Thursday, October 7, 2021

ഹിന്ദുമതത്തിലെ ബഹുദൈവ ആരാധന എങ്ങനെ ന്യായീകരിക്കപ്പെടുന്നു

ഹിന്ദുമതത്തിലെ ബഹുദൈവ ആരാധന എങ്ങനെ ന്യായീകരിക്കപ്പെടുന്നു എന്ന

ഒരു സുഹൃത്തിൻ്റെ ചോദ്യത്തിന് ഞാൻ
എൻ്റെ അറിവിനൊത്ത് കൊടുത്ത മറുപടി
ഇവിടെ പോസ്റ്റ് ചെയ്യുന്നു ..

“ഏകം സത് വിപ്രാ
ബഹുദാ വദന്തി" (ഋഗ്വേദം)

"സത്യം ഒന്നുമാത്രമാണ്
ജ്ഞാനികൾ അതിനെ
പലപേരിൽ വിളിക്കുന്നു."

ഭാരതീയ ദർശനങ്ങളുടെ അടിസ്ഥാന
ലക്ഷ്യം ഈ പ്രപഞ്ച രഹസ്യം എന്താണെന്നും നാമോരോരുത്തരും ആരാണെന്നുമുള്ള അന്വേഷണമാണ് ..

അതിന് അവർ ഉത്തരങ്ങളും
കണ്ടെത്തിയിട്ടുണ്ട് .

ഈ പ്രപഞ്ചത്തിലുള്ള സകല സൃഷ്ടികളും ഏകമായ അടിസ്ഥാന വസ്തുവിൻ്റെ
വിവിധ ഭാവങ്ങൾ മാത്രമാണ് .
അതിൻ്റെ പേരാണ് ബ്രഹ്മം .
ബ്രഹ്മമല്ലാതെ ഇവിടെ മറ്റൊന്നുമില്ല .
അത് മാത്രമാണ് ആരാധ്യമായിട്ടുള്ളത് .

എന്നാൽ രൂപരസാദി ഗുണരഹിതമായിട്ടുള്ള അതിനെ നമുക്ക് തിരിച്ചറിയാനോ സങ്കൽപ്പിക്കാനോ ഒരിക്കലും കഴിയില്ല .
കാരണം അത് നമ്മുടെ ഇന്ദ്രിയങ്ങൾക്ക്
അതീതമാണ് .ഏറ്റവും ആരാധ്യമായ
അതിനെ നമ്മൾക്ക് ഇഷ്ടമുള്ള രൂപത്തിലോ ഭാവത്തിലോ സങ്കൽപ്പിക്കാനുള്ള
അവകാശം ഹിന്ദുമതം അതിൻ്റെ അനുയായികൾക്ക് നൽകുന്നു .ഏതെല്ലാം പേരുകളിൽ വിളിച്ചാലും ആരെങ്കിലും
ആരാധിച്ചാലും നിന്ദിച്ചാലും അതിന്
ഒരിക്കലും എന്തെങ്കിലും സംഭവിക്കുന്നില്ല .
എന്നാൽ ആത്മാന്വേഷണ തൽപ്പരരായ
ഓരോ മനുഷ്യരും അതിനെ അന്വേഷി
ക്കുകയും സ്വയം അത് താൻ തന്നെ
എന്ന് ബോധ്യപ്പെടേണ്ടതായും ഉണ്ട് .
ഈ തിരിച്ചറിവിലേക്കുള്ള സൂചനയാണ്
നാല് വേദങ്ങളുടേയും സത്തയായ
നാല് മഹദ് വചനങ്ങളായി
നാല് ഉപനിഷത്തുക്കളിലൂടെ പറഞ്ഞു
വെക്കുന്നത് .ആ മഹാവാക്യങ്ങൾ
ഇവയാണ് ..

തത്വമസി ..
അത് നീയാകുന്നു .

പ്രജ്ഞാനം ബ്രഹ്മ ..
ബോധമാണ് ബ്രഹ്മം

അയമാത്മാ ബ്രഹ്മ ..
ആത്മാവാണ് ബ്രഹ്മം

അഹം ബ്രഹ്മാസ്മി ..
ഞാൻ ബ്രഹ്മമാകുന്നു .

ഇത്രയും തിരിച്ചറിവുകളെ അടിസ്ഥാന പ്രമാണമാക്കിയ ഒരു മതത്തിന്
ഈശ്വരനെ ഏത് രൂപത്തിലും
ആരാധിക്കാൻ അവകാശമുണ്ട് .

അമ്മയായും അച്ഛനായും പുത്രനായും പുത്രിയായും കാമുകിയായും
ഭാര്യയായും എല്ലാമെല്ലാം ..
അവരവർക്ക് ഇഷ്ടമുള്ള എല്ലാ
രൂപഭാവങ്ങളിലും ..

അത് തന്നെയാണ് ഹിന്ദുവിൻ്റെ
ബഹുദൈവാരാധനയുടെ അടിസ്ഥാന തത്വം .അത് ഹിന്ദു മതത്തിൻ്റെ
ഏതെങ്കിലും പോരായ്മയല്ല .
മറിച്ച് വിശാല മനസ്കതയാണ് .
സ്വാതന്ത്ര്യമാണ് ..

No comments:

Post a Comment