Thursday, October 7, 2021

നന്ദികേശ്വരൻ.

ശിവന്റെ ഭൂതഗണങ്ങളില്‍ പ്രമുഖന്‍. നന്ദി, നന്ദികേശന്‍, നന്ദിപാര്‍ശ്വന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. നന്ദികേശൻ കശ്യപമഹര്‍ഷിക്ക് കാമധേനുവിലുണ്ടായ പുത്രനാണെന്ന് വായുപുരാണത്തില്‍ പറയുന്നുണ്ട്. ശിവന്റെ വാഹനമായ കാള എന്നനിലയില്‍ സുരഭീപുത്രനായ നന്ദികേശ്വരന്‍ ആരാധ്യനാണ്.

ശാലങ്കായന്റെ പുത്രനായ ശിലാദനന്‍ ലൗകിക ജീവിതം നയിച്ചിരുന്ന ഒരു ശിവഭക്തനായിരുന്നു. സന്താനസൗഭാഗ്യമില്ലാതെ ദുഃഖിതനായ അദ്ദേഹം ശിവനെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. പ്രത്യക്ഷനായ പരമശിവന്‍ പുത്രലബ്ധിയ്ക്കുള്ള അനുഗ്രഹം നല്കി. കാലം കുറേക്കഴിഞ്ഞ് ഒരു യാഗം ചെയ്യാനായി നിലമുഴുതപ്പോള്‍ ഒരദ്ഭുതശിശു ദൃശ്യനായി. ഒരു കൊച്ചുമുക്കണ്ണന്‍. കൈകള്‍ നാല്. ശിരസ്സില്‍ ജടാമകുടങ്ങള്‍. ശിലാദനന്‍ ആ കുഞ്ഞിനെ വളര്‍ത്തി. ക്രമേണ കുട്ടിക്കു മനുഷ്യരൂപം ലബ്ധമായി. ആയിടെ മിത്രാവരുണന്മാര്‍ ആ വഴി വന്നു. ബാലന്‍ അവരോട് അനുഗ്രഹമഭ്യര്‍ഥിച്ചു. ‘നിനക്കെന്തിന് അനുഗ്രഹം..? നിന്റെ ആയുസ്സ് അവസാനിക്കാറായല്ലോ’, എന്ന അവരുടെ പ്രവചനം കേട്ട് ദുഃഖിതനായ ബാലന്‍ പണ്ട് അച്ഛന്‍ ചെയ്തതുപോലെ ശിവനെ ഉപാസിച്ചു പ്രത്യക്ഷനാക്കി ‘ദീര്‍ഘായുസ്സു നല്‍കണം’ എന്നഭ്യര്‍ഥിച്ചു. ‘ദീര്‍ഘായുസ്സുമാത്രമല്ല, കൈലാസത്തില്‍വന്ന് പുത്രനെപ്പോലെ ഞങ്ങളോടൊപ്പം ദീര്‍ഘജീവിതസുഖം അനുഭവിച്ചു ജീവിക്കുകയും ചെയ്തുകൊള്ളൂ’ എന്ന് പരമശിവന്‍ അനുഗ്രഹിച്ചു. സന്തുഷ്ടനായ നന്ദികേശന്‍ അച്ഛന്റെ അനുവാദത്തോടെ കൈലാസത്തിലെത്തി ശിവസേവയില്‍ മുഴുകി കാലം കഴിച്ചു.

നന്ദികേശ്വരന്‍ ശിവസേവകനായതിനു പിന്നില്‍ മറ്റൊരു കഥ കൂടിയുണ്ട്.
നന്ദിക്ക് രണ്ടു ഗുരുനാഥന്മാരുണ്ടായിരുന്നു ദധീചിമഹര്‍ഷിയും ദക്ഷപ്രജാപതിയും. ദക്ഷശിഷ്യനായ നന്ദി ഗുരുവിന്റെ സ്വച്ഛന്ദചാരിത്വത്തെ എതിര്‍ത്തിരുന്നു. തന്റെ ആരാധനാമൂര്‍ത്തിയായ ശ്രീപരമേശ്വരനെ മ്ളേച്ഛമായ രീതിയില്‍ ആക്ഷേപിക്കുന്നതു കേട്ടു സഹികെട്ട് ഒരുനാള്‍ നന്ദി ദക്ഷനെ വിട്ട് കൈലാസത്തിലെത്തി ശിവനെ അഭയം പ്രാപിച്ചു.
കൈലാസത്തില്‍ ഭൂതഗണങ്ങളുടെ നായകനായ ദ്വാരപാലകനായി അംഗീകരിക്കപ്പെട്ട ആ ഭക്താഗ്രണി അതോടെ ശിവജീവിതത്തിന്റെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നു. നന്ദിയുടെ അനേകം അദ്ഭുതചരിതങ്ങള്‍ ശിവപുരാണത്തില്‍ വര്‍ണിക്കുന്നുണ്ട്. ഒരിക്കല്‍ സുരഭിയുടെ സന്താനങ്ങളായ ധേനുക്കള്‍ തങ്ങളുടെ സഹോദരനായ നന്ദിയെ ഒന്നു പരീക്ഷിക്കാന്‍ തുനിഞ്ഞു. അവ തങ്ങളുടെ ക്ഷീരസമൃദ്ധമായ അകിടുകളില്‍ നിന്നും നിരന്തരം പാല്‍ ചുരത്തി കൈലാസഗിരിയെ ഒരു ദുഗ്ധവാരിധിയാക്കി മാറ്റി. കോപിഷ്ടനായ രുദ്രന്‍ തൃതീയനേത്രം തുറന്ന് അവയെ ഒന്നു നോക്കിയപ്പോള്‍ ആ വെള്ളപ്പശുക്കളെല്ലാം വിചിത്രവര്‍ണകളായി. തങ്ങളുടെ നിറം വീണ്ടും വെണ്മയുള്ളതാക്കാന്‍ അവ വെണ്ണിലാവിന്റെ ഉടമയായ പൂര്‍ണചന്ദ്രനെ ചെന്നു കണ്ടു. ശിവനെ ഇത് കൂടുതല്‍ രുഷ്ടനാക്കി. അപ്പോള്‍ കശ്യപ പ്രജാപതി ഇടപെട്ട് പശുക്കളെ നിലയ്ക്കുനിര്‍ത്തി. തന്റെ പ്രിയപുത്രനായ നന്ദികേശ്വരനെ വാഹനമായി സ്വീകരിച്ച് പ്രപഞ്ചം മുഴുവന്‍ സഞ്ചരിച്ച് ഭക്തന്മാരെ രക്ഷിക്കുകയും ദുഷ്ടന്മാരെ ശിക്ഷിക്കുകയും ചെയ്യണമെന്നഭ്യര്‍ഥിച്ചു. ശിവന്‍ അതംഗീകരിച്ചു. അങ്ങനെ ആവശ്യം വരുമ്പോള്‍ ഋഷഭരൂപത്തില്‍ ശിവവാഹനമാകാനും നന്ദികേശ്വരനു ഭാഗ്യം ലഭിച്ചു.മരുത് പുത്രിയായ സുയശയാണ് നന്ദിയുടെ ധര്‍മപത്നി എന്ന് ശിവപുരാണം പാതാളഖണ്ഡം ഏഴാം അധ്യായത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്.
നന്ദികേശ്വരന്‍ ജ്ഞാനിയും തപസ്വിയുമായിരുന്നു. മാര്‍ക്കണ്ഡേയമുനിക്ക് സ്കന്ദപുരാണം പറഞ്ഞുകൊടുത്തത് നന്ദിയുടെ പാണ്ഡിത്യത്തിന്റെ മികവിനു തെളിവാണ്. ശിവനെ മാനിക്കാതെ കൈലാസത്തിനു മീതേ പുഷ്പകവിമാനത്തില്‍ കടന്നുപോയ രാവണന്റെ ധിക്കാരം സഹിക്കാതെ വാനരവേഷത്തില്‍ വിമാനയാത്രയ്ക്കു തടസ്സം സൃഷ്ടിച്ച നന്ദിയെ രാവണന്‍ ശപിക്കാനൊരുങ്ങിയപ്പോള്‍ ‘നീ വാനരവംശത്താല്‍ നശിച്ചു പോകട്ടെ’ എന്ന് നന്ദി രാവണനെ ശപിച്ച് അസ്തവീര്യനാക്കിയതായി കഥയുണ്ട്. ശിവക്ഷേത്രങ്ങളില്‍ ശിവനോടൊപ്പം നന്ദികേശ്വരനും പൂജിക്കപ്പെടുന്നു.

നാലമ്പല ദര്‍ശനം.

രാമമന്ത്രങ്ങളാൽ മുഖരിതമായ

കര്‍ക്കിടകമാസത്തിന്‍റെ പുണ്യനാളുകളില്‍ ശ്രീരാമ-ലക്ഷമണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വീകാചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരീല്‍ പ്രശസ്തമായിട്ടുള്ളത്.
തേത്രായുഗത്തിലെ വൈഷ്ണവ അവതാരങ്ങളായ ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്ന ഭഗവാൻമാരുടെ പുണ്യപുരാതന ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന നാലമ്പല ദർശന സങ്കല്പങ്ങൾ ഭാരതത്തിലെ വിവിധ ഭാഗങ്ങളിൽ ഉണ്ട് എങ്കിലും കേവലം മൂന്നു കിലോമീറ്റർ മാത്രം ചുറ്റളവിൽ ഒരു ഗ്രാമത്തിൽ തന്നെ ഈ നാലുക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നു എന്നത് രാമപുരത്തിന്റെ മാത്രം പ്രത്യേകതയാണ്. രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, കുടപ്പുലം ശ്രീ ലക്ഷ്മണസ്വാമീ ക്ഷേത്രം അമനകര ശ്രീഭരതസ്വാമിക്ഷേത്രം മേതിരി ശ്രീശത്രുഘ്നസ്വാമിക്ഷേത്രം എന്നിവ ഒരേ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു എന്നത് രാമപുരം എന്ന പേരിൽ ആ ഗ്രാമത്തിനെ എന്തുകൊണ്ട് നമ്മുടെ പൂർവ്വികർ വിളിച്ചു എന്ന് വ്യക്തമാക്കുന്നതാണ്.
നാലമ്പലം ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണെന്നുള്ള വിശ്വാസമാണ് രാമപുരത്തെ നാലമ്പല ദര്‍ശനത്തിന് പ്രാധാന്യമേറുവാന്‍ കാരണം.

രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമാണ് നാലമ്പല ദര്‍ശനം.രാമന്റെ ദുഖം ശമിപ്പിച്ച മണ്ണെന്ന ഐതിഹ്യമുള്ള നാടാണ് കോട്ടയം ജില്ലയിലെ രാമപുരം ഗ്രാമം. കര്‍ക്കടക മാസത്തിലെ കൊടുംപേമാരിയിൽ ശ്രീരാമ, ലക്ഷമണ, ഭരത ശത്രുഘ്‌ന ക്ഷേത്രങ്ങളാല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തിന് അയോധ്യയുടെ ഭാവമാണ്. കര്‍ക്കിടകം പിറന്നതോടെ രാമപുരത്തിന്‍റെ പ്രഭാതങ്ങള്‍ക്ക് വൈകുണ്ഠത്തിന്‍റെ ചൈതന്യമാണ്.

ത്രേയായുഗത്തിലെ വൈഷ്ണവ അവതാരങ്ങളായ ശ്രീരാമ- ലക്ഷമണ ഭരത-ശത്രുഘ്‌നന്‍മാര്‍ കുടിയിരിക്കുന്ന നാലു ക്ഷേത്രങ്ങള്‍ രാമപുരം ഗ്രാമത്തിൽ സാക്ഷാല്‍ ഒരു വൈകുണ്ഠമെന്ന പോലെ കേവലം മൂന്നു കിലോമീറ്റര്‍ മാത്രം ചുറ്റളവില്‍ സ്ഥതി ചെയ്യുന്നു എന്നത് ഒരു പ്രത്യേകതയാണ്. തപശ്ചര്യയുള്ള യോഗീശ്വരന്‍മാരാല്‍ പ്രതിഷ്ഠിതമായിട്ടുള്ള ഈ ക്ഷേത്രങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ഇന്ന് കേരളത്തില്‍ എന്നല്ല ഭാരതത്തില്‍ തന്നെ ഇതുപോലെയുള്ള ക്ഷേത്രസമുച്ചയങ്ങള്‍ വളരെ വിരളമാണ്.

ക്ഷേത്രങ്ങള്‍ തമ്മിലുള്ള ദൂരം ഏതാണ്ട് മൂന്നു കിലോമീറ്റര്‍ മാത്രമാണ്. അതിനാൽ തന്നെ ചുരുങ്ങിയ സമയം കൊണ്ട് ആചാരവിധി അനുസരിച്ച് ഉച്ചപൂജയ്ക്കു മുമ്പ് ദര്‍ശനം നടത്തുവാന്‍ സാധിക്കും.കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ മറ്റൊരിടത്തും ഈ സൗകര്യം ലഭ്യമല്ലത്ത സാഹചര്യത്തിലാണ് രാമപുരത്തെ നാലമ്പല ദര്‍ശനത്തിന് പ്രസക്തിയേറുന്നത്.

രാമനാമത്തിലറിയപ്പെടുന്ന രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തിലും തുടര്‍ന്ന് കൂടപ്പൂലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരത സ്വാമിക്ഷേത്രത്തിലും മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദര്‍ശിക്കുന്നതോടെ സവിശേഷമായ നാലമ്പല ദര്‍ശനം പൂര്‍ത്തിയാവുന്നു. രാമായണമാസമായ കര്‍ക്കടക മാസത്തില്‍ നാലമ്പല ദര്‍ശനം നടത്തുന്നത് ഉദിഷ്ടകാര്യത്തിനും മുന്‍ജന്‍മ ദോഷ പരിഹാരത്തിനും ദുരിത നിവാരണത്തിനും സദ്സന്താനലബ്ധിക്കും അത്യുത്തമമാണെന്നാണ് പൂര്‍വിക വിശ്വാസം.

നാല് അമ്പലങ്ങളുടെയും നിര്‍മ്മാണത്തിലും ആചാരാനുഷ്ഠാനങ്ങളിലും സമാനതകളേറെയാണ്. നാലു ക്ഷേത്രങ്ങള്‍ക്കും സമീപത്തായി ഉഗ്രമൂര്‍ത്തിയായ ഭദ്രകാളിക്ഷേത്രങ്ങളും ശ്രീരാമസ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് ഭക്തഹനുമാന്‍റെ ക്ഷേത്രവും ഉണ്ടെന്നുള്ളത് പ്രത്യേകതയാണ്. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടുത്തെ വഴിപാടുകളും സവിശേഷതയുള്ളതാണ്. ശ്രീരാമസ്വാമിക്ക് അമ്പും വില്ലും സമര്‍പ്പണം, ശ്രീലക്ഷ്മണ സ്വാമിക്ക് ചതുര്‍ബാഹു സമര്‍പ്പണം, ശ്രീഭരതസ്വാമിക്ക് ശംഖ് സമര്‍പ്പണം, ശ്രീശത്രുഘ്‌ന സ്വാമിക്ക് ശ്രീചക്രസമര്‍പ്പണം എന്നിവയാണ് പ്രധാന വഴിപാടുകൾ. ദര്‍ശന സമയം രാവിലെ അഞ്ചുമുതല്‍ ഉച്ചയ്ക്ക് 10.30 വരെയും വൈകുന്നേരം അഞ്ചു മുതല്‍ 7.30 വരെയുമാണ്.

നാമജപം.

നാമജപം എന്നത് നമ്മളിൽ നിന്നും അകന്നു പോയ നല്ലശീലങ്ങളിൽ ഒന്നാണ്. കലികാലത്തിൽ മോക്ഷപ്രാപ്തിക്കും പാപപരിഹാരത്തിനും നാമജപത്തേക്കാൾ ഉത്തമമായ മറ്റൊന്നില്ല.


ദൃശ്യ മാധ്യമങ്ങൾ നമ്മുടെ ത്രിസന്ധ്യകളെ കവർന്നെടുക്കുന്ന ഈ അവസരത്തിൽ നാമജപത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
മോക്ഷം സിദ്ധിക്കുന്ന സഗുണോപാസനയ്ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ പലതും കലിയുഗ മനുഷ്യന്‌ അനുഷ്ഠിക്കുവാന്‍ പ്രയാസമാണ്‌.

സത്യയുഗത്തില്‍ ധ്യാനം ഏറ്റവും പ്രധാന ഉപാസനാമാര്‍ഗ്ഗമായിരുന്നു. ആ യുഗത്തില്‍ മനുഷ്യമനസ്സ്‌ നിര്‍മ്മലമായിരുന്നതിനാല്‍ ധ്യാനം സുഗമവും ഫലപ്രദവുമായിരുന്നു. തുടര്‍ന്ന്‌ ത്രേതായുഗത്തില്‍ യാഗവും ദ്വാപരയുഗത്തില്‍ പൂജയും പ്രധാന ഉപാസനാമാര്‍ഗ്ഗങ്ങളായി.

കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും
കലിയുഗത്തില്‍ മനുഷ്യമനസ്സ്‌ കൂടുതല്‍ മലിനവും ഏകാഗ്രത നഷ്ടപ്പെട്ടതുമായി. അതുകൊണ്ട്‌ ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കപ്പെട്ടു.

ദ്വാപരയുഗത്തിന്‍റെ അന്ത്യത്തില്‍ കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദമഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്‍റെ അടുത്തെത്തി. വരാന്‍പോകുന്ന കലിയുഗത്തില്‍ ദുരിതങ്ങള്‍ തരണം ചെയ്യാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചുതരണമെന്ന്‌ അപേക്ഷിച്ചു.
ഭഗവാന്‍ നാരായണന്‍റെ നാമം ജപിക്കുകയാണ്‌ കലിയുഗ ദുഃഖങ്ങള്‍ തരണം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന്‌ ബ്രഹ്മാവ്‌ ഉപദേശിച്ചു. ഏതൊക്കെ നാമങ്ങളാണ്‌ എന്ന നാരദന്‍റെ ചോദ്യത്തിന്‌ മറുപടിയായി ബ്രഹ്മാവ്‌ പ്രസിദ്ധമായ ഷോഡശമഹാമന്ത്രം ഉപദേശിച്ചു.

“ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ “

ഈ നാമം ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. ഇത്‌ ജപിക്കുന്നതിന്‌ ക്ലിഷ്ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല.
ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്മഭക്തന്മാര്‍ ബ്രഹ്മലോകത്തിലും ശിവഭക്തന്മാര്‍ ശിവലോകത്തിലും വിഷ്ണുഭക്തന്മാര്‍ വിഷ്ണുലോകത്തിലും എത്തിച്ചേരുന്നു. ഇതാണ്‌ സാലോക്യമോക്ഷം.

ഭഗവാന്‍റെ സമീപത്തുതന്നെ എത്തിച്ചേരുന്നത്‌ സാമീപ്യമോക്ഷം. ഭഗവാന്‍റെ രൂപത്തെ പ്രാപിക്കുന്നത്‌ സാരൂപ്യമോക്ഷം. ഭഗവാനില്‍ ലയിച്ച്‌ ഭഗവാന്‍ തന്നെയായിത്തീരുന്നത്‌ സായൂജ്യമോക്ഷം. ഇങ്ങനെ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ ചതുര്‍മുക്തികളും ഈ നാമജപംകൊണ്ട്‌ സിദ്ധിക്കുന്നു എന്നാണ്‌ ബ്രഹ്മാവ്‌ അരുളിചെയ്തത്‌.
മുജ്ജന്മപാപങ്ങളാണ്‌ ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്‌. സര്‍വ്വപാപഹരമായ ഈ നാമം നിത്യവും ജപിച്ചാല്‍ സകല ഗ്രഹപ്പിഴകളും ഒഴിവാകുമെന്ന്‌ വിശ്വസിക്കപെടുന്നു.

ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം.
കൃഷ്ണയജുര്‍വ്വേദാന്തര്‍ഗ്ഗതമായ കലിസന്തരണ ഉപനിഷത്തിലാണ്‌ ഈ നാമമാഹാത്മ്യം പ്രകീര്‍ത്തിക്കപ്പെടുന്നത്‌. ശ്രവണം, കീര്‍ത്തനം, വിഷ്ണുസ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ നവവിധങ്ങളായ ഭക്തി മാര്‍ഗ്ഗങ്ങളുള്ളതില്‍ നാമകീര്‍ത്തനമാണ്‌ ഏറ്റവും സുഗമമായ മാര്‍ഗ്ഗമെന്ന്‌ നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നു.

അതീവ സൂക്ഷ്മത ആവശ്യമുള്ളതും സങ്കീര്‍ണ്ണവുമായ മന്ത്രോപാസന, താന്ത്രിക കര്‍മ്മങ്ങള്‍, ഹോമ, പൂജാദികള്‍, തപസ്സ്‌ ആദിയായ ഉപാസനാമാര്‍ഗ്ഗങ്ങള്‍ എങ്ങനെ വിധിപ്രകാരം അനുഷ്ഠിക്കും എന്നോര്‍ത്ത്‌ വിഷമിക്കുന്ന സാധാരണ മനുഷ്യന്‌ അനുഷ്ഠിക്കാവുന്ന ഏറ്റവും സുഗമമായ ഭക്തിമാര്‍ഗ്ഗമാണ്‌ നാമജപം.
നിഷ്ഠയോ നിയമങ്ങളോ കൂടാതെ വിശ്വാസത്തോടും അര്‍പ്പണ മനോഭാവത്തോടും മുക്തി നേടാന്‍ കലിയുഗത്തില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്ന മാര്‍ഗ്ഗമാണ് നാമജപം. ശുദ്ധമായ സ്ഥലത്ത് ഇരുന്ന് നിത്യേന നാമജപം നടത്തുന്നത് കലിയുഗത്തിൽ ഈശ്വരോപാസനയ്ക്ക് ഉത്തമ മാര്‍ഗ്ഗമാണ്.

നാമജപം ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ ശാന്തി നല്‍കുന്നു. നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യവും കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു.
ഭൗതികദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. നിരന്തരമായ നാമജപം നമ്മിലെ തമസ രജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സത്ഗുണങ്ങളെ ഉണര്‍ത്തുന്നു.

നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യും. ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അല്ലാതെയോ, എങ്ങനെ ജപിച്ചാലും ജപം ഭക്തിപൂര്‍വ്വവും വിശ്വാസപൂര്‍വ്വവുമായാല്‍ അതിന് ഉദ്ദിഷ്ടഫലം സിദ്ധിക്കുന്നു.
ഈശ്വരനാമത്തിന്‍റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനോ അളക്കുവാനോ സാധിക്കുകയില്ല. അതിന്‍റെ അത്ഭുതകരമായ ഫലദാനശേഷിയെയും ആര്‍ക്കും അളക്കുവാന്‍ സാധിക്കില്ല. നിത്യവും ഈശ്വരനാമം ജപിക്കുന്നവന്‍ അതിദിവ്യനായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്.
അത് നമ്മിലുള്ള ദുര്‍വ്വാസനകളെയെല്ലാം നശിപ്പിക്കുന്നു. നിത്യേനയുള്ള നാമജപത്തിലൂടെ സമസ്ത പാപങ്ങളും നശിക്കുന്നു. അതോടെ നമ്മുടെ സമസ്ത ദുഃഖങ്ങള്‍ക്കും ശാന്തി ലഭിക്കുന്നു. നാമജപം മോചനത്തിനുള്ള മാര്‍ഗ്ഗമാണ്. മനസ്സിന്‍റേയും ശരീരത്തിന്‍റേയും വിശ്രമമാണ് ഇത്കൊണ്ട് സിദ്ധിക്കുന്നത്. മാത്രമല്ല നാമജപം കൊണ്ട് അനിര്‍വചനീയമായ ശാന്തിയും അളവറ്റ ഊര്‍ജ്ജവും സിദ്ധിക്കുന്നു.

നാമജപം മൂന്ന് തരത്തിലുണ്ട്:
വാചികം : ഉറക്കെ ജപിക്കുന്നത്
ഉപാംശു : ചുണ്ട് അനക്കി മാത്രം ജപിക്കുന്നത്
മാനസം : മനസ്സില്‍ മാത്രം ജപിക്കുന്നത്

ഈശ്വര നാമം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജപിക്കാം. എത്രവേണമെങ്കിലും ജപിക്കാം
അവനവന്‍റെ മനസ്സിനെ ഭൗതിക മുക്തമാക്കുന്നതിനാണ് നാമം ജപിക്കുന്നത്. അതിലൂടെ അവനവന്‍റെ ഉള്ളിലുള്ള ഈശ്വരനെ തന്നെ അറിയാന്‍ കഴിയുന്നു.ഭൂതത്തിലും ഭാവിയിലും ഉഴലുന്ന മനസ്സിനെ വര്‍ത്തമാനത്തില്‍ പിടിച്ചു നിര്‍ത്താന്‍ നാമജപത്തിനു കഴിയും. നമ്മുടെ ബുദ്ധിയും ഓര്‍മ്മയും വര്‍ദ്ധിപ്പിക്കുന്നതിനും നാമജപം നല്ലതാണ്.

രാവണൻ

 രാവണൻ എന്ന പേര് കേൾക്കുമ്പോഴേ പത്തു തലയും ലങ്കയും സീതാപഹരണവും രാമ രാവണ യുദ്ധവും ആരുടെയും മനസ്സിൽ ഓർമ്മ വരും അമിതമായ സിദ്ധികൾ കൊണ്ടു അഹങ്കാരവും അതു വഴി അധർമ്മം പ്രവർത്തിച്ചതു കൊണ്ടു മാത്രം വെറുക്കപ്പെട്ട വ്യക്തിത്വം,എന്നാൽ രാവണനെക്കുറിച്ച് അറിഞ്ഞാൽ കുറച്ചു കൗതുകവും അതിലുപരി ബഹുമാനവും വർദ്ധിക്കും അത്രയും ശ്രേഷ്ഠനും ജ്ഞാനിയുമായിരുന്നു അദ്ദേഹം .


വിശ്രവ മഹർഷിയുടെയും കൈകേശിയുടെയും പുത്രനായിരുന്നു ലങ്കയിലാണു ജനനം എന്നും പറയുന്നു '

ബ്രഹ്മദേവനെ പ്രസാദിപ്പിച്ചു; തന്നെ മനുഷ്യൻ അല്ലാതേ മറ്റാരാലും മരണപ്പെടരുത് എന്ന വരം നേടിയിരുന്നു , തൻ്റെ ശിരസ്സു ഓരോ വട്ടവും ഛേദിച്ചു മന്ത്ര സിദ്ധി കൈവരിച്ചു ദശാനനൻ എന്ന പേരു സിദ്ധിച്ചു, കറ കളഞ്ഞ ശിവ ഭകതനായിരുന്നു രാവണൻ ശിവനെ തപസ്സു ചെയ്തു, അവസാനം കൈലാസം വരെ ഉയർത്തി, ശിവൻ തള്ളവിരൽ കൊണ്ടു അമർത്തി അതിനടിയിൽ വർഷങ്ങൾ പെട്ടു,അവിടെ വച്ച് സർവ്വ ശ്രേഷ്ഠമായ ശിവതാണ്ഡവ സ്തോത്രം രചിച്ചു പരമശിവനെ പ്രീതിപ്പെടുത്തി. പരമശിവൻ രാവണനു ആത്മലിംഗം നൽകി

പണ്ഡിതൻമാരിൽ പണ്ഡിതനും ഏഴ് ശാസ്ത്രത്തിലും ചതുർ വേദങ്ങളിലും 64 തന്ത്രങ്ങളിലും അഗ്രഗണ്യനായിരുന്നു രാവണൻ. അതുകൂടാതെ ജ്യോതിഷം, ആയുർവേദം, ഗണിതം, വീണാ എന്നിവയിൽ പ്രാവീണ്യനായിരുന്നു ,സ്വയം രചിച്ച ഒരുപാട് ഉപതന്ത്രങ്ങൾ ഉണ്ടെന്നു പറയുന്നു. കാലാന്തരത്തിൽ പലതും നഷ്ടമായി പരമശിവൻ രാവണനു ഉപദേശിച്ച ഉഡീശ തന്ത്രം, ക്രിയോഡ്ഡീശ തന്ത്രം ഇവ മുഖ്യമാണ് ,( ഉഡ്ഡീശം തന്ത്ര രാജനെന്നാണ് പറയുക.) ഇതിൽ പരമശിവൻ ഷഡ്കർമ്മ വിദ്യകളും ആർദ്രവടി പോലെ അതിമാരകമായ മാരണവിദ്യകൾ ,ശ്മശാനകാളി വിധാനം അതുപോലെ ശത്രുവിനെ നിഷ്പ്രഭമാക്കാനുള്ള പല പ്രയോഗങ്ങളും പ്രതിപാദിക്കുന്നു
ക്രിയാ ഉഡ്ഡീശത്തിൽ ശിവലിംഗ പ്രതിഷ്ഠ മുതൽ കൃത്യ പ്രയോഗം വരെ രാവണനു പരമ ശിവൻ ഉപദേശിച്ചു കൊടുക്കുന്നു അതു പോലെ തന്ത്രാത്മക രാവണ സംഹിതയും, രാവണ സംഹിതയും വിശ്വ പ്രസിദ്ധമാണ്. തന്ത്രാത്മക രാവണ സംഹിതയിൽ അദ്ദേഹം ദശമഹാവിദ്യകളും, ഗുഹ്യ കാളി ,കാമകലാ കാളി തൊട്ടുള്ള തന്ത്രത്തിലെ ശക്തി പ്രധാനമായ എല്ലാ മേഖലയും വിശദമാക്കുന്നു
രാവണ സംഹിതയിൽ ജ്യോതിഷം, വാസ്തു, നിമിത്ത ശാസ്ത്രം എന്നിവ പ്രതിപാദിക്കുന്നു

ഡാമര തന്ത്രത്തിൽ ഇപ്പോൾ കിട്ടുന്നതല്ലാ.. അതിൽ വ്യക്തമായി പറയുന്നുണ്ട് രാവണനു പരമശിവൻ ഉപദ്ദേശിച്ച ചണ്ഡികാ ദേവിയുടെ ഷഡ്കർമ്മ വിധാനം ചണ്ഡികയുടെ നികുംഭിലാ പാഠം തോട്ടു യോഗിനി പാഠം വരെ പരമശിവൻ രാവണനു ഉപദേശിച്ചു,

64 യോഗിനികളിലും, ക്രോധ ഭൈരവ സിദ്ധിയും നവ ഗ്രഹങ്ങളെ ബന്ധിക്കാൻ തന്ത്ര വിധിയും അദ്ദേഹത്തിനറിയാമായിരുന്നു മരണത്തേ ജയിക്കാനുള്ള മൃതസജ്ഞീവനി വിദ്യയും ഹഠയോഗയും സ്വായത്തമാക്കിയിരുന്നു അദ്ദേഹം. രാമ രാവണ യുദ്ധ സമയത്തു ചണ്ഡി പാഠം ചെയ്യ്തപ്പോൾ രഹസ്യത്രയ ഭാഗം വായിക്കാതെ പകുതിയിൽ നിർത്തേണ്ടതായി വന്നു .മണ്ഡാഡരിയേ ഹനുമാനും വാനരപടയും ബന്ധിച്ചു അതു പ്രകാരം ഹവനം മുടങ്ങി, അത്ടു കൂടി അദ്ദേഹത്തിൻ്റെ ശക്തി ക്ഷയത്തിനും അതു മരണത്തിനും കാരണമായി എന്നു പഴയ ഡാമരത്തിൽ പറയപ്പെടുന്നു ,

അയുർവേദത്തിലേ പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നാണ് രാവണവിരചിതമായ ആർക്ക പ്രകാശം ഒരുപാട് ഔഷധങ്ങളും ചികിത്സാ വിധികളും അദ്ദേഹം അതിൽ പറയുന്നുണ്ട് ഇതല്ലാതെ, രാവണ കുമാര തന്ത്രം ( രാവണ പ്രോക്ത ബാലചികിത്സാ സൂത്രം) എന്ന ഗ്രന്ഥം ശിശു ചികിത്സാ എന്നിവയെ വിശദമായി പ്രതിപാദിക്കുന്നു അതു പോലെ മറ്റൊന്നാണ്, അരുണസംഹിത സൂര്യ ഭഗവാൻ്റെ തേരാളിയായ അരുണൻ രാവണനെ പഠിപ്പിച്ചു കൊടുക്കുന്ന ഇതിൽ ജാതകം, ഹസ്തരേഖ, സാമുദ്രികശാസ്ത്രം എന്നിവയെക്കുറിച്ചു ആധികാരികമായ വിവരണം ഉണ്ട്.

ഇവ കൂടാതെ

ദശ ശതാത്മക
ആർക്ക പ്രകാശം
ദശപഠലാത്ക ഉഡ്ഡീശ തന്ത്രം
കുമാര തന്ത്രം ( അഷ്ട മാതൃകാ പൂജാ,ഗ്രഹ രക്ഷാ)
നാഡീ പരീക്ഷാ ( നാഡി വിജ്ഞാനം)
ഇന്ദ്രജാലം
പ്രാകൃത കാമധേനു
പ്രാകൃത ലങ്കേശ്വരം
ഋഗ്വേദ ഭാഷ്യം
രാവണീയം
രാവണബേധ (സംസ്കൃത വ്യാകരണം)
അംഗപ്രകാശം ഗണിതം
രാവണ ഭാഷ്യം ( സംഖ്യാശാസ്ത്രം )

രാവണൻ ദശമഹാവിദ്യകളുടെ പരമ ഉപാസകനായിരുന്നു. രാവണൻ അദ്ദേഹത്തിൻ്റെ ഓരോ മുഖവും ദശവിദ്യകൾ ഓരോന്നും സിദ്ധി വരുത്തിയിട്ടുള്ള രഹസ്യാത്മക രൂപമാണ്, കാമകലാ, ഗുഹ്യകാളിയുടെയും മഹാ ഉപാസകനായിരുന്നു ,രാവണനാൽ രചിക്കപ്പെട്ട കാമകലാ കാളിയുടെ സ്തോത്രം തന്നെയുണ്ട്, ശ്രീരാമൻ രാവണ യുദ്ധത്തിനു മുമ്പ് കാമകലാ , ഗുഹ്യകാളി എന്നിവരെ ആരാധിച്ചു പ്രത്യക്ഷപ്പെടുത്തി പ്രീതിപ്പെടുത്തിയ ശേഷമാണ് രാവണവധം, രാമായണത്തിൽ രഹസ്യാത്മകമായ പല മന്ത്രങ്ങളും അടങ്ങിയിരിക്കുന്നു, രാവണനെ നിർവീര്യനാക്കാൻ ബഗളാമുഖിയുടെ ബൃഹത് ബാനുമുഖി അസ്ത്രമാണ് ശ്രീരാമൻ അവസാനം പ്രയോഗിച്ചത് ബഗളാമുഖിയുടെ അന്ത്യവിദ്യയാണു ബൃഹത് ബാനുമതി അസ്ത്രം അധവാ ബ്രഹ്മാസ്ത്രം ,

രാവണൻ എപ്പോഴും പറയുന്ന ഒന്നാണു
"ഏകം ദ്വിതീയോ നാസ്തി " എന്നെ പോലെ മറ്റൊരാൾ ഇനി ഇല്ലാ..എന്ന് അത് സത്യവുമാണു

പരമശിവൻ്റെ പരമ ഭക്തനും ശിഷ്യനും,മഹാ വിദ്യകളും, സിദ്ധികളും ഉണ്ടായിരുന്ന പരമജ്ഞാനിയുമായിരുന്നു അദ്ദേഹം , എല്ലാം ഉണ്ടായിട്ടും അദ്ദേഹം വധിക്കപ്പെടാനുള്ള കാരണം സിദ്ധികളിൽ മതി മറന്നു അഹം ഉണർന്നു അധർമ്മം പ്രവർത്തിച്ചു ഇതിൽ നിന്നു മനസ്സിലാക്കാനുള്ളത് ധർമ്മപാതയിൽ കൂടിയേ ഈശ്വരസാക്ഷാത്കാരം ലഭ്യമാവുകയുള്ളു അധർമ്മം പ്രവർത്തിച്ചാൽ ഒരു ശക്തിയും തുണയോടെ വരുന്നതല്ല

ശംഖിലെ ശാസ്ത്രം

പലരും വാസ്തവം അറിയാതെ ക്ഷേത്രങ്ങളിലെ ശംഖുകള്‍ എടുത്തു മാറ്റി . ശംഖു തീര്‍ത്ഥം ഔഷധമാണെന്ന് നമ്മളറിയണം. ഭക്തര്‍ക്ക്‌ തീര്‍ത്ഥം കൊടുക്കാനുള്ള പാത്രങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല ശംഖു ഉപയോഗിച്ചത്. ഒട്ടു മിക്ക ക്ഷേത്ര ങ്ങളിലും പൂജാ പാത്രങ്ങള്‍ പ്രകൃതിയോട് ഇണങ്ങുന്നവ ആയിരിക്കും .


മറിച്ചു് വാങ്ങുവാന്‍ പണമില്ലാത്തത് കൊണ്ടോ ദാരിദ്രം കാരണമോ അല്ല ഇവ അമ്പലങ്ങളില്‍ വന്നു ചേര്‍ന്നത്‌.
അല്പം ജലം കൊടുക്കാനുള്ള പാത്രം പോലും വാങ്ങാനില്ലാത്തത്ര ദാരിദ്രം അമ്പലങ്ങള്‍ക്കു വന്നു അത് കൊണ്ടാണ് ശംഖുകള്‍ പണ്ട് സീകരിച്ചത് എന്നും ചില ഭക്തര്‍ക്ക് തോന്നി .

സ്വര്‍ണ്ണ ശംഖിന് അമ്പലത്തില്‍ പുലവാലായ്മ വന്നു. കാരണം കപട ഭക്തന്‍റെ കണ്ണ് ശംഖില്‍ പതിഞ്ഞു. കള്ളനെ പേടിച്ച് അത്തരം ശംഖുകള്‍ക്ക് പിന്നീട് നിലവറക്കുള്ളിലെ ജയിലില്‍ സ്ഥാനം കിട്ടി. പകരം സ്റ്റീല്‍ പാത്രം ശംഖിന്റെ സ്ഥാനം ഏറ്റെടുത്തു.
ശംഖിലെ ജലത്തിന് രക്ത ശുദ്ധിവരുത്താൻ കഴിവുണ്ട്. നിങ്ങൾ തിങ്കളാഴ്ച ദിവസം ശംഖില്‍ ഒരു മണിക്കൂര്‍ നേരം ജലം സൂക്ഷിക്കുക, അത് കുടിക്കുക മണ്‍കലത്തിൽ ശംഖുകൽ ഇട്ടു വെക്കുക. ആവിശ്യത്തിനു കോരി കുടിക്കുക ബ്ലെഡ് കാന്‍സര്‍ ഉള്ളവര്‍ക്കും സോറിയാസിസ് വന്നവര്‍ക്കും എന്നും കൊടുക്കുക ഇതു കൊടുത്താൽ ഗുണം ഉണ്ടാകും.

പഞ്ചഭൂത നിർമ്മിതമായ വിശ്വത്തിന്റെ ശബ്ദം പുറപ്പെടുവിക്കുന്നത് ശംഖിൽ നിന്നാണ് . അതുകൊണ്ടു തന്നെ പ്രപഞ്ച ശബ്ദത്തെ ശംഖ് പ്രതിനിധീകരിക്കുന്നു .

പൂജാകർമ്മങ്ങൾ നടക്കുമ്പോൾ ശംഖിൽ ജലം നിറച്ചു , പൂജാദ്രവ്യങ്ങളിൽ തളിക്കുന്നത് കാണാറുണ്ട്. ഇങ്ങിനെ ശംഖിൽ ജലം നിറക്കുന്നതിനെയാണ് ശംഖപൂരണം എന്ന് പറയുന്നത്. ജലത്തെ ശുദ്ധീകരിക്കുന്നു എന്ന സങ്കല്പമാണ് ഈ പ്രക്രിയയിലൂടെ നിർവഹിക്കുന്നത് .
പാഞ്ചജന്യമാണ്‌ വിഷ്‌ണുവിന്റെ ശംഖ്‌. ഇത്‌ വെളുത്ത നിറത്തിലുള്ളതാണ്‌. ഈ ശംഖിന്റെ സ്‌പർശനശക്‌തികൊണ്ടുതന്നെമനുഷ്യൻ ജ്‌ഞാനിയായിത്തീരുന്നു.

പഞ്ചഭൂതങ്ങളുടെ കാരണമായ താമസാഹങ്കാരത്തെ പാഞ്ചജന്യം എന്ന ശംഖിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു. ശംഖ് എന്ന പദത്തിന്റെ അർത്ഥം മംഗളകരമായധ്വനി എന്നാണ്.
മഹാവിഷ്ണുവിന്റെ മുദ്രയായിട്ടാണ് വലംപിരി ശംഖിനെ കരുതുന്നത് . വിഷ്ണുവിന്റെ കയ്യിൽ ഉള്ള ശംഖിന്റെ നാമധേയം “പാഞ്ചജന്യം ” എന്നാണ് . മഹാവിഷ്ണുവിന്റെ കയ്യിൽ ഈ ശംഖ് എത്തിയതിന്റെ പിന്നിലുള്ള കഥ മഹാഭാരതത്തിൽ വർണ്ണിക്കുന്നുണ്ട് .

ഗുരു സാന്ദീപനി മഹർഷിയുടെ ശിഷ്യന്മാരായിരുന്നു ഭഗവാൻ ശ്രീകൃഷ്ണനും ബലരാമനും . ഒരു ദിവസം സാന്ദീപിനി മഹർഷി കടലിലേക്ക് നോക്കിയിരുന്നു കൊണ്ട് കണ്ണുനീർ പൊഴിക്കുന്നത് കൃഷ്ണൻ കാണാനിടയായി . ഗുരുവിനോട് അദ്ദേഹത്തിന്റെ സങ്കടത്തിന്റെ കാര്യം കൃഷ്ണൻ ആരാഞ്ഞു.

പഞ്ചജനൻ എന്ന് പറയുന്ന ഒരു രാക്ഷസൻ തന്റെ മകനായ പുനർദത്തനെ ഒരു വർഷം മുൻപ് തട്ടി കൊണ്ട് പോയതായി ഗുരു കൃഷ്ണനോട് പറഞ്ഞു. അദ്ദേഹത്തിന്റെ മകനെ വീണ്ടെടുത്ത് കൊടുക്കാനായി പഞ്ചജനന്റെ വാസസ്ഥലത്തേക്ക് പോവുകയും , അവിടെ വെച്ച് പഞ്ചജനനെ കൃഷ്ണൻ തോൽപ്പിക്കുകയും ചെയ്തു.
പഞ്ചജനൻ വസിച്ചിരുന്നത് ഒരു ശംഖിനകത്തായിരുന്നു. കൃഷ്ണന്റെ പ്രഹരത്തിൽ രാക്ഷസൻ ശംഖിനകത്തു നിന്ന് പുറത്തേക്കു തെറിച്ചു വീണു. തന്റെ വിജയഭേരി ഈ ശംഖൂതിയാണ് കൃഷ്ണൻ പുറപ്പെടുവിച്ചത് . പഞ്ചജനൻ , പുനർദത്തനെ പാതാള ലോകത്തെ റാണിക്ക് വിറ്റിരുന്നു . അവിടെ നിന്നാണ് കൃഷ്ണൻ പുനർദത്തനെ രക്ഷപെടുത്തിയത്. പഞ്ചജനന്റെ കയ്യിൽ നിന്ന് കരസ്ഥമാക്കിയ ശംഖിന്റെ പേരാണ് പാഞ്ചജന്യം.
ഓം നമോ നാരായണ

ദർഭപുല്ലിനെ എന്തുകൊണ്ടാണ് പവിത്രം എന്ന് വിളിക്കുന്നത് ?

 ദക്ഷപ്രജാപതിയുടെ പുത്രിമാരും, കശ്യപമഹർഷിയുടെ പത്നിമാരുമായിരുന്നു, നാഗമാതാവ് കദ്രുവും, ഗരുഡന്റെ മാതാവ് വിനതയും.


ദേവേന്ദ്രന്റെ പാൽ നിറമുള്ള ഉച്ചൈശ്രവസ്സ് എന്ന വെള്ളകുതിര ആകാശത്തു കൂടി പറന്നു പോകുന്നത് ആശ്രമ മുറ്റത്തിരുന്നു കണ്ട വിനത, കദ്രുവിനോട് പറഞ്ഞു.

ദേവന്മാരും അസുരന്മാരും ചേർന്ന് പാൽകടൽ കടഞ്ഞപ്പോൾ കിട്ടിയ കുതിരയാണ് എത്ര നല്ല ഭംഗിയാണ്, നല്ല പഞ്ഞിപോലെ മനോഹരം ആണല്ലോ ഉച്ചൈശ്രവസ്സ്.

ഇത് കേട്ട് സപത്നിയും സഹോദരിയുമായ കദ്രു പറഞ്ഞു. കുതിര മനോഹരം തന്നെ. പക്ഷെ അതിന്റെ വാലിന്റ അറ്റത്തു ലേശം കറുപ്പ് നിറം ഉണ്ടല്ലോ വിനതെ.

രണ്ടു പേരും പരസ്പരം പന്തയം വെച്ചു. ജയിക്കുന്ന ആളിന്റെ ദാസിയാവുക തോൽക്കുന്ന ആൾ.

നാഗമാതാവായ കദ്രു കറുത്ത സർപ്പങ്ങളെ വിളിച്ചു പിറ്റേ ദിവസം പഞ്ഞിപോലെ വെളുത്ത ദേവേന്ദ്രന്റെ കുതിരയുടെ വാലിൽ കടിച്ചു തൂങ്ങി കിടക്കാൻ പറഞ്ഞു.

പിറ്റേ ദിവസം കുതിര ആകാശത്തുകൂടി പോയപ്പോൾ ദൂരെ നിന്നും നോക്കിയ കദ്രുവും, വിനതയും കുതിരയുടെ വാലിന്റെ അറ്റത്തെ കറുപ്പ് നിറം കണ്ടു.

അങ്ങനെ കദ്രു വിന്റെ ദാസി ആയി സപത്നി യും ഗരുഡന്റെ മാതാവുമായ വിനത..

കദ്രുവിന്റെ എല്ലാ ദാസ്യപ്പണികളും, വിനതയെ കൊണ്ട് ചെയ്യിച്ചു... കദ്രുവിനെ തോളിൽ എടുത്തു ചുമന്നു കൊണ്ട് നടക്കാൻ പോലും വിനത നിർബന്ധിതയായി.

ഒരിക്കൽ ഗരുഡൻ കദ്രു മാതാവിനോട് ചോദിച്ചു..

നാഗ മാതാവേ എന്റെ മാതാവായ വിനത യുടെ ദാസ്യം മാറുവാൻ ഈ മകൻ എന്താണ് ചെയേണ്ടത്.

ദേവലോകത്തു ചെന്ന് അമൃത് കൊണ്ടു വന്നാൽ മാത്രം ഗരുഡന്റെ മാതാവായ വിനതയെ ദാസ്യത്തിൽ നിന്നും മോചിപ്പിക്കാം എന്ന് കദ്രു പറഞ്ഞു.

ഗരുഡൻ അമൃതിനായി ദേവലോകത്തേക്ക് യാത്രയായി.

അമൃതകലശത്തിനു കാവൽ നിൽക്കുന്ന ഉഗ്രസർപ്പങ്ങളുടെ കണ്ണ് വെട്ടിച്ചു അമൃതകലശം എടുത്തു ഭൂമിയിലേക്ക് പറന്നു.

ഒരു വലിയ പക്ഷി അമൃത് എടുത്തു കൊണ്ട് പോകുന്നത് കണ്ട ദേവേന്ദ്രൻ ഗരുഡന് നേരെ ദിവ്യമായ വജ്രായുധം പ്രയോഗിച്ചു.

ഇടിമിന്നൽ പോലെ ചീറി പാഞ്ഞു വന്ന. വജ്രായുധം ഗരുഡന്റെ തൂവലിൽ തട്ടി തെറിച്ചു പോയി.

ദേവേന്ദ്രൻ ആയുധം നഷ്ടപെട്ട് പകച്ചു പോയി.

ഗരുഡൻ ദേവേന്ദ്രന് നേരെ തിരിഞ്ഞു നിന്നു.

ഹേ.. ദേവേന്ദ്രാ.. വിനയാ തനയൻ ഗരുഡൻ അങ്ങയെ പ്രണമിക്കുന്നു.

അങ്ങയുടെ ദിവ്യായുധമായ വജ്രായുധത്തിന് എന്നെ സ്പർശിക്കാൻ പോലും സാധ്യമല്ല.

പക്ഷെ. ഈ വജ്രായുധം ഉണ്ടാക്കിയിരിക്കുന്നത് ദധീചി എന്ന മഹർഷിയുടെ അസ്ഥികൊണ്ടാണ്.

അതുകൊണ്ട് ദധീചി മഹർഷിയോടുള്ള ആദര സൂചകമായി ഞാനിതാ. എന്റെ ഒരു തൂവൽ സ്വയം കൊഴിച്ചു കളയുന്നു.

എന്ന് പറഞ്ഞു സ്വയം കൊക്കു കൊണ്ട് ഒരു തൂവൽ കൊത്തി എടുത്തു അന്തരീക്ഷത്തിലേക്ക് പറത്തി വിട്ടു.

ആ തൂവൽ ആകാശത്തിലൂടെ പറന്നു.. പറന്നു.. വനത്തിൽ യാഗം ചെയ്തു കൊണ്ടിരുന്ന കുറെ മഹർഷിമാരുടെ മധ്യത്തിൽ വീണു.

സ്വർണ്ണ വർണ്ണത്തിൽ തിളങ്ങുന്ന ഭംഗിയുള്ള തൂവൽ ഒരു മഹർഷി കൈയിൽ എടുത്തു... മറ്റുള്ള മഹർഷിമാരെ കാണിച്ചു.

ഇത്ര ഭംഗിയുള്ള തൂവൽ ഇതിനു മുൻപ് അവരാരും കണ്ടിട്ടില്ല.. സ്വർണ്ണ നിറമുള്ള... തൂവൽ... മയിൽപ്പീലിയെക്കാൾ മനോഹരം.

ഒരു തൂവലിനു ഇത്രയും ഭംഗി ഉണ്ടെങ്കിൽ... ഇതുപോലെ.. ആയിരക്കണക്കിന് തൂവൽ ധരിച്ച.. ആ പക്ഷിക്ക് എന്തു മാത്രം ഭംഗിയുണ്ടാകും.

അതിമനോഹരനായ ആ പക്ഷി ഇനി മുതൽ "സുപർണ്ണൻ" എന്ന നാമധേയത്തിൽ അറിയപ്പെടട്ടെ... മഹർഷിമാർ ഗരുഡനെ അനുഗ്രഹിച്ചു.അങ്ങനെ ഗരുഡന് സുപർണ്ണൻ എന്ന നാമധേയം ലഭിച്ചു.

അമ്മയെ ദാസ്യത്തിൽ നിന്നും മോചിപ്പിക്കാൻ വേണ്ടി മാത്രമാണ് അമൃത് കൊണ്ടു പോകുന്നത് എന്നും, ഇതിൽ നിന്നും ഒരു തുള്ളി പോലും കഴിക്കില്ല എന്നും ഗരുഡൻ ഇന്ദ്രന് വാക്ക് കൊടുത്തു.

മാതാവ് വിനതയെ ദാസ്യത്തിൽ നിന്നും മോചിപ്പിച്ചാൽ അമൃത് തിരികെ എടുത്തോളാൻ ഇന്ദ്രന് അനുവാദം നൽകി.

ഇന്ദ്രനിൽ നിന്നും വരവും വാങ്ങി. ഗരുഡൻ കദ്രുവിന്റെ ആശ്രമത്തിൽ എത്തി.

ദേവലോകത്തിലെ അമൃത് ഭൂമിയിൽ എത്തി.

ദാസ്യത്തിൽ നിന്നും മോചിപ്പിക്കുന്നതിന് സാക്ഷിയായി ഒരു പന്തത്തിൽ അഗ്നി കൊളുത്തി വെച്ചു.

അതിനു മുൻപിൽ ദർഭപുല്ലു വിരിച്ചു.
അതിൽ വാഴയില ഇട്ടു.

ഇലയിലേക്ക് അഗ്നി സാക്ഷിയായി ഗരുഡൻ അമൃതകലശം ഭക്തിപൂർവ്വം വെച്ചപ്പോൾ. കലശക്കുടം ഒന്ന് തുളുമ്പി.

അതിൽ നിന്നും കുറെ അമൃത് തെറിച്ചു ഇലയുടെ അടിയിൽ നിന്നും പുറത്തേക്ക് നീണ്ടു നിന്ന ദർഭപുല്ലിൽ വീണു.

അമൃത് ദർഭയിൽ വീണതിനാൽ ദർഭക്ക് അന്ന് മുതൽ "പവിത്രം" എന്ന് നാമകരണം ലഭിച്ചു.

മറ്റുള്ളതിനെ ശുദ്ധി ആക്കുന്നത് എന്നാണ് അർഥം. ദർഭക്ക് അശുദ്ധിയില്ല. അങ്ങനെ അന്ന് മുതൽ ദർഭ പവിത്രമായി.

നിലത്തിരുന്നു ഭക്ഷണം കഴിച്ചാൽ..?

നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നത് പലർക്കും ചിന്തിക്കാൻ കൂടി കഴിയാതായിരിക്കുന്നു. എന്നാൽ അത് കൊണ്ടുള്ള പ്രയോജനങ്ങൾ അറിഞ്ഞാൽ ചിലപ്പോൾ നിങ്ങൾ ഇന്ന് നേരിടുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കും ഒരു പരിഹാരമായേക്കാം. നിലത്തിരുന്നു കഴിക്കുമ്പോൾ പകുതി പത്മാസനം എന്ന യോഗ നിലയാണ്. അതായതു ചമ്രം പടിഞ്ഞിരിന്നു കഴിക്കുക.

ഇത് ദഹനത്തെ ഏറെ സഹായിക്കുന്നു.മാത്രമല്ല ഇങ്ങനെ കഴിക്കുമ്പോൾ മുമ്പോട്ടും പിറകോട്ടും ശരീരം ചലിക്കുന്നു. ഒപ്പം മസിലുകളും ചലിക്കുന്നു. ഇതെല്ലാം ദഹനത്തെ നല്ല രീതിയിൽ സഹായിക്കുന്നു. നല്ല ദഹനം കൊണ്ടും ശരീരം ചലിക്കുന്നത് കൊണ്ടും കൊഴുപ്പ് കളയുവാനുള്ള എളുപ്പവഴിയാണ്.
ഈ രീതിയിൽ കഴിക്കുന്നത് കൊണ്ട് തലച്ചോറിന് ശാന്തത ലഭിക്കുവാനും സഹായിക്കുന്നു. അത് ശാരീരിക ആരോഗ്യത്തിനു ഗുണകരമാണ്. ഇത് തടി കുറക്കുവാനുള്ള മറ്റൊരു മാർഗമാണ്. കസേരയിൽ ഇരുന്നു കഴിക്കുമ്പോൾ വയർ പെട്ടെന്ന് ഞെരുങ്ങും.
നിലത്തിരുന്നു കഴിക്കുമ്പോൾ കൂടുതൽ രുചി അനുഭവപ്പെടുന്നതിനൊപ്പം യാതൊരു സപ്പോർട്ടും കൂടാതെ എഴുന്നേൽക്കാൻ കഴിയുന്നവർക്ക് ആയുസ്സും കൂടുമെന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ഇത് കാൽ മുട്ടുകളുടെ ആരോഗ്യത്തിനു നല്ലൊരു വ്യായാമവും ആണ്. ഈ രീതിയിൽ ഇരിക്കുമ്പോൾ രക്ത പ്രവാഹവും വർധിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിനും ഹൃദയമിടുപ്പ് സാധാരണ ഗതിയിലാക്കാനും നല്ലതാണ്. ശരീരത്തിന് വഴക്കവും നല്ല ഷേയ്പ്പും നൽകുവാനും നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നത് ഏറെ നല്ലതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് .

യക്ഷി

യക്ഷി എന്ന് കേട്ടാൽ സിനിമാക്കാർ ഉണ്ടാക്കിയതും പറഞ്ഞു കേട്ടതുമായ കഥകൾക്കാണ് ഇന്ന് ഏറെ പ്രാമുഖ്യം കാലത്തിന്റെ കുത്തൊഴുക്കിൽ പല കാര്യങ്ങളും നമ്മൾ മറന്നിരിക്കുന്നു ചിലവയൊക്കെ മാഞ്ഞു പോയിരിക്കുന്നു

. അമ്പലത്തിൽ യക്ഷി എന്ന ഒരു മൂല ഒഴിവാക്കി കണ്ടിട്ടുണ്ട്. ഇത് അതിന്റെ മൂലം ആണ് . .. ഒരു കാലത്ത് യക്ഷൻ നമുക്ക് ജ്ഞാനത്തിന്റെ ദേവൻ ആയിരുന്നു. മഹാഭാരത കാലത്ത് യക്ഷ പ്രശ്നവും ആയി യുധിഷ്ടിരന് മുന്നിൽ വരുന്ന ഒരു യക്ഷൻ കഥപാത്രം ഉണ്ട്
. യക്ഷൻ വന്നു പോയ ഉടനെ യുധിഷ്ടരന് പ്രസാദമായി ലളിത ദേവി പ്രത്യക്ഷപ്പെടുകയും ഉണ്ടായി. ഉപനിഷദ് കാലത്ത് ഇന്ദ്രനെയും ദേവന്മാരെയും പരീക്ഷിച്ചു മറയുന്ന ഒരു യക്ഷ ബ്രഹ്മം ഉണ്ട്..ചരിത്രങ്ങളിൽ
ശങ്കരാചാര്യ സ്വാമികൾ യക്ഷ സ്വരൂപയാ നമ:ശിവായ എന്ന് എഴുതിയിട്ടുണ്ട്. പഴയ ദീക്ഷാക്രമങ്ങളോടെ യക്ഷ ക്രമത്തിൽ ദേവിയെ പൂജിക്കുന്ന ഒരു മാർഗം പണ്ടേ നിലവിൽ ഉണ്ട്. ഇന്ന് വളരെ ശക്തിയേറിയ ആ രീതി ഇവിടെ പൊതുവെ കുറവാണു യക്ഷ മാർഗ ഉപാസന എന്ന് കെട്ടിട്ടുള്ള ഉപസകന്മാർ പോലും ഈ കഴിഞ്ഞു പോയ മൂന്ന് ജനറേഷനിൽ ഉണ്ടാവാൻ സാധ്യതയില്ല
പക്ഷെ ടിബറ്റൻ തന്ത്രത്തിൽ. ബുദ്ധമതത്തിൽ സ്തൂപത്തിന്റെ പടികൾ തോറും യക്ഷികൾ ആണ് പ്രധാന മൂർത്തികൾ
. ജൈനത്തിൽ മഹാ കാളി തന്നെ ഒരു യക്ഷിയാണ്. ഭൈരവി കലകൾ പൂർണ്ണമായ സ്ത്രീയിൽ അത് വസിക്കുന്നു എന്നാണ് അവരുടെ മതം
. ഇതിനാൽ ഇവർ കടത്താതെ ഈ ദേവത അനുഗ്രഹം ഇല്ലാതെ കാലചക്രം കടക്കാൻ ആർക്കും സാധിക്കില്ല എന്നാണ് വിശ്വാസം. അത് കൊണ്ടാണ് ജൈന മത രീതികളിൽ മറ്റേതു മതത്തേക്കാളും സ്ത്രീകൾക്ക് മേധാവിത്വവും ആദരവും കൂടുതൽ നല്കപ്പെടുന്നത്
ഇതുപോലെ ജ്ഞാനത്തിന്റെ പൂർണ്ണ ഭൈരവീ അവസ്ഥ ആയാൽ ആ സ്ത്രീകൾക്ക് അവർ യേഷേ എന്ന് പേര് കൊടുക്കും ഇത് പോലെ യക്ഷി യുടെ പദം ലഭിച്ച ഒരു ടിബറ്റൻ സ്ത്രീ ആണ് യേഷേ സയോഗാൽ . ഇവർ ചൈനീസ് രാജാവിന്റെ ഒരു അടിമയായിരുന്നു
പദ്മ ശാംഭവൻ കുതിരപ്പുറത്തു ടിബറ്റിൽ എത്തിയപ്പോൾ ഇവരെ രാജാവ് പദ്മശാംഭവനു കൊടുത്തു. ഇവരെ മുക്തയാക്കിയ പദ്മ ശാംഭവൻ ഇവരെ അവിടുത്തെ നിഗമ ആചാരത്തിന്റെ ഭാഗമായി വജ്ര വാരാഹിയുടെ ഏകജടയുടെ സാധക ആക്കിയത്രേ
. ആ കാലങ്ങളിൽ ഇന്ത്യയിൽ ഓഡ്ഡ്യാന പീഠത്തിൽ ഇടയ്ക്കു ഇവർ വരുമായിരുന്നു. ഇവരിൽ നിന്നും വിദ്യാധരന്മാർ ആയ അതീവ ശക്തിയുള്ള ഗുരുക്കന്മാരും പിന്നീട് അങ്ങോട്ട് ഉണ്ടെന്നാണ് വിശ്വാസം. സ്ത്രീ ബുദ്ധ എന്ന നിലയിലോട്ടു ഉയർന്ന സ്ത്രീയായി ഇവരെ ബഹുമാനിച്ചു ആരാധിച്ചിരുന്നു
യക്ഷ യക്ഷികളെ പൂജിച്ച ആ കാലം ഭാരതത്തിലെ സുവർണ കാലഘട്ടം ആയിരുന്നു. അന്ന് യക്ഷ സമ്പ്രദായത്തിൽ ആയിരുന്നു കാളി ശിവ പൂജകൾ നടന്നിരുന്നത് പിന്നീട് അത് കൗളം എന്നായി മാറി പക്ഷെ ഒരു ഹോമവും കർമങ്ങളും നടത്താതെ ചെയ്തിരുന്ന രീതികൾ കൗളം വന്നതോടെ ഹോമത്തിന്റെയും കളങ്ങളുടെയും ചെലവറിയ രീതിയിലേക്ക് മാറി
പക്ഷേ വൈദിക വിഭാഗത്തിലെ ഈ മാറ്റം യക്ഷികളെ ദുർദേവത ആക്കിയതോടെ ശക്തികൾ നഷ്ടപ്പെട്ട ക്ഷേത്രങ്ങളും ഉണ്ടായി ജനങ്ങൾക്ക് ബുദ്ധിമുട്ടുകളും ആയി.
നിങ്ങൾക്ക് ഒരു വിദ്യ വരണമെങ്കിൽ ഉദാഹരണത്തിന് നാട്യം മുഖത്ത് വരണമെങ്കിൽ
അറുപത്തിനാലിൽ ഒരു വിദ്യ ആയ നടി എന്ന യക്ഷിണി നിങ്ങളിൽ പ്രസാദിക്കണം
ഇതുപോലെ ആയിരത്തോളം യക്ഷി ശക്തികൾ ആണ് കാളിയിൽ അടങ്ങിയിരിക്കുന്നത് .സംഗീതം കല തുടങ്ങി എല്ലാ സിദ്ധികൾക്കും കൂടാതെ അതീന്ത്രിയാ ശക്തികൾക്കും ഈ യക്ഷി മൂർത്തീകളുടെ സാന്നിധ്യം വേണം
വിജയ കാപാലിനി എന്നിവർ 64 തരം സമാധി ധ്യാനങ്ങൾ പ്രത്യേക സിദ്ധികൾ എന്നിവയെല്ലാം നിങ്ങൾക്ക് വെച്ച് നീട്ടും..നിങ്ങളിലെ അതീന്ദ്ര സിദ്ധികൾ ഉണരും
പക്ഷെ യക്ഷി സമ്പ്രദായം ഇല്ലാതെ വന്നെങ്കിലും ഇന്നും ഭാരത ചരിത്രത്തിൽ ഇതിനു വലിയ തരത്തിൽ പ്രാധാന്യം ഉണ്ട്

ഇതിനെ പറ്റി അറിയുന്ന പലരും ഇവയെ വീട്ടിൽ വെക്കാമോ എന്ന് ചോദിച്ചു.
ഇവരെ ഐശ്വര്യം ഉണ്ടാകാൻ ചൈനക്കാർ ചൈനീസ് മുഖത്തോടെ ആയിട്ട് ഷെങ്ഫൂയി എന്ന പേരിൽ നിങ്ങളുടെ മാർക്കറ്റുകളിൽ എത്തിക്കുന്നുണ്ട്. അത് മേടിച്ചു വെച്ചാൽ നിങ്ങൾക്ക് പേടി ഉണ്ടാകില്ല. ധനം ഉണ്ടാകും എന്നൊക്കെ ആണ് വിശ്വാസം എങ്കിലും യക്ഷ വിധിപ്രകാരമുള്ള കർമ്മങ്ങൾ അനുഷ്ഠിക്കാതെ ഒന്നും നടക്കില്ല എന്നത് മറ്റൊരു വസ്തുതയാണ്

ആരാണ് ഗണപതി?

  ക്ഷിപ്രപ്രസാദിയായ ഭഗവാനാണ് ഗണതി.മനസ്സറിഞ്ഞ് ഭഗവാനെ വിളിച്ചാൽ ഗണപതി ഭഗവാൻ ഒരിക്കലും കൈവെടിയുകയില്ല. ഗണ എന്നാൽ പവിത്രകമെന്നും പതിയെന്നാൽ സ്വാമിയെന്നും. ചൈതന്യത്തെ കാത്തുരക്ഷിക്കുന്നവൻ എന്നും അറിയപ്പെടുന്നു. ജീവിതത്തിൽ ഏതു പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിക്കാൻ ഗണപതി പൂജകൊണ്ട് സാധിക്കും. വളരെ വേഗത്തിൽ സങ്കടങ്ങൾക്ക് പരിഹാരം തരുന്ന ദേവനാണ് ഗണപതി. ഗണപതി ഭഗവാന് സാധിക്കാത്തതായി ഒന്നുമില്ല. അറിവിന്റെ അഥവാ ജ്ഞാനത്തിന്റെ ദേവനായിട്ടാണ് ഗണപതിയെ പ്രകീർത്തിക്കുന്നത്. ഗണപതി ഭഗവാന്റെ ശരീരഭാഷ ശ്രദ്ധിച്ചിട്ടുണ്ടോ? ഉടലിനു യോജിക്കാത്ത ശിരസും ചെവികളും തുമ്പികൈമുക്കും കുടവയറുമൊക്കെ മനുഷ്യരെ ഒരോ കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. വലിയ തല- വലുതായി ചിന്തിക്കുക. മനുഷ്യന്റെ ചിന്താശേഷിയെ ഉണർത്തുകയെന്നതാണ്. വലിയ ശ്രദ്ധയുടെ തെളിവാണ് ആ വലിയ ചെവികൾ .ഭഗവാന്റെ ചെറിയ കണ്ണുകൾ ഏകാഗ്രത പഠിപ്പിക്കുന്നു .മനുഷ്യജീവിതത്തിലെ നല്ലതും ചീത്തയുമായ വശങ്ങളെ സൂചിപ്പിക്കുന്നതാണ് ഭഗവാന്റെ കുടവയർ .ഭഗവാന്റെ ചെറിയ വായ് കുറച്ചു സംസാരിക്കുകയെന്നതിനെ സൂചിപ്പിക്കുന്നു. ഏതൊരു ശുഭകാര്യവും തുടങ്ങുന്നതിന് മുമ്പ് ഗണപതി ഭഗവാനെ വന്ദിക്കുന്നത് ഉത്തമാണ്. ഗണപതിക്കു കൊടുക്കുക എന്നു പറയുന്നത് തടസ്സങ്ങൾ കൂടാതെ കാര്യങ്ങൾ നടക്കാനാണ്. ഏല്ലാം മാസവും ജന്മനക്ഷത്രത്തിൽ ഗണപതി ഹോമം നടത്തുന്നത് നാളുകാരന് ഉത്തമാണ്.വീടുകളിൽ പാചകം ചെയ്യുന്നതിന് മുമ്പ് ഒരു ചെറുനാളികേര കഷ്ണം അടുപ്പിൽ ഭഗവാന് സമർപ്പിച്ചു കൊണ്ട് തീ പകരുക. വിഘ്നങ്ങൾ അകറ്റി ദുരിതങ്ങളിൽ നിന്നും കരകയറ്റാൻ ആത്മാർത്ഥമായി ഭഗവാനോടു പ്രാർത്ഥിക്കുക.ഭഗവാന് നാരങ്ങാ മാല വളരെ വിശേഷപ്പെട്ടതാണ്. 18 നാരങ്ങകൾ കോർത്തെടുത്ത മാല മൂന്നു ദിവസം തുടർച്ചയായി ഭഗവാന് സമർപ്പിച്ചാൽ ഫലസിദ്ധി ഉണ്ടാകും. എല്ലാ മാസവും പക്ക പിറന്നാളിനു 3 ദിവസമാ മുന്നേ ഒരോ ദിവസവും നാരങ്ങാ മാല സമർപ്പിച്ച് പക്ക പിറന്നാളിന്റെ അന്ന് മുക്കുറ്റി പുഷ്പാഞ്ലി നടത്തിയാൽ നാളുകാരന് വളരെ ഉത്തമമാണ്. ജീവിത ക്ലേശങ്ങളും തടസങ്ങളുമകറ്റി മനശാന്തിയും സന്തോഷവും പ്രദാനം ചെയ്യാൻ വിഘ്നഹര സ്തോത്രം ജപിക്കുന്നത് ഉത്തമാണ്.

ശുക്ലാംബരധരം വിഷ്ണും, ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്, സര്‍വവിഘ്നോപശാന്തയേ

പ്രണമ്യ ശിരസാ ദേവം , ഗൌരീപുത്രം വിനായകം

ഭക്ത്യാ വ്യാസം സ്മരേ നിത്യം, ആയു: കാമാര്‍ത്ഥ സിദ്ധയേ

പ്രഥമം വക്രതുണ്ഡം ച, ഏകദന്തം ദ്വിതീയകം

തൃതീയം കൃഷ്ണപിംഗാക്ഷം, ഗജവക്ത്രം ചതുര്‍ത്ഥകം

ലംബോദരം പഞ്ചമം ച, ഷഷ്ഠം വികടമേവ ച

സപ്തമം വിഘ്നരാജം ച, ധൂമ്രവര്‍ണ്ണം തഥാഷ്ടകം

നവമം ഫാലചന്ദ്രം ച, ദശമം തു വിനായകം

ഏകാദശം ഗണപതിം, ദ്വാദശം തു ഗജാനനം

ദ്വാദശൈതാനി നാമാനി, ത്രിസന്ധ്യം യ: പഠേത്‌ നര:

ന ച വിഘ്നഭയം തസ്യ, സര്‍വസിദ്ധികരം ധ്രുവം. ഏതൊരു ദേവനെ ആരാധിച്ചാലും ഗണപതി പ്രീതി ഉണ്ടങ്കിലെ കാര്യങ്ങൾ നടക്കു.പ്രധാന പ്രതിഷ്ഠ മറ്റൊരു ദേവൻ ആണെങ്കിലും ഗണപതി പ്രതിഷ്ഠ ഇല്ലാത്ത ക്ഷേത്രങ്ങൾ ഇല്ല. കറുകമാലഗണപതി ഭഗവാന് ഏറെ പ്രിയപ്പെട്ടതാണ്.ജീവിതത്തിലെ പല തടസ്സങ്ങളും മാറി ഉദ്ദേശിച്ച കാര്യങ്ങൾ നടക്കുന്നതിനും ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുന്നതിനും കറുകമാല സമർപ്പണത്തിലൂടെ സാധിക്കും പഴമാല ഉണ്ണിയപ്പം അട മലർ നെയ്യ് തേങ്ങ ശർക്കര മോദകം കടുംപായസം വെറ്റില ഒക്കെ ഭഗവാന് വിശേഷപ്പെട്ടതാണ്.ഓം ഗം ഗണപതയേ നമഃ ഭഗവാന്റെ മൂലമന്ത്രമാണ് .വിനായക ചതുർത്ഥി നാളിൽ ഗണേശ പൂജ കഴിക്കുന്നത് ദു:ഖങ്ങളിൽ നിന്നു മുക്തി നേടി ആഗ്രഹ സഫലികരണത്തിന് ഉപകരിക്കും. ഭഗവാന്റെ മൂലമന്ത്രം പലതവണ ആവർത്തിക്കുന്നത് നല്ലതാണ്.ഓം വക്രതുണ്ഡായ നമ:
ഓം ഏകദന്തായ നമ:
ഓം കൃഷ്ണപിംഗാക്ഷായ നമ:
ഓം ഗജവക്ത്രായ നമ:
ഓം ലംബോദരായ നമ:
ഓം വികടായ നമ:
ഓം വിഘ്‌നരാജായ നമ:
ഓം ധൂമ്രവര്‍ണ്ണായ നമ:
ഓം ഫാലചന്ദ്രായ നമ:
ഓം വിനായകായ നമ:
ഓം ഗണപതയേ നമ:
ഓം ഗജാനനായനമ: ഈ 12 മന്ത്രങ്ങൾ ഏറെ വിശേഷപ്പെട്ടതാണ് വിനായക ചതുർത്ഥി നാളിൽ തുടങ്ങി 28 ദിവസം ഈ മന്ത്രം ജപിച്ചാൽ ഫലസിദ്ധി ഉണ്ടാവും. ക്ഷിപ്രപ്രസാദിയാണ് ഗണപതി ഭഗവാൻ'ഭഗവാനെ ആത്മാർത്ഥമായി വിളിച്ചാൽ ഭക്തന്റെ മനസ്സ് കാണാതെ ഇരിക്കാൻ ഭഗവാന് കഴിയുകയില്ല.