Tuesday, August 4, 2015

ഭാരതിയ സംസ്കാരം

ഭാരതീയ സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്ക് ഈ ലേഖനം ഒരു വഴികാട്ടിയാകും. 
_____________________________________

"നമുക്ക് സ്വാതന്ത്ര്യം ലഭിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് എന്‍റെ ഉത്തരം. നാം ഇന്നും മാനസികമായി വെള്ളക്കാരുടെ അടിമകളാണ്. നമ്മുടെ നാട്ടില്‍ ഇന്നും മുഖസൌന്ദര്യവസ്തുക്കളുടെ വില്പന കൂടിത്തന്നെ നില്‍ക്കുന്നത് വെളുത്തതാണ് മഹത്തരമായതെന്ന് നമ്മുടെ ആഴ്മനസ്സിലൂന്നിയ ചിന്താഗതികൊണ്ടാണ്. 

നാം എന്ന് നമ്മുടെ നാടിന്‍റെ മഹത്വം മനസ്സിലാക്കുന്നോ അന്ന് നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. എന്നാല്‍ നമ്മുടെ ഭാരതം ദരിദ്രരാജ്യമാണെന്നാണ് നമ്മെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. ഇത് തികച്ചും വാസ്തവവിരുദ്ധമാണ്. നാം ദരിദ്രരല്ല, ദരിദ്രരാക്കപ്പെട്ടവരാണ്. നാമായിരുന്നു എല്ലാംകൊണ്ടും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരാജ്യം. ആത്മീയതയിലും, ശാസ്ത്രത്തിലും,കലകളിലും, കെട്ടിട നിര്‍മ്മാണത്തിലുമൊക്കെ നാം ലോകത്ത് തിളങ്ങിനിന്നിരുന്നു.

എല്ലാറ്റിനുമുപരി ആത്മീയതയാണ് ഭാരതത്തിന്‍റെ മുഖമുദ്ര. ഒരു കുട്ടി ജനിക്കുന്നതു മുതല്‍ മരിച്ച് മൃതശരീരം ദഹിപ്പിക്കുംവരെ വിവിധ ആചാരങ്ങളോടെ ജീവിച്ച് നാം നമ്മുടെ ആത്മീയത തലമുറകളായി കൈവിടാതെ പിന്തുടര്‍ന്നുവന്നു. ആത്മീയതയെ ലക്ഷ്യംവച്ച് ഉണ്ടാക്കിയെടുത്ത ഈ ആചാരങ്ങളുടെ ആകെത്തുകയെ നാം സംസ്കാരം എന്നുവിളിക്കുന്നു.

എന്തുകൊണ്ടാണ് നാം നമ്മുടെ ഭാരതീയ സംസ്കാരം കാത്തുസൂക്ഷിക്കണമെന്ന് പറയുന്നത്? ഈ രാജ്യത്ത് എല്ലാവരും സന്ന്യാസിമാരായിരുന്നെങ്കില്‍ നാമെല്ലാവരും സ്വയം മോക്ഷമാര്‍ഗ്ഗത്തിലെത്തുമായിരുന്നു. നമുക്ക് ഒരു സംസ്കാരത്തിന്‍റെ ആവശ്യമേയില്ല. എന്നാല്‍ സാധാരണജനതയേയും മുക്തിപാതയിലേക്ക് വഴിനടത്തണണമെങ്കില്‍ ആചാരങ്ങളില്‍ അധിഷ്ഠിതമായ ഒരു സംസ്കാരം ആവശ്യമുണ്ടെന്ന്മനസ്സിലാക്കിയ ഋഷീശ്വരന്മാര്‍ നമുക്കുവേണ്ടി ഒരു ജീവിതരീതി മുന്നോട്ടുവച്ചു. 

എന്‍റെ അഭിപ്രായത്തില്‍ ഈ രാജ്യത്തിന്‍റെ പേരുതന്നെ മാറ്റണം. 'ഇന്ത്യ' ഒരു അര്‍ത്ഥവുമില്ലാത്ത വാക്കാണത്. നമ്മുടെ പൂര്‍വ്വികര്‍ ഈ പുണ്യഭൂമിയെ ഭാരതം എന്നാണ് വിളിച്ചിരുന്നത്. ഭരതന്മാര്‍ ഭരിച്ച നാട്, ഭാഗീരഥി ഒഴുകുന്ന നാട്, ഭാവ-രാഗ-താളങ്ങളുടെ നാട്, ഭാസത്തില്‍ (അറിവില്‍, പ്രകാശത്തില്‍) രമിക്കുന്ന നാട് ഇതൊക്കെയാണ് ഭാരതം എന്ന വാക്കിനര്‍ത്ഥം. ഹിമാലയം മുതല്‍ സിന്ധു സമുദ്രം (Indian Ocean)വരെ പരന്നു കിടക്കുന്ന ഈ മഹത്തായ ഭൂമേഖലയെ പുറമേ നിന്ന് വന്നവര്‍ ഹിന്ദുസ്ഥാന്‍ എന്നും വിളിച്ചു. 

ഏതൊരു സംസ്കാരത്തെ തകര്‍ക്കാനും ആദ്യം ചെയ്യുന്നത് അതിന്‍റെ പേരു മാറ്റുകയെന്നതാണ്. അതേ വിദ്യ വിദേശികള്‍ ഇവിടേയും പ്രയോഗിച്ചു. സിന്ധൂനദീതട സംസ്കാരത്തെ ഇന്‍ഡസ് വാലി സിവിലൈസേഷനാക്കി. പിന്നീട് അതിന്‍റെ ചുവട് പിടിച്ച് ഇന്ത്യ എന്ന പേരുമിട്ടു. ഇന്‍ഡസ് എന്ന വാക്കിന് ഇംഗ്ലീഷില്‍ പ്രത്യേകിച്ച് ഒരര്‍ത്ഥവുമില്ല. 

എന്നാല്‍ നമ്മുടെ പിതൃത്വത്തേയും പൈതൃകത്തേയും മാറ്റുന്നതാണെന്ന് നാമിന്നും തിരിച്ചറിയുന്നില്ല. ഇപ്പോഴും ജഗന്നാഥന്‍ എന്ന് പേരുള്ള ഒരുത്തന്‍ സ്വയം പരിചയപ്പെടുത്തുന്നത് ജാക്ക് എന്നാണ്. അങ്ങനെ പേരുണ്ടെങ്കില്‍ അതെന്തോ വലിയ പരിഷ്കാരമാണെന്നാണ് അവന്‍ കരുതുന്നത്. ഞാന്‍ വിദേശത്ത് പോയപ്പോള്‍ എന്നെ സ്വീകരിക്കാന്‍ മാക്സ് എന്ന് പേരുള്ള ഒരാളാണ് വരികയെന്ന് പറഞ്ഞിരുന്നു. ഏതോ വെള്ളക്കാരനായിരിക്കും എന്നുകരുതി ഞാന്‍ കാത്തിരിക്കവേ ഇതാ വരുന്നു ഒരു പച്ചത്തമിഴന്‍. നിങ്ങളാണോ മാക്സ് എന്ന് ഞാന്‍ ചോദിച്ചു. അതിന് അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. എന്‍റെ ശരിയായ പേര് മുരുകന്‍ എന്നാണ്. ഇവിടെ ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ഒരു വെള്ളക്കാരി ക്രിസ്ത്യാനിപെണ്ണിനെ കല്ല്യാണം കഴിച്ചു. അവളിട്ട പേരാണ് മാക്സ് എന്ന്. ഇതുകേട്ട് ഞാന്‍ ചോദിച്ചു. അപ്പോ നിങ്ങള്‍ക്ക് അവളുടെ പേരുമാറ്റി ആണ്ടാളെന്നോ കര്‍പ്പകമെന്നോ ആക്കാമായിരുന്നില്ലേ? 

ഈ നാട്ടിന് അവര്‍ Madras എന്ന് പേരിട്ടു. നമ്മളൊക്കെ Mad ഉം Rascals ഉം ആണെന്നാണോ അവരുദ്ദേശിച്ചതെന്ന് അറിയില്ല.. ഇതുപോലെത്തന്നെ തിരുവനന്തപുരം ട്രിവാന്‍ഡ്രും ആയി. കേരളത്തിലെ കോഴിക്കോടെന്ന സ്ഥലം കാലിക്കറ്റ് ആയി. തിരുവനന്തപുരമെന്നും, കോഴിക്കൊടെന്നുമൊക്കെ അവരുടെ നാക്കിന് വഴങ്ങാത്തതുകൊണ്ടാണ് അവരിങ്ങനെ മാറ്റിപ്പറഞ്ഞത്. പക്ഷെ അതുകേട്ട് നാക്കിന് നല്ല അക്ഷരശുദ്ധിയുള്ള വിദ്യാസമ്പന്നരായ നമ്മളും അത് മാറ്റിപ്പറയുന്നതിനെയാണ് മാനസിക അടിമത്വം എന്ന് ഞാന്‍ പറഞ്ഞത്. 

സൂര്യഗോളം പൊട്ടിത്തെറിച്ച് ഒരു ഭാഗം തണുത്തുറഞ്ഞ് ഭൂമിയായി മാറിയ അന്നുമുതല്‍ തുടങ്ങിയതാണ് നമ്മുടെ നാടിന്‍റെ സംസ്കാരം. ആദ്യം ജനിച്ച അണുവിനും അതിന്‍റേതായ ധര്‍മ്മമുണ്ടായിരുന്നുവെന്ന് നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നു. 

ആയുര്‍വേദം, കല, ശാസ്ത്രം, ആചാരങ്ങള്‍ എന്നിവയെല്ലാം ആത്മീയതയില്‍ പൊതിഞ്ഞ് നമുക്ക് തലമുറകളായി കൈമാറിവന്നു. ഈ സംസ്കാരം അടുത്ത തലമുറയിലേക്ക് പകര്‍ന്നുകൊടുക്കാന്‍ നാം ആദ്യം ഇതിനെക്കുറിച്ച് അറിവും അഭിമാനവുമുള്ളവരാകണം. ആചാരങ്ങളും മുറതെറ്റാതെ അനുഷ്ഠിക്കണം. എന്തെന്നാല്‍ ഒരു സംസ്കാരം നിലനില്ക്കുന്നത് ആചാരങ്ങളിലൂടെയാണ്. ഇത്രയൊക്കെ വൈദേശിക ആക്രമണങ്ങളുണ്ടായിട്ടും നമ്മുടെ നാട് മരിക്കാതിരുന്നത് സാധാരണക്കാരിലൂടെ ആത്മീയതയിലൂന്നിയ ആചാരങ്ങള്‍ നിലനിന്നുവന്നതുകൊണ്ടാണെന്ന സത്യം വിസ്മരിക്കാതിരിക്കുക."

No comments:

Post a Comment