വേദാന്തം പ്രായോഗികജീവിതത്തിൽ-
ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശാസ്ത്രീയവും യുക്തിപരവും ഉദാത്തവുമായ തത്വചിന്തകളാണു ഉപനിഷത്തുക്കളിലൂടെ ഉല്ബുദ്ധമാകുകയും ശ്രീ ശങ്കരഭഗവത്പാദരിലൂടെ പ്രചരിയ്ക്കപ്പെടുകയും,ചെയ്ത വേദാന്തദർശനങ്ങൾ.മതത്തിനും, ആചാരാനുഷ്ടാനങ്ങൾക്കും,കാലദേശങ്ങൾക്കും,വിശ്വാസപ്രമാണങ്ങൾക്കും,അതീതമായ, സർവ്വചരാചരങ്ങൾക്കും സ്വികാര്യമായ വിശ്വദർശനങ്ങളായിരുന്നു അവ. ആത്മജ്ഞാനത്തിന്റെ അനുഭൂതിതലങ്ങളിൽ വച്ച് അവർ മുഖാമുഖംകണ്ട പ്രപഞ്ചസത്യങ്ങൾതുറന്നുപറയുകയാണു ആ മഹാ ജ്ഞാനികൾ ചെയ്തത്.
അവർ പറഞ്ഞത് ഏക സത്യം മാത്രമായിരുന്നു.
‘പ്രജ്ഞാനം ബ്രഹ്മ“-(പ്രജ്ഞാനം ആണു ബ്രഹ്മം)-ഐതരോപനിഷത്ത്
”അഹം ബ്രഹ്മാസ്മി“ ( ഞാൻ ബ്രഹ്മമാണു)-ബ്ര്യഹദാരണ്യകോപനിഷത്ത്
”തത്വമസി“ ( അത് ബ്രഹ്മം നീയാണു )-ഛാന്ദോഗ്യോപനിഷത്ത്
”അയമാത്മ ബ്രഹ്മ“ ( ഈ ആത്മാവ് ബ്രഹ്മമാണു)-മാണ്ടുക്യോപനിഷത്ത്
”സർവ്വം ഖ്വലിദം ബ്രഹ്മ“ ( ഇതെല്ലാം തന്നെ ബ്രഹ്മം)- ഛാന്ദൊഗ്യോപനിഷത്ത്
ഈ വിശ്വമാകെ വ്യാപിച്ചിരിയ്ക്കുന്നത് ഏക ചൈതന്യം മാത്രമാണെന്നും,രണ്ടാമതൊന്നില്ലെന്നും, അത് നീ തന്നെയാണെന്നും അർത്ഥശങ്കക്കിടമില്ലാതെ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിയ്ക്കുന്നു.
ഈ കാണുന്ന ദ്ര്യശ്യപ്രപഞ്ചത്തിന്റെ ആസ്തിത്വത്തെ പാടെ നിഷേധിയ്ക്കുകയാണു വേദാന്ത ദർശനങ്ങൾ. ജീവിതത്തെ നേരിടാൻ കഴിയാതിരുന്ന നിഷ്ക്രിയരായ , നിരാലംബരായ, വ്യക്തികളുടെ ആത്മഹത്യാപരമായ ചിന്തകളായിരുന്നില്ല അവ. അതേ സമയം കർമ്മഫലങ്ങള്രെ ജ്ഞാനാഗ്നിയിൽ എരിച്ചുകളഞ്ഞ് മുക്തിപദത്തിലേക്കെത്തിയ അനേകം ജ്ഞാനികളുടെ കൂട്ടായ ചിന്തകളായിരുന്നു അവയെല്ലാം. സത്യത്തിൽ സ്ഥൂലപ്രപഞ്ചത്തെ നിഷേധിയ്ക്കുകയല്ല, ചെയ്തത്, സ്ഥൂലപ്രപഞ്ചം അനുനിമിഷം മാറിക്കൊണ്ടിരിയ്ക്കുന്നതും, ആപേക്ഷികവുമാണെന്നും, നിത്യസത്യമായിട്ടുള്ളത് അതിൻ ആധാരമായ ബ്രഹ്മം മാത്രമാണെന്നുമാണു ഉപദേശിച്ചിരിയ്ക്കുന്നത്.
ഏതൊരു ചിന്തയേയും, വിശ്വാസത്തേയും,സ്വീകരിയ്ക്കാനും, ഉൾക്കൊള്ളാനും മാത്രം ശാസ്ത്രീയവും ശക്തവുമാണു അദ്വൈതചിന്തകൾ.ഒരു നിരീശ്വരവാദിയ്ക്കുപോലും വേണമെങ്കിൽ ഇതിനെ ഉൾക്കൊള്ളാൻ കഴിയും. കാരണം വിശ്വപ്രപഞ്ചത്തെ അടക്കിവാഴുന്ന ഒരു വ്യക്തിഗത ഈശ്വരനെ അദ്വൈതചിന്തകൾ അംഗീകരിയ്ക്കുന്നില്ല. അതേ സമയം ഏതൊരാത്മഭാവത്തിനും സ്വയം ശുദ്ധീകരണത്തിലൂടേയും, ശാക്തീകരണത്തിലൂടേയും, ദ്വൈതഭാവവിശ്വാസപ്രകാരത്തിലുള്ളഈശ്വരതുല്യനായ ഒരു മൂർത്തിയാകാനുള്ള സാധ്യതയും തള്ളികളയുന്നില്ല.
ഈ ദ്ര്യശ്യപ്രപഞ്ചത്തിലെ സർവ്വ സ്ഥൂലവസ്തുക്കളും 92 മൂലകങ്ങളെക്കൊണ്ടാണു നിർമ്മിച്ചിട്ടുള്ളതെന്നാണു ആധൂനികശാസ്ത്രമതം. അതുകൊണ്ട്, ഏതൊരു വസ്തുവിനെ വിഘടിച്ചാലും ആദ്യം എത്തിച്ചേരുന്നത് ആ വസ്തുവിന്റെ ഗുണത്തിനാധാരമായമൂലകങ്ങളുടെ കൂട്ടായ്മയായ യൌഗികങ്ങളിലേയ്ക്കായിരിയ്ക്കും.വീണ്ടും വിഘടിയ്ക്കുകയണെങ്കിൽ ആറ്റങ്ങളിലും,അവസാനം ദ്രവ്യത്തിന്റെ അടിസ്ഥാനനിർമ്മാണഘടകങ്ങളായ ക്വാർക്കുകളിലും, ലെപ്ടോണുകളിലുമായിരിയ്ക്കും. ഈ അടിസ്ഥാന ഘടകങ്ങളാകട്ടെ ഒരു നിമിഷം തരംഗങ്ങളും അടുത്ത നിമിഷം അണുക്കളുമായി കാണപ്പെടുന്നു. ക്വാണ്ടം ബലതന്ത്രപ്രകാരംഎല്ലാ കണങ്ങളും തരംഗങ്ങളാണു. തരംഗങ്ങൾ ഊർജ്ജത്തിൽ അഥവാ ചൈതന്യത്തിലാണു ഉണ്ടാകുന്നത്. അതായത് സൂക്ഷദ്ര്യഷ്ടിയിൽ നോക്കുകയാണെങ്കിൽ സ്ഥൂലപ്രപഞ്ചമില്ലയെന്നർത്ഥം.
ഈ വിശ്വമാകെ നിറഞ്ഞുനില്ക്കുന്ന ശക്തിയുടെ ഉറവിടത്തെയാണു വേദാന്തം, ദൈവിക അവബോധം, ‘പ്രജ്ഞ, ബ്രഹ്മം, എന്നൊക്കെ വിളിച്ചത്. ഈ ബ്രഹ്മത്തിന്റെ തന്നെ ഗുണമായ മഹാമായകൊണ്ടാണു ദ്ര്യശ്യപ്രപഞ്ചം ഉണ്ടാകുന്നത്. ദ്ര്യശ്യപ്രപഞ്ചത്തിന്റെ നിയമങ്ങളെ അതിജീവിയ്ക്കാൻ കഴിയുന്ന ജ്ഞാനിയെ സംബന്ധിച്ചിടത്തോളം, ദ്ര്യശ്യപ്രപഞ്ചം നശ്വരമാകുന്നു. സർവ്വചരാചരങ്ങളിലും തുല്യ അളവിൽ വിശ്വമാകെ വ്യാപിച്ചുകിടക്കുന്ന ദൈവീക അവബോധം അതിന്റെ തന്നെ ഗുണമായ മായയിൽ സ്ഥലകാല,സമയ പരിധികൾക്ക് അടിമപ്പെടുന്നു. ഇങ്ങനെ രൂപപ്പെടുന്ന ആത്മാവുകൾ ജനനമരണപ്രവാഹത്തിൽ ഒഴുകുന്നു. യഥാർത്ഥത്തിൽ ആത്മാവ് ജനിയ്ക്കുകയോ. മരിയ്ക്കുകയൊ ചെയ്യുന്നില്ലെങ്കിലും ജീവജാലങ്ങൾ മായാ പ്രവാഹത്താൽ അത് അനുഭവിയ്ക്കുന്നു.ഏകദേശം 84 ലക്ഷം തവണ സസ്യ ജന്തുജാലങ്ങളിലൂടെ പുനർജനിച്ച് അവസാനം മനുഷ്യനിലേയ്ക്ക് എത്തിനില്ക്കുന്ന അനേകജന്മങ്ങളുടെഓർമ്മകളാകുന്ന കർമ്മഫലങ്ങളാണു തുടർന്നുള്ള ജന്മങ്ങൾക്ക് വഴിവയ്ക്കുന്നത്.. മഹാഭൂരിപക്ഷം ജനങ്ങൾക്കും പൂർവ്വജന്മസ്മരണകളില്ലാത്തതുകൊണ്ട് ഓരൊ ജന്മവും പുതിയതാണെന്നും സത്യമാണെന്നും ധരിയ്ക്കുന്നു. അതിനാൽ കർമ്മഫലങ്ങളെ കത്തിച്ചുകളയേണ്ട ആവശ്യകത അവനു ബോധ്യമാകാതെവരുന്നതിനാൽ, കൂടുതൽ വാശിയോടെ അവൻ കൂടുതൽ കർമ്മഫലങ്ങളെ സ്ര്യഷ്ടിയ്ക്കുന്നു. അതുകൊണ്ട് സ്വന്തം ആത്മസത്യമറിയാതെജന്മജന്മാന്തരങ്ങളായി പുനർജനിയ്ക്കുന്നു. അതേ സമയം മനുഷ്യനിലേക്കെത്തിയ ഒരാത്മാവിനു ഒറ്റജന്മംകൊണ്ടുപോലും മുക്തനാകാൻ കഴിയുമത്രെ. താൻ പരബ്രഹ്മഭാവമാണെന്ന സത്യം താത്വികമായി അംഗീകരിയ്ക്കുകയും സാധനയാൽ പുരോഗമിയ്ക്കുകയും ചെയ്യണമെന്നുമാത്രം. സനാതനവും ഉദാത്തവുമായ അദ്വൈതചിന്തകളെ ആത്മീയവാദികളെന്നു അഭിമാനിയ്ക്കുന്നവർപ്പോലും, ആത്മാർത്ഥമായി സ്വീകരിയ്ക്കുന്നില്ലയെന്നുമാത്രമല്ല, അല്പം ഭയത്താലും, അപ്രയോഗികമായും കാണുന്നുവെന്നത്സത്യം മാത്രമാണു. പുരാണങ്ങളിലും, ഇതിഹാസങ്ങളിലും, ഗീതയിലും, അവയുടെ ഭാഷ്യങ്ങളിലും, വേദാന്തചിന്തകളെഉപരിവിപ്ളവകരമായി അംഗീകരിച്ചും, അതേ സമയം അതിനു കടകവിരുദ്ധമായി,ദ്വൈതം, വിശ്ഷ്ടാദ്വൈതം, തുടങ്ങിയ വീക്ഷണങ്ങൾ കൂട്ടിക്കലർത്തിയ സഗുണ ബ്രഹ്മവാദങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പം സ്ര്യഷ്ടിച്ച് വേദാന്തചിന്തകളുടെ പ്രസക്തികുറയ്ക്കാൻ ഇടയാക്കിയിട്ടുണ്ടെന്നുള്ളത് സത്യം മാത്രമാണു.
ജ്ഞാനാഗ്നിയാകുന്ന വേദാന്തം ഉപരിവിപ്ളവകരമായ ഭക്തിയുടേയും, ദ്വൈതവാദങ്ങളുടേയും, വെണ്ണീറിൽ പുതഞ്ഞുമൂടികിടക്കുകയാണു. എന്നൊക്കെ ഭാരതീയ ജനത വേദാന്തത്തെ കൈവെടിഞ്ഞിട്ടുണ്ടോ, അന്നൊക്കെ മൂല്യചൂതിയ്ക്ക് വശംവദരാകുകയും ജാതിവ്യവസ്ഥയ്ക്കും,അടിമത്തത്തിനും, മതപരിവർത്തനങ്ങൾക്കും, അനാചാരങ്ങൾക്കും സ്വയം വഴങ്ങികൊടുക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു കാലഘട്ടത്തിലാണു, ശ്രീബുദ്ധന്റെ ജനനമുണ്ടായത്. എന്നാൽ ബുദ്ധമതത്തിന്റെപ്രഭാവത്താൽ ഹിന്ദുമതം ക്ഷയിയ്ക്കുകയും, ബുദ്ധമതം തന്നെ മൂലച്യൂതിയ്ക്ക്വിധേയമാകുകയും ചെയ്ത സമയത്താണു ശ്രീശങ്കരാചാര്യരുടെ ഉദയമുണ്ടായത്.അന്നു ഭാരതത്തിൽ കൊടികുത്തിവാണിരുന്ന അനാചാരങ്ങളെ, ബഹുദൈവ വിശ്വാസങ്ങളെ എതിർത്ത് സന്ധിയില്ലാതെപോരാടി അദ്വൈതദർശനങ്ങളുടെ പ്രസക്തിയെ ഉയർത്തിക്കാട്ടി ഭാരതീയ ജനതയെ ആകെ വേദാന്ത ചിന്താസരണിയിൽ അണിനിരത്താൻ ശങ്കരാചാര്യർക്കു കഴിഞ്ഞു.
ശ്രീശങ്കരന്റെ കാലശേഷം വേദാന്തചിന്തകളെഉൾക്കൊള്ളാൻ ബഹുഭൂരിപക്ഷം ആത്മീയവാദികളെന്നു അഭിമാനിയ്ക്കുന്നവർക്കും കഴിഞ്ഞില്ലയെന്നുകാണാം. കാരണാം അത് സ്വയം എത്തിച്ചേരേണ്ട തലമായിരുന്നു. എന്നാൽ ഉപരിവിപ്ളവകരമായ ഭക്തി ഏതൊരാൾക്കും എളുപ്പം പിന്തുടരാവുന്ന മാർഗ്ഗമായിരുന്നു. അതുകൊണ്ട് മഹാഭൂരിപക്ഷം ജനങ്ങളും ജ്ഞാനത്തെ ഉപേക്ഷിച്ച് ഉപരിവിപ്ളവകരമായഭക്തിമാർഗ്ഗം സ്വീകരിയ്ക്കുകയാണുണ്ടായത്.
അനേകം മഹർഷിമാരാൽ, നിർമ്മിതമായ ഉപനിഷത് വചനങ്ങളെ പ്രചരിപ്പിയ്ക്കുകമാത്രമാണു ശ്രീശങ്കരൻ ചെയ്തത്.. ശ്രീശങ്കരാചാര്യർ മുൻ ജന്മങ്ങളുടെ ഉന്നതിയാൽ ജന്മനാൽത്തന്നെ ആത്മജ്ഞാനത്തിലേ ക്കെത്തിയ ദിവ്യാത്മാവായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനു പ്രത്യേകിച്ചു യോഗസാധനകളൊന്നുംതന്നെ അനുഷ്ടിക്കേണ്ടിവന്നിട്ടില്ലായിരിയ്ക്കാം. ഒരു പക്ഷെ അദ്ദേഹത്തിനുശേഷമുണ്ടായ വേദാന്തികൾ യോഗസാധനകളടക്കമുള്ള എല്ലാ സാധനകളും ആവശ്യമില്ലാത്തതാണെന്നും താൻ ബ്രഹ്മമാണെന്നു വിശ്വസിച്ചു ഈ ദ്ര്യശ്യപ്രപഞ്ചത്തെ നിഷേധിച്ചാല്മാത്രം മതിയെന്നുമുള്ള അബദ്ധധാരണയിൽ എത്തിച്ചേർന്നു.. സാധാരണ അനുയായികൾ താത്വികമായി വേദാന്തത്തെ സ്വീകരിച്ച് ഇവിടെയുള്ള ഭൌതീകമായതിനെയെല്ലാം ഉപയോഗിച്ച് ഉപരിവിപ്ളവകരമായി ദ്ര്യശ്യപ്രപഞ്ചമില്ലയെന്നു തലങ്ങും വിലങ്ങും പുലമ്പി നടന്നത് വേദാന്തചിന്തകളെപ്രായോഗികമല്ലയെന്നു ധരിയ്ക്കാനിടയാക്കിയെന്നതും സത്യം തന്നെയാണു.അതുകൊണ്ടുതന്നെയാണു സാധാരണജനങ്ങൾ ആ ഉയർന്നചിന്തകളെ ഉപേക്ഷിച്ച് ആചാര അനുഷ്ടാനങ്ങളിലേയ്ക്കും, ഉപരിവിപ്ളവകരമായഭക്തിയിലേയ്ക്കും, അന്ധ വിശ്വാസങ്ങളിലേയ്ക്കും പോയതു. ദ്ര്യശ്യപ്രപഞ്ചത്തിന്റെ ശ്വാശ്വതമില്ലായമയെ പറഞ്ഞുമനസ്സിലാക്കിക്കുന്നതിനുംഅതില്മാത്രം ചുറ്റിത്തിരിയാതെ ആവശ്യമുള്ളവർക്ക്, യോഗ്യരായവർക്ക് മുന്നോട്ടുപോകുന്നതിനുമുള്ള നിർദ്ദേശങ്ങളും , അറിവുകളുമാണു ഉപനിഷത്, അദ്വൈതചിന്തകൾ. യോഗ്യരായവർക്ക് അത് ഉപയോഗിയ്ക്കാം, ദ്ര്യശ്യപ്രപഞ്ചത്തെ നിഷേധിയ്ക്കാതെത്തന്നെ.
പ്രായോഗികജീവിതത്തിൽ അദ്വൈതചിന്തകളെ ഉൾക്കൊള്ളുന്നതിനു ബ്ര്യഹത്തായ വേദങ്ങളും ഉപനിഷത്തുക്കളുംഹ്ര്യദിസ്ഥമാകുകയോ, ദ്ര്യശ്യപ്രപഞ്ചത്തെ തള്ളിപ്പറയുകയോ, ഇഷ്ടദൈവങ്ങളെ ഉപേക്ഷിയ്ക്കുകയോ, സസ്യാഹാരിയാകുകയോ, വേണ്ടതന്നെ.അതേസമയം, നിത്യസത്യമായിട്ടുള്ളത് നിർഗുണബ്രഹ്മമാണെന്നും, താൻ സ്വയം അതിന്റെ ഭാവമായ സനാതനമായ ആത്മാവാണെന്ന ചിന്തയുമാണു. യോഗസാധനകൾ, ഭക്തി, ജപയോഗങ്ങൾ എന്നിവ അദ്വൈതചിന്തയെസ്വയം ഉൾക്കൊള്ളാനും അനുഭവിയ്ക്കാനുംസാധകനെ സഹായിയ്ക്കുന്ന ഘടകങ്ങളാണു.
നാം സഗുണബ്രഹ്മമായി ആരാധിയ്ക്കുന്ന ശ്രീപരമേശ്വരൻ, ശ്രീക്ര്യഷ്ണൻ, ശ്രീരാമൻ അടക്കമുള്ള മൂർത്തികളൊക്കെ ആരാധിയ്ക്കുന്നത് നിർഗുണബ്രഹ്മ്മത്തെയാണു. അവരൊക്കെ അദ്വൈതവിശ്വാസികളായിരുന്നുവെങ്കിലും ഈ മൂർത്തികളെ ആരാധിയ്ക്കുന്ന ബഹുഭൂരിപക്ഷം വിശ്വാസികളും, അദ്വൈതചിന്തകളെ എതിർക്കുകയൊ, അപ്രായോഗികമെന്നുധരിയ്ക്കുകയൊ ചെയ്യുന്ന ത് തികച്ചും ഒരു വിരോധാഭാസംതന്നെയാണു. അവരൊക്കെ കാലപ്രവാഹത്തിൽ ഈശ്വരതുല്യരായിത്തീർന്ന യോഗികളാണെന്നും,ഓരോവ്യക്തിയും ഈശ്വരതുല്യരായിത്തീരുകയാണു ദൈവേച്ഛയെന്നും,ആദ്വൈതചിന്തയുടെ ആത്മബലത്തിൽ അറിയേണ്ടതാണു.
ഭൌതീകജീവിതത്തിലെ കഷ്ട പ്പാടുകളില്പ്പെട്ടുഴലുന്ന നമുക്ക് ത്രിമൂർത്തികളേയും, മറ്റുദേവന്മാരേയും ആരാധിയ്ക്കാം. ഉപാസനാമൂർത്തിയിലൂടെ, ദ്വൈതത്തിലൂടേ അദ്വൈതത്തിലേയ്ക്ക് എത്തിച്ചേരാവുന്നതാണു. ഉപാസനാമൂർത്തിയെ ആദ്യം സ്വികരിയ്ക്കുകയും, അനുയോജ്യമായ മൂലമന്ത്രം സദാ ജപിയ്ക്കുകയും വേണം. ഏതൊരു ദേവതാ നാമത്തോടും പ്രണവം പൂർവ്വകമായും നമ: അന്ത്യത്തിലും ചേർത്തു ജപിയ്ക്കാവുന്നതാണു.. അധികചിന്തകളാണു നമുക്ക് അസ്വസ്ഥ്തകൾ ഉണ്ടാക്കുന്നതു. എന്നാൽ തുടർച്ചയായ മന്ത്രജപത്താൽ സാധകന്റെ മനസ്സിൽസദാസമയവും ഈശ്വരചിന്ത മാത്രമായിത്തീരുന്നു. ഊണിലും, ഉറക്കത്തിലും സ്വപ്നാവസ്ഥയിൽപ്പോലും ജപം തുടർന്നുകൊണ്ടിരിക്കുകയും അത് ധാരമുറിയാത്തതുമായിത്തീരുകയും ചെയ്യും. ഇഷ്ടദൈവത്തെ മനസ്സിൽ ധ്യാനിച്ച് സകലതും ഭഗവാനിൽ അർപ്പിച്ചു ജപിക്കുമ്പോൾ സദാസമയവും എന്തെന്നില്ലാത്ത ഒരു സൌഖ്യവും സുരക്ഷിതബോധവും അനുഭവപ്പെടാൻ തുടങ്ങും. ഓം, ഓം നമ:ശിവായ, ഓം നമോ നാരായണായ, എന്നിങ്ങനെ നമ്മുടെ വിശ്വാസത്തിനും, സങ്കല്പ്പത്തിനും അനുസരിച്ചു ജപിക്കാവുന്നതാണു. യോഗനാഡികളെ ശക്തമാക്കുന്നതിനും ആത്മീയപുരോഗതിക്കുംവേണ്ടി പ്രാണയാമങ്ങൾ, ധ്യാനം എന്നിവകൂടി പരിശീലിക്കുന്നതു വളരെ നല്ലതാണു. നിരന്തരജപത്താൽ ചിത്തമാലിന്യങ്ങളടങ്ങി, ഭക്തിയും സ്നേഹവും വർദ്ധിച്ചുവരുന്നതിനും, സാധകനുള്ളിലെ ദൈവീകഭാവം ഉണർന്നുവരാനും തുടങ്ങും.
മന്ത്രസാധനയിൽ മന്ത്രവും മൂർത്തിയും രണ്ടല്ലയെന്നും ഒന്നുതന്നെയാണെന്നുമുള്ള ബോദ്ധ്യത്തിൽ എത്തിച്ചേരണം. തുടർന്നു സമ്പൂർണ്ണ സമർപ്പണത്തിൽ സാധകനും മൂർത്തിയും തമ്മിലുള്ള ദൂരത്തെ പടിപടിയായി കുറച്ചുകൊണ്ടുവന്നു രണ്ടും ഒന്നായിത്തീരണം. അവസാനമായി സ്വയം നിത്യമായ ആത്മാവാണെന്നറിഞ്ഞ് താനും മൂർത്തിയുമെല്ലാം പരബ്രഹ്മ്മഭാവമാണെന്നബോധത്തിലേയ്ക്ക് എത്തിചേർന്ന് സർവ്വചരാചരങ്ങളേയും,സകല അണ്ഡകടാഹങ്ങളേയും, സ്ഥൂല, സൂക്ഷ്മലോകങ്ങളേയും താൻ ഉൾക്കൊള്ളുന്നുവെന്നും, തന്നിൽനിന്ന് അന്യമായിയാതൊന്നുമില്ലെന്നും, താൻ സ്വയം പരബ്രഹ്മഭാവ മാണെന്നുമുള്ളഅദ്വൈതചിന്തയിൽ, ബോധത്തിൽ സ്ഥലകാലമമയബോധമില്ലാതെ ധ്യാനിയ്ക്കണം.
അങ്ങിനെ ദ്വൈതത്തിലൂടെ അദ്വൈതത്തിലേയ്ക്ക് എത്തിച്ചേരാൻ കഴിയും
നിർഗുണബ്രഹ്മോപാസനകൊണ്ടേ പരമമായ മുക്തിപദത്തിലേയ്ക്ക് എത്തിച്ചേരാൻ കഴിയൂ. എന്നാൽ മേല്പ്പറഞ്ഞവിധത്തിലുള്ള സഗുണബ്രഹ്മോപാസനയിലൂടെ നിർഗുണബ്രഹ്മോപാസനയിലേയ്ക്ക് എത്തിച്ചേരാൻ ഒരു സാധാരണ ലൌഗികനു കഴിയുന്നതാണു.