Tuesday, January 25, 2022

കുണ്ഡലിനി

 നട്ടെല്ലിന്‍റെ കീഴറ്റത്തായി മനുഷ്യ ശരീരത്തിൽ സർപ്പ രൂപത്തിലുള്ള കുണ്ഡലിനി എട്ടു ചുറ്റായി ചുരുണ്ട് കിടക്കുന്നതായി യോഗശാസ്ത്രം. (മൂന്നര, മൂന്ന് ചുറ്റുകൾ എന്നും വിശ്വാസമുണ്ട്). നിദ്രാവസ്ഥയിലുള്ള ഈ ശക്തി , യമം, നിയമം, ആസനം,പ്രാണായാമം തുടങ്ങിയ യോഗാനുഷ്ഠാനങ്ങളെ കൊണ്ട് ഉണർത്തുമ്പോൾ നട്ടെല്ലിനു സമാന്തരമായുള്ള ഇഡ, പിംഗള , നാഡികൾ സുഷുമ്ന വഴി മേൽപ്പോട്ട് സഞ്ചരിച്ച് ശിരസ്സിലെ സഹസ്രാര പത്മത്തിൽ (ആയിരം ഇതളുള്ള താമര)എത്തുന്നു. ഇതോടെ യോഗി സർവ്വജ്ഞനും, സിദ്ധനും, മുക്തനുമാവുന്നു.


ശ്രീനാരായണ ഗുരുദേവൻ രചിച്ച ‘ കുണ്ഡലിനി ’പ്പാട്ടിന്‍റെ വ്യാഖ്യാനം ഈ പ്രക്രിയയെ വിശദമായി വ്യാഖ്യാനിക്കുന്നുണ്ട്. ശിവനെ ഒരേ സമയം സാകാരനായും നിരാകാരനായും ഇതില്‍ വര്‍ ണ്ണിക്കുന്നു. ഈ കൃതിയുടെ ആന്തരികാർത്ഥം ഗ്രഹിക്കാൻ ശിവകഥകൾ മനസ്സിലാക്കിയിരിക്കണമെന്ന് നടരാജഗുരു അഭിപ്രായപ്പെടുന്നു.

കുണ്ഡലിനിപ്പാട്ട് :

ആടു പാമ്പേ, പുനം തേടു പാമ്പേ, യരു –
ളാനന്ദക്കൂത്തു കണ്ടാടു പാമ്പേ.

തിങ്കളും കൊന്നയും ചൂടുമീശൻ പദ-
പങ്കജം ചേർന്നു നിന്നാടു പാമ്പേ.

വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി
കണ്ണീരൊഴുകക്കണ്ടാടു പാമ്പേ.

ആയിരം കോടിയനന്തൻ നീയാനന-
മായിരവും തുറന്നാടു പാമ്പേ.

ഓമെന്നു തൊട്ടൊരു കോടി മന്ത്രപ്പൊരുൾ
നാമെന്നറിഞ്ഞു കൊണ്ടാടു പാമ്പേ.

പുള്ളിപ്പുലിത്തോൽ പുതയ്ക്കും പൂമെനിയെ-
ന്നുള്ളത്തിൽ കളിക്കുമെന്നാടു പാമ്പേ.

പേയും പിണവും പിറക്കും ചുടുകാടു
മേയും പരം പൊരുളാടു പാമ്പേ.

പൂമണക്കും കുഴലാലകം പൂകുമാ-
ക്കോമള മേനി കണ്ടാടു പാമ്പേ.

നാദത്തിലുണ്ടാം നമശ്ശിവായ പ്പൊരു -
ളാദിയായുള്ളതെന്നാടു പാമ്പേ.

പൂമലരോനും തിരുമാലുമാരും പൊൻ -
പൂമേനി കണ്ടില്ലെന്നാടു പാമ്പേ.

കാമനെ ചുട്ട കണ്ണുള്ള കാലാരി തൻ -
നാമം നുകർന്നു നിന്നാടു പാമ്പേ.

വെള്ളി മലയിൽ വിളങ്ങും വേദപ്പൊരു –
ളുള്ളിൽ കളിക്കുമെന്നാടു പാമ്പേ.

എല്ലാമിറക്കിയെടുക്കുമേകൻ പദ –
പല്ലവം പറ്റിനിന്നാടു പാമ്പേ.

എല്ലായറിവും വിഴുങ്ങി വെറും വെളി-
യെല്ലയിലേറി നിന്നാടു പാമ്പേ.

എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു
ചൊല്ലെങ്ങുമുണ്ടുനിന്നാടു പാമ്പേ.

ചൊല്ലെല്ലാമുണ്ടു ചുടരായെഴും പൊരു-
ളെല്ലയിലേറി നിന്നാടു പാമ്പേ.

ദേഹം നിജമല്ല ദേഹിയൊരുവനീ
ദേഹത്തിലുണ്ടറിഞ്ഞീടു പാമ്പേ.

നാടും നഗരവുമൊന്നായി നാവിൽ നി-
ന്നാടു നിൻ നാമമോതീടു പാമ്പേ.

ദേഹവും ദേഹിയുമൊന്നായി വിഴുങ്ങിടു-
മേകനുമുണ്ടറിഞ്ഞീടു പാമ്പേ.

പേരിങ്കൽ നിന്നു പെരുവെളിയെന്നല്ല
പാരാദി തോന്നിയെന്നാടു പാമ്പേ.

ചേർന്നു നിൽക്കും പൊരുളെല്ലാം ചെന്താരൊടു
നേർന്നു പോമ്മാറു നിന്നാടു പാമ്പേ!

--------------------------------

ആധാരചക്രങ്ങൾ

1 -മൂലാധാരം,
2-സ്വാധിഷ്ഠാനം,
3-മണിപൂരകം
4- അനാഹതം
5- വിശുദ്ധി
6- ആജ്ഞ എന്നിങ്ങനെ ആറെണ്ണം.

മൂലാധാരത്തിൽ ആരംഭിച്ച് സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, എന്നീ ഷഡാധാരങ്ങളിലൂടെ കുണ്ഡലിനിയുടെ യാത്ര. ഈ യാത്രയിൽ യോഗികൾക്ക് ആനന്ദം ലഭിക്കുന്നു. ഡാകിനി ,രാകിനി, ലാകിനി, കാകിനി, ഷാകിനി, ഹാകിനി എന്നീ ദേവതകളെയാണ് കുണ്ഡലിനിയുടെ പഥത്തിൽ ആന്തരികമായി സങ്കൽപ്പിച്ച് ദർശിക്കുന്നത്. വ്യത്യസ്ഥമായ വർണ്ണം , വസ്ത്രം, ആയുധം എന്നിവ ഓരോ ദേവതയ്ക്കുമുണ്ട്.

സാധാരണക്കാരെ സംബന്ധിച്ച് ഈ അനുഭവങ്ങൾ മിഥ്യയോ വിഭ്രാന്തിയോ ആണെങ്കിലും സാധകനെ സംബന്ധിച്ച് ഇവ മറ്റേതൊരു കാര്യങ്ങൾ പോലെയും അനുഭവവേദ്യമാണ്. സഹസ്രാരത്തിൽ ശിവനുമായി ഐക്യപ്പെടുകയാണ് കുണ്ഡലിനീ യോഗത്തിന്‍റെ പരമകാഷ്ഠ. സാധകന്‍റെ ലൌകികഭാവങ്ങളായ മൂലാധാരത്തിലെ ബ്രഹ്മഗ്രന്ഥിയും (രജസ്), അനാഹതത്തിലെ വിഷ്ണുഗ്രന്ഥിയും (സത്വം), ആജ്ഞാ ചക്രത്തിലെ രുദ്രഗ്രന്ഥിയും (തമസ്) ഭേദിക്കപ്പെടുന്നതോടെ മനസ് ശമനീഭാവം കൈക്കൊള്ളുന്നു. ആജ്ഞാചക്രം കഴിഞ്ഞാൽ കുണ്ഡലിനി ബ്രഹ്മരന്ധ്രം വഴി സഹസ്രാരത്തിലേക്കു കടക്കുന്നു. ശരീരം വിസ്മൃതവും മനസ്സ് മാത്രം നിലനിൽക്കുകയും (ലയവും ഉണ്മയും) ചെയ്യുന്ന അവസ്ഥയാണിത്.

No comments:

Post a Comment