ആയുസ്സിന്റെ വേദം‘ : വ്യാഖ്യാനങ്ങള്‍ക്കപ്പുറം
ഒരു ശാസ്ത്രമെന്ന നിലയ്ക്കുള്ള ആയുര്‍വേദത്തിന്റെ മുരടിപ്പിനു കാരണം മതവിശ്വാസത്തിന്റെ അമിത സ്വാധീനമാണ് എന്നു ചരിത്രപരമായി നോക്കിയാല്‍ കാണാം. ചരകന്റെയും സുശ്രുതന്റെയും ശാസ്ത്രം – വിശേഷിച്ച് ശസ്ത്രക്രിയാ ശാസ്ത്രം ആയുര്‍ വേദത്തിന്റെ ചില പരമ്പരാഗത “ശരീരശാസ്ത്ര” സങ്കല്‍പ്പനങ്ങളുമായി യോജിച്ചു പോകുന്നതായി കാണാന്‍ കഴിയുന്നില്ല..ഒരുപക്ഷെ അവര്‍ പ്രകടിപ്പിച്ച ശാസ്ത്രാഭിരുചി പില്‍ക്കാലത്തുള്ളവര്‍ ഏറ്റെടുത്തിരുന്നെങ്കില്‍ ഇന്നു മേയോ ക്ലിനിക്കും ഹാര്‍വാര്‍ഡ് സ്കൂള്‍ ഒഫ് മെഡിസിനുമൊക്കെ നമ്മുടെ തിരുമുറ്റത്തായേനെ..!
പക്ഷെ അത്തരമൊരു മുന്നേറ്റത്തിനുള്ള സാധ്യത ഉള്ളില്‍ നിന്നു കൊട്ടിയടച്ചത് ” ദൈവദത്തമാണ് ” ഇതെന്നും അതിനാല്‍ ഇതിന്റെ തത്വങ്ങള്‍ മാറ്റാന്‍ പാടില്ല എന്നുമുള്ള പിടിവാശി തന്നെയല്ലേ. മാറ്റമില്ലാതെ എന്തു ശാസ്ത്രം? യഥാര്‍ത്ഥ ശാസ്ത്രത്തിന്റെ മുഖ മുദ്ര തന്നെ സ്വയം നവീകരണമാണ്.
കാടും കാട്ടുകിഴങ്ങുമെടുത്ത് രോഗിയിലോ ആരോഗ്യവാനിലോ പരീക്ഷിക്കുക എന്നതു മാത്രമല്ല ശാസ്ത്രം. ശാസ്ത്രത്തിന് ഒരു ഉപപത്തി (hypothesis) വേണം പരീക്ഷിച്ച് /നിരീക്ഷിച്ച് തെളിവെടുത്ത് സാമാന്യവത്കരിക്കാന്‍. എന്താണു ആയുര്‍വേദത്തിന്റെ ഫിസിയോളജി ? ജൈവശാസ്ത്രതലത്തില്‍ എങ്ങനെയാണു ആയുര്‍വേദം മനുഷ്യ ശരീരത്തെ അപഗ്രഥിച്ചിരുന്നത് ? വാത/പിത്ത/കഫ തിയറികളില്‍ കിടന്ന് നട്ടം തിരിഞ്ഞിരുന്ന ഈ ശാസ്ത്രത്തിന്റെ മരുന്നുപ്രയോഗത്തെ മാത്രം വച്ചാണു ഇന്നു ആളുകള്‍ അതിനെ പിന്താങ്ങുന്നത്. ആഴത്തിലെക്കു ചെന്നാല്‍ അസംബന്ധ ചികിത്സാരീതികളുടെ ഘോഷയാത്രയാണു ആയുര്‍വേദത്തില്‍ നല്ലൊരു പങ്കിലും എന്നു അതിന്റെ മൂലഗ്രന്ഥങ്ങള്‍ തന്നെ പറഞ്ഞുതരും.
അതിലേക്കൊരു നോട്ടം :
മൂലഗ്രന്ഥങ്ങളില്‍ നിന്നും ആയുര്‍വേദത്തെ കണ്ടെടുക്കല്‍
ആയുര്‍വേദത്തിന്റെ “ഫിസിയോളജിക്കല്‍” സങ്കല്‍പ്പങ്ങള്‍ അറിയാന്‍ അഷ്ടാംഗഹ്യദയം, ഗര്‍ഭോപനിഷത്ത്, സഹസ്രയോഗം,ശാര്‍ങധര സംഹിത എന്നിവയുടെ ടെക്സ്റ്റുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതിയാകും. ആധുനികകാല ആയുര്‍വേദകൊളജു ടെക്സ്റ്റുബുക്കുകളില്‍ ആടിനെ പട്ടിയാക്കുന്ന ധാരാളം വ്യഖ്യാനങ്ങള്‍ നല്‍കി ആയുര്‍വേദത്തെ ആധുനിക സയന്‍സുമായി യോജിപ്പിച്ചു കൊണ്ടുള്ള രീതിയാണവലംബിച്ചിരിക്കുന്നത്. അത് കൊണ്ടാണ് മൂലഗ്രന്ഥങ്ങള്‍ റെഫര്‍ ചെയ്യണം എന്നു പറയുന്നത്.
ആയുര്‍വേദ ഫിസിയോളജിയുടെ ചില സാമ്പിളുകള്‍ ഇതാ:
1. ആയുര്‍വേദ ന്യൂറോളജി: സുഷുംനയുടെ (സ്പൈന്‍) ഇടതു ഭാഗത്ത് “ഇഡാ” നാഡിയും, വലത്ത് “പിംഗളാ” നാഡിയും സ്ഥിതി ചെയ്യുന്നു. ഇഡയില്‍ തമോഗുണനായ ചന്ദ്രനും പിംഗളയില്‍ രജോഗുണനായ സൂര്യനും സഞ്ചരിക്കുന്നു. ചന്ദ്രനു അമ്യതാംശവും സൂര്യനു വിഷാംശവുമാണ്. സുഷുംന കാലഭോക്താവാണു. ഇതിനു പിറകില്‍ സരസ്വതി നാഡി, വശത്ത് കുഹൂ നാഡി, പിന്നെ യശസ്വിനി, വരുണി, പുഷാന്‍…അങ്ങനെയങ്ങനെ.
പിംഗല മുകളിലേയ്ക്കു പോയി ഇടത്തേ മൂക്കുവരെ എത്തുന്നു. പിംഗളയുടെ മുകളില്‍ ഇടത്തേക്കണ്ണു വരെ പുഷാനാഡി…. ഇഡ, പിംഗള, സുഷുംന എന്നിങ്ങനെയുള്ള പ്രധാന നാഡികള്‍ നാഭിക്കു താഴെ ‘മൂലാധാരത്തില്‍” വട്ടത്തില്‍ പിണഞ്ഞുകിടക്കുന്നു.ഇവിടെ നാഡികള്‍ ഒരു വിശേഷ ശക്തിയെ ഉണ്ടാക്കുന്നതിനാണു യോഗാ ക്ലാസുകാര്‍ “കുണ്ഡലിനി” എന്നു പറയുന്നത്. (ഇവിടുന്നങ്ങോട്ട് കുറെ ചക്രങ്ങളും മറ്റുമുണ്ടെന്ന് ചില ടെക്സ്റ്റുകള്‍).
2. ആയുര്‍വേദപ്രകാരം വേഗോദീരണങ്ങള്‍ കൊണ്ടാണ് എല്ലാ രോഗങ്ങളും ഉണ്ടാകുന്നത്। (പകര്‍ച്ച വ്യാധികളെക്കുറിച്ചു പറയുന്നെങ്കിലും, അണുക്കള്‍, ആയുര്‍വേദത്തിനു തികച്ചും അജ്നാതം). എല്ലാ മാനസിക ശാരീരിക പ്രവര്‍ത്തനങ്ങളുടെയും നിയന്താവായ “വായു” ഇതു നിമിത്തം താളം തെറ്റുന്നു। തുടര്‍ന്ന് അതു ‘പിത്ത കഫാ’ദികളെ ബാധിച്ച് എല്ലാ പ്രശ്നത്തിനും കാരകമാകുന്നു. പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍ എന്നിങ്ങനെയുള്ളപത്തു വായുക്കള്‍ നാഡികളിലൂടെ സഞ്ചരിക്കുന്നു… വാഗ്ഭടാചാര്യന്റെ സങ്കല്‍പ്പപ്രകാരമാണു ത്രിദോഷങ്ങള്‍ എന്ന “വാത – പിത്ത – കഫ ” തിയറി അവതരിപ്പിച്ചിരിക്കുന്നത് എന്നു കാണുന്നു. ഇതു ചരിത്രപരമായി നോക്കിയാല്‍, ചില ഉപനിഷത്തുക്കളിലെയും (ബ്യഹദാരണ്യകം, ഛാന്ദോഗ്യം, ശാണ്ഡില്യം തുടങ്ങിയവ.) അഥര്‍വ്വ വേദത്തിലെയും പഞ്ചഭുത തത്വങ്ങളില്‍ നിന്നും, ആത്മാവിനെയും പ്രാണനെയും കുറിച്ചുള്ള സങ്കല്‍പ്പങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതായി കാണാം. ആരോഗ്യകരമായ അവസ്ഥയില്‍ വാതം പക്വാമാശയ കേന്ദ്രത്തിലും, പിത്തം മദ്ധ്യസ്ഥാനത്തും, കഫം ഉരസ്സിലുമായി സ്ഥിതി ചെയ്യൂന്നു.വിക്യതാവസ്ഥയില്‍ ഇവ സ്ഥാനം വിട്ടു “കോപിക്കും”. അതാണു രോഗം.
3. വയറ്റിലെ അന്നരസാദികളെ പ്രാണവായു തരം തിരിക്കുന്നു…അവിടെ (ജഠരാഗ്നി) അഗ്നിക്കുമുകളില്‍ വെള്ളം വച്ചു ദഹനാദികള്‍ക്കുപകരിക്കത്തക്കവണ്ണം വായു പ്രവര്‍ത്തിക്കുന്നു…വിയര്‍പ്പ്, മൂത്രം, മലം എന്നിവ വേര്‍തിരിക്കുന്നതും വായു തന്നെ (വാതം എന്നത് “സഞ്ചരിക്കുന്നത്” എന്ന അര്‍ഥത്തിലാണെന്ന് ഒരു സങ്കല്‍പ്പം)
4. ഭക്ഷണവുമായി ബന്ധപ്പെട്ട അഷ്ടാംഗ ഹ്യദയ കന്‍സെപ്റ്റ് : ‘രാജസ’മായ ആഹാരം (പുളിപ്പു, എരിവു, ചൂട് തുടങ്ങിയവയെന്ന് ഭഗവദ് ഗീതയില്‍ പറഞ്ഞിട്ടുള്ളവ) ‘പിത്തത്തെ’ കോപിപ്പിക്കുന്നു. ‘താമസ’ ആഹാരം (പഴകിയത് എന്നു ഗീതയില്‍ ) കഫത്തെ വര്‍ധിപ്പിക്കുകയും ബുദ്ധിമാന്ദ്യം ഉണ്ടാക്കുകയും ചെയ്യുന്നു. വായു കോപം ഓര്‍മ്മക്കുറവുണ്ടാക്കുന്നു. വായൂകോപത്തിനു ധ്യാനം, സന്തോഷം, ഭയം സങ്കടം എന്നീ വികാരങ്ങളും കാരണമാകുന്നു.
5. ആയുര്‍വേദത്തിലെ ജെനറ്റിക്സ് : രതിമൂര്‍ഛയുണ്ടാവുന്നത് ആദ്യം പുരുഷനാണെങ്കില്‍ കുട്ടി ആണാകുമെന്നും മറിച്ചയാല്‍ കുട്ടി പെണ്ണാവുമെന്നും ഉള്ള പ്രചീന ഗ്രീക്കു-അറബിക സങ്കല്പം ഏതാണ്ടതുപോലെ ആയുര്‍വേദത്തിലും ഉപനിഷത്തുക്കളിലും കാണാം. ശുക്ലം അധികതയാല്‍ കുട്ടി ആണും, ശോണിതത്തിന്റെ ആധിക്യത്താല്‍ പെണ്ണുമായി വളരുന്നു. രണ്ടും തുല്യമെങ്കില്‍ നപുംസകവും.(സ്ത്രീകളിലെ യോനീസ്രവത്തെ പ്രാചീന സംസ്കാരങ്ങള്‍ എല്ലാം തന്നെ ശുക്ലത്തിനു തുല്യമായിട്ടാണുകണ്ടിരുന്നത്. അണ്ഡകോശമെന്ന ആശയം ഒരുപാട് കഴിഞ്ഞാണല്ലോ വന്നത്). സംഭോഗാവസ്ഥയില്‍മനോവ്യാകുലതയുണ്ടായാല്‍ കുട്ടിക്ക് വൈകല്യങ്ങള്‍ (ഞൊണ്ടല്‍, കൂന്) ഉണ്ടാകാമെന്നും പറയുന്നുണ്ട്.
6. ധാതുക്കള്‍ : ഇവ 7 എണ്ണം ഉണ്ടെന്നു ആയുര്‍വേദം – എല്ലാത്തിന്റെയും മൂലകാരണം ആഹാരത്തിന്റെ സാരമായ “രസം” ആണ്. അതില്‍ നിന്നും ക്രമത്തില്‍ രക്തം, മാംസം, മേദസ്സ്, സ്നായു, അസ്ഥി, മജ്ജ, ശുക്ലം എന്നിവ ഉരുത്തിരിയുന്നു ( രസം – രുചി എന്ന അര്‍ത്ഥത്തിലും പ്രയോഗിച്ചിരിക്കുന്നു.)
7. പ്രാചീന ഒഫ്താല്‍മോളജി : ദോഷങ്ങള്‍ സിരകളിലൂടെ സഞ്ചരിച്ച് ശിരസ്സിലെത്തിയാണു നേത്രരോഗങ്ങള്‍ ഉണ്ടാക്കുന്നതത്രെ. ക്ഷാര/അമ്ല ആഹാരങ്ങള്‍, തീക്ഷ്ണ-ഉഷ്ന-ഗുരു-ദ്രവആഹാരങ്ങള്‍ എന്നിവ നേത്രരോഗത്തിനു കാരണം.ശോകം, കോപം,സൂക്ഷിച്ചുനോക്കല്‍, അമിതമായ ലൈംഗികവേഴ്ച എന്നിവ മറ്റു കാരണങ്ങളില്‍ പെടുന്നു. വാതകോപത്താലുള്ള നേത്രരോഗങ്ങള്‍ക്ക് കുത്തുന്നപോലുള്ള വേദനയാണു. പിത്തകോപം നീറ്റല്‍, നീരൊഴുക്ക് എന്നിവ ഉണ്ടാക്കുന്നു. കഫം കൊണ്ടു ചൊറിച്ചിലും കനവും കൊഴുത്ത നീരു എന്നിവ ലാക്ഷണികം. (ചെങ്കണ്ണ് ഒരു പകര്‍ച്ച വ്യാധിയണെന്ന് ആയുര്‍വേദം ക്യത്യമായി നിരീക്ഷിച്ചിട്ടുണ്ട്; എന്നിട്ടും വായുവിനെ വച്ചുള്ള വിശദീകരണം)
8. വിഷവൈദ്യം : പാമ്പുകളെക്കുറിച്ച് ഏതാണ്ട് ആധികാരികമായിത്തന്നെ സംസാരിക്കുന്ന ആയുര്‍വേദം ചേരയും പാമ്പും ഇണചേര്‍ന്നുണ്ടാകുന്ന ഒരു സങ്കര വര്‍ഗ്ഗത്തെ കുറിച്ച് പറയുന്നതാണ് ഞെട്ടിക്കുന്ന സംഗതി. ഈ പുതുവര്‍ഗ്ഗത്തിന്, വ്യന്തരന്‍ എന്നൊരു പേരുമുണ്ട്. തീര്‍ന്നില്ല- ഉടുമ്പും പാമ്പും ചേര്‍ന്ന് ഗൌധരന്‍ എന്ന ഒരു വര്‍ഗ്ഗത്തെ കൂടി മുനിമാര്‍ ഭാവനയില്‍ക്കണ്ടു. വിഷം ഇറക്കുന്ന നാടന്‍ ചികിത്സാരീതികള്‍ രണ്ടെണ്ണം സാമ്പിള്‍: “മൂര്‍ധാവിലേക്കു കയറിയ” വിഷം ഇറക്കാന്‍, തലമുടി വടിച്ച്, തലയില്‍ മുറിവുണ്ടാക്കി, അതിലേക്ക് കോഴിയുടേയോ മറ്റോ പച്ച മാംസം വയ്ക്കണം.മാംസം വിഷത്തെ ‘വലിച്ചെടുക്കുന്ന’ മുറയ്ക്കു, നിറം മാറി വരുമെന്നും പറയുന്നു. മറ്റൊരു രീതി: കോഴിയുടെ ഗുദത്തില്‍ ഒരു മുറിവുണ്ടാക്കി രക്തം വാര്‍ന്നു വരുമ്പോള്‍ അതു പാമ്പുകടിയേറ്റഭാഗത്ത് വയ്ക്കണം. വിഷം ‘വലിച്ചെടുക്കുന്ന’ മുറയ്ക്കു കോഴി ചാവും. പിന്നെ മറ്റൊരു കോഴി, അങ്ങനെ കോഴികള്‍ ഒന്നിനൊന്നായി വിഷം വലിച്ചെടുക്കുന്ന മുറയ്ക്ക് രോഗിയുടെ ലക്ഷണങ്ങളും മാറി വരും. (നമ്മുടെ നാട്ടില്‍ വെള്ളിവരയന്‍ എന്നൊരുഇനം വിഷമില്ലാത്ത, എന്നാല്‍ കാഴ്ച്ചയില്‍ വെള്ളിക്കെട്ടനെപ്പോലിരിക്കുന്ന, പാമ്പുണ്ട്. അതു തീണ്ടിയാല്‍ ഒന്നും സംഭവിക്കില്ലെങ്കിലും പേടിച്ചു തന്നെ രോഗി വിഷംകയറിയതിന്റെ ലക്ഷണങ്ങളൊക്കെ കാണിക്കും. അതിലേക്കു ഈമാതിരി “കോഴി” ചികിത്സകള്‍ ചെയ്തു രോഗിയെ ‘സുഖപ്പെടുത്തി’ ഹീറോയാകുന്ന നാട്ടുവൈദ്യന്മാരെ ഓര്‍ത്തു കുളിരണിയൂ.)