ദക്ഷപ്രജാപതിയുടെ പുത്രിമാരും, കശ്യപമഹർഷിയുടെ പത്നിമാരുമായിരുന്നു, നാഗമാതാവ് കദ്രുവും, ഗരുഡന്റെ മാതാവ് വിനതയും.
ദേവേന്ദ്രന്റെ പാൽ നിറമുള്ള ഉച്ചൈശ്രവസ്സ് എന്ന വെള്ളകുതിര ആകാശത്തു കൂടി പറന്നു പോകുന്നത് ആശ്രമ മുറ്റത്തിരുന്നു കണ്ട വിനത, കദ്രുവിനോട് പറഞ്ഞു.
ദേവന്മാരും അസുരന്മാരും ചേർന്ന് പാൽകടൽ കടഞ്ഞപ്പോൾ കിട്ടിയ കുതിരയാണ് എത്ര നല്ല ഭംഗിയാണ്, നല്ല പഞ്ഞിപോലെ മനോഹരം ആണല്ലോ ഉച്ചൈശ്രവസ്സ്.
ഇത് കേട്ട് സപത്നിയും സഹോദരിയുമായ കദ്രു പറഞ്ഞു. കുതിര മനോഹരം തന്നെ. പക്ഷെ അതിന്റെ വാലിന്റ അറ്റത്തു ലേശം കറുപ്പ് നിറം ഉണ്ടല്ലോ വിനതെ.
രണ്ടു പേരും പരസ്പരം പന്തയം വെച്ചു. ജയിക്കുന്ന ആളിന്റെ ദാസിയാവുക തോൽക്കുന്ന ആൾ.
നാഗമാതാവായ കദ്രു കറുത്ത സർപ്പങ്ങളെ വിളിച്ചു പിറ്റേ ദിവസം പഞ്ഞിപോലെ വെളുത്ത ദേവേന്ദ്രന്റെ കുതിരയുടെ വാലിൽ കടിച്ചു തൂങ്ങി കിടക്കാൻ പറഞ്ഞു.
പിറ്റേ ദിവസം കുതിര ആകാശത്തുകൂടി പോയപ്പോൾ ദൂരെ നിന്നും നോക്കിയ കദ്രുവും, വിനതയും കുതിരയുടെ വാലിന്റെ അറ്റത്തെ കറുപ്പ് നിറം കണ്ടു.
അങ്ങനെ കദ്രു വിന്റെ ദാസി ആയി സപത്നി യും ഗരുഡന്റെ മാതാവുമായ വിനത..
കദ്രുവിന്റെ എല്ലാ ദാസ്യപ്പണികളും, വിനതയെ കൊണ്ട് ചെയ്യിച്ചു... കദ്രുവിനെ തോളിൽ എടുത്തു ചുമന്നു കൊണ്ട് നടക്കാൻ പോലും വിനത നിർബന്ധിതയായി.
ഒരിക്കൽ ഗരുഡൻ കദ്രു മാതാവിനോട് ചോദിച്ചു..
നാഗ മാതാവേ എന്റെ മാതാവായ വിനത യുടെ ദാസ്യം മാറുവാൻ ഈ മകൻ എന്താണ് ചെയേണ്ടത്.
ദേവലോകത്തു ചെന്ന് അമൃത് കൊണ്ടു വന്നാൽ മാത്രം ഗരുഡന്റെ മാതാവായ വിനതയെ ദാസ്യത്തിൽ നിന്നും മോചിപ്പിക്കാം എന്ന് കദ്രു പറഞ്ഞു.
ഗരുഡൻ അമൃതിനായി ദേവലോകത്തേക്ക് യാത്രയായി.
അമൃതകലശത്തിനു കാവൽ നിൽക്കുന്ന ഉഗ്രസർപ്പങ്ങളുടെ കണ്ണ് വെട്ടിച്ചു അമൃതകലശം എടുത്തു ഭൂമിയിലേക്ക് പറന്നു.
ഒരു വലിയ പക്ഷി അമൃത് എടുത്തു കൊണ്ട് പോകുന്നത് കണ്ട ദേവേന്ദ്രൻ ഗരുഡന് നേരെ ദിവ്യമായ വജ്രായുധം പ്രയോഗിച്ചു.
ഇടിമിന്നൽ പോലെ ചീറി പാഞ്ഞു വന്ന. വജ്രായുധം ഗരുഡന്റെ തൂവലിൽ തട്ടി തെറിച്ചു പോയി.
ദേവേന്ദ്രൻ ആയുധം നഷ്ടപെട്ട് പകച്ചു പോയി.
ഗരുഡൻ ദേവേന്ദ്രന് നേരെ തിരിഞ്ഞു നിന്നു.
ഹേ.. ദേവേന്ദ്രാ.. വിനയാ തനയൻ ഗരുഡൻ അങ്ങയെ പ്രണമിക്കുന്നു.
അങ്ങയുടെ ദിവ്യായുധമായ വജ്രായുധത്തിന് എന്നെ സ്പർശിക്കാൻ പോലും സാധ്യമല്ല.
പക്ഷെ. ഈ വജ്രായുധം ഉണ്ടാക്കിയിരിക്കുന്നത് ദധീചി എന്ന മഹർഷിയുടെ അസ്ഥികൊണ്ടാണ്.
അതുകൊണ്ട് ദധീചി മഹർഷിയോടുള്ള ആദര സൂചകമായി ഞാനിതാ. എന്റെ ഒരു തൂവൽ സ്വയം കൊഴിച്ചു കളയുന്നു.
എന്ന് പറഞ്ഞു സ്വയം കൊക്കു കൊണ്ട് ഒരു തൂവൽ കൊത്തി എടുത്തു അന്തരീക്ഷത്തിലേക്ക് പറത്തി വിട്ടു.
ആ തൂവൽ ആകാശത്തിലൂടെ പറന്നു.. പറന്നു.. വനത്തിൽ യാഗം ചെയ്തു കൊണ്ടിരുന്ന കുറെ മഹർഷിമാരുടെ മധ്യത്തിൽ വീണു.
സ്വർണ്ണ വർണ്ണത്തിൽ തിളങ്ങുന്ന ഭംഗിയുള്ള തൂവൽ ഒരു മഹർഷി കൈയിൽ എടുത്തു... മറ്റുള്ള മഹർഷിമാരെ കാണിച്ചു.
ഇത്ര ഭംഗിയുള്ള തൂവൽ ഇതിനു മുൻപ് അവരാരും കണ്ടിട്ടില്ല.. സ്വർണ്ണ നിറമുള്ള... തൂവൽ... മയിൽപ്പീലിയെക്കാൾ മനോഹരം.
ഒരു തൂവലിനു ഇത്രയും ഭംഗി ഉണ്ടെങ്കിൽ... ഇതുപോലെ.. ആയിരക്കണക്കിന് തൂവൽ ധരിച്ച.. ആ പക്ഷിക്ക് എന്തു മാത്രം ഭംഗിയുണ്ടാകും.
അതിമനോഹരനായ ആ പക്ഷി ഇനി മുതൽ "സുപർണ്ണൻ" എന്ന നാമധേയത്തിൽ അറിയപ്പെടട്ടെ... മഹർഷിമാർ ഗരുഡനെ അനുഗ്രഹിച്ചു.അങ്ങനെ ഗരുഡന് സുപർണ്ണൻ എന്ന നാമധേയം ലഭിച്ചു.
അമ്മയെ ദാസ്യത്തിൽ നിന്നും മോചിപ്പിക്കാൻ വേണ്ടി മാത്രമാണ് അമൃത് കൊണ്ടു പോകുന്നത് എന്നും, ഇതിൽ നിന്നും ഒരു തുള്ളി പോലും കഴിക്കില്ല എന്നും ഗരുഡൻ ഇന്ദ്രന് വാക്ക് കൊടുത്തു.
മാതാവ് വിനതയെ ദാസ്യത്തിൽ നിന്നും മോചിപ്പിച്ചാൽ അമൃത് തിരികെ എടുത്തോളാൻ ഇന്ദ്രന് അനുവാദം നൽകി.
ഇന്ദ്രനിൽ നിന്നും വരവും വാങ്ങി. ഗരുഡൻ കദ്രുവിന്റെ ആശ്രമത്തിൽ എത്തി.
ദേവലോകത്തിലെ അമൃത് ഭൂമിയിൽ എത്തി.
ദാസ്യത്തിൽ നിന്നും മോചിപ്പിക്കുന്നതിന് സാക്ഷിയായി ഒരു പന്തത്തിൽ അഗ്നി കൊളുത്തി വെച്ചു.
അതിനു മുൻപിൽ ദർഭപുല്ലു വിരിച്ചു.
അതിൽ വാഴയില ഇട്ടു.
ഇലയിലേക്ക് അഗ്നി സാക്ഷിയായി ഗരുഡൻ അമൃതകലശം ഭക്തിപൂർവ്വം വെച്ചപ്പോൾ. കലശക്കുടം ഒന്ന് തുളുമ്പി.
അതിൽ നിന്നും കുറെ അമൃത് തെറിച്ചു ഇലയുടെ അടിയിൽ നിന്നും പുറത്തേക്ക് നീണ്ടു നിന്ന ദർഭപുല്ലിൽ വീണു.
അമൃത് ദർഭയിൽ വീണതിനാൽ ദർഭക്ക് അന്ന് മുതൽ "പവിത്രം" എന്ന് നാമകരണം ലഭിച്ചു.
മറ്റുള്ളതിനെ ശുദ്ധി ആക്കുന്നത് എന്നാണ് അർഥം. ദർഭക്ക് അശുദ്ധിയില്ല. അങ്ങനെ അന്ന് മുതൽ ദർഭ പവിത്രമായി.
No comments:
Post a Comment