നമ്മൾ ഈശ്വരാവതാരങ്ങളാണു.
ഓരോ ജീവാത്മാവും ശാസ്ത്രദ്ര്യഷട്യാൽ പരമാത്മാവിന്റെ അവതാരങ്ങൾതന്നെയാണു. സ്വയം, താൻ ആരാണെന്നു തിരിച്ചറിയുകയും, മനസ്സിലെ പുകമറയാകുന്ന കർമ്മഫലങ്ങളെ ഭസ്മീകരിച്ചു കൂടുതൽ ഈശ്വരത്വത്തിലേയ്ക്കു പടിപടിയായി എത്തിച്ചേരുകയുമാണു ഓരോ ജീവാത്മാവിന്റേയും , ഓരോ ജന്മ്മത്തിന്റേയും ഉദ്ദേശ ലക്ഷ്യം.
ഈ വിശ്വമാകെ നിറഞ്ഞിരിക്കുന്ന അവബോധമാണു ഈശ്വരൻ. ഇതൊരു വിശ്വപൌരനല്ല. ഇതിനെ ദൈവമെന്നോ, ഈശ്വരനെന്നോ, പരമാത്മാവെന്നൊ,പരബ്രഹ്മമെന്നോ എന്തുവേണമെങ്കിലും വിളിയ്ക്കാം. പരമാത്മാവാകുന്ന ഒരേയൊരു ആത്മാവ്, അതിന്റെ ഗുണവുമാകുന്ന വിശ്വമനസ്സാകുന്ന ഒരേയൊരു മനസ്സ്, സ്ഥൂലസൂക്ഷ്മലോകങ്ങളാകുന്ന ഒരേയൊരു ശരീരം , ഇതുമാത്രമേ ഇവിടെയുള്ളു.മറ്റെല്ലാം അതിന്റെ പ്രതിഫലനങ്ങൾ മാത്രമാണു.
ജീവാത്മാവെന്നത് വിശ്വവ്യാപിയായ പരമാത്മാവുതന്നെയാണു. സത്യത്തിൽ ഇത് ജനിയ്ക്കുന്നുമില്ല, മരിയ്ക്കുന്നുമില്ല. വായു കുടത്തിനകത്തും പുറത്തും വ്യാപിച്ചിരിയ്ക്കുന്നതുപോലെ ആത്മാവും നമ്മുടെ ശരീരത്തിനകത്തും പുറത്തും വ്യാപിച്ചിരിയ്ക്കുന്നു .ഇത് സർവ്വചരാചരങ്ങളിലും ഒരുപോലെ തുല്യമായി വ്യാപിച്ചിരിയ്ക്കുന്നു.
സൂര്യബിംബം വിവിധജലാശയങ്ങളിൽ പ്രതിബിംബിയ്ക്കുന്നതുപോലെ അത് ഓരോ ജീവജാലങ്ങളിലും പ്രതിഫലിയ്ക്കുന്നുവെന്നുമാത്രം. ഒരു കടല്പ്പരപ്പിൽ കുമിളകളും, ഓളങ്ങളും, തിരമാലകളും ഉണ്ടാകുന്നതുപോലെ പരമാത്മാവെന്ന ചൈതന്യത്തിൽ ജീവജാലങ്ങളുണ്ടാകുകയും മരണപ്പെടുകയും വീണ്ടും പുനർജ്ജനിയ്ക്കുകയും ചെയ്യുന്നു. പരിണാമത്താൽ അചേതനവസ്തുക്കളിൽനിന്നും ജീവനുള്ളവ പരിണമിച്ചുണ്ടാകുമ്പോൾ സകല ഓർമ്മകളും അതിന്റെ പ്രകാശവലയത്തിൽ ആലേഖനം ചെയ്യപ്പെടുന്നു. പ്രപഞ്ചചൈതന്യത്തിന്റെ ഭാഗമായ പ്രപഞ്ചമനസ്സിൽ ഒരു പ്രത്യേക സ്പന്ദനതലം ഇങ്ങനെ രൂപം കൊള്ളാൻ തുടങ്ങുന്നു. ഇങ്ങനെ പ്രപഞ്ചമനസ്സിൽ ഓരൊ ജീവജാലത്തിന്റേയും വളർച്ചയുടെ അനുപാതം അനുസരിച്ച് അനേകം വിവിത സ്പന്ദനതലങ്ങളുള്ളമനസ്സുകൾ രൂപമെടുക്കുന്നു. ഇവയെ നാം ജീവത്മാവുകൾ എന്നു വിളിയ്ക്കുന്നു.
ഈ വിശ്വമാകെവ്യാപിച്ചിരിയ്ക്കുന്നപരമാത്മാവെന്ന വിശ്വചൈതന്യം ഒരു energy web ആകുന്നു. ഇതിലെ ഓരോ അണുവും, ജീവാത്മാവും, മറ്റേതിൽനിന്നുംവ്യത്യാസമില്ലാത്തതും തുല്ല്യവും, നൂറുശതമാനവും വിശ്വവ്യാപിയായ പരബ്രഹ്മ ചൈതന്യ മുൾക്കൊള്ളുന്നതു0, അതേ സമയം മറ്റുള്ളവയുമായി കർമ്മഫലങ്ങളാൽ പരസ്പരം ബന്ധപ്പെട്ടും കിടക്കുന്നു.. ഓരോ ജീവാത്മാവും പരമാത്മാവു തന്നെയായതുകൊണ്ട് പരമാത്മബോധത്തിലേയ്ക്ക് ഉയർന്നുവരാനുള്ളസാദ്ധ്യത ഓരോ ജീവാത്മാവിലും എപ്പോഴും തുറന്നുകിടക്കുകയാണു. കാരണം നമ്മിലോരുത്തരിലും ഈശ്വരഭാവം വിഭിന്നമായ അളവിൽ ഉണർന്നിരിയ്ക്കുന്നുവെന്നതുതന്നെ. പരിണാമപുനർജന്മപാതയിലൂടെ സർവ്വചരാചരങ്ങളും ഈശ്വരത്വത്തിലേയ്ക്ക് അറിഞ്ഞൊ, അറിയാതേയോ മുന്നേറിക്കൊണ്ടിരിയ്ക്കുകയാണു.പരിണാമത്തിന്റെ താഴ്ന്ന പടികളിലുള്ള ജീവജാലങ്ങളിൽ ഈശ്വരചൈതന്യം അല്പമേ ഉണർണ്ണിരിയ്ക്കുന്നുള്ളു വെങ്കിലും പരിണാമപാതയിൽ മനുഷ്യനിലേയ്ക്ക് എത്തുമ്പ്പോൾ അത് 40 ഒ 50 ശതമാനമോ ആയിട്ടുണ്ടാകാം. യോഗശാസ്ത്രപ്രകാരം ഏകദേശം 1000 മനുഷ്യജന്മങ്ങൾ എടുത്തുകഴിയുമ്പോൾ നമ്മൾ ഈശ്വരതുല്യരായി മോക്ഷപദത്തിലേയ്ക്ക് എത്തുമത്രെ.
ഈ വിശ്വപ്രപഞ്ചത്തിൽ ഓരോ ജീവാത്മാവിനും അതിന്റേതായ സ്ഥാനവും, സാന്നിദ്ധ്യവുമുണ്ട്. അങ്ങിനെ ഈ വിശ്വപ്രപഞ്ചത്തിലെ വിവിധ ലോകങ്ങളിൽ തങ്ങളുടെ ഈശ്വരബോധത്തിന്റെ വികാസത്തിനനുസരിച്ച് അല്പമാത്രം ഈശ്വരബോധം ഉണർന്നവർ മുതൽ ആത്മബോധം ലഭിച്ചവരും, എന്നാൽ മുക്തി ലഭിയ്ക്കാത്തവരും, പ്രവാചകന്മാരും,അവതാര പുരുഷന്മാരും, മുക്താത്മക്കളായഋഷിമാരും, മുനിമാരും, അങ്ങിനെ സകല ജീവാത്മക്കളും തങ്ങളുടേതായ സ്പന്ദനതലത്തിൽ സ്ഥിതിചെയ്യുന്നു. അഥായത് പൂജ്യം ശതമാനം ഈശ്വരബോധം ഉണർന്നവർ മുതൽ നൂറു ശതമാനം ഈശ്വരബോധം ഉണർന്നവർവരെയുള്ള കോടാനുകോടി ജീവാത്മാക്കൾ ഈ വിശ്വപ്രപഞ്ചത്തിൽ പരസ്പരം ബന്ധപ്പെട്ടും അതേ സമയം സർവ്വസ്വതന്ത്രരായും സ്ഥിതിചെയ്യുന്നു.
ഓരോ ജീവാത്മാവിന്റേയും സ്പന്ദനതലം വ്യത്യസ്ഥമായിരിയ്ക്കുന്നതിനാൽ ഓരോ ജീവാത്മാവിനും സ്വതന്ത്രമായ നിലനില്പ്പ് സാദ്ധ്യമാണു.
നമ്മൾ ഓരോരുത്തരും ശ്രീക്രിഷ്ണനാണുദൈവം, ശ്രീരാമനാണു ദൈവം, ശ്രീപരമേശ്വരനാണു ദൈവം, യേശുദേവനാണു ദൈവം എന്നിങ്ങനെ വിശ്വസിയ്ക്കുന്നു. ഇങ്ങനെ ഓരോരുത്തരും സ്വയം വിശ്വസിയ്ക്കുന്നതിൽ യാതൊരു തെറ്റുമില്ല യെന്നുമാത്രമല്ല ഓരോ ഭക്തനെ സംബന്ധിച്ചും അത് നൂറുശതമാനവും ശരിയാണുതാനും. ഓരോ സഗുണബ്രഹ്മത്തിന്റേയും സപന്ദനതലം വ്യത്യസ്ഥമായിരിയ്ക്കുന്നതുകൊണ്ട് എത്ര സഗുണബ്രഹ്മഭാവങ്ങൾക്കും പരബ്രഹ്മഭാവത്തിൽ സ്വതന്ത്രരായി സ്ഥിതിചെയ്യാൻ കഴിയുന്നതാണു.
എന്നാൽ ഈ പുണ്യാത്മാക്കളിൽ ഭൂരിഭാഗം പേരും രൂപഭാവങ്ങളില്ലാത്ത ഈശ്വരനിൽ വിശ്വസിച്ചിരുന്നുവെന്ന സത്യം ഉപരി വിപ്ളവകരമായ ഭക്തിയിൽ നാം മറന്നുപോകരുതെന്നുമാത്രം.
ഒരു സാധകൻ തന്റെ നിരന്തരസാധനയിലൂടെ തന്റെ സ്പന്ദനതലത്തെ ഈ വിശ്വപ്രപഞ്ചത്തിന്റെ അതിശക്തമായ ഒരു കേന്ദ്രമാക്കാൻ ശ്രമിയ്ക്കുകയാണു ചെയ്യുന്നത്. ഈശ്വരത്വം അനന്തമായതുകൊണ്ട് മുക്തിയിലേക്കെത്തിയ ഏതൊരു സാധകനും , മൂർത്തിയ്ക്കും,അവരുടെയൊക്കെ സ്പന്ദനതലം വ്യത്യസ്ഥമായിരിയ്ക്കുന്നതിനാൽ ഒന്നു മറ്റേതിനു യാതൊരു കാരണവശാലും ഭീഷണിയാകാതെ സ്വതന്ത്രമായി വർത്തിയ്ക്കാൻ കഴിയുന്നതാണു.
സ്വതവേ ദുരിതങ്ങൾ പേറുന്ന, എല്ലാവിധ അനിശ്ചിതത്വങ്ങളും അഭിമുഖീകരിയ്ക്കേണ്ടിവരുന്ന ഒരു സാധരണക്കാരനു അവനവനിൽത്തന്നെ വിശ്വാസം നഷ്ടപ്പെടുമ്പോൾ രൂപഭാവങ്ങളില്ലാത്ത പരമാത്മാവിനെ വിശ്വ സിയ്ക്കുക, ആരാധിയ്ക്കുക യെന്നത് വളരെ ബുദ്ധിമുട്ടുള്ളകാര്യം തന്നെയാണു. അതുകൊണ്ട് ഇഷ്ടമൂർത്തിയെ സ്വീകരിയ്ക്കുന്നതു വളരെ നല്ലതാണു. ഇഷ്ടമൂർത്തിയെ നിരന്തരമായി പ്രാർഥിയ്ക്കുമ്പോഴും, സാധനചെയ്യുമ്പോഴും അവനിലുള്ള ഈശ്വരാംശം തന്നെയാണു വർദ്ധിയ്ക്കുന്നത്.
നാം ഈ വിശ്വപ്രപഞ്ചത്തിന്റെ അവിഭാജ്യമായ ഘടകമാണു. നാം ഒരോരുത്തരും നമ്മൾ സ്ര്യഷ്ടിയ്ക്കുന്ന ഒരു പ്രത്യേക ലോകത്താണു ജീവിയ്ക്കുന്നത്. നമ്മുടെ സങ്കല്പ്പമനുസരിച്ച് അത് ദുരിതപൂർണ്ണമോ, സൌഖ്യദായകമൊ ആകാം.
അതുകൊണ്ട് ശക്ത്മായ യോഗസാധനകളിലൂടെ, ഭക്തിയിലൂടെ, നിസ്സീമമായ സ്നേഹത്തിലൂടെ നിരന്തരമനനത്തിലൂടെ നമ്മുടെ സങ്കല്പലോകത്തെ സ്വർഗ്ഗതുല്യമാക്കുക. കാരണം അതിശക്തമായ വിശ്വമനസ്സിനകത്താണു ഈ വിശ്വപ്രപഞ്ചം സ്ഥിതിചെയ്യുന്നത്. നാം നിരന്തരം എന്തുചിന്തിയ്ക്കുന്നുവോ, നമ്മൾ അത് ആയിത്തീരുന്നു. അതുകൊണ്ട് സുന്ദരമായൊരു ലോകത്തെ, സുരക്ഷിതമായൊരു ലോകത്തെ നിരന്തരം മനനം ചെയ്യുക.
No comments:
Post a Comment