വിഗ്രഹാരാധന ചെയ്യാത്തവരായി ഈ ലോകത്ത് ആരും തന്നെയില്ല...
വിഗ്രഹാരാധനക്കെതിരെ പ്രമേയം പാസാക്കാൻ യുക്തിവാദികൾ സമ്മേളനം നടത്തി.. പതാക ഉയർത്തിയായിരുന്നു സമ്മേളനം ആരംഭിച്ചത്...
വാസ്തവത്തിൽ നല്ല ഒന്നാന്തരം വിഗ്രഹാരാധന തന്നെയായിരുന്നു അവിടെ നടന്നത്...
പതാക എന്നത് വിഗ്രഹം തന്നെയാണല്ലോ...
ശരി.. കമ്മ്യൂണിസ്റ്റ് ചൈനയിൽ പോയി ആ രാജ്യത്തിൻ്റെ ദേശീയ പതാക പരസ്യമായി കത്തിച്ചു... പോലീസ് പിടിച്ചു രാജ്യദ്രോഹ കുറ്റത്തിന് കോടതി വധശിക്ഷക്ക് വിധിച്ചു...
വെറുമൊരു തുണി കത്തിച്ചതിന് എനിക്ക് ഇത്രയും വലിയ ശിക്ഷയോ എന്ന് പറഞ്ഞതു കൊണ്ട് വല്ല കാര്യവുമുണ്ടോ...
തുണിയെയല്ല വിഗ്രഹത്തെയാണ് കത്തിച്ചത്...
അപ്പോൾ എന്താണ് വിഗ്രഹം...
വിശേഷേണ ഗൃഹ്യതേ ഇതി വിഗ്രഹ:
വിശേഷരൂപത്തിൽ ഒന്നിനെ ബോധിപ്പിക്കുന്നതെന്തോ അത് വിഗ്രഹം
ഗ്രഹ ഉപാദാനേ എന്ന ധാതു വി ഉപസർഗ്ഗപൂർവ്വമായി വരുമ്പോഴാണ് വിഗ്രഹ ശബ്ദം നിഷ്പന്നമാകുന്നത്..
ഉപാദാനം എന്നു പറഞ്ഞാൽ പ്രാപ്തമാക്കുക , എടുക്കുക എന്നൊക്കെയാണ് അർത്ഥം...
നമ്മുടെ കർമ്മേന്ദ്രിയങ്ങൾക്കും ജ്ഞാനേന്ദ്രിയങ്ങൾക്കും ഒരു വസ്തുവിനെ എടുക്കാൻ അഥവാ പ്രാപ്തമാക്കാൻ ഒരു പരിധിയുണ്ട്
ആ പരിധി കുറഞ്ഞാലോ കൂടിയാലോ നമുക്ക് വസ്തു ഗ്രഹണം സാധ്യമാകില്ല...
അമ്പത് കിലോയുള്ള ഒരു വസ്തുവിനെ എടുക്കാം എന്നാൽ അയ്യായിരം കിലോ എടുക്കുക എന്നു പറഞ്ഞാൽ സാധ്യമല്ല
അതായത് ഒരു വസ്തു വിശാലമാകുന്തോറും അഥവാ സൂക്ഷ്മമാകുന്തോറും അതിനെ ഗ്രഹിക്കാൻ നമ്മുടെ ഇന്ദ്രിയങ്ങൾക്ക് ശക്തിയില്ലാതായി വരും...
ഒരു നിലവിളക്കിനെ എടുത്ത് നമുക്കതിനെ പൂജിക്കാം... എന്നാൽ ഈ രാഷ്ട്രത്തെ പൂജിക്കണമെന്ന് ആഗ്രഹമുള്ളവന് രാഷ്ട്രത്തെ എടുത്ത് പൂജാമുറിയിൽ സ്ഥാപിക്കാൻ പറ്റുമോ.... കാരണം രാഷ്ട്രം എന്ന് പറയുന്നത് നമ്മുടെ ഇന്ദ്രിയങ്ങൾക്ക് ഗ്രഹിക്കാൻ കഴിയാത്ത വിധം സ്ഥൂലമാണ് മറ്റൊരർത്ഥത്തിൽ നോക്കിയാൽ സൂക്ഷ്മവുമാണ്...
എന്നാൽ രാഷ്ട്രത്തെ വിശേഷ രൂപത്തിൽ എടുക്കാൻ സാധിക്കും..
അതിനെയാണ് വിശേഷേണ ഗ്രഹിക്കുക എന്ന് പറയുന്നത്... രാഷ്ട്ര പ്രതീകകമായി ഒരു പതാകയോ ചിത്രമോ പൂജാമുറിയിൽ സ്ഥാപിച്ചാൽ അത് വിഗ്രഹമായി...
അതായത് വിശാലമായ അഥവാ സൂക്ഷ്മമായ ഒന്നിനെ പ്രതീകത്വേന ഇന്ദ്രിയ ഗാഹ്യമാക്കി ബോധിപ്പിക്കുന്നതെന്തോ അത് വിഗ്രഹം.
മനുഷ്യനെ സംബന്ധിച്ച് വിഗ്രഹവത്ക്കരണം ഇല്ലാതെ വ്യവഹാരം സാധിക്കില്ല...
ഹിന്ദുമതവും വിഗ്രഹാരാധനയും...
ബൃഹദാരണ്യക ഉപനിഷദിൽ പറയുന്നു
'ദ്വേ ഏവ ബ്രഹ്മണോ രൂപേ മൂർത്തം ചാമൂർത്തമേവ ച '
അതായത് ബ്രഹ്മം എന്ന ആത്യന്തിക സത്യത്തിന് മൂർത്തം , അമൂർത്തം എന്നീ രണ്ട് ഭാവങ്ങളുണ്ട്..
പരമാർത്ഥ സ്വരൂപത്തെയാണ് അമൂർത്തം എന്ന് പറയുന്നത്.. അവിടെ പൂജിക്കുന്നവൻ , പൂജിക്കപ്പെടേണ്ടവൻ , പൂജ എന്നീ ഭേദങ്ങളൊന്നും തന്നെയില്ല..
ഇനിയുള്ളത് മൂർത്തഭാവമാണ്...
ഈ മൂർത്തഭാവം ജീവൻ , ജഗത്ത് , ഈശ്വരൻ എന്നീ മൂന്ന് തലങ്ങളിൽ പ്രകാശിക്കുന്നു...
ഞാൻ പരിമിതനാണെന്ന തോന്നലാണ് ജീവഭാവം... ഇപ്പോൾ നമ്മളോരുരുത്തരും ഞാൻ പരിമിതനായ ജീവൻ എന്നു തന്നെയാണ് വിശ്വസിക്കുന്നത്..
ഏതുവരെ എനിക്ക് ഞാൻ ഒരു പരിമിതനായ ജീവനാണെന്ന തോന്നൽ ഉണ്ടോ അതുവരെ എൻ്റെ മുന്നിൽ ഈ ജഗത്ത് ഉണ്ട്... ജഗത്ത് ഉള്ളത് കൊണ്ട് ജഗത്തിന് സഞ്ചാലകനും നിയാമകനുമായി ഒരു ഈശ്വരൻ നിശ്ചയമായും ഉണ്ട്...
കാര്യമുണ്ടോ കാരണമുണ്ട്..., നിയമമുണ്ടോ നിയാമകൻ ഉണ്ട് , വ്യവസ്ഥയുണ്ടോ വ്യവസ്ഥാപകൻ ഉണ്ട്
അതുകൊണ്ട് ഭഗവാൻ ഭാഷ്യകാരൻ പറയും
'തത് സിദ്ധി: ജഗത: നിയത പ്രവൃത്തേ: '
ജഗത്തിൻ്റെ നിയതമായ പ്രവർത്തിയിലൂടെ ഈശ്വരൻ ഉണ്ടെന്ന് അറിയാം.. എന്നർത്ഥം..
അതിനാൽ എനിക്ക് അഗ്രാഹ്യമായ ആ ഈശ്വരനെ ഗ്രാഹ്യമാക്കാനും അവിടുത്തോടുള്ള ബന്ധത്തെ സുദൃഢമാക്കാനുമാണ് ഭഗവാനെ വിഗ്രഹത്തിലേക്ക് ആവാഹിക്കുന്നത്..
ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ വെറും പ്രതീകങ്ങൾ മാത്രമാണോ?
'വിഗ്രഹേണ ഉപാസതേ' എന്ന് പറയുമ്പോൾ വിഗ്രഹത്തിലൂടെ ഉപാസിക്കുന്നു എന്നാണ് അർത്ഥം..
അപ്പോൾ ക്ഷേത്രങ്ങളും മൂർത്തികളും കേവലം പ്രതീകങ്ങളായി തീരില്ലേ.. അവിടെ ഭഗവത്സാനിധ്യം ഇല്ല എന്നാണോ എന്ന സംശയം വരാൻ സാധ്യതയുണ്ട്...
' കർത്തും അകർത്തും അന്യഥാ കർത്തും സമർത്ഥ: ഈശ്വര: '
എന്ന് ഈശ്വരന് നിർവചനമുണ്ട്
അതായത് ചെയ്യാനും ചെയ്യാതിരിക്കാനും വേറൊന്നായി ചെയ്യാനും അഥവാ എന്തുവേണമെങ്കിലും ചെയ്യാനും ഭഗവാന് സാധിക്കും എന്നാണ് മേൽപ്പറഞ്ഞ നിർവ്വചനത്തിൻ്റെ അർത്ഥം..
അങ്ങനെയുള്ള ഈശ്വരന് നിങ്ങളുടെ ഉപാസ്യമൂർത്തിയിലൂടെ പ്രകടിതമായി നിങ്ങളെ ശ്രേഷ്ഠതയിലേക്ക് നയിക്കാനാകും എന്നത് തർക്കമറ്റ കാര്യമാണ്....
അവിടെ നിങ്ങൾ കല്പിക്കുന്ന ഭാവത്തിനാണ് പ്രാധാന്യം
മൂർത്തിയെ പ്രതിമ എന്നും പറയാറുണ്ടല്ലോ..
അളക്കുക എന്നർത്ഥം വരുന്ന മാങ്ങ് മാനേ ധാതുവിൽ നിന്നാണ് പ്രതിമാ ശബ്ദം ഉണ്ടായിരിക്കുന്നത്...
'പ്രതി മാതി ഇതി പ്രതിമാ'
എന്നാണ് പ്രതിമാ ശബ്ദത്തിൻ്റെ ഒരു നിർവ്വചനം...
അതായത് നിങ്ങൾ ഏത് അളവുകോലിലാണോ അങ്ങോട്ട് പെരുമാറുന്നത് അതേ അളവുകോലിൽ തന്നെ ഇങ്ങോട്ടും ലഭിക്കും എന്നർത്ഥം
'യേ യഥാ മാം പ്രപദ്യന്തേ താംതഥൈവ ഭജാമ്യഹം'
ഒരാൾ ഏത് ഭാവത്തിൽ എന്നെ ഭജിക്കുന്നുവോ അതേ ഭാവത്തിൽ ഞാനും പ്രതികരിക്കും എന്ന ഗീതാ ശ്ലോകത്തിൻ്റെ അർത്ഥവും ഇതു തന്നെ..
അതിനാൽ ഋഷി പ്രോക്തമായ വിഗ്രഹാരാധനയും ക്ഷേത്രോപാസനയും വൈയക്തികമായി നമ്മെ ഉയർത്തുകയും സാമാജികമായി ഹിന്ദു മതത്തെ കെട്ടുറപ്പുള്ളതാക്കി തീർക്കുകയും ചെയ്യുന്നു...
(പുരുഷോത്തമ ചൈതന്യ )
No comments:
Post a Comment