Thursday, October 7, 2021

നാമജപം.

നാമജപം എന്നത് നമ്മളിൽ നിന്നും അകന്നു പോയ നല്ലശീലങ്ങളിൽ ഒന്നാണ്. കലികാലത്തിൽ മോക്ഷപ്രാപ്തിക്കും പാപപരിഹാരത്തിനും നാമജപത്തേക്കാൾ ഉത്തമമായ മറ്റൊന്നില്ല.


ദൃശ്യ മാധ്യമങ്ങൾ നമ്മുടെ ത്രിസന്ധ്യകളെ കവർന്നെടുക്കുന്ന ഈ അവസരത്തിൽ നാമജപത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
മോക്ഷം സിദ്ധിക്കുന്ന സഗുണോപാസനയ്ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ പലതും കലിയുഗ മനുഷ്യന്‌ അനുഷ്ഠിക്കുവാന്‍ പ്രയാസമാണ്‌.

സത്യയുഗത്തില്‍ ധ്യാനം ഏറ്റവും പ്രധാന ഉപാസനാമാര്‍ഗ്ഗമായിരുന്നു. ആ യുഗത്തില്‍ മനുഷ്യമനസ്സ്‌ നിര്‍മ്മലമായിരുന്നതിനാല്‍ ധ്യാനം സുഗമവും ഫലപ്രദവുമായിരുന്നു. തുടര്‍ന്ന്‌ ത്രേതായുഗത്തില്‍ യാഗവും ദ്വാപരയുഗത്തില്‍ പൂജയും പ്രധാന ഉപാസനാമാര്‍ഗ്ഗങ്ങളായി.

കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാമജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും
കലിയുഗത്തില്‍ മനുഷ്യമനസ്സ്‌ കൂടുതല്‍ മലിനവും ഏകാഗ്രത നഷ്ടപ്പെട്ടതുമായി. അതുകൊണ്ട്‌ ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കപ്പെട്ടു.

ദ്വാപരയുഗത്തിന്‍റെ അന്ത്യത്തില്‍ കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദമഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്‍റെ അടുത്തെത്തി. വരാന്‍പോകുന്ന കലിയുഗത്തില്‍ ദുരിതങ്ങള്‍ തരണം ചെയ്യാനുള്ള മാര്‍ഗ്ഗം ഉപദേശിച്ചുതരണമെന്ന്‌ അപേക്ഷിച്ചു.
ഭഗവാന്‍ നാരായണന്‍റെ നാമം ജപിക്കുകയാണ്‌ കലിയുഗ ദുഃഖങ്ങള്‍ തരണം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന്‌ ബ്രഹ്മാവ്‌ ഉപദേശിച്ചു. ഏതൊക്കെ നാമങ്ങളാണ്‌ എന്ന നാരദന്‍റെ ചോദ്യത്തിന്‌ മറുപടിയായി ബ്രഹ്മാവ്‌ പ്രസിദ്ധമായ ഷോഡശമഹാമന്ത്രം ഉപദേശിച്ചു.

“ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ “

ഈ നാമം ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന്‌ മനസ്സ്‌ സൂര്യനെപ്പോലെ തെളിവുറ്റതാകും. ഇത്‌ ജപിക്കുന്നതിന്‌ ക്ലിഷ്ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല.
ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്മഭക്തന്മാര്‍ ബ്രഹ്മലോകത്തിലും ശിവഭക്തന്മാര്‍ ശിവലോകത്തിലും വിഷ്ണുഭക്തന്മാര്‍ വിഷ്ണുലോകത്തിലും എത്തിച്ചേരുന്നു. ഇതാണ്‌ സാലോക്യമോക്ഷം.

ഭഗവാന്‍റെ സമീപത്തുതന്നെ എത്തിച്ചേരുന്നത്‌ സാമീപ്യമോക്ഷം. ഭഗവാന്‍റെ രൂപത്തെ പ്രാപിക്കുന്നത്‌ സാരൂപ്യമോക്ഷം. ഭഗവാനില്‍ ലയിച്ച്‌ ഭഗവാന്‍ തന്നെയായിത്തീരുന്നത്‌ സായൂജ്യമോക്ഷം. ഇങ്ങനെ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ ചതുര്‍മുക്തികളും ഈ നാമജപംകൊണ്ട്‌ സിദ്ധിക്കുന്നു എന്നാണ്‌ ബ്രഹ്മാവ്‌ അരുളിചെയ്തത്‌.
മുജ്ജന്മപാപങ്ങളാണ്‌ ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്‌. സര്‍വ്വപാപഹരമായ ഈ നാമം നിത്യവും ജപിച്ചാല്‍ സകല ഗ്രഹപ്പിഴകളും ഒഴിവാകുമെന്ന്‌ വിശ്വസിക്കപെടുന്നു.

ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം.
കൃഷ്ണയജുര്‍വ്വേദാന്തര്‍ഗ്ഗതമായ കലിസന്തരണ ഉപനിഷത്തിലാണ്‌ ഈ നാമമാഹാത്മ്യം പ്രകീര്‍ത്തിക്കപ്പെടുന്നത്‌. ശ്രവണം, കീര്‍ത്തനം, വിഷ്ണുസ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ നവവിധങ്ങളായ ഭക്തി മാര്‍ഗ്ഗങ്ങളുള്ളതില്‍ നാമകീര്‍ത്തനമാണ്‌ ഏറ്റവും സുഗമമായ മാര്‍ഗ്ഗമെന്ന്‌ നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നു.

അതീവ സൂക്ഷ്മത ആവശ്യമുള്ളതും സങ്കീര്‍ണ്ണവുമായ മന്ത്രോപാസന, താന്ത്രിക കര്‍മ്മങ്ങള്‍, ഹോമ, പൂജാദികള്‍, തപസ്സ്‌ ആദിയായ ഉപാസനാമാര്‍ഗ്ഗങ്ങള്‍ എങ്ങനെ വിധിപ്രകാരം അനുഷ്ഠിക്കും എന്നോര്‍ത്ത്‌ വിഷമിക്കുന്ന സാധാരണ മനുഷ്യന്‌ അനുഷ്ഠിക്കാവുന്ന ഏറ്റവും സുഗമമായ ഭക്തിമാര്‍ഗ്ഗമാണ്‌ നാമജപം.
നിഷ്ഠയോ നിയമങ്ങളോ കൂടാതെ വിശ്വാസത്തോടും അര്‍പ്പണ മനോഭാവത്തോടും മുക്തി നേടാന്‍ കലിയുഗത്തില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്ന മാര്‍ഗ്ഗമാണ് നാമജപം. ശുദ്ധമായ സ്ഥലത്ത് ഇരുന്ന് നിത്യേന നാമജപം നടത്തുന്നത് കലിയുഗത്തിൽ ഈശ്വരോപാസനയ്ക്ക് ഉത്തമ മാര്‍ഗ്ഗമാണ്.

നാമജപം ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ ശാന്തി നല്‍കുന്നു. നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യവും കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു.
ഭൗതികദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. നിരന്തരമായ നാമജപം നമ്മിലെ തമസ രജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സത്ഗുണങ്ങളെ ഉണര്‍ത്തുന്നു.

നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യും. ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അല്ലാതെയോ, എങ്ങനെ ജപിച്ചാലും ജപം ഭക്തിപൂര്‍വ്വവും വിശ്വാസപൂര്‍വ്വവുമായാല്‍ അതിന് ഉദ്ദിഷ്ടഫലം സിദ്ധിക്കുന്നു.
ഈശ്വരനാമത്തിന്‍റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനോ അളക്കുവാനോ സാധിക്കുകയില്ല. അതിന്‍റെ അത്ഭുതകരമായ ഫലദാനശേഷിയെയും ആര്‍ക്കും അളക്കുവാന്‍ സാധിക്കില്ല. നിത്യവും ഈശ്വരനാമം ജപിക്കുന്നവന്‍ അതിദിവ്യനായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്.
അത് നമ്മിലുള്ള ദുര്‍വ്വാസനകളെയെല്ലാം നശിപ്പിക്കുന്നു. നിത്യേനയുള്ള നാമജപത്തിലൂടെ സമസ്ത പാപങ്ങളും നശിക്കുന്നു. അതോടെ നമ്മുടെ സമസ്ത ദുഃഖങ്ങള്‍ക്കും ശാന്തി ലഭിക്കുന്നു. നാമജപം മോചനത്തിനുള്ള മാര്‍ഗ്ഗമാണ്. മനസ്സിന്‍റേയും ശരീരത്തിന്‍റേയും വിശ്രമമാണ് ഇത്കൊണ്ട് സിദ്ധിക്കുന്നത്. മാത്രമല്ല നാമജപം കൊണ്ട് അനിര്‍വചനീയമായ ശാന്തിയും അളവറ്റ ഊര്‍ജ്ജവും സിദ്ധിക്കുന്നു.

നാമജപം മൂന്ന് തരത്തിലുണ്ട്:
വാചികം : ഉറക്കെ ജപിക്കുന്നത്
ഉപാംശു : ചുണ്ട് അനക്കി മാത്രം ജപിക്കുന്നത്
മാനസം : മനസ്സില്‍ മാത്രം ജപിക്കുന്നത്

ഈശ്വര നാമം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജപിക്കാം. എത്രവേണമെങ്കിലും ജപിക്കാം
അവനവന്‍റെ മനസ്സിനെ ഭൗതിക മുക്തമാക്കുന്നതിനാണ് നാമം ജപിക്കുന്നത്. അതിലൂടെ അവനവന്‍റെ ഉള്ളിലുള്ള ഈശ്വരനെ തന്നെ അറിയാന്‍ കഴിയുന്നു.ഭൂതത്തിലും ഭാവിയിലും ഉഴലുന്ന മനസ്സിനെ വര്‍ത്തമാനത്തില്‍ പിടിച്ചു നിര്‍ത്താന്‍ നാമജപത്തിനു കഴിയും. നമ്മുടെ ബുദ്ധിയും ഓര്‍മ്മയും വര്‍ദ്ധിപ്പിക്കുന്നതിനും നാമജപം നല്ലതാണ്.

No comments:

Post a Comment