1510 ലാണ് പോര്ച്ചുഗീസ് കപ്പിത്താൻ അൽബുക്കർക്ക് ഗോവ കീഴടക്കിയത് . അന്ന് ബാർദേസ് , തീസ് വാഡി , സാസഷ്ടി എന്നീ മൂന്നു താലൂക്കുകൾ അടങ്ങുന്ന കൊച്ചു രാജ്യമായിരുന്നു ഗോവ.
ഭാരത ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളിൽ ഒന്നാണ് ഗോവയെ ക്രൈസ്തവ വൽക്കരിക്കാനായി പോർച്ചുഗീസുകാർ നടത്തിയ സമാനതകളില്ലാത്ത ക്രൂര കൃത്യങ്ങൾ. ഭാരതത്തിലെ ഏറ്റവും ആദ്യത്തേതും ദീർഘകാലം നിലനിന്നതുമായ , മത ശുദ്ധീകാരണത്തിന്റെ പേരിൽ നടത്തപ്പെട്ട സംഘടിത പീഡനമായിരുന്നു ഗോവയിലേത് . 1546 മാർച് 8 ന് പുറപ്പെടുവിച്ച ജോ ഓ മൂന്നാമൻ രാജാവിന്റെ കല്പന മുതൽ തുടങ്ങുന്നു ഗോവയിലെ മത ശുദ്ധീകരണത്തിന്റെ ചരിത്രം. വിഗ്രഹാരാധന പിന്തുടരുന്ന ഹിന്ദുക്കളെയും പിന്നെ ഇസ്ലാം മത വിശ്വാസികളെയും ജൂതന്മാരെയും മൊത്തമായി ഉദ്ദേശിച്ചു കൊണ്ടും മതാചാരങ്ങളും ഗ്രന്ഥങ്ങളും കൈകാര്യം ചെയ്യുന്നവർ എന്ന നിലയിൽ ബ്രാഹ്മണരെ വിശേഷിച്ചും ലക്ഷ്യമാക്കിയായിരുന്നു മത ശുദ്ധീകാരണം ആരംഭിച്ചത് . വിവിധ മാർഗ്ഗങ്ങൾ അതിനായി അവലംബിക്കപ്പെട്ടു.
1. ക്ഷേത്ര ഭന്ജനം - വിഗ്രഹ നശീകരണം - ഗ്രന്ഥ നശീകരണം
---------------
ആദ്യ ഘട്ടത്തിൽ ക്ഷേത്രങ്ങളെയും വിഗ്രഹങ്ങളെയും നശിപ്പിക്കുകയാണ് ചെയ്തത് . 1559 ആവുമ്പൊഴത്തെക്ക് 350 ക്ഷേത്രങ്ങളും പോർച്ചുഗീസ് ഭരണകാലത്ത് മൊത്തത്തിലായി 600 ഓളം ക്ഷേത്രങ്ങളുമാണ് നശിപ്പിക്കപ്പെട്ടത് . അതിനു ശേഷം ക്ഷേത്രങ്ങളുടെ വസ്തു വകകൾ കണ്ടു കെട്ടി.
വിഗ്രഹങ്ങൾ മാറ്റി പോർച്ചുഗീസ് ഭരണത്തിന് പുറത്തുള്ള സ്ഥലങ്ങളിൽ കൊണ്ട് പോയി പ്രതിഷ്ടിച്ച് ഹിന്ദുക്കൾ കുറെയൊക്കെ ഇതിനെ അതി ജീവിച്ചു.
അടുത്ത ഘട്ടത്തിൽ ഹിന്ദുക്കളുടെ മത - ദർശന സാഹിത്യങ്ങളുടെ നേർക്കായിരുന്നു ആക്രമണം . ഹിന്ദുക്കളും മുസ്ലീങ്ങളും തങ്ങളുടെ മതഗ്രന്ഥങ്ങൾ വീടുകളിൽ സൂക്ഷിച്ചു വെക്കരുത് എന്ന മത കൽപ്പനക്കു സെബാസ്തിയോ രാജാവ് നിയമത്തിന്റെ കുപ്പായം അണിയിച്ചു . ഹരികഥ , പുരാണ കഥനം , മത പ്രഭാഷണം , മുസ്ലീങ്ങൾ മക്കയിൽ നിന്നോ മറ്റു തീർഥ സ്ഥലങ്ങളിൽ നിന്നോ കൊണ്ടുവരുന്ന മത പുസ്തകങ്ങൾ പൂജാ സാമഗ്രികൾ എന്നിവ വിലക്കപ്പെട്ടു.ഗ്രന്ഥ വേട്ട തുടങ്ങി. ഇതിനെ അതിജീവിക്കാൻ സ്ത്രീകൾ ഗ്രന്ഥങ്ങൾ അറിവീപ്പകളിലും ഭരണികളിലും മറ്റും സൂക്ഷിച്ച ! ഇന്നല്ലെങ്കിൽ നാളെ അവയെല്ലാം നഷ്ടപ്പെട്ടേക്കാം എന്ന ഭയത്തോടെ പുരുഷന്മാർ ആകാവുന്നത്ര മന്ത്രങ്ങൾ ഉരുക്കഴിച്ചു കാണാതെ പഠിച്ചു !
2. വംശീയ ഉന്മൂലനം
--------------
അടുത്ത ഘട്ടത്തിൽ പോർച്ചുഗീസ് ദൃഷ്ടി പതിഞ്ഞത് പ്രദേശത്തെ പുരോഹിതന്മാർ , ആചാര്യന്മാർ , സന്യാസിമാർ തുടങ്ങിയവരിലാണ് . അവരെ കൈകാര്യം ചെയ്തത് രണ്ടു രീതിയിലാണ് . ഒന്ന് , എന്ന് തന്ത്രം ഉപയോഗിച്ചും അവരെ ക്രിസ്തു മതത്തിൽ ചേർക്കുക അല്ലെങ്കിൽ പോർച്ചുഗീസ് ഭരണത്തിൻ കീഴിൽ ഉള്ള പ്രദേശങ്ങളിൽ നിന്ന് അവരെ തള്ളി പുറത്താക്കുക . 1560 ഏപ്രിൽ 2 നു വൈസ്രോയി ഇതിനുള്ള കൽപ്പന പുറപ്പെടുവിച്ചു . ഒരു മാസത്തിനകം ഗോവ വിട്ടു പോകണമെന്നും ഇല്ലെങ്കിൽ സ്വത്തു കണ്ടു കെട്ടുമെന്നും . ക്ഷേത്രങ്ങൾക്ക് വേണ്ടി ആഭരണങ്ങൾ പണിയുന്ന സ്വർണ്ണപ്പണിക്കാർക്കെതിരെയും ഉണ്ടായി സമാന കൽപ്പന .
ഈ രണ്ടു കൽപ്പനകളും സമൂഹത്തിലും നാട്ടിലും വല്ലാത്ത കോളിളക്കം സൃഷ്ടിച്ചു .
3. ഹൈന്ദവ വിവാഹങ്ങളുടെയും മറ്റു ആചാരങ്ങളുടെയും നിരോധനം
--------------
1567 ൽ ചേർന്ന ഒന്നാം മത നേതൃ സമ്മേളനത്തിൽ പോർച്ചുഗീസ് ഭരണത്തിന് കീഴിലുള്ള പ്രദേശങ്ങളിൽ ഹൈന്ദവ വിവാഹങ്ങൾ നിരോധിക്കപ്പെട്ടു. അതോടെ ഹിന്ദുക്കൾക്ക് പുഴക്കപ്പുറത്തു പോർച്ചുഗീസ് ഭരണത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ പോയി വിവാഹം നടത്തേണ്ട സ്ഥിതി വന്നു. ഈ ദയനീയ അവസ്ഥ മുതലെടുത്ത് പലപ്പോഴും പുഴ മധ്യത്തിൽ വച്ച് വിവാഹ സംഘങ്ങളെ കൊള്ള ചെയ്യുന്ന ഏർപ്പാടും ഉണ്ടായിരുന്നു ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും അവരാരും പോര്ച്ചുഗീസുകാരുടെ മതത്തിൽ ചേർന്നില്ല . വിവാഹ ചടങ്ങുകളിൽ കർമ്മികളായി എത്തുന്ന ബ്രാഹ്മണർക്കും ക്ഷേത്ര ഉദ്യോഗസ്ഥന്മാർക്കും വരെ പിഴയും ശിക്ഷയും ചുമത്തുന്ന കൽപ്പന നിലവിൽ വന്നു.
ബ്രാഹ്മണർ പൂണൂൽ ധരിക്കുന്നത് നിരോധിക്കണം എന്ന മിഷനറിമാരുടെ അഭിപ്രായം അല്പ്പം ഒരു ഇളവോടെ അതായത് മറ്റാരും കാണാത്ത വിധത്തിൽ ധരിക്കണം എന്ന വ്യവസ്ഥയോടെ ഫിലിപ്സ് രാജാവിന്റെ കല്പ്പനയായി . ഉപനയനം നിരോധിക്കാനും ശുപാർശയുണ്ടായി .പോർച്ചുഗീസ് ഭരണത്തിന് പുറത്തുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയി കുട്ടികളെ ഉപനയനം ചെയ്യിച്ചു ഹിന്ദുക്കൾ ഇതിനെ പ്രതിരോധിച്ചു .
അക്രൈസ്തവരുമായി കൂട്ടുകൂടുന്നതും ജോലിചെയ്യുന്നതും കച്ചവടം നടത്തുന്നതും കടം കൊടുക്കുന്നതും ഏകാദശി നോല്ക്കുന്നതും മംഗള ഗാനം പാടുന്നതും വീട്ടിൽ തുളസി ച്ചെടി വളർത്തുന്നതും കുടുമ വയ്ക്കുന്നതും മെതിയടി ധരിക്കുന്നതും നിരോധിക്കപ്പെട്ടു !
4. കാത്തിക്യുമിനസ് എന്ന മസ്തിഷ്ക പ്രക്ഷാളന കേന്ദ്രങ്ങൾ .
---------------
ചെറിയ കുട്ടികളെ വീട്ടിൽ നിന്നും അപഹരിച്ചു കൊണ്ട് പോയി മാമോദിസ മുക്കിച്ചു കാത്തിക്യുമിനസ് എന്ന കേന്ദ്രങ്ങളിൽ പാർപ്പിച്ചു . കുട്ടികളുടെ മസ്തിഷ്ക പ്രക്ഷാളന കേന്ദ്രങ്ങൾ ആയിരുന്നു അവ. പശുക്കുട്ടി പോവുമ്പോൾ പിറകെ പശുവും എത്തും എന്ന സിദ്ധാന്ത പ്രകാരം ആയിരുന്നു ഇത്. അനാഥക്കുട്ടികളെ ഏറ്റെടുത്തും മാമോദിസ മുക്കി മത പരിശീലനം നല്കി.
1567 ഡിസംബർ 4 ലെ കല്പ്പന പ്രകാരം ക്രൈസ്തവരല്ലാത്തവരും സുവിശേഷം കേൾക്കാൻ പോവുന്നത് നിർബ്ബന്ധം ആക്കി. ഹിന്ദുക്കളെ ആകമാനം പിടിച്ചു കുലുക്കിയ കൽപ്പനയായിരുന്നു അത്. പലായനത്തിന്റെ ആക്കം കൂടി. ഒടുവിൽ 1717 ജനവരി 14 നു ആ നിയമം റദ്ദാക്കി. നിർബ്ബന്ധിച്ചു ഗോമാംസം ചുണ്ടിൽ തേച്ച് ജാതിഭ്രഷ്ട് വിളിച്ചുവരുത്തി മതം മാറ്റുന്ന കലാപരിപാടിയുമുണ്ടായിരുന്നു . എല്ലാ വർഷവും ജനവരി 25 നു സെന്റ് പോൾ പള്ളിയിലെ പെരുന്നാൾ ദിവസമായിരുന്നു ഇതിനായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നത് !
5. ഇന്ക്വിസിഷൻ അഥവാ മത വിചാരണ എന്ന പീഡന പർവ്വം
--------------
മറ്റു മതങ്ങളിൽ വിശ്വസിക്കുന്നത് മത നിന്ദയായി കരുതി അവരെ വിചാരണ ചെയ്തു തടവറയിൽ അടച്ച് പീഡിപ്പിക്കുക എന്നതായിരുന്നു ഇന്ക്വിസിഷൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് . കൊലപാതക യന്ത്രം എന്നായിരുന്നു ഇതിനെ വിശ്വപ്രസിദ്ധ എഴുത്തുകാരൻ റിച്ചാർഡ് സിമ്ലർ (Richard Zimler ) വിശേഷിപ്പിച്ചത്. ഗോവയിൽ ഇത് നിർബാധം നടപ്പിലാക്കപ്പെട്ടു . ഗോവയിലെ ഇന്ക്വിസിഷൻ ന്റെ വിവരങ്ങൾ പുറം ലോകത്തിനു ലഭ്യമായത് ചിലരുടെ വ്യക്തി വിരോധം കൊണ്ട് അതിനു വിധേയനാവേണ്ടി വന്ന ഫ്രഞ്ച് ഡോക്ടർ ഡെല്ലോൻ അവിടെ നിന്ന് മോചിപ്പിക്കപ്പെട്ടതിനു ശേഷം മാതൃഭാഷയിൽ എഴുതിയ കുറിപ്പുകളിൽ നിന്നാണ്.
1516 ൽ ഈ കിരാത നടപടി ആരംഭിച്ചു. ഇങ്ങനെ വിചാരണ ചെയ്യപ്പെടുന്നവരുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടുകയായിരുന്നു ആദ്യം ചെയ്തിരുന്നത്. അത് വിറ്റുകിട്ടുന്ന വരുമാനം കൊണ്ടാണ് ഈ കൊലപാതക യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചിരുന്നത്. ഡെല്ലോൻ വിവരിക്കുന്നത് അനുസരിച്ച് മൂന്നു തരം പീഡന മുറകൾ ഗോവയിലെ കല്ത്തുറുങ്കുകളിൽ നിലവിൽ ഉണ്ടായിരുന്നു. ഒന്ന് , കപ്പി പീഡനം - കപ്പിയിൽ കെട്ടി തൂക്കുക ! രണ്ട് ജല പീഡനം - കെട്ടിയിട്ട് ഇരുമ്പ് ചവണ വച്ച് തുറന്നു പിടിച്ച വായിലേക്ക് വെള്ളം ഒഴിക്കുക! വയറു നിറയ്ക്കുക. കുടിക്കുകയല്ലാതെ വേറെ നിവൃത്തി ഇല്ല. മൂന്ന് അഗ്നി പീഡനം - ആളെ കെട്ടി തൂക്കി ചുവട്ടിൽ തീ കത്തിക്കുക !
പീഡനത്തിൽ മരിച്ചവരെ പറമ്പിൽ ഉടനടി കുഴിച്ചുമൂടും . മണ്ണിൽ ജീർണ്ണിക്കുന്ന ശവത്തിന്റെ അസ്ഥിയെപ്പോലും വെറുതെ വിട്ടിരുന്നില്ല. അവ പുറത്തെടുത്തു കത്തിച്ചു കളഞ്ഞിരുന്നു. പലപ്പോഴും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാതവരെ ജീവനോടെ കത്തിക്കുകയും ചെയ്തിരുന്നത്രേ. ഇൻഡോ - പോർച്ചുഗീസ് ചരിത്രകാരനായ Teotonio R. De Souza യുടെ അഭിപ്രായത്തിൽ മൃതദേഹത്തെ അപമാനിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
ക്രിസ്തുമാതാനുയായികൾ അല്ലാത്ത എല്ലാവരും പോര്ച്ചുഗീസ് കാരാൽ ഇപ്രകാരം വേട്ടയാടപ്പെട്ടു. ഒരു ചെറിയ വിഗ്രഹം കയ്യിൽ വയ്ക്കുന്നതോ തന്റെ പ്രിയതമയുടെ കുഴിമാടത്തിനു അരികിലിരുന്നു ഹീബ്രു പ്രാർത്ഥന ചൊല്ലുന്നതോ ഒക്കെ മതിയായിരുന്നു ഇന്ക്വിസിഷന് വിധേയരാവാൻ !
ഇങ്ങനെയുള്ള കിരാത നടപടികളുടെ ഫലമായി 17 ആം നൂറ്റാണ്ടിന്റെ അന്ത്യമായപ്പോഴേക്കും 250000 വരുന്ന ഗോവൻ ജന സംഘ്യയിൽ കേവലം 20000 മാത്രമായി അക്രൈസ്തവ ജന സംഘ്യ കുറഞ്ഞു .അറിയപ്പെട്ട കണക്കനുസരിച്ച് 57 പേർ ഇത്തരത്തിൽ കൊല്ലപ്പെട്ടു. പക്ഷെ യഥാർത്ഥത്തിൽ Inquisition വിധേയരാക്കപ്പെട്ട ആൾക്കാരുടെ അന്തിമ വിധി എന്തായിരുന്നു എന്ന് പുറം ലോകം അറിഞ്ഞില്ല. അതുകൊണ്ടുതന്നെ കണക്കുകൾ ഒരിക്കലും പൂർണ്ണമായിരിക്കില്ല. (The Portuguese Inquisitions and its New Christians (Brill , 2001)
ഗോവയിലെ മത പരിവർത്തന ശ്രമങ്ങൾ റോമൻ കത്തോലിക്കാപ്പള്ളിയുടെയും പോർച്ചുഗീസ് ഭരണകൂടത്തിന്റെയും കൂട്ടായ പ്രവർത്തനം ആയിരുന്നു. ചിന്തിച്ചു നിർദ്ദേശിക്കാൻ ഉള്ള മേൽക്കൈ പള്ളിക്കും നടപ്പിലാക്കാനുള്ള മേൽക്കൈ ഭരണത്തിനുമായിരുന്നു
പലായനം
----------------
ഇങ്ങനെ പലവിധത്തിലുള്ള , സമാനതകളില്ലാത്ത ക്രൂരതകൾകൊണ്ടും പീഡനങ്ങൾ കൊണ്ടും പൊറുതിമുട്ടിയ ഗോവയിലെ ഹിന്ദുക്കൾ പോർച്ചുഗീസ് പ്രദേശത്തിന് തെക്കും കിഴക്കും വടക്കും ഉള്ള മറുനാടുകളിൽ ശരണം പ്രാപിച്ചു തുടങ്ങി . 1560 ലെ വൈസ്രോയിയുടെ പുറത്താക്കൽ കൽപ്പനയിൽ തുടങ്ങുന്നു ഇവരുടെ പലായനത്തിന്റെ ചരിത്രം. കാർവാർ, ബംട് വാൾ , മംഗലാപുരം , കൊച്ചി മുതലായ തുറമുഖ പട്ടണങ്ങളിൽ നേരത്തെ തന്നെ വ്യാപാര ബന്ധം ഉണ്ടായിരുന്ന ദേശക്കാർ കിട്ടിയതെല്ലാം പെറുക്കിക്കെട്ടി പത്തെമാരികളിൽ കയറി എന്നെന്നേക്കുമായി ജന്മ നാടായ ഗോമന്തകം വിട്ടു. ഗൌഡ സാരസ്വത ബ്രാഹ്മണരും , സ്വർണ്ണപ്പണിക്കാരും , കുഡുംബികളും എല്ലാം ഇങ്ങനെ പലായനം ചെയ്തവരിൽ പെടുന്നു.
സാമൂതിരി 1560 ൽ ഇവർക്ക് പ്രവേശനം നിഷേധിച്ചു . 1566 ൽ അവർ കൊച്ചിയിലും തിരുവിതാംകൂറിലും എത്തി. 1648 ൽ കൊച്ചി രാജാവ് അവർക്ക് സ്വസങ്കേതത്തിൽ നീതി ന്യായം നടത്താൻ അവകാശം നല്കി. അവരിൽ നിന്ന് പിന്തുടർച്ച നികുതിയും ഈടാക്കിയിരുന്നില്ല കുറേപ്പേർ ആലപ്പുഴയിലും താമസമാക്കി.
സ്വന്തം ധർമ്മത്തിലും വിശ്വാസത്തിലും ഉറച്ചു നില്ക്കാൻ ജനിച്ച മണ്ണും സർവ്വ സ്വത്തുക്കളും ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്ന ഇവരുടെ ചരിത്രം എന്തുകൊണ്ടോ വളരെ കുറച്ചു മാത്രമാണ് ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്
--------------
കുറിപ്പ് : ചരിത്രത്തിന്റെ വ്യക്തമായ ആഖ്യാനം മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. റെഫറൻസായി പറഞ്ഞ ഗ്രന്ഥങ്ങളിൽ നിന്നുള്ളത് അല്ലാതെ ഒരു വാചകം പോലും ഇട്ടിട്ടില്ല. ചരിത്രത്തിന്റെ ഋജുവായ ആഖ്യാനം ഉറപ്പു വരുത്താനാണ് അങ്ങനെ ചെയ്തത്. വിഷയം വിവരിക്കുമ്പോൾ തീരെ ഒഴിവാക്കാൻ കഴിയാത്ത മത നാമങ്ങളും മറ്റുമാണ് ഉപയോഗിച്ചിട്ടുള്ളത്. സ്സെന്റ്റ് ഫ്രാൻസിസ് സേവ്യറിനെ കുറിച്ചുള്ള പരാമർശങ്ങൾ ബോധപൂർവ്വം മാറ്റി നിർത്തിയിട്ടുണ്ട് .
അവലംബം:
--------------
1. ഗോവയിലെ മതം മാറ്റം - കഥയും വ്യഥയും : ആർ ഹരി - കുരുക്ഷേത്ര പ്രകാശൻ
2. Goa Inquisition - The New Indian Express - 03 / 09 / 2015
3. Researches in Indo Portuguese History - Dr P P Shirodkar (Excerpts Online )
4. കേരള ചരിത്ര നിഖണ്ടു - എസ് കെ വസന്തൻ - കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘം
No comments:
Post a Comment