Tuesday, January 25, 2022

ഗായത്രി_മന്ത്രം

ഋക്ക്, യജുർ, സാമ വേദങ്ങളിലും, ഉപനിഷദുകളിലും, മഹാ, അഖണ്ഡ അങ്ങനെ വിവിധഗ്രന്ഥങ്ങളിലുള്ള മന്ത്രമെന്നറിയപ്പെടുന്ന സാവിത്രിയെപ്പറ്റി പറഞ്ഞാൽ എല്ലായിടവും ഒരുപോലല്ല എന്ന് ആദ്യം പറയണം.


ഋഗ്വേദം 3.62.10 ൽ

"തത് സവിതുർ വരേണ്യം,
ഭർഗോ ദേവസ്യ ധീമഹി,
ധീയോ യോ നഃ പ്രചോദയാത്"

എന്നേയുള്ളൂ.

യജുർവേദത്തിൽ

"ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം,
ഭർഗോ ദേവസ്യ ധീമഹി,
ധീയോ യോ നഃ പ്രചോദയാത്"

ഉപനിഷത്തിലെത്തുമ്പോൾ

"ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം,
ഭർഗോ ദേവസ്യ ധീമഹി,
ധീയോ യോ നഃ പ്രചോദയാത്"

എന്നായിമാറുന്നു

മഹാനാരായണിയ ഉപനിഷത്ത് ആണെങ്കിൽ 10 ഓം അധികമായും മറ്റുചിലതും ചേർത്ത മഹാഗായത്രിയാകും.

“ഓം ഭൂർ ഓം ഭുവഃ ഓം സ്വഃ ഓം
മഹാ ഓം ജന ഓം തപ ഓം സത്യം
തത് സവിതുർ വരേണ്യം,
ഭർഗോ ദേവസ്യ ധീമഹി,
ധീയോ യോ നഃ പ്രചോദയാത്
ഓം അപോ ജ്യോതി രസോ/മൃതം
ബ്രഹ്മ ഭുർ ഭുവഃ സ്വഃ ഓം"

നമുക്ക് സാധാരണ ചൊല്ലുന്ന സാവിത്രിയെ ഒന്നു പരിചയപ്പെടാം.

ഓം - പ്രണവം

ഭൂഃ - ഭൂമി, ഭൂലോകം, ഭൗതികതലത്തിലെ ബോധം

ഭുവസ് - അന്തരീക്ഷം, മാധ്യമതലത്തിലെ പ്രാണൻ്റെ ബോധം

സ്വഃ - സ്വർഗം, ദൈവീകതലത്തിലെ ബോധം

തത് - ആ

സവിതുർ - സവിതാവിന്റെ, സൂര്യന്റെ

വരേണ്യം - ശ്രേഷ്ഠമായ, ആരാധിക്കപ്പെടേണ്ടത്

ഭർഗസ് - ഊർജപ്രവാഹം, പ്രകാശം, സത്ത്

ദേവസ്യ - ദൈവികമായ

ധീ - ഞാൻ, ഞങ്ങൾ

മഹി - ധ്യാനിക്കുന്നു

ധിയഃ - ബുദ്ധി, അറിവ്, വിവേകം

യഃ - യാതൊന്ന്

നഃ - എൻ്റെ, ഞങ്ങളുടെ, നമ്മളുടെ

പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ

സൂര്യതേജസ്സ് ശാരീരികവും, മാനസ്സികവും, ഈശ്വരചൈതന്യവുമായ എല്ലാ ബോധതലങ്ങളേയും ഉത്തേജിപ്പിച്ച്, ഞങ്ങളിൽ ബുദ്ധി, അറിവ്, വിവേകം എന്നിവയ്ക്ക് പ്രചോദനമാകുവാൻ ഞങ്ങൾ ധ്യാനിക്കുന്നു.

ഛന്ദോഗ്യ ഉപനിഷത്ത് 3.12.1 പ്രകാരം

"ഗായന്തം ത്രായതേ ഇതി ഗായത്രി"

അതായത് ജപിക്കുന്നവരെ സാവിത്രീദേവി (ആദിപരാശക്തി) സംരക്ഷിക്കുന്ന മന്ത്രമാണ് ഗായത്രി.

എന്താണീ ഗായത്രി - സാവത്രി ആശയക്കുഴപ്പം? സംഗതി സാവിത്രി മന്ത്രം തന്നെ പക്ഷേ ഛന്ദസ്സിൻ്റെ പെരുമയിൽ അത് ഗായത്രിയായി!

ഒരു ശ്ലോകത്തിലെ വരിയിൽ വരുന്ന അക്ഷരങ്ങളുടെ എണ്ണമാണ് ഛന്ദസ്സ്, അതിനപ്പുറം വല്യ സംഭവമൊന്നുമില്ല, ആ അക്ഷരങ്ങൾ ലഘുവാണോ, ഗുരുവാണോ എന്നൊക്കെ നോക്കി അടുക്കിപ്പെറുക്കുന്ന പണിയാണ് വൃത്തം! അത് നമുക്ക് വേണ്ട, 24 അക്ഷരങ്ങൾ വരുന്ന 24 മാത്രയുള്ള ശ്ളോകം ഛന്ദസ്സ് നോക്കിയാൻ സംസ്കൃതി ആണെന്ന് കാണാം എന്നാൽ 6 അക്ഷരങ്ങൾ ആക്കി ചൊല്ലി മന്ത്രങ്ങൾക്ക് വളരെ പ്രിയകരമായതിനാൽ ആ ഛന്ദസ്സ്, ഗായത്രി പൊതുവേ ഉപയോഗിക്കുന്നു. എന്നാൽ അതിൽ ഏറ്റവും പ്രശസ്തമായ സാവിത്രിയെ ഛന്ദസ്സ് തട്ടിയെടുത്ത് ഗായത്രി മന്ത്രമാക്കി, അത്രേയുള്ളൂ.

ഗായത്രീമന്ത്രം ഉരുവിടുകവഴി സാധകൻ അരൂപിയും, സർവ്വശക്തനും, സർവ്വജ്ഞനും, സർവ്വവ്യാപിയും, പ്രാപഞ്ചികബോധവുമായ നിരാകാരനിർഗ്ഗുണബ്രഹ്മം എന്ന സർവ്വതിനും ആധാരമായതുമായ ശക്തിയുമായി ബന്ധപ്പെടുന്നുവെന്ന് കരുതപ്പെടുന്നു. 100 ട്രില്ലിയൻ കോശങ്ങളുടെ ബോധതലങ്ങളെ ഉത്തേജിപ്പിച്ച്, ഏകോപിപ്പിച്ച്, സൗരയൂധത്തിൻ്റെ ആർജ്ജിതബോധവും, പ്രാപഞ്ചികബോധവുമായും ബന്ധിപ്പിക്കുന്നുവെന്ന് സങ്കൽപ്പം.

ഇനി ഗവേഷണം താൽപ്പര്യമുള്ളവർക്ക് വേണ്ടി മാത്രം..

ദിവ്യാങ്കം - ((22/21)10.34419)=1.618034. ആണ്, ഇതിനെ സുവർണ്ണാനുപാതങ്ങളുടെ ദേവമാതാവ് എന്നും അറിയപ്പെടുന്നു!!!

No comments:

Post a Comment