Friday, August 7, 2015

അഹം ബ്രഹ്മാസ്മി ധ്യാനം

അഹം ബ്രഹ്മാസ്മി ധ്യാനം

    ബ്ര്യഹദാരണ്യകോപനിഷത്തിലുള്ളതാണു “അഹം ബ്രഹ്മാസ്മി“ ( ഞാൻ ബ്രഹ്മമാണു) എന്ന മന്ത്രം. ഹിന്ദുക്കളിൽ നല്ലൊരു ശതമാനം വിശ്വാസികളും,ഇതര മതസ്ഥരും സ്വയം ഈശ്വരഭാവമാണെന്ന ചിന്തയെ അഹങ്കാരമായും, ദൈവനിഷേധമായും കണക്കാക്കുന്നതായി കാണുന്നു. സർവ്വവും സർവ്വേശ്വരനാണെന്നും, ഓരോ അണുവിലും തുല്യ അളവിൽ സർവ്വേശ്വരഭാവം പ്രതിഫലിച്ചു നില്ക്കുന്നുവെന്ന സത്യദർശനത്തിൽ അധിഷ്ഠിതമാണീ ഉപനിഷത്ത് ചിന്ത. സർവ്വവും സർവ്വേശ്വരനാണു, ഞാനും പൂർണമായും ഈശ്വരഭാവം തന്നെയാണു, ഈ കാണുന്നതെല്ലാം എന്റെതന്നെ ഭാവങ്ങളാണു എന്ന സത്യചിന്തയിൽ ഒന്നും തന്നിൽനിന്നും അന്യമല്ലയെന്ന അറിവിൽ, ഭയഭാവങ്ങൾ അകന്നു ഭക്തിയും, നിസ്സീമമായ സ്നേഹവുമാണു ഉടലെടുക്കുക. എലാം ഞാൻ തന്നെയാകുമ്പോൾ, ആരെ ഭയക്കാനാണു, ആരോട് അഹംകരിയ്ക്കാനാണു.
ജ്ഞാന, യോഗ മാർഗ്ഗത്തോടുകൂടിയ ഭക്തിയാണു ഏറ്റവും ശക്തമായത്. കഴിയുന്നതും ഒരു മൂർത്തിയെ മാത്രം ഇഷ്ടദേവതയായി തിരഞ്ഞെടുക്കുക. നാം വിശ്വസിയ്ക്കുന്ന, ശ്രീപരമേശ്വരൻ, ശ്രീരാമൻ, ശ്രീക്ര്യഷ്ണൻ, മുതലായ ദേവന്മാരൊക്കെ നമ്മെ സംബന്ധിച്ചിടത്തോളം ഇശ്വരന്മാരാണെങ്കിലും അവരും രൂപഭാവമില്ലാത്ത സർവേശ്വരനെ പ്രാർത്ഥിച്ചിരുന്നുവെന്ന സത്യം ജ്ഞാനമായതുകൊണ്ട് അത് ഉൾക്കൊള്ളാൻ ശ്രമിയ്ക്കുക. ഓം നമശിവായയെന്നാൽ ശിവനിലൂടെ ഓംങ്കാരത്തിലേയ്ക്ക് എന്നും, ഓം നമോ നാരായണായ: എന്നാൽ നാരായണനിലൂടെ ഓംങ്കാരത്തിലേയ്ക്ക് എന്നും മനസ്സിലാക്കുക. മേല്പ്പറഞ്ഞ രണ്ടുകാര്യവും നമ്മുടെ സംശയഭാവങ്ങൾ കുറ്യ്ക്കുന്നതിനും സ്ഥിരവിശ്വാസംനേടുന്നതിനും സഹായകമാകും. 
ആത്മാവിന്റെ ഗുണമായ മനസ്സിന്റെ ബഹിർപ്രകടനരൂപമായ ശ്വാസത്തിൽ നമ്മുടെ ഇഷ്ടദൈവത്തിന്റെ നാമം നിരന്തരം മനനനം ചെയ്ത് യോഗമാക്കി മാറ്റണം. അഥായത് ശ്വാസനിശ്വാസങ്ങളിൽ ഇഷ്ടദൈവത്തിന്റെ നാമം ജപിയ്ക്കണം. ഓം നമ:ശിവായ, ഓം നമോ നാരായണായ, എന്നിങ്ങനെ ജപിയ്ക്കാവുന്നതാണു.( ശ്വാസം ഉള്ളിലേയ്ക്കെടുക്കുമ്പോൾ ഓം എന്നും നിശ്വസിയ്ക്കുമ്പോൽ നമ:ശിവായ എന്നും ജപിയ്ക്കാവുന്നതാണു). ഈശ്വരനും നമ്മളും തമ്മിലുള്ള അകലം ഒരിയ്ക്കൽ സ്മരിച്ചതിനുശേഷം രണ്ടാമതു സ്മരിക്കുന്നതുവരെയുള്ള സമയ ദൈർഘ്യമാണു. അതുകൊണ്ടു കഴിയുന്നത്രതവണ ധാരമുറിയാതെ ജപിയ്ക്കേണ്ടതാണു. ഇഷ്ടദൈവത്തിന്റെചിത്രത്തിൽ നോക്കിക്കൊണ്ട് ജപിയ്ക്കുന്നത് മൂർത്തീരൂപം മനസ്സിൽ സ്ഥിരപ്രതിഷ്ഠനേടുന്നതിനു സഹായകരമാകുന്നതാണു.
ആദ്യമായി അബ്ഡോമിനൽ ബ്രീത്തിങ്ങ്, അനുലോമവിലോമപ്രാണയാമം, സോഹം പ്രാണയാമം എന്നിവചെയ്യുന്നത് വളരെ നല്ലതാണു.
അതിനുശേഷം കട്ടിലിലോ, പായ വിരിച്ചു തറയിലോ കൈകൾ ശരീരത്തിനു ഇരുവശവും വച്ച് കണ്ണുകളടച്ചു മലർന്നു കിടക്കുക. (കിടന്നുകൊണ്ടല്ലാതെ, ഇരുന്നുകൊണ്ടും, യാത്രചെയ്യുമ്പോഴും ധ്യാനം പരിശീലിയ്ക്കാവുന്നതാണു)
ശരീരമാകെ അയച്ചുതളർത്തിയിടുക. ശരീരത്തിലേയ്ക്കു ശ്രദ്ധകൊണ്ടുവരികയും കാൽ വിരൽത്തുമ്പുമുതൽ നിറുകവരെ പടിപടിയായി ശരീരത്തെ മനസ്സുകൊണ്ടു അയച്ചുതളർത്തിയിടുകയും ചെയ്യുക. .. അതിനുശേഷം ശരീരത്തെ വീണ്ടൂം മുഴുവനായി . ഭാവനചെയ്ത് ഇശ്വരനെ സ്മരിച്ച് , അപാരമായ ദൈവാനുഗ്രഹം നിറുകയിലൂടെ , മസ്തിഷ്ക്കത്തിലൂടെ , നാഡിഞ്ഞരമ്പുകളിലൂടെ, ഷട്ചക്രകളിലൂടെ,ഗ്രന്ഥികളിലൂടെ ഒഴുകിയിറങ്ങുന്നതായി സങ്കല്പ്പിക്കുക. അസ്ഥികളിലൂടെ, മജ്ജയിലൂടെ ,. സകല , ആന്തരീകാവയവങ്ങളിടേയും ദൈവാനുഗ്രഹവും സുഖകരമായ സൌഖ്യവും പടരുന്നതായി സങ്കല്പ്പിയ്ക്കുക
ഈ വിശ്വപ്രപഞ്ചത്തിനു ഒരുകേന്ദ്രം ഇല്ലെന്നും ഏതൊരു സ്ഥാനവും അതിന്റെ കേന്ദ്രമാക്കാവുന്നതാണെന്നും പറയുന്നൂ. അതുകൊണ്ട്
താൻ ഈ വിശ്വപ്രപഞ്ചത്തിന്റെ മദ്ധ്യത്തിൽ തന്റെ മൂർത്തിയുമായി ചേർന്നു സ്ഥിതിചെയ്യുന്നുവെന്നു സങ്കല്പ്പിയ്ക്കുക.

താനും , മൂർത്തിയും രണ്ടല്ലയെന്നും ഒന്നുതന്നെയാണെന്നുമുള്ള ബോദ്ധ്യത്തിൽ എത്തിച്ചേരണം. തുടർന്നു സമ്പൂർണ്ണ സമർപ്പണത്തിൽ താനും മൂർത്തിയുമെല്ലാം പരബ്രഹ്മ്മഭാവമാണെന്നബോധത്തിലേയ്ക്ക് എത്തിചേർന്ന് ധ്യാനിയ്ക്കണം. 
സർവ്വ സ്ഥൂല സൂക്ഷ്മലോകങ്ങളേയും അവയിലേയ്ക്കെത്താനുള്ള വാതായനങ്ങളായ ചക്രകളേയും സ്വന്തം ഓറയിൽ സങ്കല്പ്പിയ്ക്കുക.
അതിനുശേഷം ശ്വാസനിശ്വാസങ്ങളിൽ ഭക്തിപൂർവ്വം ഈശ്വരനാമം നിരന്തരമായി ജപിയ്ക്കുക.
ഓം എന്നു ഭക്തിപൂർവ്വം മനസ്സിൽ ജപിച്ചു സർവ്വ സ്ഥൂലസൂക്ഷലോകങ്ങളും തന്നിലേയ്ക്ക് ആവാഹിയ്ക്കുന്നതായി സങ്കല്പ്പിച്ചുകൊണ്ട് ശ്വാസം ഉള്ളിലേയ്ക്കെടുക്കുക. അതിനുശേഷം മൂർത്തിയുടെ നാമം ( ഉദാഹരണമായി - നമ:. ശിവായ) എന്നു ജപിച്ചു സർവ്വ സ്ഥൂല, സൂക്ഷ്മലോകങ്ങളും തന്നിൽനിന്നും ബഹിർഗമിയ്ക്കുന്നതായി സങ്കല്പ്പിച്ചുകൊണ്ട് ശ്വാസം പുറത്തുവിടുക.. ഓറയും, ചക്രകളും അനന്തതയിലേയ്ക്ക് വ്യാപിയ്ക്കുന്നതായി സങ്കല്പ്പിച്ച് സർവ്വ ചരാചരങ്ങളും തന്നിൽ തന്നെ ഉൾക്കൊ ള്ളുന്നതായും, അവ നിരന്തരം തന്നിൽ അലിഞ്ഞുചേരുന്നതായും വീണ്ടും തന്നിൽനിന്നുതന്നെ സ്ര്യഷ്ഠിയ്ക്കപ്പെടുന്നതായും ഭാവന ചെയ്യുക. ശ്വസിയ്ക്കുമ്പ്പോൾ നമ്മൾ നിർഗുണബ്രഹ്മാവസ്ഥയിലേയ്ക്കും, നിശ്വസിയ്ക്കുമ്പോൾ, സഗുണ ബ്രഹ്മാവസ്ഥയിലേയ്ക്കും, സ്ര്യഷ്ഠിയിലേയ്ക്കും വരികയാണു ചെയ്യുന്നതെന്നുബോധ്യത്തോടെ ധ്യാനം തുടരുക.
സർവ്വവും ഈശ്വരഭാവമാണെന്നും, ഒന്നും ഒന്നിൽ നിന്നും വേറിട്ടുനില്ക്കുന്നില്ലെന്നും,തന്നിൽനിന്നും അന്യമായി യാതൊന്നും അവശേഷിയ്ക്കുന്നില്ലെന്നും താനും മൂർത്തിയുമെല്ലാം പരബ്രഹ്മ്മഭാവമാണെ ന്നുള്ള ജ്ഞാനത്തോടുകൂടിയ ഭക്തിയിൽ നിസ്സീമമായ സ്നേഹഭാവത്തിൽ ഈശ്വരനെ സ്മരിച്ചു ജപിച്ചു സുഖകരമായ ആ അനുഭൂതിയിൽ ആഴ്ന്നാഴ്ന്നുപോകുക. മതിയായ സമയം ധ്യാനിയ്ക്കുക. മനസ്സിൽ ഒന്നുമുതൽ അഞ്ചുവരെ എണ്ണിക്കഴിയുമ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ, ആരോഗ്യത്തോടെ, തനിയ്ക്കു ഉണർന്നുവരാൻ കഴിയുമെന്നു മനസ്സിൽ പറയുക. ഉണർന്നുവന്നുകഴിഞ്ഞാലും ധ്യാനാവസ്ഥയിൽ ലഭിച്ച സൌഖ്യവും, സുരക്ഷിതബോധവും എപ്പോഴും നിലനില്ക്കുമെന്നും, മനനം ചെയ്യുക. എന്നിട്ട് മനസ്സിൽ ഒന്നു മുതൽ അഞ്ചുവരെ എണ്ണി ധ്യാനാവസ്ഥയിൽ നിന്നും ഉണർവ്വിലേയ്ക്ക് വരിക. . 
ഇങ്ങനെ ധ്യാനം മുന്നോട്ടുപോകുമ്പോൾ സ്വയമുണ്ടാകുന്ന ശുദ്ധീകരണത്തിലൂടേയും ശാക്തീകരണത്തിലൂടേയും ക്രമേണ നമ്മുടെ സ്ഥാനം ഈ വിശ്വപ്രപഞ്ചത്തിന്റെ ഒരു ശക്തികേന്ദ്രമാകുന്നതിനും നമ്മുടെ ഇഷ്ട്ട ദേവന്റെ രൂപങ്ങൾ സ്വന്തം ആധാരചക്രകളിൽ പ്രത്യക്ഷീഭവിയ്ക്കുന്നതിനും ഈ വിശ്വപ്രപഞ്ചം മുഴുവൻ ഓറയിൽ പ്രതിഫലിയ്ക്കുന്നതിനും തുടങ്ങും.

No comments:

Post a Comment