴിയുന്നതാണെന്നും പറയുന്നു. നിരന്തരമായജപത്താൽ സാധകനു പ്രപഞ്ചത്തിന്റെ മൂലരൂപമായ ചൈതന്യത്തിൽ സ്വാധീനം ചെലുത്താൻ കഴിയും. ഈ വിശ്വ പ്രപഞ്ചത്തിനു ഒരു കേന്ദ്രമില്ല എന്നുമാത്രമല്ല, ഓരോ അണുവിലും പരമാത്മഭാവം പൂർണ്ണമായി പ്രതിഫലിച്ചു നില്ക്കുകയും ചെയ്യുന്നു. . അതുകൊണ്ട് നിരന്തരജപത്താൽ ഒരു സാധകനു സ്വയം ശുദ്ധീകരണത്തിലൂടേയും, സ്വയം ശാക്തീകരണത്തിലൂടേയും ക്രമേണ ഈ വിശ്വപ്രപഞ്ചത്തിലെ ഒരുശക്തികേന്ദ്രമാകാൻ കഴിയും.
ഒരുകാര്യത്തെക്കുറിച്ചുതന്നെ നിരന്തരമായി ചിന്തിയ്ക്കുമ്പോൾ അതിന്റെ ചിത്രം മനസ്സിൽ രൂപപ്പെടും അങ്ങിനെ തന്റെ വർദ്ധിച്ച ഇച്ചാശക്തിയാൽ സാധകനു സ്വന്തം ആരോഗ്യവും, സന്തോഷവും,സ്വാതന്ത്ര്യബോധവും വർദ്ധിപ്പിയ്ക്കുന്നതിനും സദാസമയവും ഒരു സൌഖ്യാവസ്ഥ കൈവരിയ്ക്കുന്നതിനും കഴിയും.
മന്ത്രസാധനയിൽ മന്ത്രവും മൂർത്തിയും രണ്ടല്ലയെന്നും ഒന്നുതന്നെയാണെന്നുമുള്ള ബോദ്ധ്യത്തിൽ എത്തിച്ചേരണം. തുടർന്നു സമ്പൂർണ്ണ സമർപ്പണത്തിൽ സാധകനും മൂർത്തിയും തമ്മിലുള്ള ദൂരത്തെ പടിപടിയായി കുറച്ചുകൊണ്ടുവന്നു രണ്ടും ഒന്നായിത്തീരണം. അവസാനമായി സ്വയം നിത്യമായ ആത്മാവാണെന്നറിഞ്ഞ് താനും മൂർത്തിയുമെല്ലാം പരബ്രഹ്മ്മഭാവമാണെന്നബോധത്തിലേയ്ക്ക് എത്തിചേർന്ന് സർവ്വചരാചരങ്ങളേയും,സകല അണ്ഡകടാഹങ്ങളേയും, സ്ഥൂല, സൂക്ഷ്മലോകങ്ങളേയും താൻ ഉൾക്കൊള്ളുന്നുവെന്നും, തന്നിൽനിന്ന് അന്യമായിയാതൊന്നുമില്ലെന്നും, താൻ സ്വയം പരബ്രഹ്മഭാവ മാണെന്നുമുള്ളബോധത്തിൽ സ്ഥലകാലമമയബോധമില്ലാതെ ധ്യാനിയ്ക്കണം.
അങ്ങിനെ ദ്വൈതത്തിലൂടെ അദ്വൈതത്തിലേയ്ക്ക് എത്തിച്ചേരാൻ കഴിയും ഈ വിശ്വപ്രപഞ്ചത്തിൽ താൻ ഒറ്റപ്പെട്ടവനാണെന്നധാരണയാണു രോഗഭയം, മരണഭയം തുടങ്ങിയ സകലവിധഭയപ്പാടുകൾക്കും കാരണം. നിരന്തരമായജപത്താൽ താൻ ഒറ്റപ്പെട്ടവനല്ലെന്നും ഈ വിശ്വപ്രപഞ്ചത്തിന്റെ ശക്ത്മായ ഒരവിഭാജ്യഘടകമാണെന്നും,സുരക്ഷിതനാണെന്നുമുള്ളബോധം നമ്മിൽ അറിയാതെ ആവിർഭവിക്കുകയുംഇത് ജീവിതപ്രതിസന്ധികളെ സമചിത്തതയോടെ അഭിമുഖീകരിക്കുന്നതിനു സഹായിക്കുകയും ചെയ്യും. പ്രാരാപ്തങ്ങളിലും ജീവിതപ്രതിസന്ധികളിലും,രോഗഭയങ്ങളാലും ഉഴലുന്ന ആധൂനികമനുഷ്യനെ ആരോഗ്യത്തിലേയ്ക്കും, ആത്മീയതയിലേയ്ക്കും, മോക്ഷത്തിലേയ്ക്കുംവരെ എത്തിച്ചേരാൻ സഹായിക്കുന്ന ഒരു മാർഗ്ഗമാണു ജപയോഗം.

No comments:

Post a Comment