സനാതനധർ മ്മം അനുശാസിയ്ക്കുന്നത് കാലത്ത് ബ്രാഹ്മ മുഹൂർത്തത്തിൽ ഉണര്ന്നെഴുന്നേല്ക്കണമെന്നാണ്. കുറഞ്ഞ പക്ഷം രാവിലെ അഞ്ചുമണിയ്ക്കെങ്കിലും ഉണരണം. ആരോഗ്യ പ്രദവുമാണിത്. കണ്ണുകൾ തുറക്കാതെ വലതുവശം തിരിഞ്ഞ് എഴുന്നേറ്റ് ഇരുന്ന് രണ്ടു ഉള്ളംകൈകളും മുൻ വശത്ത് ചേർത്തു പിടിച്ച് കണികണ്ടുണരുക. കരാഗ്രേ വസതേ ലക്ഷ്മി- എന്ന പ്രാർത്ഥന ചൊല്ലുക. എഴുന്നേൽ ക്കുന്നതിന് മുൻപ്- കാലുകൾ നിലത്തുവയ്ക്കുന്നതിന്മുൻപ്- കൈകൾ ഭൂമിയിൽ തൊട്ടു വന്ദിയ്ക്കുക. സമുദ്ര വസനേ ദേവി- എന്ന പ്രാർത്ഥന ചൊല്ലുക. ഇവയെല്ലാം വളരെ സാവധാനം ചെയ്താൽ മതി.
പല്ലുതേയ്പ്പ് തുടങ്ങിയ നിത്യകർമ്മങ്ങൾ , ആരോഗ്യമുണ്ടെങ്കിൽ കുളി എന്നിവ വൈകാതെ ചെയ്യുക. പുഴ, കുളം, കിണർ എന്നിവകളിലെ പച്ചവെള്ളത്തിൽ കുളിയ്ക്കുന്നതാണുത്തമം. ശിരസ്സിൽ ജലം ഒഴിയ്ക്കുമ്പോൾ - ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി- എന്ന പ്രാർത്ഥന ചൊല്ലുക. തല തുവർത്തുന്നതിനു
മുൻപ് പിൻഭാഗം - നട്ടെല്ലുള്ള ഭാഗം മുതൽ തുടയ്ക്കണം. തുടർന്നു നാമങ്ങൾ ചൊല്ലി രാവിലെ ആറുമണിക്കു മുൻപ് വിളക്കുകൊളുത്തണം. ആരോഗ്യമില്ലെങ്കിൽ കൈയ്യും കാലും ശുദ്ധിവരുത്തിയും ഇതുചെയ്യാം. ഓട്ടുവിളക്കിൽ നല്ലെണ്ണ ഒഴിച്ച് നമസ്തേ രൂപത്തിൽ രാവിലെ കിഴക്കുഭാഗത്തേയ്ക്കും, വൈകുന്നേരം പടിഞ്ഞാറുഭാഗത്തേയ്ക്കും രണ്ടു തിരിയിട്ട് വിളക്കു തെളിയിക്കാം. സൂര്യോദയത്തിനും അസ്ത മനത്തിനും 24 മിനിട്ട് മുൻ പും പിൻ പുമാണ് സന്ധ്യാസമയം. ഏകദേശം കാലത്തും വൈകീട്ടും ഒരുമണിക്കൂർ വിളക്കു കത്തിച്ചുവെയ്ക്കണം. കാലത്ത് അടുക്കള വൃത്തിയാക്കിവച്ചതിനു ശേഷം ഈ ദീപത്തിൽ നിന്നാണ് അടുപ്പിൽ അഗ്നി പകരേണ്ടുന്നത്.
വീടിന്നടുത്ത് ക്ഷേത്രമുണ്ടെങ്കിൽ ദർശനത്തിന്നുശേഷം അവിടുത്തെ തീർത്ഥവും മലർനിവേദ്യവും വെറും വയറിൽ കഴിയ്ക്കണം. കാലത്ത് ബെഡ് കോഫി കഴിച്ച് ക്ഷേത്രത്തിൽ പോകരുത്. കാലത്ത് രണ്ടോ മൂന്നോ ഗ്ലാസ് ശുദ്ധജലം കുടിയ്ക്കുന്നത് നന്ന്. കിണർവെള്ളം കോരുമ്പോൾ തുടിച്ചു കോരണമെന്നത് ഓർമ്മവേണം.
അടുക്കള വൃത്തിയാക്കി വെയ്ക്കണം. ആഹാരം വച്ചുണ്ടാക്കുന്ന സ്ഥലത്തിരുന്ന് തിന്നുകയോ കുടിയ്ക്കുകയോ ചെയ്യരുത്. ആഹാരം തയ്യാറായാൽ ആദ്യം, തെക്കുമാറി ഒരു നിശ്ചിത സ്ഥലത്ത് ഒരു ചട്ടുകം ചോറ്, കാക്കയ്ക്ക് നൽകണം. കൈകാലുകൾ ശുദ്ധി വരുത്തിവേണം ഭക്ഷണത്തിനു മുൻപിൽ ഇരിയ്ക്കേണ്ടത്. കാലിൽ വെള്ളം ഒഴിയ്ക്കേണ്ടത് ഉപ്പൂറ്റിയിൽ നിന്നുമായിരിക്കണം. ആഹാരം എല്ലാം വിളമ്പിയതിനുശേഷം അല്പം ജലം വലതുകൈയ്യിലെടുത്ത് - ബ്രഹ്മാര്‍പ്പണം ബ്രഹ്മഹവിർ - എന്ന ഗീതാശ്ലോകം ചൊല്ലി പ്രോക്ഷണം ചെയ്ത് ജലം സേവിച്ചതിനുശേഷമെ ആഹരിക്കാവു. ചിരിച്ചോ, കരഞ്ഞോ, വർത്തമാനങ്ങൾ പറഞ്ഞോ ശബ്ദമുണ്ടാക്കിയോ ആഹരിയ്ക്കരുത്. ഉപ്പ്, പുളി, എരിവ്, മധുരം എന്നിവ വളരെ കുറയ്ക്കണം. ഇലക്കറികളും പഴങ്ങളും ആഹാരമാക്കണം. ഭക്ഷണം കഴിഞ്ഞ് ഒരു ഗ്ലാസ്സ് ജലം കുടിയ്ക്കാം, ഇടയ്ക്കിടെ കുടിക്കുന്നത് നന്നല്ല. വീട്ടിലായാലും പുറത്തായാലും ഗ്ലാസ്സുകൾ ചുണ്ടിൽ തൊടാതെ ഒഴിച്ചു കുടിയ്ക്കണം. കുടിച്ചു കഴിഞ്ഞാൽ ഗ്ലാസ് കഴുകി കമിഴ്ത്തിവയ്ക്കണം. ആഹാരം വേണ്ടുന്നതുവാങ്ങി വൃത്തിയായി കഴിച്ച് കൈയ്യും വായും ശുദ്ധി വരുത്തണം. ആഹാരം ഒട്ടും കളയരുത്. എല്ലാ പച്ചക്കറികളും കഴി യ്ക്കുവാൻ കുട്ടികളെ പരിശീലിപ്പിയ്ക്കണം. ഒന്നും തന്നെ കടിച്ചു തിന്നരുത്. എല്ലാം കൈകൊണ്ട് പൊട്ടിച്ചുതിന്നുക. എന്തുഭക്ഷിച്ചാലും, മലമൂത്രാദികൾ ഒഴിഞ്ഞാലും, വായ നല്ലവണ്ണം കഴുകണം. പിറന്നാൾ , വിവാഹ നിശ്ചയം, വിവാഹം മുതലായ ശുഭദിനങ്ങളി ലൊന്നുംതന്നെ ശവ സദ്യ (മത്സ്യ മാംസാദികൾ ) അരുത്. മദ്യം വിളമ്പരുത്. ആഹാരം സാത്വികമായിരിക്കണം. വാഴയിലയിൽ ഉണ്ണുന്നത് ഉത്തമം.
ഉച്ചയൂണിനുശേഷം കിടന്നുറങ്ങരുത്. പുരാണ പാരായണം ചെയ്യുന്നത് നല്ലതാണ്. വൈകുന്നേരം ആറുമണിയ്ക്കുമുൻ പു തന്നെ അടുക്കള അടയ്ക്കണം. ആറുമുതൽ ഏഴുമണിവരെ നാമ ജപം നടത്തണം. ആറുമണിയ്ക്ക് വിളക്കുകൊളുത്തിയാൽ ആഹാരം ഉണ്ടാക്കുകയോ കൊടുക്കുകയോ ടി.വി. കാണുകയോ അരുത്. സന്ധ്യ മയങ്ങിയാൽ അത്താഴം കഴിയ്ക്കാം. ലളിതമായ ഭക്ഷണമേ രാത്രി കഴിയ്ക്കാവൂ. എട്ടുമണിയ്ക്കു മുൻ പ് ഭക്ഷണം കഴിച്ചിരിയ്ക്കണം, വൈകിയാൽ പഴങ്ങൾ മാത്രം കഴിയ്ക്കുക. അത്താഴം കഴിഞ്ഞ് മുറ്റത്ത് അല്പം നടക്കണം. കിടക്കുന്നതിനു മുൻ പ് സാവധാനം ചെന്ന് ഇരുന്ന് നാമംചൊല്ലി ഇടതുവശം ചെരിഞ്ഞ് കിടന്നുറങ്ങുക. നേരത്തേ കിടന്ന് നേരത്തേ എഴുന്നേൽ ക്കുക എന്നതാണ് ചിട്ടയായ ജീവിതം.
വീടിനു മുൻ വശത്ത് കേറിവരുന്ന ഭാഗത്ത് ചെരുപ്പുകൾ ഇരു വശങ്ങളിലായി അടുക്കിവെയ്ക്കണം. സ്വീകരണ മുറിയിൽ ഐശ്വര്യദേവന്റെ ഫോട്ടോ മാത്രം അലങ്കരിച്ചു വയ്ക്കണം. കുട്ടികളെ അഞ്ചുവയസ്സുവരെ അടിയ്ക്കുകയോ ഭയപ്പെടുത്തുകയോ അരുത്. ആറു മുതൽ പതിനാറു വയസ്സുവരെ ശാസിച്ചു വളർ ത്തണം. പിന്നീട് സ്നേഹിതരെപോലെ കൊണ്ടുനടക്കണം. സ്നേഹപൂര്‍വ്വം പെരുമാറി അവരെ നേര്‍വഴിയ്ക്ക് കൊണ്ടുവരണം. പുറത്തുപോ കുമ്പോൾ കൂടെ കൊണ്ടുപോയി മറ്റുള്ളവരോട് വിനയത്തോടും ഭവ്യതയോടും പെരുമാറുവാൻ പഠിപ്പി യ്ക്കണം. അതിഥികൾ വീട്ടിൽ വരുമ്പോൾ ആദരവോടും സ്നേഹത്തോടും വരവേൽ ക്കുവാൻ പഠിപ്പിയ്ക്കണം. സ്വന്തം മക്കളുടെ സ്വഭാവ ദൂഷ്യങ്ങൾ മറ്റുള്ളവരുടെ മുൻ പിൽ അവതരിപ്പിയ്ക്കരുത്. നന്നാക്കി പറയുക യാണ് വേണ്ടത്. എല്ലാവരിലും നന്മ തിന്മകൾ കാണും. മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യുകയുമരുത്. മക്കൾ നല്ലവരാകു വാൻ സദാ പ്രാര്‍ത്ഥിയ്ക്കണം. ഏതൊരു നല്ല വ്യക്തിയുടെയും പിന്നിൽ നല്ലൊരു അമ്മ ഉണ്ടാ യിരിയ്ക്കുമെന്നത് സത്യമത്രെ. എല്ലാ മാതാക്കളും ശ്രീ മാതാവാകുവാൻ ഇടവരട്ടെ. ഏതു പ്രതിഷ്ഠയാണെങ്കിലും വീടിന്നടുത്തുള്ള ക്ഷേത്രം പ്രധാനമാണ്. ആ തട്ടകത്തിലെ ക്ഷേത്രകാര്യങ്ങളിൽ നമ്മുടെ പങ്ക് യഥാവിധി സമര്‍പ്പിയ്ക്കുക.
ക്ഷേത്രദർശനം നിത്യജീവിതത്തിന്റെ ഭാഗമാകണം. ആവലാതികളും മറ്റും പറയുവാനുള്ള സ്ഥലമല്ലിത്. സ്തുതികൾ ചൊല്ലി അനുഗ്രഹം വാങ്ങുക. എല്ലാവരും അവരവരുടെ കർമ്മഫലം അനുഭവിച്ചുതന്നെ തീരണം. ഈശ്വരനെ ആശ്രയിച്ചാൽ ദുരിതഭാരം കുറഞ്ഞതായി അനുഭവപ്പെടും.
ഗണപതി പ്രധാന പ്രതിഷ്ഠയാണെങ്കിൽ പ്രദക്ഷിണം കുറഞ്ഞത് ഒന്നും, സൂര്യക്ഷേത്രങ്ങളാണെങ്കിൽ രണ്ടും, ശിവന് മൂന്നും, ഭഗവതി -വിഷ്ണു ക്ഷേത്രങ്ങളിൽ നാലും, ശാസ്താവിന് അഞ്ചും, സ്കന്ദന് ആറും, ആൽ വൃക്ഷത്തിന് ഏഴും സ്തുതികൾ ചൊല്ലിയാണ് പ്രദക്ഷിണം. മൂലതോ ബ്രഹ്മരൂപായ, മദ്ധ്യതോ വിഷ്ണു രൂപിണേ, അഗ്രതോ ശിവരൂപായ - വൃക്ഷരാജായ തേ നമഃ എന്ന നാമമാണ് ആൽ സ്തുതി. ഉച്ചകഴിഞ്ഞാൽ ഈ പ്രദക്ഷിണം ഇല്ല. നിത്യം ചെയ്യുന്ന ആൽ പ്രദക്ഷിണം ശ്വാസംമുട്ട്, ആസ്തമ എന്നിവ ശമിപ്പിക്കും. ക്ഷേത്രത്തിൽ അരയാലും വീട്ടിൽ തുളസിയും നട്ടു വളർ ത്തണം. ക്ഷേത്രത്തിൽ ആദ്യം ആലിനും, മതിലിനു പുറത്തും, പിന്നീട് അകത്തും പ്രദക്ഷിണം ചെയ്യണം. ദർശന സമയത്ത് നട അടഞ്ഞുനിൽക്കാതെ ചെരിഞ്ഞുനിന്ന് തൊഴുത് കൺ കുളിർക്കെ വിഗ്രഹത്തിൽ നോക്കി ആനന്ദിയ്ക്കുക. പ്രസാദമൊന്നും നാലമ്പലത്തിനകത്തു വെച്ച് കഴിയ്ക്കരുത്. ചന്ദനവും പുഷ്പവും പുറത്തു വന്ന് ധരിയ്ക്കുക. ചന്ദനം ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് തൂണിലോ, ചുമരിലോ തേയ്ക്കരുത്. മോതിരവിരൽ കൊണ്ടു വേണം കുറിതൊടുവാൻ , സ്റ്റിക്കർ പൊട്ടുകൾ അലര്‍ജി ഉണ്ടാക്കുമെന്നതിനാൽ വർജ്ജിയ്ക്കണം. ശുഭ്രവസ്ത്രധാരിയായിരി യ്ക്കണം ഭക്തൻ . സ്ത്രീകൾ കേരളാസാരിയോ, വേഷ്ടി-മുണ്ട് എന്നിവയോ ധരിയ്ക്കുന്നതാണ് നല്ലത്. വില കൂടിയവ ധരിയ്ക്കരുത്. പുരുഷന്മാർ അരയ്ക്കുമീതെ പൂർണ്ണമായും വസ്ത്രം ധരിയ്ക്കരുത്. ഈശ്വരചൈതന്യം ഉൾ ക്കൊള്ളുവാൻ പര്യാപ്തമാവണം ശരീരം. വളരെ ശുദ്ധിപാലിയ്ക്കുവാൻ ശ്രദ്ധിക്കണം. സ്ത്രീകൾ സ്വർണ്ണമാല പൂർണ്ണമായും ജാക്കറ്റിനുള്ളിലാക്കണം. എപ്പോഴും പുറത്ത് തൂങ്ങിക്കിടക്കരുത്. സ്വര്‍ണ്ണം ഔഷധമായതിനാൽ ശരീരത്തോടു ചേര്‍ന്നുവേണം ധരിയ്ക്കുവാൻ . സ്വർണ്ണപാദസ്വരം ധരിയ്ക്കരുത്. ശിരസ്സുമുതൽ അരഞ്ഞാണം വരെ സ്വർണ്ണമാവാം. അരയ്ക്കുതാഴെ സ്വർണ്ണമരുത്. തൊഴുതു കഴിഞ്ഞാൽ നാലമ്പലത്തിനുള്ളിൽ തന്നെ ഒരുഭാഗത്ത് അഞ്ചു മിനിട്ട് ധ്യാനിച്ചിരിയ്ക്കണം. കാലിലെ പൊടിതട്ടി എഴുന്നേൽക്കാം. മൺ തരിപോലും കൊണ്ടു പോകരുത്. ദർശനം തുടങ്ങി പുറത്ത് കടക്കുന്നതുവരെ നാമം ജപിയ്ക്കുക, മറ്റു സംസാരങ്ങൾ പാടില്ല.
ഭഗവാൻ ഭക്തദാസനാണ്. എല്ലാവരോടും സ്നേഹത്തോടും ഭവ്യതയോടും പെരുമാറുക. പരസ്പരം ഹരിഃഓം, നമഃശിവായ, നമസ്തേ പറഞ്ഞ് അഭിവാദനം ചെയ്യുക. വിദ്യാര്‍ത്ഥികൾ ഗുരുനാഥന്മാരെ നമസ്തേ പറഞ്ഞ് ആദരിയ്ക്കണം. ഗണപതി വന്ദനം, സരസ്വതിവന്ദനം, വിദ്യാഗോപാലമന്ത്രം എന്നിവ നിത്യശീലമാക്കണം. വളരെ വൃത്തിയായി നടക്കുകയും സഹപാഠികളോടും മറ്റും സ്നേഹത്തോടെ പെരുമാറുകയും വേണം. ഒഴിവുദിനങ്ങളിൽ ഉച്ചവരെ പഠിയ്ക്കുകയും ഉച്ചകഴിഞ്ഞ് കളിയ്ക്കുകയും ചെയ്യാം. പ്രാതഃസ്മരണീയരായ മഹാത്മാക്കളെ മാതൃകയാക്കുക, അവരുടെ ചരിതം പഠിക്കുകയും ജീവിതത്തിൽ ആചരിയ്ക്കുകയും ചെയ്യുക. സത്സംഗങ്ങളിൽ പങ്കെടുത്ത് സദാചാരബോധവും ആത്മബലവും ആർജ്ജിയ്ക്കുക, സമാജത്തെ സേവിയ്ക്കുക, നരസേവ-നാരായണ സേവ-മാനവസേവ-മാധവസേവ- എന്നത് സാക്ഷാത്ക്കരിയ്ക്കുക. എല്ലാവര്ക്കും മാതൃകയായിത്തീരുക. മാന്യമായി പെരുമാറുക. ഈശ്വരാനുഗ്രഹത്തിനായി പ്രാര്‍ത്ഥിയ്ക്കുക. ഭാരതഭൂമിയുടെ സാംസ്ക്കാരിക പാരമ്പര്യം പഠിയ്ക്കുക, ഹിന്ദുവാണെന്നതിൽ അഭിമാനംകൊള്ളുക.
ഓം നമോ ഭഗവതേ വാസുദേവായ!
No comments:
Post a Comment